പരവൂര്‍ : മാലാക്കായലിനുസമീപം യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുറുമണ്ടല്‍ ബി.എം.എസ്.ഭവനില്‍ വിജയകുമാറിനെ(42)യാണ് ഇന്‍സ്‌പെക്ടര്‍ എ.നിസാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മാലാക്കായല്‍ എം.എസ്.ഭവനില്‍ ഷീബയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ഗാര്‍ഹികപീഡനത്തിന് കേസ് നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. ഷീബ ചാത്തന്നൂരില്‍ ജോലിക്കായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് നെഞ്ചില്‍ കുത്തിയത്. തടഞ്ഞതിനാല്‍ ഇടതുകൈക്ക് ഗുരുതര പരിക്കേറ്റു. ഷീബയുടെ ബന്ധു അവിടെ എത്തിയതിനാലാണ് രക്ഷപ്പെടാനായത്. ഇയാള്‍ക്കും പരിക്കേറ്റു. സംഭവത്തിനുശേഷം വിജയകുമാര്‍ ഒളിവില്‍ പോയെങ്കിലും പോലീസ് കണ്ടെത്തി. എസ്.ഐ.മാരായ നിതിന്‍ നളന്‍, നിസാം, എ.എസ്.ഐ. രമേഷ്, സായിറാം സുഗുണന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.