Image : Gettyimages
ഇന്ന് (ഏപ്രില്‍ 22) ലോക ഭൗമദിനം. 51-ാം ഭൗമദിനമാണ് നാം ആഘോഷിക്കുന്നത്. നമ്മുടെ ഭൂമിയെ പുനര്‍നിര്‍മിക്കുക അല്ലെങ്കില്‍ പുനഃസ്ഥാപിക്കുക (Restore Our Earth and it) എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിനത്തിന്റെ വിഷയം. ഭൂമിയെ എല്ലാ കാലത്തേക്കുമായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തെ ഓര്‍മപ്പെടുത്തുകയാണ് ഓരോ ഭൗമദിനങ്ങളും. മനുഷ്യനില്‍ പരിസ്ഥിതിയെപ്പറ്റി അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 1970ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ആദ്യമായി ഭൗമദിനം ആചരിക്കുന്നത്. ഓരോ നിമിഷവും മലിനമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭൂമി. കാര്‍ബണിന്റെ അമിതമായ പുറന്തള്ളല്‍ മൂലം ഭൂമിയില്‍ ചൂട് കൂടിവരികയാണ്. കാലാവസ്ഥാവ്യതിയാനങ്ങള്‍ വേറെയും. ഈ ഘട്ടത്തില്‍ ഭൂമിയെ സംരക്ഷിച്ച് നിലനിര്‍ത്തേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം തന്നെയാണ് ഇപ്പോള്‍ നാം നേരിടുന്ന വെല്ലുവിളി. ഭൂമിയെ പുനഃസ്ഥാപിക്കുന്നതിനായി പുതിയ ചിന്തകള്‍ ആവശ്യമായിരിക്കുന്നു.
ഭൂമിയെപ്പറ്റി നിലനില്‍ക്കുന്ന ചില അറിവുകള്‍ ഇതാ :
ഭൂമി ഉണ്ടായിട്ട് എത്ര വര്‍ഷമായിക്കാണും ? ആലോചിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും! ഗ്രഹത്തിലുള്ള ഏറ്റവും പഴക്കം ചെന്ന പാറകളെയും ഉല്‍ക്കാശിലകളെയും കണ്ടെത്തിയാണ് ഗവേഷകര്‍ ഭൂമിയുടെ പ്രായം കണക്കാക്കുന്നത്. നിലവിലെ കണ്ടെത്തല്‍വെച്ച് ഭൂമിയുടെ പ്രായം 454 കോടി വര്‍ഷമാണെന്നാണ് അറിയാന്‍ കഴിയുന്നത്. ചില രേഖകളില്‍ 460 കോടി വര്‍ഷം എന്നും രേഖപ്പെടുത്തിയിരിക്കുന്നു.
ഭൂമി എന്ന വാക്ക് എവിടെനിന്നാണ് ഉണ്ടായത് ? പഴയ ഇംഗ്ലീഷ് ഭാഷയിലും ജര്‍മനിലും നിലം (Ground) എന്ന അര്‍ഥം വരുന്ന വാക്കുകള്‍ കാണാം. ഇതില്‍ നിന്നായിരിക്കാം ഭൂമി (Earth) എന്ന വാക്കുണ്ടായതെന്നാണ് കരുതപ്പെടുന്നത്.
ഭൂമിയുടെ ചുറ്റളവ് എത്രയെന്ന് കണ്ടെത്തിയ ഒരു ശാസ്ത്രജ്ഞനുണ്ട് കേട്ടോ! പുരാതന ഗ്രീക്കിലെ പണ്ഡിതനും പ്രമുഖ ഭൗമശാസ്ത്രജ്ഞനുമായ ഇറോസ്തനീസ് ബി.സി. 250-ല്‍ ഭൂമിയുടെ ചുറ്റളവ് കണക്കാക്കി. ഭൂമി അതിന്റെ അച്ചുതണ്ടില്‍ സ്വയം തിരിയുന്നുവെന്ന് ആര്യഭടനും കണ്ടെത്തി.

നമ്മുടെ ഭൂമി ഉരുണ്ടതാണോ പരന്നതാണോ ? അക്കാര്യത്തില്‍ ഇനി സംശയം വേണ്ട, ഗോളാകൃതിയിലാണെങ്കിലും പൂര്‍ണമായും ഉരുണ്ട് രൂപമല്ല ഭൂമിക്ക്. ധ്രുവങ്ങളില്‍, എന്നുവെച്ചാല്‍ മുകളിലും താഴെയും അല്പം പരന്നതും നടുഭാഗം പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിലുമാണ് ഭൂമിയുടെ ആകൃതി. ജിയോയ്ഡ് (Geiod) എന്നാണ് ഈ ആകൃതിയെ വിളിക്കുന്നത്. ഐസക് ന്യൂട്ടനാണ് ഈ ആകൃതി കണ്ടെത്താന്‍ കാരണക്കാരനായതെന്നത് മറ്റൊരു സത്യം.
മറ്റൊരു കാര്യം എന്തെന്നോ, കണ്ടെത്തിയതില്‍ ഈ പ്രപഞ്ചത്തിലാകെ ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹം മാത്രമേയുള്ളൂ; അത് ഭൂമിയാണ്. ബഹിരാകാശക്കാഴ്ചയില്‍ നീലനിറത്തില്‍ കാണപ്പെടുന്നതിനാല്‍ ഭൂമിക്ക് നീലഗ്രഹം (Blue planet) എന്ന പേരുകൂടിയുണ്ട്. ജലത്തിന്റെ സാന്നിധ്യം കൂടുതലായതിനാലാണ് നീലനിറം കൈവന്നത്.
Content highlights : world earth day know and restore our earth for future
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..