സ്വന്തം ഗ്രാമത്തിലേക്ക് മുഖ്യമന്ത്രിയെത്തിയപ്പോൾ ജേർണലിസ്റ്റായി മാറിയ ഒരു കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മണിപ്പൂരിലെ ഒരു ഗ്രാമത്തിലാണ് 'കുട്ടി ജേർണലിസ്റ്റി'ന്റെ ആവേശകരമായ റിപ്പോർട്ടിംഗ് വീഡിയോ അരങ്ങേറിയത്. കോവിഡ് പകർച്ചവ്യാധിക്കിടയിൽ ജനങ്ങൾക്ക് ഓക്സിജൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗ് തിങ്കളാഴ്ച വിവിധ ജില്ലകളിലെത്തി ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സേനപതി എന്ന ഗ്രാമത്തിലെ ഒരു കൊച്ചുമിടുക്കൻ വളരെ രസകരമായി വീഡിയോ അവതരിപ്പിച്ചത്.

കുട്ടിയുടെ ഗ്രാമത്തിലേക്ക് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്ന സമയത്ത് കുട്ടി ആ ദൃശ്യം ചുരുങ്ങിയ വാക്കുകളിൽ വളരെ ആവേശത്തോടെ അവതരിപ്പിക്കുന്നത് കാണാം. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്നുകൊണ്ടാണ് താഴെയുള്ള ദൃശ്യങ്ങൾ പകർത്തിയത്. മുഖ്യമന്ത്രിയുടെ വരവിനെപ്പറ്റിയും ഓക്സിജൻ പ്ലാന്റുകൾ ഗ്രാമത്തിലെ ജനങ്ങളെ എങ്ങനെയെല്ലാം സഹായിക്കുമെന്നും കുട്ടി വീഡിയോയിൽ പറയുന്നു.

എന്നാലും ഹെലികോപ്റ്ററിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ എങ്ങനെയാണ് ആ കുട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞതെന്ന അത്ഭുതത്തിലാണ് സോഷ്യൽ മീഡിയ. കുട്ടിയുടെ ഉത്സാഹവും റിപ്പോർട്ടിംഗ് ശൈലിയുമാണ് എല്ലാവരെയും ആകർഷിച്ചത്. കുട്ടിയുടെ വീഡിയോ കാണാനിടയായ മുഖ്യമന്ത്രി ഉടനെ അത് തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഒപ്പം പങ്കുവെച്ച കുറിപ്പിൽ കുട്ടിയെ 'സുഹൃത്ത്' എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. ചന്തൽ, സേനാപതി, ഉഖ്റുൽ എന്നീ മൂന്ന് ജില്ലകളിലാണ് ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തത്.

Content highlights : viral video of a young boy reporting manipur cm visit in his village