നേരറിയാന്‍ വഴിയുണ്ട്; ചില നുണപരിശോധനാരീതികള്‍


By തയ്യാറാക്കിയത്: അഭിലാഷ് ജി.ആര്‍.കൊല്ലം

3 min read
Read later
Print
Share

ഇപ്രകാരം മയക്കത്തിനും ഉറക്കത്തിനും ഇടയിലുള്ള ഒരു പ്രത്യേക അവസ്ഥയിലാണ് ചോദ്യങ്ങള്‍ക്കെല്ലാം ആത്മനിയന്ത്രണമില്ലാതെ വ്യക്തികള്‍ ഉത്തരം നല്‍കുക.

പ്രതീകാത്മകചിത്രം | Mathrubhumi

രാള്‍ പറയുന്നത് സത്യമാണോ എന്ന് മനസ്സിലാക്കാനുദ്ദേശിച്ച് രൂപം കൊടുത്ത ഒട്ടേറെ ശാസ്ത്രീയ പരീക്ഷണരീതികളുണ്ട്. ഇവയെ പൊതുവായി നുണപരിശോധന എന്നാണ് വിളിക്കുന്നത്.
നുണപരിശോധനയ്ക്ക് ഉപയോഗിക്കുന്ന പ്രധാന ശാസ്ത്രീയ പരിശോധനകളാണ് പോളിഗ്രാഫ് ടെസ്റ്റ്, നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് എന്നിവ. ആഗോളതലത്തിലും കേരളത്തിലും പല കുറ്റാന്വേഷണത്തിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. കക്ഷികളുടെ സമ്മതത്തോടെ മാത്രമേ ഇന്ത്യയില്‍ ഈ പരിശോധനകള്‍ നടത്താന്‍ അനുമതിയുള്ളൂ.

പോളിഗ്രാഫ് ടെസ്റ്റ്

കുറ്റാന്വേഷണത്തിന്റെ ഭാഗമായി നുണപരിശോധനയ്ക്ക് പ്രധാനമായും പൊതുവേ ഉപയോഗിക്കുന്ന ഒരു പരീക്ഷണരീതിയാണ് പോളിഗ്രാഫ് ടെസ്റ്റ്. 1921-ല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ജോണ്‍ അഗസ്റ്റസ് ലാര്‍സണാണ് ഈ പരീക്ഷണരീതി കണ്ടുപിടിച്ചത്. ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്. ശരീരത്തില്‍ സെന്‍സറുകള്‍ പോലെയുള്ള ചില ഉപകരണങ്ങള്‍ ഘടിപ്പിച്ച് പ്രതിയുടെ രക്തസമ്മര്‍ദം, നാഡിമിടിപ്പ്, വിവിധ വികാരങ്ങള്‍ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഈ പരിശോധനയില്‍ അന്തിമ നിഗമനത്തില്‍ എത്തുന്നത്. വിവിധ ചോദ്യങ്ങളോട് അറിയാതെതന്നെ പ്രസ്തുത വ്യക്തിയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നതിനെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ആ വ്യക്തി പറയുന്നത് സത്യമാണോ നുണയാണോ എന്നുള്ള നിഗമനത്തില്‍ വിദഗ്ധര്‍ എത്തിച്ചേരുന്നത്. ഈ പരിശോധനയുടെ കൃത്യത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.

നാര്‍കോ അനാലിസിസ്

കുറ്റാന്വേഷണ ഏജന്‍സികള്‍ പ്രതികളില്‍നിന്ന് തെളിവ് ശേഖരിക്കാനായി സ്വീകരിക്കുന്ന മറ്റൊരു ശാസ്ത്രീയമാര്‍ഗമാണ് നാര്‍കോ അനാലിസിസ്. 'ബോധംകെടുത്തുക' എന്നര്‍ഥം വരുന്ന 'നാര്‍ക്ക്' (Narkk) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് 'Narko' എന്ന ഇംഗ്ലീഷ് പദത്തിന്റെ ആരംഭം. യുദ്ധത്തടവുകാരെയും കുറ്റവാളികളെയും ചില സന്ദര്‍ഭങ്ങളില്‍ മനോരോഗികളെയും ബാര്‍ബിറ്റിയുറേറ്റുകള്‍ (Barbiturates) പോലുള്ള ഉത്തേജക മരുന്നുകള്‍ കുത്തിവെച്ച് ചോദ്യം ചെയ്യുകയോ കൗണ്‍സലിങ്ങിന് വിധേയമാക്കുകയോ ചെയ്യുന്ന രീതിയെ സൂചിപ്പിക്കാനാണ് ആദ്യകാലങ്ങളില്‍ ഈ പദം ഉപയോഗിച്ചിരുന്നത്.

old lie detection method
പഴയകാലത്തെ നുണപരിശോധനാരീതികളിലൊന്ന്‌

1922-ല്‍ ഹോഴ്സിലി എന്ന അമേരിക്കന്‍ മനഃശാസ്ത്രജ്ഞനാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെടുന്നവരില്‍ ട്രൂത്ത് സിറം (Truth Serum) എന്നറിയപ്പെടുന്ന മരുന്നുകള്‍ കുത്തിവെച്ച് സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ഒരു ശാസ്ത്രീയ പരിശോധനയാണിത്. ചോദ്യങ്ങള്‍ക്കെല്ലാം വിലക്കുകളോ ആത്മനിയന്ത്രണമോ ഇല്ലാതെ സത്യസന്ധമായി ഉത്തരം നല്‍കത്തക്ക രീതിയില്‍ വ്യക്തികളുടെ തലച്ചോറില്‍ രാസമാറ്റമുണ്ടാക്കാന്‍ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന ഈ മരുന്നുകള്‍ക്ക് കഴിയും. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണെന്ന് ഉറപ്പിക്കാന്‍ കഴിയുകയില്ല. വേണ്ടത്ര മുന്‍കരുതലില്ലാതെ ഈ ട്രൂത്ത് സിറങ്ങള്‍ കുത്തിവെച്ചാല്‍ മരണംവരെ സംഭവിക്കാനിടയുണ്ട്. ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അസ്വാസ്ഥ്യങ്ങളുള്ളവരില്‍ വളരെ സൂക്ഷിച്ചുമാത്രമേ ഈ പരിശോധന നടത്താറുള്ളൂ.

ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിച്ച് വേദനയില്ലാതെ ഉറക്കത്തിനും മയക്കത്തിനുമിടയിലുള്ള ഒരു അവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കാന്‍ കഴിവുള്ളവയാണ് നാര്‍ക്കോട്ടിക് മരുന്നുകള്‍. ഇത്തരം നാര്‍ക്കോട്ടിക്കുകളാണ് പലപ്പോഴും ട്രൂത്ത് സിറങ്ങളായി ഉപയോഗിക്കുന്നത്. ഇപ്രകാരം മയക്കത്തിനും ഉറക്കത്തിനും ഇടയിലുള്ള ഒരു പ്രത്യേക അവസ്ഥയിലാണ് ചോദ്യങ്ങള്‍ക്കെല്ലാം ആത്മനിയന്ത്രണമില്ലാതെ വ്യക്തികള്‍ ഉത്തരം നല്‍കുക.1943-ല്‍ സ്റ്റീഫന്‍ ഹോഴ്സിലി പ്രസിദ്ധീകരിച്ച ''നാര്‍കോ അനാലിസിസ് എ ന്യൂ ടെക്നിക് ഇന്‍ ഷോര്‍ട് കട്ട് സൈക്കോതെറാപ്പി'' എന്ന പുസ്തകത്തിലാണ് മനഃശാസ്ത്ര ചികിത്സാരീതിയെന്ന് വിശേഷിപ്പിച്ച് നാര്‍കോ പരിശോധനയെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്നത്. ചില പ്രത്യേക മരുന്നുകള്‍ കുത്തിവെക്കുമ്പോള്‍ വ്യക്തികള്‍ തടസ്സമില്ലാതെ എല്ലാകാര്യങ്ങളും സംസാരിക്കുമെന്ന് സന്ദര്‍ഭവശാല്‍ ഹോഴ്സിലി കണ്ടെത്തുകയായിരുന്നു.

lie detection japan
ജപ്പാനില്‍ ഉപയോഗിച്ചിരുന്ന ഒരു നുണപരിശോധന മെഷീന്‍

ബ്രെയിന്‍ മാപ്പിങ്

മറ്റൊരു മുഖ്യ നുണപരിശോധനാ രീതിയാണ് ബ്രെയിന്‍ മാപ്പിങ്. ഇതൊരു മസ്തിഷ്‌ക പ്രവര്‍ത്തന നിരീക്ഷണരീതിയാണ്. മനുഷ്യന്റെയോ മറ്റേതെങ്കിലും ജീവികളുടെയോ മസ്തിഷ്‌കത്തിന്റെ ജൈവ സവിശേഷതകളും സ്വഭാവങ്ങളും അളവുകളും അടയാളപ്പെടുത്തി മാപ്പുകളാക്കി മാറ്റുന്നതിനുള്ള ഒരു കൂട്ടം ന്യൂറോസയന്‍സ് സങ്കേതികവിദ്യകളെയാണ് ബ്രെയിന്‍ മാപ്പിങ് എന്ന് വിളിക്കുന്നത്. ഇതിലൂടെ ഒരു വ്യക്തി പറയുന്നത് നുണയാണോ സത്യമാണോയെന്ന് കണ്ടെത്താനും സാധിക്കുന്നതാണ്.
ഐ ട്രാക്കിങ് ടെക്‌നോളജി, വോയിസ് സ്‌ട്രെസ് അനാലിസിസ്, നോണ്‍ വെര്‍ബല്‍ ബിഹേവിയര്‍ ഒബ്‌സര്‍വേഷന്‍ എന്നിവയാണ് മറ്റ് അറിയപ്പെടുന്ന നുണ പരിശോധനാ രീതികള്‍.

പക്ഷേ, ഇത്രയൊക്കെ രീതികളുണ്ടെങ്കിലും ഇവയൊന്നും ഒരാള്‍ക്കും തരണം ചെയ്യാന്‍ പറ്റാത്തതാണെന്നോ എപ്പോഴും ഫലപ്രദമാണെന്നോ കൃത്യതയുള്ളതാണെന്നോ ഉറപ്പുള്ളതായി ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഇതില്‍ പലപ്പോഴും പിഴവുകള്‍ പറ്റാറുമുണ്ട്. ചില പ്രത്യേക മാനസികരോഗികളില്‍ ഈ പരീക്ഷണരീതികളൊന്നുംതന്നെ ഫലപ്രദമല്ല. കാരണം, അവര്‍ ചിലപ്പോള്‍ ഒരു മിഥ്യയെ ആയിരിക്കാം സത്യമാണെന്ന് വിശ്വസിക്കുന്നത്. ഇത്തരത്തില്‍ പല സന്ദര്‍ഭങ്ങളിലും നുണപരിശോധനകള്‍ അപ്രസക്തമാകാറുണ്ട്. സി.ഐ.എ. പോലുള്ള ചില രഹസ്യാന്വേഷണ ഏജന്‍സികളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുമുമ്പ് അവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. അമേരിക്കപോലെ ചില രാജ്യങ്ങളൊഴിച്ചാല്‍ ഭൂരിഭാഗം ലോകരാജ്യങ്ങളിലും നുണപരിശോധനാ റിപ്പോര്‍ട്ടുകളെ ശക്തമായ തെളിവുകളായി കണക്കാക്കാറില്ല.

Content highlights : know about lie detection methods like polygraph test

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented