ഇതെത്ര തവണ കണ്ടിരിക്കുന്നു, വീണ്ടും കൗതുകമായി കടല്‍ക്കാള


2 min read
Read later
Print
Share

ചെമ്മീന്‍ ചാകരയ്ക്കിടെയും പലവക മീനുകളോടൊപ്പവുമാണ് ഇവ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങാറുള്ളത്.

കടൽക്കാള| Mathrubhumi

തിരൂര്‍: കടല്‍ക്കാളയെ കണ്ടിട്ടുണ്ടോ? പേരുകേള്‍ക്കുമ്പോള്‍ കാണാന്‍ കൗതുകമുയരുന്നില്ലേ? നോക്കൂ, ഇതാണ് കടല്‍ക്കാള. ഇതോ? ഇതെത്രതവണ കണ്ടിരിക്കുന്നു എന്നല്ലേ ഇപ്പോള്‍ തോന്നുന്നത്? ശരിയാണ്, ഈ കൗതുകം പലപ്പോഴും കണ്ണിനുമുന്നില്‍ തെളിഞ്ഞിട്ടുണ്ട്. പക്ഷേ, കാര്യമായി എടുത്തിട്ടില്ല. അറിയാന്‍ അധികമാരും താത്പര്യം കാണിച്ചിട്ടുമില്ല.

മലയാളിയുടെ കടല്‍ക്കാള; ബംഗാളിന്റെ ഹെലികോപ്റ്റര്‍

കേരളം ഈ കൊച്ചുമീനിനെ പൊതുവേ വിളിക്കുന്നത് കടല്‍ക്കാളയെന്നാണ്. കാളമീന്‍, മുത്തിരി, മൂരിമീന്‍ എന്നെല്ലാം നാട്ടുപേരുകള്‍. ബംഗാളിലെത്തുമ്പോള്‍ പേരിലിത്തിരി ഗമകൂടി. അവിടെ ഹെലികോപ്റ്റര്‍ മീന്‍ എന്നാണറിയപ്പെടുന്നത്. ട്രൈപ്പോഡ് ഫിഷ് എന്നാണ് പക്ഷേ, ശാസ്ത്രീയനാമം. ശരീരത്തിന്റെ അടിയില്‍നിന്ന് ഇരു ഭാഗങ്ങളില്‍നിന്നും രണ്ടു മുള്ളുകളും വാലും കുത്തി കടലില്‍ വിശ്രമിക്കുന്നതിനാലാണ് ഇതിനെ ട്രൈപോഡ് മത്സ്യമെന്നും ഹെലികോപ്റ്റര്‍ മത്സ്യമെന്നും വിളിക്കുന്നത്. ചെമ്മീന്‍ ചാകരയ്ക്കിടെയും പലവക മീനുകളോടൊപ്പവുമാണ് ഇവ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങാറുള്ളത്. 20 മീറ്റര്‍ മുതല്‍ 60 മീറ്റര്‍ വരെ ആഴത്തില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ മണ്ണോ ചെളിയോ ഉള്ള ഉപരിതലത്തിലാണ് ഇവയെ കൂടുതല്‍ കാണുന്നത്.

തിരൂരിലെ അതിഥി

കഴിഞ്ഞദിവസം തിരൂരിലെ മീന്‍ചന്തയില്‍ ഈ അതിഥി എത്തിയിരുന്നു. ചെറുമീനുകളടങ്ങിയ കുട്ടയിലാണ് ഇവയെ കണ്ടത്. ഉപയോഗശൂന്യമെന്നുകണ്ട് വലിച്ചെറിയുകയാണ് മിക്കവരുടെയും പതിവ്. എന്നാല്‍ തിരൂരിലെ മത്സ്യത്തൊഴിലാളികളില്‍ ഇതു കൗതുകമുയര്‍ത്തി. അവര്‍ ഇതിനെ പ്രദര്‍ശനത്തിനുവെച്ചു. തുടര്‍ന്നുള്ള അന്വേഷണമാണ് ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങളിലേക്കെത്തിച്ചത്.

helicopter tripod fish

ആവശ്യക്കാരുണ്ട്

തിരൂരിലെ മീന്‍മാര്‍ക്കറ്റില്‍ കടല്‍ക്കാളയ്ക്ക് ആവശ്യക്കാരുണ്ട്. കറിവെക്കാനും പൊരിക്കാനുമല്ല. ഈ മീന്‍ ചുട്ടുതിന്നാല്‍ ശ്വാസംമുട്ടല്‍ മാറുമെന്ന് ഇതു വാങ്ങാനെത്തുന്നവര്‍ പറയുന്നതായി മത്സ്യത്തൊഴിലാളി കാഞ്ഞിരക്കോലിലെ ഹബീബ് പറയുന്നു. ആവശ്യം ഇതായതിനാല്‍ വാങ്ങാനെത്തുന്നവരോട് വില പറയാറില്ലെന്ന് ഹബീബ്. അവര്‍ തരുന്നത് വാങ്ങിവെക്കും. അത്രമാത്രം.

നീളം മുപ്പത് സെന്റീമീറ്റര്‍വരെ

പതിനഞ്ചുമുതല്‍ മുപ്പത് സെന്റീമീറ്റര്‍വരെ നീളംവെക്കുന്ന മത്സ്യമാണിത്. കട്ടിയുള്ള പല്ലുകളാണുള്ളത്. ചെമ്മീന്‍, കക്ക, ചെറുമത്സ്യങ്ങള്‍, പുറംതോടുള്ള മറ്റുമത്സ്യങ്ങള്‍ എന്നിവയാണ് ഭക്ഷണം. ബാഹ്യ പ്രജനനത്തിലൂടെയാണ് സന്താനോത്പാദനം നടക്കുന്നത്. ആണ്‍, പെണ്‍ മത്സ്യങ്ങളുണ്ടെങ്കിലും ആണിന്റെയും പെണ്ണിന്റെയും ലൈംഗികാവയവങ്ങള്‍ ഒരു മീനില്‍ത്തന്നെ കാണാം. കണ്ണിന്റെ വളയങ്ങള്‍ പര്‍പ്പിള്‍, മഞ്ഞ നിറമെങ്കില്‍ പെണ്‍മീനും വളയങ്ങള്‍ നീലയോ ഓറഞ്ചോ നിറമെങ്കില്‍ ആണ്‍മീനുമാണ്. കടലിലേക്ക് അണ്ഡവും ബീജവും ഒഴുക്കി സംയോജിപ്പിച്ചാണ് പ്രജനനം നടക്കുന്നത്. ഒന്നുമുതല്‍ രണ്ടുവരെ വര്‍ഷമാണ് ഈ മീനിന്റെ ആയുസ്സ്.

-ഡോ. കെ.എം. ശ്രീകുമാര്‍,

സീനിയര്‍ ടെക്‌നീഷ്യന്‍,

മറൈന്‍ ബയോഡൈവേഴ്‌സിറ്റി ഡിവിഷന്‍,

കേന്ദ്ര സമുദ്ര ഗവേഷണകേന്ദ്രം, കൊച്ചി.

Content highlights : curious indian helicopter tripod fish see in tirur kerala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented