സാധാരണമായ പ്രവൃത്തികള്‍ക്കൊണ്ട് എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് കുട്ടികള്‍. ആദ്യശ്രമം പരാജയപ്പെട്ടാല്‍ മതിയാക്കി പോകുന്നവരല്ല, നിരന്തരമായ ഉത്സാഹത്തോടെ ശ്രമം നടത്തുന്നവരാണ് ഭൂരിഭാഗം കുട്ടികളും. അവരുടെ കൂട്ടത്തിലൊരാളാണ് അരട് ഹൊസൈനി എന്ന ഏഴുവയസുകാരനും. തന്റെ അസാമാന്യ പ്രകടനങ്ങള്‍ക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ നിരവധി ആരാധകരെ നേടിയ കുട്ടിഫുട്‌ബോളര്‍ ആണ് അരട്. അരടിന്റെ പഴയ ഒരു വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് വൈറലായിരിക്കുകയാണ്. ഐ.എ.എസ്. ഓഫീസറായ എം.വി. റാവു ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

വീഡിയോയില്‍ അരട് ഒരു തൂണിലേക്ക് ഏന്തിവലിഞ്ഞ് കയറാന്‍ ശ്രമിക്കുന്നു. ഓരോ തവണയും ശ്രമിക്കുമ്പോള്‍ അവന്‍ താഴേക്ക് വീഴുന്നു. എന്നിട്ടും പരാജയം സമ്മതിക്കാതെ വീണ്ടും ശ്രമം നടത്തുകയാണ്. അവസാനം ശ്രമം വിജയിക്കുന്നു. തൂണിലേക്ക് വലിഞ്ഞ് കയറി അവന്‍ മുകളിലേക്ക് എത്തുന്നു. പറ്റാത്ത കാര്യങ്ങള്‍ എങ്ങനെയും നടത്താനുള്ള തന്റെ ആഗ്രഹവും സാഹസികത തനിക്ക് ഹരമാണെന്നും തെളിയിക്കുകയാണ് വീഡിയോ. 

'ഈ കുട്ടിയാണ് എന്റെ ഗുരു' എന്നാണ് റാവു വീഡിയോയ്‌ക്കൊപ്പം ചേര്‍ത്ത തലക്കെട്ടില്‍ അരടിനെ വിശേഷിപ്പിച്ചത്. 'ഈ ചെറിയ പ്രായത്തില്‍ എല്ലാവര്‍ക്കും പ്രചോദനമാകുന്നു ഈ കുട്ടി' തുടങ്ങിയ കമന്റുകളാണ് കാഴ്ചക്കാരില്‍നിന്ന് നേടുന്നത്. അരട് ഇറാനില്‍ ആണ് താമസം. ഫുട്‌ബോള്‍ കൊണ്ട് കാണിക്കുന്ന അസാധ്യ പ്രകടനങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ അവനെ താരമാക്കിയത്. ലിവര്‍പൂള്‍ അക്കാദമി ഫുട്‌ബോള്‍ കളിക്കാരനാണ് അരട്. ഇന്‍സ്റ്റഗ്രാമില്‍ 6 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട് ഈ മിടുക്കന്.

Content highlights : 7 year old boy arat hosseini climb a pillar video viral agian