അല്പദിവസത്തെ പ്രവർത്തനത്തിനുശേഷം എന്നേക്കുമായി പ്രവർത്തനംനിലച്ചമട്ടിൽ ഇ-ടോയ്‌ലെറ്റുകൾ നിൽക്കുന്നു. ഇവ നിർമിച്ച ജനപ്രതിനിധികളോ ളദ്യോഗസ്ഥരോ സംരക്ഷിക്കേണ്ടവരോ ഇതൊന്നും കണ്ടമട്ടുമില്ല. പാവം ജനം പ്രാഥമികകാര്യസാധ്യത്തിന് നെട്ടോട്ടത്തിലും. ദീർഘവീക്ഷണമുള്ളവരും ജനതാത്‌പര്യ സംരക്ഷകരുമായിരുന്ന ജനപ്രതിനിധികൾ അഞ്ചാലുംമൂട്ടിലെത്തുന്ന ജനങ്ങൾക്ക് പ്രാഥമികാവശ്യത്തിന്‌ ശങ്ക തോന്നിയാൽ നിർവഹിക്കുന്നതിനുവേണ്ടി അഞ്ചാലുംമൂട് സ്കൂളിനുസമീപം ടോയ്‌ലെറ്റ് ബ്ലോക്ക് നിർമിച്ചിരുന്നു. പിന്നീടു വന്നവർ അവ ഇടിച്ചുനിരത്തി കടമുറികൾ നിർമിച്ച്‌ വാടകയ്ക്കുനൽകി. തുടർന്ന് ജനരോഷമുയർന്നപ്പോൾ ജങ്‌ഷന്റെ ഇരുവശങ്ങളിലായി രണ്ട് ഇ-ടോയ്‌ലെറ്റുകൾ ലക്ഷങ്ങൾ ചെലവാക്കി നിർമിച്ചു.
സ്വയം പ്രവർത്തിപ്പിക്കാവുന്നവ. ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നിൽ എഴുതിപ്രദർശിപ്പിച്ചിരുന്നു. 
നാണയമിട്ട് ഉള്ളിൽ പ്രവേശിച്ചവർ തിരികെ ഇറങ്ങാൻ പണിപ്പെട്ട സംഭവവും ഉണ്ട്. ഫലത്തിൽ ദിവസങ്ങൾകൊണ്ട് രണ്ട് ഇ-ടോയ്‌ലെറ്റുകളുടെ പ്രവർത്തനവും നിലച്ചു.

പരിപാലനത്തിൽ ഉപേക്ഷ

ഭരണം നടത്തിക്കൊണ്ടിരുന്ന ജനപ്രതിനിധികൾ ടോയ്‌ലെറ്റ് നിർമിച്ചുനൽകിയ കമ്പനിയെ വിളിച്ചുവരുത്തി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരുനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇപ്പോൾ അഞ്ചാലുംമൂട്ടിലെത്തുന്നവർ നെട്ടോട്ടത്തിലാണ്. ഇവിടെയുള്ള ടാക്സി, ഓട്ടോ തൊഴിലാളികളും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും പെടാപ്പാടുപെടുകയാണ്. ഇനിയെങ്കിലും ഭരണാധികാരികൾ കണ്ണുതുറന്നില്ലെങ്കിൽ ജനരോഷമുയരുമെന്നതിൽ സംശയമില്ല. മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനുള്ള ആലോചനയിലാണ് ചില സംഘടനകൾ.

ടോയ്‌ലെറ്റ് സമുച്ചയവും അടഞ്ഞു

അഞ്ചാലുംമൂട് മാർക്കറ്റിനുള്ളിൽ ടോയ്‌ലെറ്റ് സമുച്ചയം നിർമിച്ചിട്ടുണ്ടെങ്കിലും എല്ലാം അടഞ്ഞുതന്നെ. മാർക്കറ്റിലെത്തുന്നവരുടെ ദൃഷ്ടിയിൽപ്പെടാതെ കിടക്കുന്നതിനാൽ ഇവിടെ എത്തുന്നവരും കഷ്ടത്തിലാണ്. നിർമിച്ചിട്ടുള്ള എല്ലാ ടോയ്‌ലെറ്റുകളും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള അടിയന്തര നടപടികൾ കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
കൊല്ലം ചിന്നക്കടയിലും കളക്ടറേറ്റിന്‌ സമീപവും നിർമിച്ചിട്ടുള്ള ഇ-ടോയ്‌ലെറ്റുകളും തുടക്കത്തിൽത്തന്നെ നിലച്ച് വഴിമുടക്കികളായി നിൽക്കുന്നു. അടിയന്തരമായി കോർപ്പറേഷൻ അധികൃതർ നിർമാണം നടത്തിയ കമ്പനി അധികൃതരെ വിളിച്ചുവരുത്തി പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
 കോർപ്പറേഷൻ പരിധിയിലെ പ്രധാന കവലകളിൽ ടോയ്‌ലെറ്റ് സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി അറിയുന്നു.