ചാത്തന്നൂർ: വേർപിരിയാത്ത കൂട്ടുകാരായിരുന്നു അവരഞ്ചുപേരും. ചൊവ്വാഴ്ച രാത്രി, ആരോടും പറയാതെ അവസാനയാത്ര പോയതും അവരൊന്നിച്ച്. കല്ലമ്പലം തോട്ടയ്ക്കാട് പാലത്തിനുസമീപം മീൻ ലോറിയുമായി കൂട്ടിയിടിച്ചാണ്, കാറിൽ സഞ്ചരിച്ച ഇവർ മരിച്ചത്. ചിറക്കരയുടെ ദുഃഖമായി അഞ്ചുപേരും ബുധനാഴ്ച ചിതയിലെരിഞ്ഞടങ്ങി.

ചിറക്കര ഇടവട്ടം സരോജിനി നിവാസിൽ സുധീഷ് (28), ചിറക്കരത്താഴം അരുൺ നിവാസിൽ അരുൺ (30), ഇടവട്ടം രാജേഷ് ഭവനിൽ രാജീവ് (34), ചിറക്കരത്താഴം ഉദയഭവനിൽ സൂര്യോദയകുമാർ (28), ഇടവട്ടം വി.കെ.സദനത്തിൽ വിഷ്ണു (29) എന്നിവരാണ് മരിച്ചത്.

അപകടങ്ങൾക്ക് കാരണം അമിതവേഗവും റോഡിലെ വെളിച്ചക്കുറവും

ദേശീയപാതയിൽ കല്ലമ്പലം മുതൽ ആലംകോട് വരെയുള്ള ഭാഗം നിരന്തര അപകടങ്ങൾ മൂലം കുരുതിക്കളമാവുന്നു. തോട്ടയ്ക്കാട് പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ അഞ്ചു യുവാക്കളുടെ ജീവനാണ് നഷ്ടപ്പെട്ടത്. റോഡിന്റെ പ്രത്യേകത കാരണമുള്ള അമിത വേഗമാണ് അപകടത്തിലേക്കു നയിച്ചത്. റോഡിൽ ഇരുവശത്തുനിന്നും ഇറക്കമുള്ള ഭാഗത്ത് വാഹനങ്ങൾ ചീറിപ്പായുകയാണ് ചെയ്യുന്നത്. അതിവേഗത്തിൽ മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതും അപകടങ്ങൾ വർധിപ്പിക്കുന്നു.

പ്രധാന ജങ്ഷനുകളൊഴിച്ചുള്ള ഭാഗങ്ങളിൽ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. റോഡിന്റെ ഇരുവശവും കാടുമൂടിയ അവസ്ഥയിലാണ്. അപകടമുണ്ടായ തോട്ടക്കാട് ചാത്തമ്പാറ മേഖലയിൽ രാത്രിയായാൽ വാഹനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണുള്ളത്. റോഡിന്റെ ഇരുവശവും പാഴ്‌ച്ചെടികളും കാട്ടുപുല്ലും വളർന്ന് കാടായ അവസ്ഥയാണുള്ളത്. ഇവിടത്തെ റോഡിലെ വളവും ഇറക്കവും അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഒരു മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ചെറുതും വലുതുമായ ഒമ്പത് അപകടങ്ങളാണ് കഴിഞ്ഞ മാസം നടന്നത്.

മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകൾ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നതും ഈ ഭാഗത്താണ്. അപകടം നടന്നയിടത്ത് റോഡ് വീതി കൂട്ടി ഡിവൈഡർ സ്ഥാപിച്ച് അപകടങ്ങൾ കുറയ്ക്കക്കണമെന്ന് നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെടുന്നു. യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഴയ ദേശീയപാത ഇടിച്ചുതാഴ്ത്തി പുതിയ റോഡ് നിർമിച്ചതിനാൽ അതിന്റെ സ്ഥലപരിമിതിയും ഇടുക്കവും അപകട കാരണമാണ്. ഇവയൊക്കെ കൂടാതെ ഇടയ്ക്കിടെ മാലിന്യം തള്ളലും വ്യാപകമാണ്. ഇവ ഭക്ഷിക്കാനായി തെരുവുനായകൾ തലങ്ങും വിലങ്ങും ഓടുന്നതും ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്. പ്രദേശത്തെ അപകടങ്ങൾ കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കടുവയിൽ സൗഹൃദ റസിഡന്റ്‌സ് അസോസിയേഷനും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു.

ഓർമകൾ മരിക്കുന്നില്ല

കൂട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും നല്ല ഓർമകൾ ബാക്കിയാക്കിയാണ് അഞ്ചുപേരും യാത്രയായത്. ചിറക്കര ഇടവട്ടം, ചിറക്കരത്താഴം പ്രദേശങ്ങളിലാണ് ഇവരുടെ വീടുകളെങ്കിലും ജോലികഴിഞ്ഞാൽ എന്നും ഒത്തുകൂടുമായിരുന്നു. ചിറക്കര ക്ഷേത്രത്തിനുസമീപത്തെ രാജീവിന്റെ കടയ്ക്കുമുന്നിൽ ചൊവ്വാഴ്ച രാത്രി ഒത്തുകൂടിയ അഞ്ചുപേരും, ആറ്റിങ്ങൽ ഭാഗത്തേക്ക് വിഷ്ണുവിന്റെ കാറിലാണ് പോയത്. രാത്രി 11 മണിയോടെയാണ് സുഹൃത്തുക്കളെയും ബന്ധുക്കളെയും നടുക്കി പോലീസ് സ്റ്റേഷനിൽനിന്നു അപകടവിവരം എത്തിയത്. അതോടെ ചിറക്കര ഗ്രാമവാസികൾക്ക് സങ്കടത്തിന്റെ രാത്രിയായി.

ബുധനാഴ്ച പുലർച്ചെതന്നെ ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവിയുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങൾ കല്ലമ്പലം പോലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തി. അരുൺ, വിഷ്ണു, രാജീവ് എന്നിവരുടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലും സൂര്യോദയകുമാർ, സുധീഷ് എന്നിവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ രാജീവിന്റെ മൃതദേഹമാണ് ആദ്യം വീട്ടിലേക്ക് കൊണ്ടുവന്നത്. പിന്നാലെ വിഷ്ണുവിന്റെയും അരുണിന്റെയും മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചു. സൂര്യോദയകുമാറിന്റെയും സുധീഷിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീടുകളിലെത്തിച്ച് സംസ്കാരം നടത്തി. ഒരുകിലോമീറ്റർ ചുറ്റളവിലാണ് അഞ്ചുപേരുടെയും വീടുകൾ. ആദരാഞ്ജലിയർപ്പിക്കാൻ നാടൊന്നാകെയെത്തി.

അലക്ഷ്യമായ ഡ്രൈവിങ്ങും അമിതവേഗവുമെന്ന് പ്രാഥമിക നിഗമനം

കല്ലമ്പലത്ത് അഞ്ചു പേർ മരിച്ച വാഹനാപകടത്തിനു കാരണം അലക്ഷ്യമായ ഡ്രൈവിങ്ങും അമിതവേഗവുമെന്ന് പ്രാഥമിക നിഗമനം. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നടത്തിയ അന്വേഷണത്തിൽ, അപകടത്തിൽപ്പെട്ട കാർ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തി. കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിനായി ശ്രമിക്കുമ്പോഴായിരുന്നു അപകടം.

ഈ ഭാഗത്ത് റോഡിനു വളവുണ്ട്. ദേശീയപാതയ്ക്ക് ഇവിടെ 7.4 മീറ്റർ വീതിയാണുള്ളത്. അപകടമുണ്ടായ ട്രാക്കിന് 3.8 മീറ്റർ മാത്രമാണ് വീതി. സുരക്ഷിതമായ ഓവർടേക്കിങ്ങിനുള്ള സ്ഥലം റോഡിലില്ല. എതിർവശത്തുനിന്നു വന്ന ലോറിക്കു മുന്നിലേക്ക് എത്തപ്പെട്ട കാർ പൂർണമായും ഇടിച്ചുകയറി. കാറിന്റെ പാസഞ്ചർ ക്യാബിൻ വരെ തകർന്ന നിലയിലാണ്. അമിതവേഗത്തിൽ ഇടിച്ചാൽ മാത്രമേ ഈ രീതിയിൽ കാർ തകരുകയുള്ളൂ.