പുത്തൂർ: പിന്നോട്ട് വേഗത്തിൽ വന്ന ലോറി ബൈക്കിൽ ഇടിച്ചിട്ട് അതിന് മുകളിലൂടെ കയറിയിറങ്ങി. ബൈക്ക് യാത്രികനായ യുവാവ് ബൈക്ക് ഉപേക്ഷിച്ച് നിമിഷവേഗത്തിൽ റോഡിന്റെ വശത്തേക്ക് ചാടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തെക്കുംപുറം സുഭദ്രാലയത്തിൽ ദീപു(35)വാണ് മരണമുഖത്തുനിന്ന്‌ അദ്ഭുതകരമായി രക്ഷപ്പെട്ടത്‌. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ്‌ അപകടം. ചീരങ്കാവ് റോഡിൽനിന്ന്‌ പുത്തൂർ ചന്തമുക്കിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പതിവായ ഗതാഗതക്കുരുക്കാണ് അപകടത്തിന്‌ വഴിവച്ചത്. ലോറിയും അപകടത്തിൽപ്പെട്ട ബൈക്കും ചീരങ്കാവ് റോഡിൽനിന്ന്‌ പുത്തൂരിലേക്ക് വരുകയായിരുന്നു. റോഡിൽ കയറ്റവും കൊടുംവളവുമുള്ള ഭാഗത്ത് എതിർദിശയിൽനിന്ന് ഒരു ബസ് വന്നതിനാൽ മുന്നോട്ടുപോകാനാകാതെ ലോറി നിന്നു. ബൈക്കും മറ്റുവാഹനങ്ങളും ഇതിന് പിന്നിലായും നിർത്തി. തുടർന്ന് മുന്നോട്ടെടുക്കാൻ ശ്രമിച്ച ലോറി പിന്നോട്ട് ഉരുളുകയായിരുന്നു.

നിർത്താൻ ശ്രമിച്ചെങ്കിലും ബ്രേക്ക് കിട്ടാത്ത അവസ്ഥയായിരുന്നുവെന്ന് ലോറി ഡ്രൈവർ പറഞ്ഞു. ഇറക്കത്തേക്ക് എത്തിയതോടെ വളരെ വേഗത്തിലായി ലോറിയുടെ വരവ്. പിന്നാലെ ബൈക്കിലുണ്ടായിരുന്ന ദീപു ഇതിനനുസരിച്ച് ബൈക്ക് പിന്നോട്ട് മാറ്റിക്കൊണ്ടിരുന്നു. നിയന്ത്രണംവിട്ട് വരുന്ന ലോറി തന്നെ ഇടിക്കുമെന്നുറപ്പായപ്പോൾ ദീപു ബൈക്ക് ഉപേക്ഷിച്ച് റോഡിന്റെ വശത്തേക്ക് എടുത്തുചാടി. നിമിഷ വ്യത്യാസത്തിൽ ബൈക്കിനുമുകളിലൂടെ ലോറി കയറിയിറങ്ങി.

സംഭവം കണ്ട്‌ ഓടിയെത്തിയവർ പരിക്കേൽക്കാതെ തരിച്ചുനിൽക്കുന്ന ദീപുവിനെ കണ്ട് ആശ്വാസംകൊണ്ടു. ദീപുവിനോടൊപ്പം സഹോദരൻ കണ്ണനും ഉണ്ടായിരുന്നു. പുത്തൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.