ബഷീര്‍ : മലയാളത്തിന്റെ വിസ്മയം


തയ്യാറാക്കിയത് : സോമന്‍ കടലൂര്‍

ബഷീറിനുചുറ്റും കൂടുന്ന സുഹൃത്തുക്കളെയും സന്ദര്‍ശകരെയും സന്തോഷിപ്പിക്കാന്‍ അദ്ദേഹം പല തമാശകളും പറയും. അതിനെപ്പറ്റി 'അനര്‍ഘനിമിഷ'ത്തില്‍ ബഷീര്‍ സൂചിപ്പിക്കുന്നുണ്ട്

വൈക്കം മുഹമ്മദ് ബഷീർ

കൂട്ടുകാർക്കൊക്കെ വൈക്കം മുഹമ്മദ് ബഷീർ എന്ന മലയാളസാഹിത്യത്തിലെ ഏറ്റവുംവായിക്കപ്പെട്ട എഴുത്തുകാരനെ അറിയാമല്ലോ അല്ലേ. വിവിധ ക്ലാസുകളിൽ അദ്ദേഹത്തിന്റെ രചനകൾ പഠിക്കാനുമുണ്ട്. ജൂലായ് അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ചരമദിനം. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം... ഏറ്റവും വിലപ്പെട്ട എഴുത്തുകാരനാണ് നമുക്ക് ബഷീർ. സരളമനോഹരമായ ഭാഷയിൽ സാധാരണമനുഷ്യന്റെ വേദനകളും വേവലാതികളും സന്തോഷങ്ങളും സന്താപങ്ങളും അദ്ദേഹം ആവിഷ്കരിച്ചു...

ചിരിയും തമാശയും എഴുത്തിൽ എപ്പോഴും ബഷീർ ചേർത്തുനിർത്തി. ബാല്യകാലസഖി, ശബ്ദങ്ങൾ എന്നീ നോവലും അപൂർവം ചില കഥകളും ഒഴികെ ബഷീറിന്റെ രചനകളിലധികവും ഫലിതം നിറഞ്ഞതായിരുന്നു. ജീവിതത്തെ എപ്പോഴും മന്ദഹാസത്തോടെ നോക്കിയ ബഷീറിന്റെ 'പാത്തുമ്മയുടെ ആടും' 'വിശ്വവിഖ്യാതമായ മൂക്കു'മെല്ലാം വായിച്ച് കുഞ്ഞുങ്ങളും മുതിർന്നവരും രസിച്ചു.

നർമം തുളുമ്പുന്ന ഭാഷയ്ക്കുള്ളിൽ പക്ഷേ, മർമസ്പർശിയായ സങ്കടങ്ങളുണ്ടായിരുന്നു. ബഷീറിനുചുറ്റും കൂടുന്ന സുഹൃത്തുക്കളെയും സന്ദർശകരെയും സന്തോഷിപ്പിക്കാൻ അദ്ദേഹം പല തമാശകളും പറയും. അതിനെപ്പറ്റി 'അനർഘനിമിഷ'ത്തിൽ ബഷീർ സൂചിപ്പിക്കുന്നുണ്ട്- ''എന്റെ ചിരിക്കകത്തെ ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കുന്നില്ല'' -എന്ന അദ്ദേഹത്തിന്റെ നർമത്തിനകത്ത് വ്യക്തിയുടെയും സമൂഹത്തിന്റെയും വലിയ സങ്കടങ്ങളുണ്ടായിരുന്നു.

ആരാണ് എന്റെ കാൽപ്പാടുകൾ മായ്ച്ചുകളയുന്നതെന്നും നന്മചെയ്യുന്നവർക്ക് എന്താണ് നന്മ തിരിച്ചുകിട്ടാത്തതെന്നും ബഷീർ എപ്പോഴും ചോദിച്ചുകൊണ്ടിരുന്നു.

pathummayude aadu

പ്രത്യാശയുടെ ശബ്ദങ്ങൾ

പ്രതിസന്ധികളിലും പ്രത്യാശയുടെ വെളിച്ചം കാത്തുസൂക്ഷിച്ച എഴുത്തുകാരനാണ് ബഷീർ. ''ഈ വെളിച്ചത്തിനെന്ത് വെളിച്ചം'' എന്നെപ്പോഴും പറഞ്ഞു. പേനയിൽ ശുഭാപ്തിവിശ്വാസത്തിന്റെ മഷിനിറച്ച് ജീവിതം ഒരനുഗ്രഹമാണെന്ന് ആവർത്തിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് പ്രതീക്ഷയല്ലാതെ മറ്റൊരു മരുന്നില്ലെന്ന് തിരിച്ചറിഞ്ഞു.

ഏതുപ്രായക്കാരും ഏതുതരക്കാരും വായിച്ചുരസിച്ച 'പാത്തുമ്മയുടെ ആട് ' എന്ന നോവലിൽ ഈ പ്രത്യാശ മിന്നുന്നുണ്ട്, മേയുന്നുണ്ട്. ആടിൽ പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്ന പാത്തുമ്മയെയും മക്കളെയും നമ്മൾ ഇവിടെ കാണുന്നു. പാത്തുമ്മയെ മാത്രമല്ല, വായനക്കാരെയും സ്വപ്നംകാണാൻ പഠിപ്പിക്കുന്നുണ്ട് ഈ നോവൽ. ഒരു മനുഷ്യൻ എന്ന കഥയിൽ ഏത് ഭയങ്കരനായ മോഷ്ടാവിന്റെ ഉള്ളിലും മനുഷ്യത്വമുള്ള ഒരു മനസ്സുണ്ടാവാമെന്ന ശുഭചിന്ത ബഷീർ ഉൾച്ചേർത്തിരിക്കുന്നു.

മനുഷ്യനിൽ വിശ്വസിക്കുമ്പോൾത്തന്നെ മനുഷ്യരുടെ പൊങ്ങച്ചങ്ങളെയും പൊള്ളത്തരങ്ങളെയും പരിഹസിക്കാനും ബഷീറിന് മടിയില്ല. പഴയ പ്രതാപവും പ്രമാണിത്തവുമായി ഞെളിഞ്ഞുനടന്ന് സ്വയംനശിക്കുന്ന യാഥാസ്ഥിതിക കുടുംബത്തിന്റെ കഥയാണ് 'ന്റുപ്പുപ്പാക്കൊരനേണ്ടാർന്ന് ' എന്ന കൃതി.

അനുഭവങ്ങളുടെ സുൽത്താൻ

അനുഭവസമ്പത്താണ് ബഷീറിന്റെ എഴുത്തിന്റെ ഏറ്റവുംവലിയ കരുത്തും കാതലും. നമ്മുടെ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും അദ്ദേഹം അലഞ്ഞിട്ടുണ്ട്. ജീവിതത്തിൽ പലവേഷങ്ങളും കെട്ടിയിട്ടുണ്ട്. പലതൊഴിലുകളും ചെയ്തിട്ടുണ്ട്. ജീവിതപാഠങ്ങളുടെ വലിയലോകം -അനുഭവങ്ങളുടെ ഒരു വൻകരതന്നെ അദ്ദേഹം സ്വന്തമാക്കി.

mathilukal

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചു, മഹാത്മാഗാന്ധിയെയും ഭഗത് സിങ്ങിനെയും ആരാധിച്ചു. തന്റെ ജയിലനുഭവമാണ് ഒരുപക്ഷേ, 'മതിലുകൾ' എന്ന മഹത്തായ കൃതി എഴുതാൻ പ്രേരണയായത്. ആളെ കാണാതെത്തന്നെ ശബ്ദത്തിലൂടെമാത്രം അനശ്വരമായ സ്നേഹബന്ധം സൃഷ്ടിക്കാമെന്ന് ഈ പുസ്തകത്തിലൂടെ ബഷീർ തെളിയിച്ചു. ഉള്ളിൽ സ്നേഹമുണ്ടെങ്കിൽ പുറത്തെ ഏത് അസ്വാതന്ത്ര്യത്തെയും സ്വാതന്ത്ര്യമാക്കിമാറ്റാമെന്ന ആശയം ആ കൃതിയെ ശ്രദ്ധേയമാക്കി.

സ്നേഹദാരിദ്ര്യംകൊണ്ട് വീടുപോലും ജയിലായിമാറിപ്പോകുമ്പോൾ ബഷീർ ജയിലിനെപ്പോലും സ്നേഹത്തിന്റെ പൂങ്കാവനമാക്കിത്തീർത്തു. മനുഷ്യവിരുദ്ധമായ എല്ലാ മതിലുകൾക്കുമപ്പുറമാണ് ഹൃദയബന്ധമെന്ന് സാറാമ്മയുടെയും കേശവൻ നായരുടെയും കഥപറയുന്ന 'പ്രേമലേഖന'ത്തിൽ ബഷീർ വെളിപ്പെടുത്തുന്നു. സമൂഹം സൃഷ്ടിച്ച വേലിക്കെട്ടുകളെ മറികടക്കുന്ന ആന്തരസ്നേഹത്തിന്റെ യൗവനതീക്ഷ്ണതയാണ് പ്രേമലേഖനം എന്ന പുസ്തകം.

ഭൂമിയുടെ അവകാശികൾ

വൈവിധ്യമാർന്ന മനുഷ്യകഥാപാത്രങ്ങളെപ്പോലെത്തന്നെ പ്രകൃതിയും അതിലെ അസംഖ്യം ജീവജാലങ്ങളും ബഷീർ കൃതികളിൽ സജീവമായി നിൽക്കുന്നുണ്ട്. പുഴുവിനും പുല്ലിനും പൂമ്പാറ്റയ്ക്കും വവ്വാലിനും മാനിനും മീനിനും കാക്കയ്ക്കും പൂച്ചയ്ക്കും പാമ്പിനും കീരിക്കും കുറുക്കനും കുരങ്ങനുമെല്ലാം ബഷീർ തന്റെ സർഗാത്മകമണ്ണിൽ ഇടംകൊടുത്തു.

'ഭൂമിയുടെ അവകാശികളും' 'തേന്മാവും' നമ്മൾ വായിക്കുമ്പോൾ നാമറിയാതെ പാരിസ്ഥിതികവിവേകത്തിന്റെ സൗന്ദര്യബോധത്തിലേക്ക് എത്തിച്ചേരുന്നു. ആടിനെ അജസുന്ദരി എന്നുവിളിക്കുന്ന ബഷീർ, തേന്മാവിനെ സ്നേഹിക്കുന്ന റഷീദിനെയും അസ്മയെയും നമുക്ക് പരിചയപ്പെടുത്തിത്തരുന്നു.

bhoomiyude avakashikal

ഈ കഥകളൊക്കെ വായിക്കുന്ന തലമുറകൾ പ്രകൃതിസ്നേഹത്തിന്റെ പച്ചയും പടർപ്പും ഉള്ളിൽ തെഴുക്കുന്നവരാകുമെന്നുറപ്പാണ്. മാന്ത്രികപ്പൂച്ച, പാത്തുമ്മയുടെ ആട്, തേന്മാവ്, സർപ്പയജ്ഞം, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് തുടങ്ങിയ കൃതികളുടെ ശീർഷകങ്ങളിൽത്തന്നെ ബഷീർ ജീവജാലങ്ങളെ ചേർത്തുപിടിച്ചു. മനുഷ്യനും സർവജീവജാലങ്ങളും പ്രപഞ്ചചൈതന്യമായ ഒന്നിന്റെതന്നെ അംശമാണെന്ന മഹത്തായ ദർശനമാണ് ബഷീർ ബോധ്യപ്പെടുത്തിയത്. രണ്ട് ചെറിയപുഴകൾ ചേർന്ന് വലിയൊരു പുഴയാകുന്ന അനുഭവസത്യത്തെ നിരീക്ഷിച്ച ബഷീർ, അനേകം ജീവിതങ്ങൾ ചേർന്ന് വിസ്തൃതമായ ഒഴുക്കായി മഹത്തായ ജീവിതം മാറണമെന്ന് ആഗ്രഹിച്ചു. അതിനുവേണ്ടി പറയുകയും എഴുതുകയുംചെയ്തു.

അതുകൊണ്ടാണ് ഒന്നും ഒന്നും കൂട്ടുമ്പോൾ ഇമ്മിണി ബല്യ ഒന്നാകും എന്ന ഗണിതശാസ്ത്രത്തിനപ്പുറമുള്ള വിസ്മയം നിറഞ്ഞ ജീവന്റെ കണക്കുകൂട്ടലുകൾ അദ്ദേഹം മുമ്പേ അവതരിപ്പിച്ചത്- ഞാനും നീയും ചേർന്ന്, നിങ്ങളും ഞങ്ങളും ചേർന്ന് രണ്ടാവുകയല്ല, നമ്മൾ എന്ന സുന്ദരമായ വലിയ ഒന്നാവുകയാണ് വേണ്ടതെന്ന് ബഷീർ സ്വപ്നംകണ്ടു. ആ മഹത്തായ കിനാവിന്റെ പേരാണ് ബഷീർ കൃതികൾ.

കഥയുടെ മാന്ത്രികൻ

കഥപറഞ്ഞ് കഥപറഞ്ഞ് വലിയൊരു കഥയായി വായനക്കാരുടെ മനസ്സിൽ ഇപ്പോഴും വളർന്നുകൊണ്ടേയിരിക്കുന്ന അനശ്വരകഥാബീജമാണ് ബഷീറിന്റെ സാഹിത്യകൃതികൾ. വായന തുടങ്ങുന്നവരെയും വായന തുടരുന്നവരെയും ഒരേപോലെ ആകർഷിക്കുന്ന ക്ലാസിക് സ്വഭാവമുള്ള ഈ എഴുത്തുകാരന്റെ സർഗസംഭാവനകൾ എന്നും ബെസ്റ്റ് സെല്ലറുകളാണ്.

സാധാരണജീവിതത്തിലെ സാധാരണസംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിക്കുന്ന വിസ്മയമാണ് ബഷീർ. മാനകഭാഷയോടൊപ്പംതന്നെ നാട്ടുഭാഷയ്ക്കും അപൂർവ ചാരുത നൽകി സാഹിത്യഭാഷയെ നവീകരിച്ച മൗലികപ്രതിഭയാണ്. തന്റെയും മനുഷ്യവംശത്തിന്റെയും കിനാവിലും കണ്ണീരിലും അക്ഷരങ്ങളുടെ സൂര്യവെളിച്ചം പ്രസരിപ്പിച്ച് സർഗാത്മകതയുടെ മഴവില്ലുതീർത്ത പ്രതിഭാസമാണ് ബഷീർ. ശബ്ദമില്ലാത്തവർക്ക് ശബ്ദങ്ങൾ നൽകിയും ജീവിതത്തിലെ അഭിശപ്ത നിമിഷങ്ങൾക്ക് അനർഘനിമിഷത്തിന്റെ ഭംഗി നൽകിയും വിസ്മയിപ്പിച്ച എഴുത്തിന്റെ മാന്ത്രികനാണ്.

മതിലുകൾക്കും സ്ഥലത്തെ പ്രധാന ദിവ്യന്മാർക്കുമപ്പുറം നേരും നുണയും ചികഞ്ഞ് സത്യത്തിന്റെ അനുഭവകഥ സരളമധുരമായി പറഞ്ഞ കഥയുടെ മുത്തച്ഛനാണ് ബഷീർ. മരണത്തിന്റെ നിഴൽ ഭയപ്പെടാതെ ഓർമയുടെ അറകൾ തുറന്ന് തന്റെ ചുറ്റുമുള്ളവരെ കഥാപാത്രങ്ങളുടെ പദവി നൽകി വിശ്വവിഖ്യാതരാക്കി മാറ്റിയ എഴുത്തിന്റെ സുൽത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.

Content highlights :malayalam writer vaikom muhammad basheer life and literary works for kids

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented