ആര്‍ട്ടെമിസ് യുഗത്തിനൊപ്പം ചന്ദ്രനിലേക്ക്; അറിയാം 21-ാം നൂറ്റാണ്ടിലെ ചാന്ദ്രപര്യവേക്ഷണത്തെ


തയ്യാറാക്കിയത്: മിഷാല്‍ കെ.ടി., റിസര്‍ച്ച് സ്‌കോളര്‍ (ആസ്‌ട്രോ ജിയോളജി), ഐ.ഐ.ടി. കാന്‍പുര്‍

മനുഷ്യനെ ചന്ദ്രനില്‍ വീണ്ടുമെത്തിക്കുക എന്നതോടൊപ്പം ചന്ദ്രനില്‍ സുസ്ഥിരസാന്നിധ്യം സ്ഥാപിക്കുകയും ആദ്യ വനിതയെ ചന്ദ്രനില്‍ എത്തിക്കുകയും ചെയ്യുക എന്നതായിരിക്കും ആര്‍ട്ടെമിസിന്റെ പ്രധാനദൗത്യം.

പ്രതീകാത്മകചിത്രം

ജൂലൈ 20 ചാന്ദ്രദിനം. 21-ാം നൂറ്റാണ്ടിലെ ചാന്ദ്രപര്യവേക്ഷണത്തിന് നൽകിയ പേരാണ് ആർട്ടെമിസ്. ഗ്രീക്ക് പുരാണത്തിലെ അപ്പോളോയുടെ ഇരട്ട സഹോദരിയും ചന്ദ്രദേവതയുമായിരുന്നു ആർട്ടെമിസ്. അതിനെപ്പറ്റി കൂടുതലറിയാം...

ചാന്ദ്രപര്യവേക്ഷണത്തിൽ പ്രധാന പങ്ക് വഹിച്ച ദൗത്യമാണ് അപ്പോളോ. 1969-ൽ ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി ചരിത്രകാൽവെപ്പുകൾ നടത്തിയത് മുതൽ ചന്ദ്രനിലേക്ക് ഇതുവരെ സഞ്ചരിച്ച 12 പേരും അപ്പോളോ ദൗത്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, മനുഷ്യനെ ചന്ദ്രനിൽ വീണ്ടുമെത്തിക്കുക എന്നതോടൊപ്പം ചന്ദ്രനിൽ സുസ്ഥിരസാന്നിധ്യം സ്ഥാപിക്കുകയും ആദ്യ വനിതയെ ചന്ദ്രനിൽ എത്തിക്കുകയും ചെയ്യുക എന്നതായിരിക്കും ആർട്ടെമിസിന്റെ പ്രധാനദൗത്യം.

യാത്ര ദക്ഷിണധ്രുവത്തിലേക്ക്

നാല് പതിറ്റാണ്ടുകൾക്കുശേഷം ചന്ദ്രനിലേക്ക് മനുഷ്യൻ വീണ്ടുമെത്തുന്നതിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ഇതുവരെ ആരും കടന്നുചെല്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും നാസയും പങ്കാളികളും ചേർന്ന് ബേസ് ക്യാമ്പ് നിർമിക്കുന്നത്. ചന്ദ്രനിലെ തനതായ വിഭവങ്ങൾ (insitu resources) ഖനനം ചെയ്തുകൊണ്ടായിരിക്കും ഈ ബേസ് ക്യാമ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ. ഭൂമിയിൽനിന്ന് വിതരണം ചെയ്യുന്ന അവശ്യവസ്തുക്കളെ ആശ്രയിക്കാതെ ചന്ദ്രനിലെ വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്താനാണ് പദ്ധതിയിടുന്നത്. ദീർഘകാല പര്യവേക്ഷണത്തിന് ആവശ്യമായ വെള്ളവും മറ്റ് നിർണായകവിഭവങ്ങളും കണ്ടെത്തി ഉപയോഗിക്കുക എന്നത് വെല്ലുവിളിനിറഞ്ഞ കടമ്പകളാണ്. ആർട്ടെമിസിന്റെ ഭാഗമായി ചന്ദ്രനിൽ നടത്താനിരിക്കുന്ന പ്രവർത്തനങ്ങൾ ചൊവ്വയുടെ മനുഷ്യ പര്യവേക്ഷണത്തിലും വളരെയധികം പ്രാധാന്യമുള്ളതാണ്.

ആശയവിനിമയത്തിന് ഐ ഹാബ്

നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ പങ്കാളികളായ കനേഡിയൻ ബഹിരാകാശ ഏജൻസി (സി.എസ്.എ.) ഗേറ്റ്വേക്കായി നൂതന റൊബോട്ടിക്സ് നൽകാൻ പ്രതിജ്ഞാബദ്ധമാണ്. കൂടാതെ യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇ.എസ്.എ. ആശയവിനിമയത്തിന് അത്യാവശ്യമായ (IHab) ESPRIT മൊഡ്യൂളുകൾ നൽകാൻ പദ്ധതിയിടുന്നു. ഇത് സുഗമമായ ആശയവിനിമയത്തിന് അവസരം ഒരുക്കിയേക്കാം. ജപ്പാൻ ഏറോസ്പേസ് ഏജൻസി (ജാക്സ) ആവാസ ഘടകങ്ങളും ലോജിസ്റ്റിക് പുനർവിതരണവും സംഭാവന ചെയ്ത് ഈ ദൗത്യത്തിൽ പങ്കുചേരുമ്പോൾ, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ് കോസ്മോസ് ഗേറ്റ്വേയിലും സഹകരിക്കാൻ താത്‌പര്യം പ്രകടിപ്പിച്ചു.

ചന്ദ്രനിലെ ജലം

ISROയുടെ ചന്ദ്രയാൻ -1, നാസയുടെ LCROSS എന്നിവയുൾപ്പെടെ ഒട്ടേറെ ദൗത്യങ്ങൾ ചന്ദ്രോപരിതലത്തിൽ ജലാംശം കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലം ബഹിരാകാശശൂന്യതയിലാണെന്നത് കണക്കിലെടുക്കുമ്പോൾ ചന്ദ്രജലത്തിന്റെ നിലനിൽപ്പ് വിചിത്രമായി തോന്നിയേക്കാം. ചന്ദ്രന്റെ ധ്രുവങ്ങളിൽ സ്ഥിരമായി നിഴൽവീണ പ്രദേശങ്ങളുണ്ട്, വലിയ ഗർത്തങ്ങളുടെ അടിത്തറ ആയ ഇത്തരം പ്രദേശങ്ങൾ ഒരിക്കലും സൂര്യപ്രകാശം സ്വീകരിക്കുകയില്ല. ഈ പ്രദേശങ്ങളിലാണ് ജല സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ചാന്ദ്രപര്യവേക്ഷണത്തിൽ വളരെ അത്യാവശ്യമായ ഒരു ഘടകമാണ് ജലം. ചന്ദ്രനിലെ ജലം വേർതിരിച്ച് ജീവൻ നിലനിർത്താൻ ആവശ്യമായ ഓക്സിജനും ഇന്ധനത്തിന് ആവശ്യമായ ഹൈഡ്രജനും ഉത്‌പാദിപ്പിക്കാൻ സാധിക്കുന്നതാണ്.

moon

ചന്ദ്രനിൽ ജലസാന്നിധ്യം ഉണ്ടെന്ന് പറയുമ്പോൾത്തന്നെ ചന്ദ്രൻ ശരിക്കും വരണ്ടതാണ്. ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ചന്ദ്രമണ്ണിൽ കണ്ടെത്തിയതിനെക്കാൾ 100 മടങ്ങ് വെള്ളമുണ്ട് സഹാറ മരുഭൂമിയിൽ എന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ചന്ദ്രനിലെ മൊത്തം (തിരശ്ചീനവും ലംബവുമായ) വെള്ളത്തിന്റെ അളവ് എത്രത്തോളം ഉണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാനാവാത്തത് ശാസ്ത്രലോകം നേരിടുന്ന ഒരു വെല്ലുവിളിയായി നിലനിൽക്കുന്നു. ചന്ദ്രനിൽ ജലസാന്നിധ്യം പ്രതീക്ഷിക്കുന്ന സ്ഥലങ്ങൾ (നീല) അടയാളപ്പെടുത്തിയിരിക്കുന്നു.

റൊബോട്ട് മിഷനുകൾ

നാസയുടെ പര്യവേക്ഷണ റോവർ VIPER (Volatiles Investigating Polar Exploration Rover), ഒരു മൊബൈൽ റൊബോട്ടാണ്. ഇത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് പോകുകയും മനുഷ്യന്റെ നിലനിൽപ്പിനായി ഖനനം ചെയ്യാവുന്ന ജല ഹിമത്തിന്റെ സ്ഥാനത്തെയും സാന്ദ്രതയെയും അടുത്തറിയാൻ സഹായിക്കുകയും ചെയ്തേക്കാം. നാസയുടെ (സി.എൽ.പി.എസ്.) പ്രോഗ്രാമിന് കീഴിൽ 2023- ന്റെ അവസാനത്തിൽ ചന്ദ്ര ഉപരിതലത്തിലേക്ക് വൈപ്പർ എത്തിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. നാല് ശാസ്ത്ര ഉപകരണങ്ങൾ ഉപയോഗിച്ച് നിരവധി കിലോമീറ്ററുകൾ തരണംചെയ്ത് ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തുന്നതോടൊപ്പം ഒരു മീറ്റർ താഴ്ചയിൽ കുഴിക്കാനും ഈ വാഹനത്തിന് സാധിക്കും.

robot machine

ചന്ദ്രനിലെ ആദ്യ വനിത

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ് മുതൽ അവസാനമായി നടന്ന യൂജിൻ സെർമൻ വരെയുള്ള ചന്ദ്രസഞ്ചാരികൾ എല്ലാവരും പുരുഷന്മാരായിരുന്നു. ചന്ദ്രനിലേക്ക് ആദ്യ വനിതയെ എത്തിക്കുക എന്നതാണ് ആർട്ടെമിസ് മിഷന്റെ ഒരു പ്രത്യേകത. ആർട്ടെമിസിന്റെ ഭാഗമായി ചന്ദ്രനിലേക്ക് പോകാൻ പരിശീലനം നേടുന്ന 18 പേരിൽ ഒമ്പതും സ്ത്രീകളാണ്. ചന്ദ്രനിൽ ആദ്യം കാലുകുത്തുന്ന സ്ത്രീ ഇവരിൽ ഒരാളായിരിക്കും.

മരിയസ് ഹിൽ സ്ഥിതിചെയ്യുന്ന ലാവാ ട്യൂബ്

ചന്ദ്രനിലെ രാവുംപകലും തമ്മിലുള്ള തീവ്രമായ താപനില വ്യത്യാസങ്ങളിൽനിന്ന് ചാന്ദ്രപര്യവേക്ഷകരെ സംരക്ഷിക്കാൻ ഇത്തരം ഗുഹകൾക്ക് സാധ്യമാണ്. ഗുഹകളുടെ മേൽക്കൂരയുടെ കനം റേഡിയേഷനിൽനിന്നും ഉൽക്കശിലകളുടെ ആഘാതത്തിൽനിന്നും സംരക്ഷിതമായ ദീർഘകാല അഭയം നൽകും. സമാനമായ കവചമുള്ള കൃത്രിമചുറ്റുപാടുകൾ സൃഷ്ടിക്കുന്നത് ഭീമമായ മുതൽമുടക്ക് വരുന്നതും വെല്ലുവിളി നിറഞ്ഞതുമായിരിക്കും.

lava tube

ചന്ദ്രനിലെ ഗുഹകൾ

അഗ്നിപർവത സ്ഫോടന സമയത്ത് ഉരുകിയ പാറയുടെ ഒഴുക്കുകാരണം സംഭവിക്കുന്ന ഭൂഗർഭതുരങ്കമാണ് ലാവാ ട്യൂബുകൾ അഥവാ ചന്ദ്രനിലെ പ്രകൃതിദത്ത ഗുഹകൾ. ഭൂമിയിലും ഇത്തരം ഗുഹകൾ കാണപ്പെടാറുണ്ടെങ്കിലും ഇവ ചന്ദ്രനിൽ ഉള്ള ഗുഹകളെക്കാൾ വളരെ ചെറുതായിരിക്കും. ചന്ദ്രന്റെ താഴ്ന്ന ഗുരുത്വാകർഷണം ഭൂമിയെക്കാൾ 1000 മടങ്ങ് വലുപ്പമുള്ള ഗുഹകൾ ഉത്‌പാദിപ്പിക്കുന്നു. ചന്ദ്രനിലെ ഇത്തരം ഗുഹകളുടെ മേൽക്കൂരകൾ പത്ത് മീറ്ററോളം കട്ടിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചന്ദ്രനിലേക്കുള്ള പേടകം (orion)

നാസയുടെ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടികളിൽ ഉപയോഗിക്കാൻ ഭാഗികമായി പുനരുപയോഗിക്കാവുന്ന ബഹിരാകാശ കാപ്സ്യൂളുകളുടെ ഒരു വിഭാഗമാണ് ഓറിയോൺ. അടുത്ത തലമുറയിലെ ഹ്യൂമൻ സ്പേസ് കാപ്സ്യൂൾ ആയിട്ടാണ് നാസ ഇതിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഓറിയോൺ ബഹിരാകാശ പേടകം ബഹിരാകാശ വിക്ഷേപണ സംവിധാനത്തിൽ വിക്ഷേപിക്കാൻ രൂപകല്പന ചെയ്തിരിക്കുന്നു, നാല് പേരടങ്ങുന്ന സംഘത്തെ വഹിക്കാനും ദിവസങ്ങളോളം നിലനിർത്താനും കഴിവുള്ളതാണ് ഈ പേടകം. ആശയവിനിമയം, നാവിഗേഷൻ, വൈദ്യുതി ഉത്‌പാദനം എന്നിവ സ്വതന്ത്രമായി ചെയ്യാൻ ഈ പേടകത്തിന് സാധിക്കും.

ജൂലായ് - 20

ഒരു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ നടന്നതിന്റെ വാർഷികം ജൂലായ്-20 അടയാളപ്പെടുത്തുന്നു, ഇത് ചാന്ദ്രദിനം കൂടിയാണ്. ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ മനുഷ്യദൗത്യമായിരുന്നു അപ്പോളോ -11. മറ്റൊരു ഗ്രഹശരീരത്തിൽ മനുഷ്യന്റെ ആദ്യ ചുവടുകളായിരുന്നു നീൽ ആംസ്ട്രോങ്ങും ബസ്സ് ആൽഡ്രിനും 1969 ജൂലായ് 20-ന് പതിച്ചത്.

Content highlights :july 20 moon day artemis nasa programme for human to mars mission this century

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented