Image : Gettyimages
ട്രോളിങ് നിരോധനം കഴിഞ്ഞതിനാല്‍ നത്തോലി മുതല്‍ സ്രാവ് വരെ വിവിധതരം മീനുകള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ കാണാം. ലോകത്തിലെ ഏറ്റവും വലിയ ജീവി നീലത്തിമിംഗിലമാണെന്ന് കൂട്ടുകാര്‍ക്കറിയാം. അതൊരു സസ്തനിയാണ്. എന്നാല്‍ ഏറ്റവും വലിയ മത്സ്യം ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? തിമിംഗിലസ്രാവ് അഥവാ വെയില് ഷാര്‍ക്ക് ആണ് ആ ഭീകരന്. ഈ ഭീമനെക്കുറിച്ച് കൂടുതല്‍ അറിയാം...
ഭീമാകാരമായ തിമിംഗിലത്തിനോട് സാദൃശ്യമുള്ള രൂപം ആയതുകൊണ്ടാണ് പൊതുവേ, സ്രാവ് വര്‍ഗത്തില്‍പ്പെട്ട ഇവരെ തിമിംഗിലസ്രാവ് - പുള്ളി സ്രാവ് എന്ന് വിളിക്കുന്നത്. സസ്തനികളെ പോലെ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു എന്നത് ഈ മത്സ്യങ്ങളുടെ പ്രത്യേകതയാണ്. തിമിംഗിലസ്രാവുകളുടെ മാംസത്തിനും ചിറകുകള്ക്കും അവയുടെ എണ്ണയ്ക്കും മറ്റും അന്താരാഷ്ട വിപണിയില്‍ വന്‍ വിലയും ഡിമാന്‍ഡും ആണ്.
ബൈ ക്യാച്ച്
അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനംകാരണം തിമിംഗിലസ്രാവുകളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ക്രമാതീതമായ കുറവ് വന്നതായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യബന്ധനവലകളില്‍ അറിയാതെ ഇവ പലപ്പോഴും പെടാറുണ്ട്. ഇങ്ങനെ അകപ്പെടുന്ന പ്രതിഭാസത്തിന് ബൈ ക്യാച്ച് (ആകസ്മിക മത്സ്യബന്ധനം) എന്നാണ് പറയപ്പെടുന്നത്. ബൈ ക്യാച്ച് ആയി വലയില്‍ പെടുന്ന സ്രാവുകള്‍ മിക്കപ്പോഴും മുറിവുകളും മറ്റും സംഭവിച്ച് ചത്തുപോകാറാണ് പതിവ്. സ്രാവിന്റെ ഗണത്തില്‍പ്പെടുന്ന മത്സ്യങ്ങളാണെങ്കിലും തികച്ചും നിരുപദ്രവകാരികളാണ് ഇക്കൂട്ടര്‍. അതിനാല്‍ ചില രാജ്യങ്ങളില്‍ ടൂറിസം പദ്ധതികളുടെ ഭാഗമായി തിമിംഗിലസ്രാവുകളെ കാണാനും അവയുമൊത്ത് നീന്താനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.
എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവയുടെ സ്വാഭാവികമായ ആഹാരസമ്പാദന രീതി, നീന്തല്‍, പ്രതുത്പാദനം തുടങ്ങിയവയ്ക്ക് തടസ്സമായിത്തീരുന്നതായും ബോട്ടുകളുടെ പ്രൊപ്പല്ലറുകളിലും മറ്റും തട്ടി അപകടം സംഭവിക്കുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ 2008-ല്‍ മെക്സിക്കോയില്‍ നടന്ന സ്രാവ് ഗവേഷണ വിദഗ്ധരുടെ അന്താരാഷ്ട്ര തിമിംഗിലസ്രാവ് സമ്മേളനത്തില്‍ (International Whale Shark Conference) ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ലോകമൊട്ടാകെ ഓഗസ്റ്റ് 30-ന് ലോക തിമിംഗിലസ്രാവ് ദിനം (World Whale Shark day) ആയി ആചരിക്കുന്നു.
'മൈക്രോസ്കോപ്പ് എടുക്കാനുണ്ടോ, ഭക്ഷണം കഴിക്കാന്‍?'
പച്ചപ്പാവങ്ങള്‍ ആയ ഇവര്‍ ഇനി എന്തുകഴിക്കും എന്നാകും സംശയം. പ്ലവഗങ്ങള് ആണ് തിമിംഗിലസ്രാവുകളുടെ പ്രധാന ഭക്ഷണം. 350 വരികളിലായി നാലായിരത്തോളം പല്ലുകള്‍ ഇവയ്ക്കുണ്ടെങ്കിലും ഇവ മുല്ലമൊട്ടുപോലെ വളരെ ചെറുതാണ്. വായിലേക്ക് വെള്ളമെടുത്ത് അത് അരിച്ച് അതില്‍നിന്ന് കിട്ടുന്ന സൂഷ്മജീവികളും മറ്റ് ചെറുമത്സ്യങ്ങളും ജീവികളും ആണ് ഇവയുടെ ആഹാരം. അരിച്ചു കഴുകുന്നതിനു പുറമേ, മീനുകളെയും മറ്റും വായിലേക്ക് ശക്തിയായി വലിച്ചെടുത്തും ആഹാരമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അയ്യോ, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള് ഞാനല്ല!
പേരില്‍ ഒരു തിമിംഗിലം ഉണ്ടെങ്കിലും തിമിംഗിലവുമായി ഇവര്‍ക്ക് ഒരു ബന്ധവും ഇല്ല. തരുണാസ്ഥികള്‍ ഉള്ള സ്രാവുകളുടെ മത്സ്യകുടുംബത്തിലാണ് തിമിംഗില സ്രാവുകളുടെ സ്ഥാനം. സ്രാവുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ രക്തത്തിന്റെ മണംപിടിച്ച് കടിച്ചുകീറാന്‍ വരുന്ന, ഇംഗ്ലീഷ് സിനിമകളില്‍ കാണുന്ന കൊലയാളിസ്രാവുകളെ ആകും ഓര്മ വരിക. എന്നാല്‍, വളരെ സാവധാനം നീങ്ങുന്ന പാവം മീനുകള്‍ ആണിവ. ലോകമൊട്ടാകെ ഉഷ്ണപ്രദേശത്തെ സമുദ്രങ്ങളില്‍ തിമിംഗില സ്രാവുകളെ കാണാന്‍ കഴിയും. ഏതാണ്ട് 13 മീറ്ററോളം നീളം വെക്കുന്ന ഇവര്‍ക്ക് 22 ടണ്‍ വരെ ഭാരം വെക്കും (ഇരുപതിനായിരം കിലോ). നീല കലര്‍ന്ന ചാരനിറമാണ് ശരീരത്തിന്. വയറിന്റെ ഭാഗം വെളുത്തതാണ്. പുറംഭാഗത്ത് വെള്ളയോ ക്രീം നിറത്തിലോ ഉള്ള ചെറിയ പുള്ളികളും വരകളും കാണാം. നാം ഓരോരുത്തരുടേയും കൈ രേഖകള്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവോ അതുപോലെതന്നെ ഓരോ തിമിംഗിലസ്രാവുകളുടെയും ശരീരത്തിലെ വരകളും പൊട്ടുകളും വ്യത്യാസപ്പെട്ടിരിക്കുന്നു
ഞങ്ങളെ തൊട്ടാല്‍ കളി കാര്യമാകും!
രാജ്യത്ത് തെക്കു പടിഞ്ഞാറന്‍ തീരപ്രദേശത്താണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്. ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളില്‍ ഒരിടയ്ക്ക് തിമിംഗിലസ്രാവുകള്ക്ക് മാത്രമായുള്ള വേട്ടയാടല്‍ നടന്നിരുന്നു. പ്രാദേശിക അന്താരാഷ്ട്ര വിപണികളില്‍ തിമിംഗില സ്രാവുകളില്‍നിന്ന് ലഭിക്കുന്ന മാംസത്തിനും മറ്റുമുള്ള പ്രിയമായിരുന്നു ഇതിനു കാരണം. ഇത് കണക്കിലെടുത്ത് ഭാരത് സര്‍ക്കാര്‍ 2001 മേയ് മുതല്‍ വന്യജീവി സംരക്ഷണനിയമം പ്രകാരം ഇവയെ ഒന്നാംപട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചിരിക്കുന്നു. അന്താരാഷ്ട്രതലത്തിലും തിമിംഗിലസ്രാവുകളെ സംരക്ഷിക്കാന്‍ ഒട്ടേറെ നിയമങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ വനംവകുപ്പും ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള ഗവേഷണസ്ഥാപനങ്ങളായ സി.ഐ.എഫ്.ടി, സി.എം.എഫ്.ആര്.ഐ.യും അതത് സംസ്ഥാനങ്ങളുടെ ഫിഷറീസ് വകുപ്പും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പോലുള്ള സര്‍ക്കാരിതര സംഘടനകള്‍ തിമിംഗില സ്രാവുകളെക്കുറിച്ച് പഠിക്കാനും അവയുടെ സംരക്ഷണം ഉറപ്പാക്കാനും പ്രവര്‍ത്തിക്കുന്നു.
സഞ്ചാരികള്‍
വളരെ പതുക്കെ സഞ്ചരിക്കുന്നവരാണെങ്കിലും ഏറെ സഞ്ചാരപ്രിയരാണ് തിമിംഗിലസ്രാവുകള്‍. കിലോമീറ്ററുകളോളം ഇവര്‍ ദേശാടനം ചെയ്യുന്നതായി പഠനങ്ങള്‍ കാണിക്കുന്നു.
Content highlights : world's largest fish whale shark facts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..