നാലുവർഷത്തിനുശേഷംഈ ഫെബ്രുവരി മാസത്തിന് ഒരു പ്രത്യേകതയുണ്ട്. 29 ദിവസമുണ്ട് ഇക്കുറി. നാലുകൊല്ലം കൂടുമ്പോഴേ ഈ അതിഥി എത്താറുള്ളൂ. ഇക്കൊല്ലം അധിവർഷം (ലീപ് ഇയർ) ആയതിനാലാണ് അത്.

ഭൂമി ഒരു പ്രാവശ്യം സൂര്യനെ വലംവെക്കാനടുക്കന്ന സമയമാണ് സൗരവർഷമെന്ന് പറയുന്നത്. ഇത് 365 ദിവസത്തിലും അല്പം കൂടുതലുണ്ട്. കൃത്യമായി പറഞ്ഞാൽ 365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ്‌, 46 സെക്കൻഡ്‌. ഇതിനെ പൊതുവേ 365 ദിവസമാക്കിയാണ് സാധാരണയായി വർഷം നിശ്ചയിച്ചത്. അങ്ങനെ വരുമ്പോൾ ബാക്കിയായ സമയങ്ങൾ ചേർത്ത് നാലു വർഷത്തലൊരിക്കൽ ഒരു ദിവസമാക്കി. ഫെബ്രുവരിയിലാണത്. ഇങ്ങനെ ഒരുദിവസം കൂട്ടിച്ചേർത്ത വർഷങ്ങളെയാണ് അധിവർഷം (ലീപ്പ് ഇയർ) എന്നു പറയുന്നത്.

അധിവർഷം എങ്ങനെ കണ്ടുപിടിക്കാം

അധിവർഷം എങ്ങനെ കണ്ടുപിടിക്കാൻ ലളിതമായ ഒരു ഗണിതസൂത്രം മതി. വർഷത്തെ 4-കൊണ്ട് ഹരിച്ചുനോക്കുക. പൂർണമായി ഹരിക്കാൻ കഴിയുന്നുണ്ടോ? ഉണ്ടെങ്കിൽ അത് അധിവർഷമായിരിക്കും. ഉദാഹരണത്തിന് 1944, 1980, 2016 എന്നിവയെയെല്ലാം 4-കൊണ്ട്‌ നിശ്ശേഷം ഹരിക്കാവുന്നയാണ്. അതിനാൽ അവ അധിവർഷങ്ങളാണ്.

പക്ഷേ, നൂറ്റാണ്ടുതികയുന്ന വർഷങ്ങളാണെങ്കിൽ (ശതവർഷങ്ങൾ) ഒരു വ്യത്യാസമുണ്ട്. അവയെ 4-കൊണ്ടല്ല, 400 കൊണ്ടാണ് ഹരിച്ചുനോക്കേണ്ടത്. അപ്പോൾ പൂർണമായി ഹരിക്കാനാവുന്നുണ്ടെങ്കിലേ അത് അധിവർഷമാവൂ. 1200, 1600, 2000 എന്നിവ ശതവർഷങ്ങളാണ്. ഇവയെ 400 കൊണ്ട് പൂർണമായി ഹരിക്കാം. അതിനാൽ അവ അധിവർഷങ്ങളാണ്. 1000, 1100, 1400 എന്നിവ ശതവർഷങ്ങളാണെങ്കിലും അവ 400-കൊണ്ട് പൂർണമായി ഹരിക്കാനാവില്ല. അതിനാൽ അവ അധിവർഷങ്ങളുമല്ല.

ഒരു എക്‌സ്ട്രാ ദിനം

സാധാരണ വർഷങ്ങളിൽ 365 ദിവസങ്ങളാണുണ്ടാവുക. എന്നാൽ അധിവർഷത്തിൽ 366 ദിവസങ്ങളുണ്ടാവും. നാലുകൊല്ലം കൂടുമ്പോഴാണ് ഒരു അധിവർഷം വരുന്നത്. ഇക്കൊല്ലം (2020) അധിവർഷമാണ്.

കലണ്ടറിനെ മാറ്റിമറിക്കുന്ന ദിവസം

സാധാരണ വർഷങ്ങളിൽ ജനുവരി ഒന്ന് എന്താഴ്ചയാണോ അതിന്റെ അടുത്ത ദിവസമായിരിക്കും തൊട്ടടുത്ത വർഷം. അതായത് 2010 ജനുവരി ഒന്ന് വെള്ളിയാഴ്ചയായാൽ 2011 ജനുവരി ഒന്ന് ശനിയാഴ്ചയായിരിക്കും. എന്നാൽ ഇതിനിടെ ഒരു അധിവർഷം വന്നാൽ ഈ ക്രമം തെറ്റും. ഇക്കൊല്ലം ജനുവരി ഒന്ന് ബുധനാഴ്ചയായിരുന്നു. പക്ഷേ, ഈ വർഷം അധിവർഷമായതിനാൽ ഒരു ദിവസംകൂടി കഴിഞ്ഞ്, വെള്ളിയാഴ്ചയായിരിക്കും.

ജൂലിയൻ കലണ്ടർ

ഏതാണ്ട് 1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗിച്ചിരുന്നത് ജൂലിയൻ കലണ്ടറായിരുന്നു. ജൂലിയസ് സീസർ അലക്‌സാണ്ട്രിയയിലെ സോസിജെനസസിന്റെ നിർദേശപ്രകാരം നടപ്പാക്കിയതാണ്. ഒരു വർഷമെന്നത് 365 ദിവസത്തെക്കാൾ അല്പം കൂടുതലാണല്ലോ. കൃത്യമായി പറഞ്ഞാൽ 365 ദിവസവും അഞ്ചു മണിക്കൂറും 48 മിനിറ്റും 46 സെക്കൻഡും). പക്ഷേ, 365 ദിവസങ്ങളാക്കിയാണ് ഈ കലണ്ടറിൽ ഓരോ വർഷവും ഉണ്ടായിരുന്നത്. പക്ഷേ, അപ്പോഴുള്ള ബാലൻസ് പരിഹരിക്കാൻ ആ കലണ്ടറിൽ നാലുവർഷം കൂടുമ്പോൾ ഫെബ്രുവരിയിൽ ഒരു ദിവസം കൂട്ടി, 29 ദിവസങ്ങളാക്കുകയും ചെയ്തിരുന്നു. അപ്പോഴും ഒരു ചെറിയ ബാലൻസ് കിടന്നു. ഗ്രിഗോറിയൻ കലണ്ടർ വന്നതോടെയാണ് ആ പ്രശ്‌നം തീർന്നത്.

ഗ്രിഗോറിയൻ കലണ്ടർ

ഒരു ദിവസമെന്നാൽ 24 മണിക്കൂറാണ്. നാലു വർഷം കൂടുമ്പോൾ ഒരു അധികദിവസം കൂട്ടിയപ്പോൾ ഓരോ വർഷത്തിനും 6 മണിക്കൂർ (24-ന്റെ നാലിലൊന്ന്) ലഭിച്ചു. വേണ്ടത് ശരിക്കും 5 മണിക്കൂർ 48 മിനിറ്റ്‌ 46 സെക്കൻഡേ ഉള്ളൂ. അപ്പോഴും ദിവസവും 11 മിനിറ്റിലും അല്പം കൂടുതൽ കിടന്നു. ഈ അധികസമയങ്ങൾ പെരുകിപ്പെരുകി 16-ാം നൂറ്റാണ്ടെത്തുമ്പോഴേക്കും കലണ്ടറിൽ 10 ദിവസത്തെ വ്യത്യാസം വന്നിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കുന്നത് ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയാണ്. അദ്ദേഹം 1582 ഒക്ടോബർ 4 വ്യാഴാഴ്ച കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഒക്ടോബർ 15 വെള്ളിയാഴ്ച എന്നാക്കി മാറ്റി. അതുവരെ അധികം വന്ന 10 ദിവസം കുറയ്ക്കുകയായിരുന്നു ചെയ്തത്. ഭാവിയിൽ ഈപ്രശ്‌നം വരാതിരിക്കുവാൻ, ഇന്നു കാണുന്ന വിധത്തിൽ ക്രമപ്പെടുത്തലുകളും ചെയ്തു. ജ്യോതിശ്ശാസ്ത്രകാരനും തത്ത്വചിന്തകനുമായിരുന്ന അലോഷിയസ് ലിലിയസാണ് ഈ കലണ്ടർ തയ്യാറാക്കിയത്. ഗ്രിഗോറിയൻ കലണ്ടറാണ് ഇന്ന് നമ്മൾ പിന്തുടരുന്നത്.

ചരിത്രത്തിലെ ഫെബ്രുവരി 29

മറ്റെല്ലാ ദിവസങ്ങളിലുമെന്ന പോലെ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ചിലപ്പോഴൊക്കെ ദുരന്തങ്ങളും ഫെബ്രുവരി 29-ന് സംഭവിച്ചിട്ടുണ്ട്. മൊറോക്കോയിൽ മൂവായിരത്തിലേറെ പേർ മരിച്ച ഭൂചലനം 1960-ലായിരുന്നു. പെറുവിൽ ബോയിങ് വിമാനം തകർന്നുവീണ് നൂറിലേറെ പേർ മരിച്ചത് 1996-ലായിരുന്നു. ലോകപ്രസിദ്ധരായിത്തീർന്ന ഒട്ടേറേപ്പേർ ജനിച്ച ദിവസം കൂടിയാണത്.

ഇവർക്ക് പിറന്നാൾ

ഫെബ്രുവരി 29-ന് ജനിച്ചവർക്ക് നാലുവർഷത്തിലൊരിക്കലേ പിറന്നാളാഘോഷിക്കേണ്ടൂ. പ്രശസ്തരായ ചിലരുമുണ്ട് അവരുടെ കൂട്ടത്തിൽ. അവരിൽ ചിലർ

മൊറാർജി ദേശായ്

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായ് ജനിച്ചത് 1896-ലെ ഫെബ്രുവരി 29-നായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ അദ്ദേഹം പ്രധാനമന്ത്രിയായി. ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. 1977 മാർച്ച് 24 മുതൽ 1979 ജൂലായ് 28 വരെയാണ് ഈ സ്ഥാനത്തിരുന്നത്. സ്വാതന്ത്ര്യ സമരസേനാനിയായ ദേശായ് ജവാഹർലാൽ നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. അതിനു മുമ്പ് ബോംബെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായിട്ടുണ്ട്. 1995-ൽ അന്തരിച്ചു.

രുഗ്മിണി ദേവി അരുണ്ഡേൽ

നർത്തികയും സംഗീത വിദുഷിയുമായ രുഗ്മിണി ദേവി അരുണ്ഡേൽ 1904 തമിഴ്‌നാട്ടിലെ മധുരയിലാണ് ജനിച്ചത്. ഭരതനാട്യം എന്ന കലാപരൂപത്തെ ബഹുജനശ്രദ്ധയിലെത്തിച്ചതിൽ വലിയ പങ്കുവഹിച്ചു. 1956-ൽ പദ്മഭൂഷൺ ബഹുമതി ലഭിച്ച അവർ 1986-ൽ അന്തരിച്ചു. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തികയുമാണവർ.

ഹെർമൻ ഹോളറിത്

ജർമൻ-അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യൻ. ഇല്‌ക്‌ട്രോമെക്കാനിക്കൽ ടാബുലേറ്റിങ് മെഷീൻ വഴി ഡേറ്റാ പ്രോസസിങ്ങിനുള്ള സങ്കേതം ആദ്യമായി വികസിപ്പിച്ചത് ഇദ്ദേഹമാണ്. പഞ്ച് കാർഡുകൾ വഴിയുള്ള ഈ സംവിധാനം പിൽക്കാലത്ത് കംപ്യൂട്ടറുകളും ഡേറ്റാ പ്രോസസിങ്ങിന് ഉപയോഗപ്പെടുത്തി. 1860-ലായിരുന്നു ഹോളറിത്തിന്റെ ജനനം. മരണം 1929-ൽ.

റോപ്പ് പോൾ മൂന്നാമൻ, ഇംഗ്ലീഷ് കവി ജോൺ ബൈറോം, ഇറ്റാലിയൻ ഗായകൻ ഗിയോഷിനോ റോസ്സിനി, ഫ്രെഞ്ച്-സിസ് ചിത്രകാരനായ ബാൽത്തൂസ്, അമേരിക്കൻ ഗായികയും നടിയുമായ ദിന ഷോർ, ബ്രിട്ടീഷ് എഴുത്തുകാരനും ചിത്രകാരനുമായ ജീൻ ആഡംസൺ, ഓസ്‌ട്രേലിയൽ ക്രിക്കറ്റർ സീൻ അബോട്ട് തുടങ്ങി ഫെബ്രുവരി 29-ന് ജന്മദിനം ആഘോഷിക്കുന്ന പ്രമുഖർ വേറെയുമുണ്ട്.

Content Highlights: 2020 is a leap year and february will have 29 days