Image : Gettyimages
ആരുടെയും പ്രത്യേക സഹായമില്ലാതെ മാനത്ത് നക്ഷത്രങ്ങള്‍ തിരിച്ചറിയാനുള്ള ചില എളുപ്പമാര്‍ഗങ്ങള്‍ പറഞ്ഞുതരാം. ഇത് ശരത്കാലമാണല്ലോ. അതായത് വളരെ കട്ടികൂടിയ മേഘങ്ങള്‍ ഇനി കുറച്ചുകാലത്തേക്കെങ്കിലും ആകാശത്ത് കുറവായിരിക്കും. ഇക്കാലത്ത് രാത്രിയാവുന്നതോടെ മാനത്ത് ഏതാണ്ട് നമ്മുടെ തലയ്ക്കുമുകളില്‍ നല്ല തിളക്കമുള്ള ഒരു നക്ഷത്രത്തെ കൂട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. അതാണ് തിരുവോണം അഥവാ അള്‍ട്ടയര്‍. തിരുവോണത്തിന് ഏതാണ്ട് തെക്കുഭാഗത്തുതന്നെയായിരിക്കും ശനി, വ്യാഴം എന്നീ ഗ്രഹങ്ങള്‍, വരുന്ന ഏതാനും മാസങ്ങളില്‍ കാണപ്പെടുക.
നമ്മുടെ ഗാലക്‌സിയായ ആകാശഗംഗയിലെ കോടാനുകോടി നക്ഷത്രങ്ങളെ ഒരു പാല്‍പ്പാടപോലെ ഈ ഭാഗത്ത് കാണാം. സ്‌പേസ് സ്‌കോപ്പില്‍ ഈ നക്ഷത്രങ്ങളെ നേരത്തേ പരിചയപ്പെടുത്തിയതാണെങ്കിലും ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട നക്ഷത്രങ്ങളായതുകൊണ്ടും മറ്റൊരാളുടെ സഹായമില്ലാതെ ആകാശത്തെ മനസ്സിലാക്കാന്‍ ഈ നക്ഷത്രങ്ങളെ പ്രയോജനപ്പെടുത്താമെന്നതുകൊണ്ടുമാണ് ഇതിലെ പലകാര്യങ്ങളും ആവര്‍ത്തിക്കുന്നത്. ഇതില്‍ തിരുവോണവും വേഗയും താരതമ്യേന ഭൂമിയുമായി അടുത്ത ദൂരത്തിലാണ്.
എന്നാല്‍ ദിനബ് വളരെയേറെ അകലത്തിലുള്ള നക്ഷത്രമാണ്. ഭീമാകാരനായ ഒരു നക്ഷത്രമായതുകൊണ്ടാണ് അതിനെ മറ്റു നക്ഷത്രങ്ങള്‍ക്കിടയിലും അത്യാവശ്യം തിളക്കത്തില്‍ കാണുന്നത്. തിരുവോണവും വേഗയും അതിവേഗം ഭ്രമണംചെയ്യുന്ന നക്ഷത്രങ്ങളാണ്. നമ്മുടെ സൂര്യന്‍ ശരാശരി 25 ദിവസംകൊണ്ട് ഒരു ഭ്രമണം പൂര്‍ത്തിയാക്കുമ്പോള്‍ ഈ നക്ഷത്രങ്ങള്‍ യഥാക്രമം പത്തും പന്ത്രണ്ടും മണിക്കൂര്‍കൊണ്ടാണ് ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ ഇവയുടെ ആകൃതി ഏതാണ്ട് ഒരു ഇഡലിയുടെ രൂപമായിമാറുകയും ചെയ്യുന്നുണ്ടത്രേ!
(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)
Content highlights : know about summer triangle and see stars altair, deneb and vega
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..