കരുനാഗപ്പള്ളി : അമേരിക്കയില്‍നിന്നെത്തിച്ച അപൂര്‍വമരുന്ന് ഉപയോഗിച്ച് ആദിനാട് ശക്തികുളങ്ങര ദേവീക്ഷേത്രത്തിലെ സഞ്ജയന്‍ എന്ന ആനയ്ക്ക് കണ്ണുചികിത്സ തുടങ്ങി. സഞ്ജയന്റെ കാഴ്ച തിരിച്ചുകിട്ടാനുള്ള പ്രാര്‍ഥനയിലാണ് ആദിനാടും ആനപ്രേമികളും.

നാല്‍പ്പഞ്ചിനുമേല്‍ പ്രായമുള്ള സഞ്ജയന്റെ വലതുകണ്ണിന് നേരത്തേ കാഴ്ച നഷ്ടമായിരുന്നു. ഇതിന് ലാനോമാക്‌സ് എന്ന തുള്ളിമരുന്നാണ് ദേവസ്വം ബോര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍മാത്രം ലഭ്യമാകുന്ന മരുന്നിനായി ഉപദേശകസമിതിയും ദേവീഭക്തരും ആനപ്രേമികളും ചേര്‍ന്ന് ശ്രമങ്ങള്‍ തുടങ്ങി. തുടര്‍ന്നാണ് അമേരിക്കയിലെ മലയാളി സുഹൃത്തുക്കള്‍ മരുന്ന് എത്തിച്ചുനല്‍കിയത്. 10 മില്ലിഗ്രാമിന് 8,000 രൂപ വിലവരുന്ന മരുന്ന് സൗജന്യമായാണ് അവര്‍ നല്‍കിയത്. രണ്ടുദിവസങ്ങളിലായി സുഹൃത്തുക്കള്‍വഴി മരുന്ന് ക്ഷേത്രത്തിലെത്തിച്ചു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ ദേവസ്വം ബോര്‍ഡ് വെറ്ററിനറി സര്‍ജന്‍ ഡോ. ശശീന്ദ്രദേവിന്റെ നേതൃത്വത്തില്‍ ചികിത്സ തുടങ്ങി. രണ്ടുതുള്ളിവീതം മൂന്നുനേരം കണ്ണില്‍ ഒഴിക്കുന്നുണ്ട്. രണ്ടുമാസംകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ജയകുമാര്‍, അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ആര്‍.ദിലീപ്കുമാര്‍, വിജയന്‍ പിള്ള, സബ്ഗ്രൂപ്പ് ഓഫീസര്‍ പി.എസ്.വിഷ്ണു, ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി, ക്ഷേത്രോപദേശകസമിതി സെക്രട്ടറി വി.പ്രസന്നകുമാര്‍, പ്രസിഡന്റ് ബി.ജനാര്‍ദനന്‍ നായര്‍ എന്നിവരും പങ്കെടുത്തു. മൂന്നുമാസംമുന്‍പ് മദപ്പാടുണ്ടായശേഷമാണ് ഇടതുകണ്ണിലും പാടമൂടിയതായി കണ്ടത്. ദേവസ്വം ബോര്‍ഡിലെ വിദഗ്ധ വെറ്ററിനറി സംഘമാണ് ആനയ്ക്ക് കാഴ്ച നഷ്ടമാകുന്ന ഗ്ലോക്കോമാ എന്ന രോഗമാണെന്നു വ്യക്തമാക്കിയത്.