തിമ്മൂന്നര ഇഞ്ച് പൊക്കവും നാല് കിലോയോളം തൂക്കവുമുള്ള ഒരു അവാര്‍ഡ് ശില്പത്തിന് എത്ര വിലയുണ്ടാവും? സ്വര്‍ണംപൂശിയ ഈ ബ്രിട്ടാനിയം ശില്പത്തിന് വിലമതിക്കുക അത്ര എളുപ്പമല്ല എന്നാണുത്തരം. ചലച്ചിത്രലോകത്ത് വിഹരിക്കുന്നവരുടെ സ്വപ്നമാണത്. ലോസ് ആഞ്ജലീസിലെ ഡോള്‍ബി തിയേറ്ററില്‍ പ്രൗഢഗംഭീരമായ ചടങ്ങില്‍, ഓസ്‌കര്‍ നിശയില്‍, തങ്ങളുടെ പേര് വിളിക്കുന്നത് കനവിലെങ്കിലും കാണാത്ത ചലച്ചിത്രപ്രവര്‍ത്തകര്‍ കുറവായിരിക്കും.

ഇക്കുറി ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ കിട്ടിയിട്ടുള്ളത് ടോഡ് ഫിലിപ്സ് സംവിധാനംചെയ്ത ജോക്കറിനാണ്. മികച്ച നടനുള്‍പ്പെടെ (വോക്വിന്‍ ഫീനിക്സ്) 11 നോമിനേഷനുകളാണ് ജോക്കറിനുള്ളത്. ദ ഐറിഷ് മാന്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്നിവയ്ക്ക് പത്തു നോമിനേഷനുകള്‍ വീതം കിട്ടിയിട്ടുണ്ട്.

ചില റെക്കോഡുകള്‍

 • ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഓസ്‌കര്‍ നേടിയത് പത്ത് വയസ്സുകാരിയായ ടാറ്റം ഒനീല്‍. മികച്ച സഹനടിക്കുള്ള (പേപ്പര്‍ മൂണ്‍) പുരസ്‌കാരം 1974-ല്‍ ലഭിച്ചു.
 • മികച്ച ചിത്രം, സംവിധാനം, തിരക്കഥ, നടന്‍, നടി എന്നീ പ്രധാന അഞ്ച് പുരസ്‌കാരങ്ങളും നേടിയ മൂന്ന് സിനിമകളാണ് ഓസ്‌കര്‍ ചരിത്രത്തിലുള്ളത്. ഇറ്റ് ഹാപ്പന്‍ഡ് വണ്‍ നൈറ്റ് (1935), വണ്‍ ഫ്ള്യൂ ഓവര്‍ ദ കുക്കൂസ് നെസ്റ്റ് (1976), ദ സൈലന്‍സ് ഓഫ് ദ ലാംബ് (1992).
 • ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് അഡ്രിയന്‍ ബ്രോഡി (ദ പിയാനിസ്റ്റ്- 2003) യും ഏറ്റവും കൂടിയ പ്രായത്തില്‍ ഈ പുരസ്‌കാരം നേടിയത് ഹെന്റി ഫോണ്ട (ഓണ്‍ ഗോള്‍ഡന്‍ പോണ്ട്- 1982) യുമാണ്.
 • മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ ഏകവനിതയാണ് കാതറിന്‍ ബിഗലോ (ഹര്‍ട്ട് ലോക്കര്‍- 2010)
 • ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത് ഡാമിയOscarന്‍ ഷാസെല്‍ (2017)
 • നിര്‍മാതാവ് എന്ന നിലയില്‍ വാള്‍ട്ട് ഡിസ്നിക്ക് 59 തവണ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു. 22 തവണ പുരസ്‌കാരവും കിട്ടി.

മെറില്‍ സ്ട്രീപ്പിന്റെ റെക്കോഡ്

അക്കാദമി പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ തവണ നോമിനേഷന്‍ കിട്ടിയ അഭിനേതാവ് എന്ന റെക്കോഡ് 70-കാരിയായ മെറില്‍ സ്ട്രീപ്പിന്റെ പേരിലാണ്. 21 നോമിനേഷനുകളാണ് അവര്‍ക്ക് കിട്ടിയിട്ടുള്ളത്- മികച്ച നടിക്ക് 17 തവണയും സഹനടിക്ക് നാല് തവണയും. ഇതില്‍ മൂന്നുതവണ പുരസ്‌കാരം കിട്ടി. 1979-ല്‍ ക്രാമര്‍ വേഴ്സസ് ക്രാമര്‍ എന്ന ചിത്രത്തിന് മികച്ച സഹനടിക്കും 1982-ല്‍ സോഫീസ് ചോയ്സ്, 2011-ല്‍ 'ദ അയണ്‍ ലേഡി' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കും. 1978-ല്‍, 28 വയസ്സുള്ളപ്പോള്‍ 'ദ ഡീര്‍ ഹണ്ടറി'ലെ വേഷത്തിന് മികച്ച സഹനടിക്കുള്ള നോമിനേഷനാണ് അവര്‍ക്ക് ആദ്യം ലഭിക്കുന്നത്.

 • ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയിട്ടുള്ള നടന്‍ ജാക്ക് നിക്കോള്‍സണ്‍- 12 തവണ.
 • ഏറ്റവും കൂടുതല്‍ തവണ മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം കിട്ടിയിട്ടുള്ളത്- കാതറിന്‍ ഹെപ്ബോണ്‍(4).

ഓസ്‌കര്‍ വിശേഷങ്ങള്‍

 • അമേരിക്ക ആസ്ഥാനമായുള്ള അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് (AMPAS) ആണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
 • നിലവില്‍ 24 കാറ്റഗറികളിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
 • ഓസ്‌കര്‍ എന്ന പേര് വന്നതെങ്ങനെയെന്ന് വ്യക്തമായ രേഖകളില്ല. ഓസ്‌കറിന് കാഷ് അവാര്‍ഡില്ല. എന്നാല്‍ പുരസ്‌കാരമോ നോമിനേഷനോ ലഭിക്കുന്നതോടെ പ്രതിഫലത്തുക കുതിച്ചുയരും എന്നതാണ് വലിയ ആകര്‍ഷണം.
 • സ്വര്‍ണംപൂശിയ ബ്രിട്ടാനിയം ലോഹശില്പമാണ് ഓസ്‌കര്‍ ട്രോഫി. ഇതിന് 34.3 സെന്റി മീറ്റര്‍ ഉയരവും 3.86 കിലോഗ്രാം തൂക്കവുമുണ്ട്. ഇതിന്റെ ശില്പി ജോര്‍ജ് സ്റ്റാന്‍ലിയാണ്. രൂപകല്പന സെഡ്രിക് ഗിബ്ബണ്‍സ്.
 • അക്കാദമി അംഗങ്ങള്‍ക്കിടയില്‍ നടത്തുന്ന രഹസ്യ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്. ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന 5000-ലേറെ അംഗങ്ങളാണ് അക്കാദമിയിലുള്ളത്.
 • 1929 മേയ് 16-ന് ആദ്യ അവാര്‍ഡ്ദാനം നടന്നു.
 • മികച്ച വിദേശചിത്രത്തിനുള്ള പുരസ്‌കാരം (ഇപ്പോള്‍ മികച്ച അന്താരാഷ്ട്ര ചിത്രം) ആദ്യമായി നല്‍കിയത് 1947-ലാണ്. ഇറ്റാലിയന്‍ ചിത്രം ഷൂ ഷൈന്‍ ഇത് നേടി.
 • അവാര്‍ഡ്ദാന ചടങ്ങ് ഇന്ന് ഡോള്‍ബി തിയേറ്റര്‍ എന്നുവിളിക്കുന്ന കൊഡാക് തിയേറ്ററില്‍ സ്ഥിരമാക്കിയത് 2002-ലാണ്. മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം കൊടുത്തുതുടങ്ങിയതും ഇതേവര്‍ഷംതന്നെ.

ഇന്ത്യൻ ഓസ്കാർ

അഞ്ച് ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ ഓസ്‌കര്‍ ലഭിച്ചിട്ടുള്ളത്. ഗാന്ധി ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ച ഭാനു അതയ്യയാണ് ഓസ്‌കര്‍ നേടിയ ആദ്യ ഇന്ത്യക്കാരി.

1992-ല്‍ സത്യജിത് റായ്ക്ക് ഓസ്‌കര്‍ ബഹുമാന പുരസ്‌കാരം (ഓണററി ഓസ്‌കര്‍) സമ്മാനിച്ചു. 2009-ല്‍ സ്ലംഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലൂടെ മൂന്ന് ഓസ്‌കറുകള്‍ ഇന്ത്യയിലെത്തി. റസൂല്‍ പൂക്കുട്ടി (ശബ്ദലേഖനം), എ.ആര്‍. റഹ്മാന്‍ (സംഗീതം, ഗാനം), ഗുല്‍സാര്‍ (ഗാനം) എന്നിവരാണ് അവാര്‍ഡ് നേടിയത്. രണ്ട് ഓസ്‌കര്‍ നേടിയ ഏക ഇന്ത്യക്കാരനാണ് എ.ആര്‍. റഹ്മാന്‍.

India Oscars
റസൂൽ പൂക്കുട്ടി, എ.ആർ. റഹ്‌മാൻ, ഗുൽസാർ

നോമിനേഷനുകള്‍

 • മെഹബൂബ് ഖാന്റെ മദര്‍ ഇന്ത്യ 1958-ല്‍ ഓസ്‌കറിലെ വിദേശഭാഷാ വിഭാഗത്തില്‍ അവസാന വട്ടത്തിലെത്തി. ഫെല്ലിനിയുടെ നൈറ്റ്സ് ഓഫ് കാബിരിയയോട് ഒരൊറ്റ വോട്ടിനാണ് ചിത്രം പിന്തള്ളപ്പെട്ടുപോയത്. മദര്‍ ഇന്ത്യയ്ക്കുശേഷം മൂന്ന് ചിത്രങ്ങള്‍ മാത്രമേ അവസാനവട്ടത്തില്‍ എത്തിയിട്ടുള്ളൂ.
 • 1988-ല്‍ പുറത്തിറങ്ങിയ സലാം ബോംബെ (സംവിധാനം മിരാ നായര്‍) യാണ് മികച്ച വിദേശഭാഷകളുടെ അവസാന റൗണ്ടിലെത്തിയ മറ്റൊരു ഇന്ത്യന്‍ ചിത്രം. ഡെന്‍മാര്‍ക്ക് ചിത്രമായ പെല്ലെ ദി കോണ്‍കറര്‍ എന്ന ചിത്രത്തോടാണ് സലാം ബോംബെ പരാജയപ്പെട്ടത്.
 • ആമിര്‍ ഖാന്റെ ബോളിവുഡ് ഹിറ്റായ ലഗാനാണ് (2002) അന്തിമപട്ടികയില്‍ ഇടംനേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം.
 • 2007-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നോമിനേഷന്‍ ദീപാമേത്തയുടെ വാട്ടറിന് ലഭിച്ചു.
 • മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ഏറ്റവും കൂടുതല്‍ തവണ നേടിയത് ഇസ്മയില്‍ മര്‍ച്ചന്റാണ്. മര്‍ച്ചന്റിന്റെ നാലു ചിത്രങ്ങള്‍ക്ക് നോമിനേഷന്‍ ലഭിച്ചു. ദി ക്രിയേഷന്‍ ഓഫ് വുമണ്‍ (മികച്ച ഹ്രസ്വചിത്രം), എ റൂം വിത്ത് എ വ്യൂ (1987), ഹൊവാര്‍ഡ്സ് എന്‍ഡ് (1993), ദി റിമൈന്‍സ് ഓഫ് ദി ഡെ (1994).
 • 1983-ല്‍ ഗാന്ധിയിലെ സംഗീതത്തിന് രവിശങ്കറിനും 2011-ല്‍ 127 അവേഴ്സിലെ സംഗീതം, ഗാനം എന്നിവയ്ക്ക് എ.ആര്‍. റഹ്മാനും 2013-ല്‍ ലൈഫ് ഓഫ് പൈയിലെ ഗാനത്തിന് ബോംബെ ജയശ്രീക്കും നോമിനേഷന്‍ ലഭിച്ചിരുന്നു.

ഇന്ത്യന്‍ എന്‍ട്രികള്‍

 • വിദേശ ഭാഷയിലെ മികച്ച ചിത്രത്തിന് അക്കാദമി അവാര്‍ഡ് നല്‍കുന്ന പതിവ് തുടങ്ങുന്നത് 1956-ലാണ്. 1957 മുതല്‍ ഇന്ത്യ എന്‍ട്രികള്‍ അയക്കുന്നുണ്ട്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അയക്കുന്നതിന്റെ ചുമതല.
 • മെഹബൂബ് ഖാന്റെ മദര്‍ ഇന്ത്യ (1958) യാണ് ഓസ്‌കറിലെ ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക എന്‍ട്രി.
 • ഏറ്റവുംകൂടുതല്‍ തവണ ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ഇന്ത്യന്‍ നടന്‍ കമല്‍ഹാസനാണ്. ഏഴ് കമല്‍ചിത്രങ്ങള്‍ ഓസ്‌കറിനായി മത്സരിച്ചു. സാഗര്‍ (1985), സ്വാതി മുത്യം (1986), നായകന്‍ (1987), തേവര്‍ മകന്‍ (1992), കുരുതിപ്പുനല്‍ (1995), ഇന്ത്യന്‍ (1996) ഹേ റാം (2000) എന്നിവയാണ് ഈ ചിത്രങ്ങള്‍.
 • വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ ഏറ്റവുംകൂടുതല്‍ എന്‍ട്രി ലഭിച്ച ഇന്ത്യന്‍ സംവിധായകന്‍ സത്യജിത് റായ് ആണ്. റായുടെ മൂന്ന് ചിത്രങ്ങളാണ് ഓസ്‌കറിലെത്തിയത്. അപുര്‍ സന്‍സര്‍ (1959), മഹാനഗര്‍ (1963), ശത്രഞ്ച് കെ. ഖിലാരി (1978).
 • മികച്ച ചിത്രത്തിനുള്ള അവാര്‍ഡിനായി 50-ലേറെ ചിത്രങ്ങളാണ് ഇതുവരെ ഇന്ത്യ അയച്ചിട്ടുള്ളത്. ഇതിലേറെയും ഹിന്ദി ചിത്രങ്ങളാണ്. ഒമ്പത് തവണ തമിഴ് ചിത്രങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. മറാഠിയില്‍ മൂന്നും ബംഗാളിയിലും മലയാളത്തിലും രണ്ടുവീതവും തെലുങ്കിലും ഗുജറാത്തിയിലും അസമീസിലും ഒരോ ചിത്രങ്ങളും. ഇക്കുറി, സോയ അക്തര്‍ സംവിധാനംചെയ്ത ഗള്ളി ബോയ് എന്ന ഹിന്ദി ചിത്രമായിരുന്നു ഇന്ത്യന്‍ എന്‍ട്രി.
 • ഇതുവരെ രണ്ട് മലയാളം ചിത്രങ്ങള്‍ക്ക് മികച്ച വിദേശഭാഷാ വിഭാഗത്തില്‍ എന്‍ട്രി ലഭിച്ചിട്ടുണ്ട്. രാജീവ് അഞ്ചലിന്റെ 'ഗുരു'വും സലീം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു'വും. 2014-ല്‍ ഗീതു മോഹന്‍ദാസിന്റെ 'ലയേഴ്സ് ഡയസ്' എന്ന ഹിന്ദി ചിത്രത്തിനും എന്‍ട്രി ലഭിച്ചിരുന്നു.

വെള്ള ഓസ്കാർ

ഓസ്‌കറിനെപ്പറ്റിയുള്ള എക്കാലത്തെയും വലിയ വിമര്‍ശനം അതിന്റെ വര്‍ണ-ലിംഗ വിവേചനപരമായ നിലപാടുകളാണ്. അക്കാദമി അംഗങ്ങളിലെ ബഹുഭൂരിപക്ഷവും വെള്ളക്കാരായ പുരുഷന്മാര്‍ തന്നെ. 2014-ല്‍ ലോസ് ആഞ്ജലിസ് ടൈംസ് നടത്തിയ സര്‍വേയനുസരിച്ച് ഓസ്‌കര്‍ വോട്ടര്‍മാരില്‍ 76 ശതമാനവും പുരുഷന്മാരാണ്; അതില്‍ 94 ശതമാനവും വെള്ളക്കാരും. 2016-ല്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉണ്ടായ വലിയ പ്രതിഷേധങ്ങളെത്തുടര്‍ന്ന് (#Oscars SoWhite എന്ന ഹാഷ്ടാഗ് ഓര്‍ക്കുക) അംഗങ്ങളുടെ എണ്ണമുയര്‍ത്താനും സ്ത്രീകളെയും വെള്ളക്കാരല്ലാത്തവരെയും കൂടുതലായി ഉള്‍പ്പെടുത്താനും അക്കാദമി തയ്യാറായി.

നിലവില്‍ വോട്ടവകാശമുള്ള 7000-ലേറെ അംഗങ്ങളാണ് അക്കാദമിയിലുള്ളത്. ഇക്കുറിയും നോമിനേഷന്‍ കിട്ടിയതില്‍ ബഹുഭൂരിപക്ഷവും വെള്ളക്കാരും പുരുഷന്മാരും തന്നെ! പ്രതീക്ഷിച്ചിരുന്ന പല ചിത്രങ്ങളും അഭിനേതാക്കളും പട്ടികയില്‍ പിന്തള്ളപ്പെട്ടു.

Content Highlights: About the oscar awards 2020