ണ്ടൊക്കെ കുട്ടികള്‍ക്ക് 'സ്റ്റാര്‍' ആകണമെങ്കില്‍ കലോത്സവമോ മറ്റു കലാപരിപാടികളൊക്കെ വരണം. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. കഴിവുള്ള ഏത് കുട്ടിക്കും കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ആളുകളുടെ ശ്രദ്ധ നേടാനാവും. പാട്ടു പാടുന്നതോ പടം വരക്കുന്നതോ ക്രാഫ്റ്റ് ഉണ്ടാക്കലോ മാത്രമായി കഴിവുകള്‍ ചുരുങ്ങുന്നില്ല. പുതിയ കാലത്തെ കുട്ടിയുടെ കഴിവുകള്‍ പുതുമയും വ്യത്യസ്തതയും നിറഞ്ഞ പലതാണ്. സാങ്കേതികവിദ്യ ഇത്രത്തോളം വികസിച്ച സ്ഥിതിക്ക് കുട്ടികള്‍ക്ക് കഴിവു തെളിയിക്കാന്‍ വേറെ വഴിയും നോക്കേണ്ട. യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള പുത്തന്‍ പ്ലാറ്റ്ഫോമുകള്‍ അത് എളുപ്പമാക്കുന്നു. ഒരു ഫോണും കാര്യം രസകരമായി അവതരിപ്പിക്കാനുള്ള കഴിവും ഉണ്ടെങ്കില്‍ സംഗതി സക്സസ്! തങ്ങളുടെ കഴിവുകളെ അവതരിപ്പിക്കാന്‍ കുട്ടികള്‍ കൂടുതലും ആശ്രയിക്കുന്നത് യൂട്യൂബിനെയാണ്. പലവക കാര്യങ്ങള്‍ പറഞ്ഞ് കാഴ്ചക്കാരെ ഉണ്ടാക്കാന്‍ ഇതിലും നല്ല വഴിയില്ല! കാഴ്ചക്കാരെ കൂട്ടുക മാത്രമല്ല പണവും ഉണ്ടാക്കുന്നുണ്ട് നമ്മുടെ കുട്ടികള്‍. അങ്ങനെ യൂട്യൂബ് ചാനല്‍ തുടങ്ങി താരങ്ങളായ ചില മിടുമിടുക്കരെ പരിചയപ്പെടാം :

ശങ്കരന്‍ പൊളിയാണ് ഗയ്സ്

'ഹലോ ഗയ്സ്... ഞാന്‍ ശങ്കരന്‍'...  നിക്കര്‍ കഴുകി കേരളക്കരയെയാകെ ചിരിപ്പിച്ച  ആളാണ് ശങ്കരന്‍ എന്ന നാലാം ക്ലാസുകാരന്‍. 'ശങ്കരന്‍ വ്ളോഗ്സ്' എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിന് ഒരു ലക്ഷത്തിലധികം സബ്സ്‌ക്രൈബേര്‍സ് ഉണ്ട്. കൊറോണയും അതിനേത്തുടര്‍ന്നുണ്ടായ ലോക്ഡൗണുമാണ് ശങ്കരന്റെ ജീവിതത്തെ മാറ്റിമറിച്ചത്. യൂട്യൂബ് വീഡിയോയ് കാണുന്നതായിരുന്നു ആ സമയത്തെ മെയിന്‍ പരിപാടി. വീഡിയോ കണ്ടുകണ്ട് തനിക്കും ഒരു ചാനല്‍ തുടങ്ങണമെന്ന് ശങ്കരന് തോന്നി. അടിപൊളി വീഡിയോസുമായി ശങ്കരന്‍ എത്തി. നിക്കര്‍ കഴുകല്‍ മാത്രമല്ല ട്രാവലിങ്ങും തേങ്ങ ചിരകലും ഉണക്കമീന്‍ ഗ്രില്‍ ചെയ്യുന്നതുമൊക്കെ നമുക്ക് ശങ്കരന്‍ കാണിച്ചുതന്നു. നിധിന്‍ എന്നാണ് ശങ്കരന്റെ യഥാര്‍ഥ പേര്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് ശങ്കരന്‍.

രുചിയേറും വിഭവങ്ങളുമായി കിച്ച ട്യൂബ്

പലതരം ഭക്ഷണങ്ങള്‍ രുചിച്ചുനോക്കാന്‍ വളരെ ഇഷ്ടമാണ് കുട്ടികള്‍ക്ക്. അവരില്‍ ചിലര്‍ പാചകത്തില്‍ ഒരുകൈ നോക്കാറുമുണ്ട്. വ്യത്യസ്ത തരം ഭക്ഷണങ്ങള്‍ യൂട്യൂബിലൂടെ പരിചയപ്പെടുത്താനും കുട്ടികള്‍ക്ക് താല്പര്യമാണിപ്പോള്‍. അവരില്‍ ശ്രദ്ധേയനാണ് നിഹാല്‍ രാജ്. കിച്ചാട്യൂബ് എച്.ഡി. എന്ന യൂട്യൂബ് ചാനലിലൂടെ വ്യത്യസ്ത തരം ഭക്ഷണവിഭവങ്ങള്‍ ഉണ്ടാക്കി സെലിബ്രിറ്റിയായി ഈ മിടുക്കന്‍. 42,000-ത്തിലധികം സബ്ക്രൈബേര്‍സ് ആണ് നിഹാല്‍ രാജിനുള്ളത്. നാലാം വയസിലാണ് നിഹാല്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. അമ്മയുടെയും ചേച്ചിയുടെയും പാചകം കണ്ടാണ് നിഹാലിനും കുക്കിംഗ് ഒരു പാഷനായത്. ഓരോ ഭക്ഷണപദാര്‍ഥത്തിലും കൊണ്ടുവരുന്ന വ്യത്യസ്തതയാണ് നിഹാലിനെ ശ്രദ്ധേയനാക്കിയത്. മിക്കി മൗസ് മാങ്കോ ഐസ്‌ക്രീം ആണ് ഏറെ ശ്രദ്ധിക്കപ്പെട്ട വീഡിയോ. ഓറഞ്ച് ജെല്ലി, ഡേറ്റ്‌സ് ഫ്രൈ, ഗാര്‍ലിക് ബ്രെഡ് തുടങ്ങി നിരവധി റെസിപ്പീസ് ആണ് നിഹാല്‍ പരീക്ഷിച്ച് വിജയിപ്പിച്ചു. ഇംഗ്ലീഷില്‍ വളരെ രസകരമായാണ് നിഹാല്‍ വീഡിയോസ് അവതരിപ്പിക്കുന്നത്. കൊച്ചിയിലാണ് നിഹാല്‍ താമസിക്കുന്നത്.

ജന്തുലോകത്തെ അത്ഭുതങ്ങളുമായി ഗൗരിക്കുട്ടി

പ്രകൃതിയില്‍ എന്തെല്ലാം അത്ഭുതങ്ങളാണ് നടക്കുന്നത്. ചുറ്റിലേക്കും കണ്ണു തുറന്ന് പിടിച്ചാല്‍ മാത്രം മതി. അക്കാര്യത്തില്‍ ഗൗരിക്കുട്ടി മിടുക്കിയാണ്. മൈന്‍ഡ്ട്രീ എന്ന യൂട്യൂബ് ചാനലിലൂടെ ജന്തുലോകത്തെ ഇത്തിരിക്കുഞ്ഞന്മാരുടെ വിശേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധനേടുകയാണിപ്പോള്‍. പൂമ്പാറ്റയുടെയും ഉറുമ്പുകളുടെയും കടന്നലിന്റെയുമൊക്കെ ജീവിതരഹസ്യങ്ങള്‍ വളരെ രസകരമായി നമുക്ക് പറഞ്ഞുതരുന്നു ഗൗരിക്കുട്ടി. ഇതിനകം നിരവധി കാഴ്ചക്കാരെ നേടിയിരിക്കുന്നു ഗൗരിയുടെ വീഡിയോസ്. പാരന്റിംഗ് ടിപ്‌സ് പങ്കുവെക്കാന്‍ അച്ഛന്‍ തുടങ്ങിയ ചാനലാണ് പിന്നീട് ഗൗരിയിലേക്കെത്തിയത്. ചില ജീവികളെപ്പറ്റി നമുക്കുണ്ടായിരുന്ന തെറ്റായ ധാരണകളെല്ലാം ഗൗരി മാറ്റിത്തന്നു. തൃശ്ശൂര്‍ വലപ്പാട് സ്വദേശിനിയായ ഗൗരി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

കുട്ടിക്കുറുമ്പുകളുടെ മൈ മിസ് ആനന്ദ്

കുട്ടികള്‍ ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത്. സ്‌കൂളില്‍ പോകുന്നു, ക്ലാസില്‍ ഇരിക്കുന്നു, ഹോം വര്‍ക്കുകള്‍ ചെയ്യുന്നു, പിന്നെ പല ആഘോഷങ്ങളിലും പങ്കെടുക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഒരു വീഡിയോരൂപത്തില്‍ കണ്ടാലോ ? നല്ല രസമായിരിക്കും അല്ലേ. അത്തരം കുറുമ്പുകളും സന്തോഷം നിറഞ്ഞ നിമിഷങ്ങളും വീഡിയോരൂപത്തിലാക്കി അവതരിപ്പിക്കുന്ന ഒരു യൂട്യൂബറുണ്ട്. അനന്ത്യ ആനന്ദ് എന്ന പത്തുവയസുകാരിയാണ് തന്റെ ജീവിതത്തിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിന്തകളുമൊക്കെ വീഡിയോരൂപത്തില്‍ പകര്‍ത്തുന്നത്. 9.43 ദശലക്ഷം സബ്സ്‌ക്രൈബേര്‍സ് ഉണ്ട് ഈ മിടുക്കിക്ക്. 

കളിപ്പാട്ടങ്ങളെപ്പറ്റിയും ഹെയര്‍ സ്‌റ്റൈലിനെപ്പറ്റിയും സ്‌കൂളിലേക്ക് പോകുന്നതും, ബര്‍ത്ത്ഡേ, ഹോളി തുടങ്ങിയ ആഘോഷങ്ങളുമൊക്കെ കടന്നുവരുന്ന വീഡിയോകള്‍ നമ്മളെ എല്ലാവരേയും രസിപ്പിക്കുന്നതാണ്. സ്വന്തമായി രൂപപ്പെടുത്തിയെടുത്ത ആശയങ്ങളും സ്വാഭാവികമായ കുറുമ്പുകളുമൊക്കെ ഉള്‍പ്പെടുത്തി കാഴ്ചക്കാരുടെ പ്രിയങ്കരിയാകുകയാണ് അനന്ത്യ ആനന്ദ്. ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ ജനിച്ച അനന്ത്യ നോയിഡയിലാണ് താമസിക്കുന്നത്. 2104-ല്‍ ആണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. നാല് വയസ്സുള്ളപ്പോള്‍ ആദ്യവീഡിയോ അവതരിപ്പിച്ചു. തുടര്‍ന്ന് കാഴ്ചക്കാരുടെയെല്ലാം പ്രിയങ്കരിയായി അനന്ത്യയും മൈ മിസ് ആനന്ദും.

Content highlights : some kids youtube vloggers in different areas