കൊട്ടാരക്കര:കോവിഡ് രോഗിയായിരുന്ന വീട്ടമ്മയെ പരിശോധനയ്ക്കു കൊണ്ടുപോകാൻ ഓട്ടോ ഡ്രൈവർമാർ വിസമ്മതിച്ചപ്പോൾ ആശാ വർക്കർ സ്വയം സാരഥിയായി. പി.പി.ഇ.കിറ്റ് ധരിച്ച് രോഗിയെ സ്കൂട്ടറിനു പിന്നിലിരുത്തി ആശുപത്രിയിൽ കൊണ്ടുപോയി പരിശോധനയ്ക്കുശേഷം വീട്ടിലെത്തിച്ചു.

കമ്പങ്കോട് വാർഡിലെ ആശാ വർക്കർ ഉഷാകുമാരിയാണ് ചരുവിള പുത്തൻവീട്ടിൽ റംലാബീവിക്ക് തുണയായത്. ആന്റിജൻ പരിശോധനയിൽ റംലാബീവി നെഗറ്റീവാണ്. പത്തുദിവസംമുൻപാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽത്തന്നെ ചികിത്സയിലായിരുന്നു.

ആന്റിജൻ ടെസ്റ്റിനായി പോകാൻ ഓട്ടോറിക്ഷകൾ വിളിച്ചെങ്കിലും ആരും തയ്യാറായില്ല. വാളകം സി.എച്ച്.സി.യിൽനിന്ന്‌ ആംബുലൻസ് സൗകര്യവും ലഭിച്ചില്ല. സ്വന്തമായി ആംബുലൻസ് വിളിച്ചുപോകാനുള്ള പണമുണ്ടായിരുന്നില്ല. തുടർന്നാണ് ഉഷാകുമാരി ഉത്തരവാദിത്വമേറ്റത്.

വയയ്ക്കൽ സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ശോഭയുടെ ഉപദേശം തേടി. പി.പി.ഇ.കിറ്റ് ധരിച്ച് സ്കൂട്ടറുമായി നേരേ റംലാബീവിയുടെ വീട്ടിലെത്തി. പിന്നെ, വാഹനം ലഭിക്കാതെ ആശങ്കപ്പെട്ടിരുന്ന റംലയെയും കയറ്റി വാളകത്തെ പരിശോധനാകേന്ദ്രത്തിലേക്ക്. മുൻ നിശ്ചയിച്ചിരുന്ന സമയത്തെക്കാൾ വൈകിയാണ് ചെന്നതെങ്കിലും പരിശോധന നടത്തി റംലയെ തിരികെ വീട്ടിലെത്തിച്ചു.

എട്ടുവർഷമായി കമ്പങ്കോട് വാർഡിലെ ആശാ വർക്കറാണ് ഉഷാകുമാരി.