വെളിച്ചം ദുഃഖമെന്ന് കരുതി രാത്രിയില്‍ പറന്നുനടക്കുന്നവര്‍; അറിയാം നിശാശലഭങ്ങളെപ്പറ്റി


തയ്യാറാക്കിയത് : അബ്ദുള്ള പാലേരി

ലോകത്തെമ്പാടുമായി ഒരുലക്ഷത്തിനാല്പത്തിരണ്ടായിരത്തില്‍ കൂടുതല്‍ ഇനം നിശാശലഭങ്ങള്‍ ഉണ്ട്.

അറ്റ്‌ലസ് മോത്ത്‌

ജൂലൈ 17-25 ദേശീയ നിശാശലഭവാരം ആണ്. നിശാശലഭങ്ങൾ എന്ന് കേൾക്കുമ്പോൾ ഇവരെ രാത്രിയിൽ മാത്രമേ കാണൂ എന്നൊന്നും ധരിക്കരുത്. പൊതുവേ 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്നാണു മിക്ക നിശാശലഭങ്ങളുടെയും ജീവിതരീതി. എങ്കിലും ചില ജാതിക്കാർ പകലും പറന്നുനടക്കാറുണ്ട്. നമ്മുടെ നാട്ടിൽ കാണുന്ന നാഗശലഭം, അമ്പിളിക്കണ്ണൻ, വെങ്കണശലഭം തുടങ്ങിയവർ പകൽസഞ്ചാരികളാണ്. എങ്കിലും മിക്കവർക്കും രാത്രി പുറത്തിറങ്ങാനാണ് ഇഷ്ടം.

വിളക്ക് ഇഷ്ടം

നിലാവെളിച്ചമോ നക്ഷത്രവെളിച്ചമോ ആണ് എന്ന് തെറ്റിദ്ധരിച്ചാണ് ഇവ വിളക്കുകൾക്കു സമീപം എത്തുന്നത്. രാത്രി സഞ്ചരിക്കുമ്പോൾ നിലാവെളിച്ചവും നക്ഷത്രവെളിച്ചവുമാണ് ഇവയെ വഴികണ്ടെത്താൻ സഹായിക്കുന്നത്.

എങ്ങനെ തിരിച്ചറിയാം

നിശാശലഭങ്ങളെ ചിത്രശലഭങ്ങളിൽനിന്ന് തിരിച്ചറിയാൻ നിറം സഹായിക്കില്ല. കാരണം നിശാ ശലഭങ്ങൾ പൊതുവേ മങ്ങിയ നിറക്കാരാണെങ്കിലും ചിലയിനം ചിത്രശലഭങ്ങൾക്കും മങ്ങിയ നിറമാണ്. മാത്രമല്ല, ചിത്രശലഭങ്ങളെപ്പോലെ വർണപ്പകിട്ടാർന്ന ചില നിശാശലഭങ്ങളുണ്ട്. നാഗശലഭംതന്നെ ഉദാഹരണം. സ്പർശനികളുടെ ആകൃതി നോക്കിയാണ് നിശാലഭങ്ങളെ വേർതിരിച്ചറിയുന്നത്. നിശാശലഭങ്ങളുടെ സ്പർശനികൾ ചെറുതൂവൽ പോലെയോ അഗ്രം നേർത്തതോ ആയിരിക്കും. ചിത്രശലഭങ്ങളുടെ സ്പർശനികളുടെ അഗ്രം തടിച്ചതോ അഗ്രത്തിന് തൊട്ടുതാഴെ വണ്ണമുള്ളതോ ആയിരിക്കും.

moth

വലുതും ചെറുതും

ലോകത്തിലെ ഏറ്റവും വലിയ നിശാശലഭത്തിന്റെ പേര് ഗോലിയാത് എന്നാണ്. ഇതിനു വായ ഉണ്ടാകില്ല. ഇത് ആഹാരം കഴിക്കാറില്ല. ഏതാണ്ട് ഒരാഴ്ചക്കാലമേ ഇവ ജീവിക്കാറുള്ളൂ. ഇത്രയും കാലം ജീവിക്കാനുള്ള ഊർജം ഇതു പിറക്കുന്നതിന് മുമ്പേതന്നെ ദേഹത്ത് ശേഖരിച്ചുവെച്ചിരിക്കും. ഈ ഒരാഴ്ചയ്ക്കുള്ളിൽ ഇത് ഇണചേരും. മുട്ടയിട്ടുകഴിഞ്ഞാൽ ഏറെ കഴിയും മുമ്പേ പെൺശലഭവും ആൺശലഭവും ചത്തുപോകും. വടക്കൻ ക്യൂൻസ്ലൻഡും ന്യൂഗിനിയും ആണ് ഇതിന്റെ വാസസ്ഥലം.

ലോകത്തിലെ രണ്ടാമത്തെ നിശാശലഭം ഇന്ത്യയിലുണ്ട്. കേരളത്തിലും കണ്ടുവരുന്ന നാഗശലഭമാണിത് (Atlas Moth). ഇതും ആഹാരം കഴിക്കാറില്ല. ഒന്നോ രണ്ടോ ആഴ്ചയാണ് ആയുസ്സ്. നാരകത്തിന്റെയും പേരയുടെയും ഇലകളിൽ ഇത് മുട്ടയിടാറുണ്ട്.

മെക്സിക്കോയിൽ കാണുന്ന 1.2 മില്ലീ മീറ്റർ വലുപ്പമുള്ള മായശലഭമാണ് (Stigmella maya) ലോകത്തിലെ ഏറ്റവും ചെറുത്.

ജാതികൾ പലവിധം

വണ്ടുകൾ കഴിഞ്ഞാൽ ലോകത്ത് നിശാശലഭങ്ങളാണ് ഏറ്റവും കൂടുതലുള്ളത്. ലോകത്തെമ്പാടുമായി ഒരുലക്ഷത്തിനാല്പത്തിരണ്ടായിരത്തിൽ കൂടുതൽ ഇനം നിശാശലഭങ്ങൾ ഉണ്ട്. പന്ത്രണ്ടായിരത്തിലേറെ ഇനം ഇന്ത്യയിലുമുണ്ട്.

ഭക്ഷണം

പൂമ്പാറ്റകളെപ്പോലെ നിശാശലഭങ്ങളുടെയും ഇഷ്ടാഹാരം പൂന്തേൻതന്നെ. ചില ശലഭങ്ങൾ അഴുകിയ വൃക്ഷങ്ങളിൽനിന്നും മൃതശരീരങ്ങളിൽ നിന്നും പോഷകങ്ങൾ ശേഖരിക്കാറുണ്ട്. പഴങ്ങളിൽനിന്ന് സത്തു നുകർന്ന് ജീവിക്കുന്നവരുമുണ്ട്. മൃഗങ്ങളുടെ കണ്ണീരിൽ നിന്ന് ലവണം നുണയുന്നവരുമുണ്ട്. തലയോട്ടി ശലഭങ്ങൾ (Death's head Hawk Moth) തേനീച്ചക്കൂട് കൈയേറി തേൻ മോഷ്ടിച്ചു കുടിക്കാറുണ്ട്. അപൂർവമായി കൊതുകുകളെപ്പോലെ മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തം കുടിക്കുന്ന നിശാശലഭങ്ങളുണ്ട്. ശലഭപ്പുഴുക്കളുടെ മുഖ്യാഹാരം ഇലകളാണ്.

ഇണയെ കണ്ടെത്തൽ

ആൺശലഭങ്ങൾ പെൺശലഭങ്ങളെ കണ്ടെത്താൻ വിവിധ രീതികൾ സ്വീകരിക്കുന്നു. കടുവാ ശലഭങ്ങൾ ശബ്ദം പുറപ്പെടുവിച്ചു പെണ്ണിനെ ആകർഷിക്കാറുണ്ട്. ചില ശലഭങ്ങളിൽ പെണ്ണ് മറുശബ്ദം പുറപ്പെടുവിച്ച് ആണുമായി ആശയവിനിമയം നടത്താറുണ്ട്. ആണിന്റെയും പെണ്ണിന്റെയും ശബ്ദങ്ങൾ തമ്മിൽ വ്യത്യാസം കാണാറുണ്ട്. ആണും പെണ്ണും ഗന്ധവസ്തുക്കൾ (Pheromones) പുറത്തുവിട്ടും പരസ്പരം തിരിച്ചറിയാറുണ്ട്. പെണ്ണിന്റെ ഉദരാഗ്രത്തിൽ നിന്നാണ് ഗന്ധം പുറത്തുവരുന്നത്. ആൺശലഭം ദേഹത്തിന്റെ പലഭാഗങ്ങളിൽനിന്നും ഗന്ധം പുറത്തുവിടാറുണ്ട്. പെൺശലഭങ്ങളെ കാത്ത് ആൺശലഭങ്ങൾ കൂട്ടത്തോടെ പറന്നു മലമുകളിൽ ചെന്നിരിക്കുന്ന പതിവുമുണ്ട്.

ജീവിതചക്രം

പൂമ്പാറ്റകളെപ്പോലെ നിശാശലഭങ്ങൾക്കും ജീവിതത്തിനു നാലു ഘട്ടങ്ങളുണ്ട്. പൂർണവളർച്ച എത്തിയ ശലഭങ്ങളാണ് ഒന്നാംഘട്ടം. മുട്ടകൾ രണ്ടാംഘട്ടവും മുട്ടവിരിഞ്ഞു വരുന്ന പുഴുക്കൾ (Larva) മൂന്നാംഘട്ടവുമാണ്. പുഴുപ്പൊതി (Pupa) ആണ് നാലാംഘട്ടം. പുഴുപ്പൊതി പൊട്ടിച്ചു പൂർണവളർച്ച എത്തിയ ശലഭങ്ങൾ പുറത്തുവരും.

തോരണ ശലഭം

ശത്രുക്കളിൽനിന്നുള്ള രക്ഷ

പലപ്പോഴും മുട്ടകൾക്കു ചുറ്റുപാടുകളുമായി ഇണങ്ങുന്ന നിറമായതിനാൽ എളുപ്പത്തിൽ ശത്രുക്കൾക്കു കണ്ടെത്താൻ കഴിയില്ല. ചെടികളിൽനിന്ന് പച്ചമുട്ടകൾ വിരളമായേ കണ്ണിൽപ്പെടാറുള്ളൂ. ചില ശലഭങ്ങൾ മുട്ടകൾ രോമങ്ങൾകൊണ്ട് പൊതിഞ്ഞുവെക്കാറുണ്ട്. ഈ രോമങ്ങൾ ദേഹത്ത് കൊണ്ടാൽ ചൊറിച്ചിലുണ്ടാകും. ചുറ്റുപാടുമായി ഇണങ്ങുന്ന നിറങ്ങളും വരകളും കുറികളും പുഴുക്കളെ പക്ഷികളെപ്പോലുള്ള ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാൻ സഹായിക്കുന്നു. ചില പുഴുക്കൾ ചെടിത്തണ്ടു തുരന്ന് തണ്ടിന് അകത്തു കഴിഞ്ഞും ഇല ചുരുട്ടി വീടുണ്ടാക്കിയും ശത്രുക്കളിൽനിന്ന് ഒളിച്ചുകഴിയുന്നു. വേഷംകെട്ടി ശത്രുക്കളെ കബളിപ്പിക്കുന്ന വിരുതന്മാരുമുണ്ട്. കണ്ടാൽ ചുള്ളിക്കമ്പുപോലെയോ കരിയിലപോലെയോ ഇരിക്കുന്ന ശലഭപ്പുഴുക്കളുണ്ട്.

ചില പുഴുക്കൾ ദേഹത്തിനു ചുറ്റും ചുള്ളിക്കമ്പുകൾ ഒട്ടിച്ചു കവചംതീർക്കും. ദേഹത്ത് നിറയെ കൂർത്ത മുള്ളുകൾ അണിഞ്ഞ ശലഭപ്പുഴുക്കൾ സാധാരണമാണ്. മുള്ളു നമ്മുടെ ദേഹത്ത് കൊണ്ടാൽ അസഹ്യമായ ചൊറിച്ചിലും നീർവീക്കവും അനുഭവപ്പെടാം. ചില പുഴുക്കൾ ഒന്നിന് പുറകെ മറ്റൊന്നായി തൊട്ടു തൊട്ടു സഞ്ചരിച്ചു 'ഞങ്ങൾ നിങ്ങളുടെ കൊക്കിൽ ഒതുങ്ങാത്ത ഒരു വലിയ ജീവിയാണെന്നു' ശത്രക്കളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ദേഹത്ത് കൺപൊട്ടുകൾ അണിഞ്ഞും സീൽക്കാരം പുറപ്പെടുവിച്ചും ശത്രുക്കളെ ആശയക്കുഴപ്പത്തിലാക്കുന്ന വിരുതൻ പുഴുക്കളുമുണ്ട്. പുഴുപ്പൊതികൾ കബളിപ്പിക്കുന്ന നിറങ്ങളും മുള്ളുകളുമണിഞ്ഞു ശത്രുക്കളിൽനിന്ന് രക്ഷപ്പെടാറുണ്ട്. തലയോട്ടി ശലഭത്തിന്റെ പുഴുപ്പൊതി ശബ്ദമുണ്ടാക്കി ശത്രുക്കളെ അകറ്റാറുണ്ട്.

മനുഷ്യരും നിശാശലഭങ്ങളും

കൃഷി നശിപ്പിക്കുന്ന ഒട്ടേറെ നിശാശലഭങ്ങളുണ്ട്. പക്ഷേ, ഏകയിനകൃഷിയും (Monoculture) കീടനാശിനികളുടെ അമിതമായ ഉപയോഗവുമാണ് കീടങ്ങളുടെ ആക്രമണം രൂക്ഷമാക്കിയത് എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കീടനാശിനികളുടെ ഉപയോഗം പ്രതിരോധശക്തിയുള്ള കീടങ്ങളുടെ വരവിനു കാരണമാകും. കീടങ്ങളുടെ സഹജശത്രുക്കളെ കീടനാശിനികൾ കൊന്നൊടുക്കും. ഇതു കീടങ്ങൾ പെരുകാൻ കാരണമാകും. ജൈവ നിയന്ത്രണങ്ങൾ അവലംബിച്ചും വ്യത്യസ്തയിനം വിളകൾ കൃഷിചെയ്തും ശലഭ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.

പക്ഷികളും തവളകളും കീടനിയന്ത്രണത്തിനു വിലമതിക്കാനാകാത്ത സംഭാവനകൾ നൽകുന്നുണ്ട്. പക്ഷേ, മിക്ക കൃഷിയിടങ്ങളിൽനിന്നും തവളകൾ അപ്രത്യക്ഷമായിരിക്കുന്നു. കാരണം കീടനാശികളുടെ അമിത ഉപയോഗംതന്നെ. അതേസമയം, ഒട്ടേറെ സസ്യങ്ങളിൽ പരാഗണംനടത്തി കൃഷിവ്യാപനത്തിനു ശലഭങ്ങൾ സാഹായിക്കാറുണ്ട്. രാത്രി വിടർന്നു സുഗന്ധം പരത്തുന്ന മിക്ക പൂക്കളിലും പരാഗണം നടക്കുന്നതു നിശാശലഭങ്ങളുടെ സഹായംകൊണ്ടാണ്. രാപ്പൂക്കളുടെ ഗന്ധവും നിറവും നിശാശലഭങ്ങളെ ആകർഷിക്കാൻവേണ്ടിയാണ്. ചിലയിനം നിശാ ശലഭങ്ങളുടെ സാന്നിധ്യം കാലാവസ്ഥാ വ്യതിയാനങ്ങളുടെയും പരിസര മലിനീകരണത്തിന്റെയും സൂചകങ്ങളാണെന്നു വിദേശരാജ്യങ്ങളിൽ നടന്ന ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

കോവോവാക്സ് എന്ന കോവിഡ് കുത്തിവെപ്പ് മരുന്ന് നിർമിക്കാൻ ഒരിനം നിശാശലഭത്തെ ഉപയോഗിച്ചിരുന്നു എന്ന വാർത്ത നിശാശലഭങ്ങൾ മനുഷ്യർക്ക് ചെയ്യുന്ന സേവനം എത്ര മഹത്താണ് എന്നതിന് മികച്ച ഉദാഹരണമാണ്. അതിനാൽ നിശാശലഭങ്ങളുടെ നാശം പ്രകൃതിസന്തുലനത്തെ മുറിവേൽപ്പിക്കും. അതിനാൽ നിശാശലഭങ്ങളുടെ സംരക്ഷണം നമ്മുടെ കടമയാണ്.

ലേഖകന്റെ കണ്ടെത്തൽ

''2020 ഓഗസ്റ്റ് ഒന്ന്, വീടിനടുത്തുള്ള മൂരികുന്നു മലയിൽ പക്ഷികളെ നിരീക്ഷിക്കാൻ പോയതായിരുന്നു ഞാൻ. യാദൃച്ഛികമായിട്ടാണ് വളരെ ചെറിയ വെളുത്ത നിശാശലഭം ചെടിയിൽ ഇരിക്കുന്നതു കണ്ടത്. ശലഭത്തിന്റെ ഒന്നുരണ്ടു ചിത്രങ്ങൾ പകർത്തി വീട്ടിലെത്തി. ഫോട്ടോ പരിചിത ശലഭങ്ങളുടെ ഫോട്ടോകളുമായി താരതമ്യം ചെയ്തു നോക്കിയപ്പോൾ അതൊരു അപൂർവ ശലഭമാണെന്നു മനസ്സിലായി. വിദേശികളായ രണ്ടു പ്രശസ്ത ശലഭ നിരീക്ഷകരുടെ സഹായത്താൽ അതിനെ തിരിച്ചറിഞ്ഞു.

malakha shalabhamകേരളത്തിൽ മുമ്പൊരിക്കലും ആരും ആ നിശാശലഭത്തെ കണ്ടിരുന്നില്ല. ഒന്നേകാൽ നൂറ്റാണ്ടിനുമുമ്പ് നീലഗിരിയിലാണ് ഈ നിശാശലഭത്തെ ഒടുവിലായി കണ്ടത്. ഇംഗ്ലീഷിൽ ഒരു പേരുപോലുമില്ലാത്ത ഇതിനു 'മാലാഖ ശലഭം' എന്ന് മലയാളത്തിൽ പേര് കൊടുത്തു. കേരളത്തിലെ നിശാശലഭങ്ങളുടെ പട്ടികയിലേക്ക് ഒരു പുതിയ അംഗത്തെ സംഭാവനചെയ്യാൻ കഴിഞ്ഞതിൽ അതിയായ ആഹ്ലാദം തോന്നി.'

(വിദ്യയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :know about life and characteristics of moths

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented