കുട്ടികള്‍ മുഖ്യകഥാപാത്രങ്ങളായി വരുന്ന സിനിമകള്‍ ഇന്ത്യയിലും ലോകരാജ്യങ്ങളിലുമെല്ലാം ഇറങ്ങിയിട്ടുണ്ട്. പഥേര്‍ പാഞ്ചാലി, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ന്യൂസ്‌പേപ്പര്‍ ബോയ് തുടങ്ങി നിരവധി സിനിമകള്‍. കാര്‍ട്ടൂണ്‍, ആനിമേഷന്‍ സിനിമകള്‍ക്കപ്പുറത്തെ ജീവിതയാഥാര്‍ഥ്യങ്ങളെ പ്രതിനിധീകരിക്കുന്ന ചില സിനിമകളും നമ്മുടെ കുട്ടികള്‍ കാണേണ്ടിയിരിക്കുന്നു. ഇതാ ചില സിനിമകളെ പരിചയപ്പെട്ടോളൂ...

പഥേര്‍ പാഞ്ചാലി (1955)

എല്ലാ അര്‍ഥതലങ്ങളിലും ഇന്ത്യന്‍ സിനിമയുടെ ദൃശ്യവ്യാഖ്യാനരീതികളെ പുനര്‍നിര്‍വചിച്ച ചലച്ചിത്രമായിരുന്നു പാതയുടെ പാട്ട്. ഇന്ത്യന്‍ ഗ്രാമീണജീവിതത്തെ അതിന്റെ സമസ്ത ആഴങ്ങളിലും സൗന്ദര്യബോധത്തിലും നിഷ്‌കളങ്കതയിലും പകര്‍ത്തിവെക്കാന്‍ റേയുടെ ഈ കന്നിച്ചിത്രത്തിന്റെ സര്‍ഗാത്മകതയ്ക്കു കഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായിരുന്നു പഥേര്‍ പാഞ്ജലി.
ബംഗാളിലെ ഒരുള്‍നാടന്‍ഗ്രാമമായ നിശ്ചിന്ദപൂരിലെ ഒരു ദരിദ്രബ്രാഹ്മണകുടുംബം. കവിയും ശാന്തിക്കാരനുമായ ഹരിഹര്‍ റായും ഭാര്യ സര്‍ബോജയയും മകള്‍ ദുര്‍ഗയും പ്രായംചെന്ന ഒരു ബന്ധുസ്ത്രീയായ ഭിന്ദറുമാണ് കുടുംബാംഗങ്ങള്‍. ദാരിദ്ര്യവും കഷ്ടപ്പാടുകളും അവരുടെ ജീവിതത്തെ വേട്ടയാടാന്‍ തുടങ്ങുമ്പോഴാണ് കേന്ദ്രകഥാപാത്രമായ അപ്പുവിന്റെ ജനനം. അതവരുടെ മനസ്സില്‍ സന്തോഷം കൊണ്ടുവരുന്നുവെങ്കിലും കുടുംബത്തിലെ കഷ്ടപ്പാടുകള്‍ രൂക്ഷമാകുന്നു. മെച്ചപ്പെട്ട ഒരു ജോലി തേടി ഹരിഹര്‍ നഗരത്തിലേക്കു പോകുന്നു. ദാരിദ്ര്യത്തിനും അയല്‍പക്കത്തെ ധനാഢ്യയായ ബന്ധുവിന്റെ അപമാനിക്കലുകള്‍ക്കുമിടയില്‍ ജീവിതം ഉന്തിത്തള്ളിനീങ്ങവേ, ആ കുടുംബത്തില്‍ തുടര്‍ച്ചയായി മരണങ്ങളും വേര്‍പാടുകളും കടന്നുവരികയാണ്. ആദ്യം ഭിന്ദറിന്റെയും പിന്നീട് ദുര്‍ഗയുടെയും. ഒടുവില്‍ ആവശ്യത്തിനു പണം സമ്പാദിച്ച് ഹരിഹര്‍ മടങ്ങിയെത്തുമ്പോഴേക്കും ആ കുടുംബത്തിന്റെ പതനം പൂര്‍ണമായിക്കഴിഞ്ഞിരുന്നു. ബാല്യത്തിലേ വേര്‍പാടുകളും ഏകാന്തതകളും കണ്ടുപരിചയിച്ച അപ്പുവിനെയും ചേര്‍ത്തുപിടിച്ച് ഹരിഹറും ഭാര്യയും കൊല്‍ക്കത്താനഗരത്തിലേക്ക് കാളവണ്ടിയില്‍ കയറി യാത്രയാകുന്നിടത്ത് ചിത്രം അവസാനിക്കുന്നു. 

അഭയം (1991)


എട്ടുവയസ്സുകാരന്‍ വിനുവിന്റെ ലോകം കര്‍ക്കശമായ നാഗരികജീവിതത്തിന്റെ നിയന്ത്രണരേഖകള്‍ക്കകത്താണ്. പ്രകൃതിവര്‍ണങ്ങളുടെയും സങ്കല്പലോകങ്ങളുടെയും സ്വച്ഛതകള്‍ക്കകത്ത് ജീവിക്കുന്ന അവന്റെ മനസ്സിനു താങ്ങാനാവുന്നതിനുമപ്പുറത്തുള്ള സമ്മര്‍ദമാണ് പഠനകാര്യങ്ങളില്‍ അവന്റെ മാതാപിതാക്കള്‍ അടിച്ചേല്പിക്കുന്നത്. കൃത്യനിഷ്ഠകളുടെ ടൈംപീസ്
അവന്റെ പേടിസ്വപ്‌നമായി മാറുന്നു. പാഠപുസ്തകങ്ങളുടെ ദുഷ്‌കരലോകത്ത് മാതാപിതാക്കളുടെ സമയനിഷ്ഠകള്‍ക്കകത്ത് ജീവിച്ചുമടുത്ത അവന്‍ ഒരു ദിനം വീടുവിട്ടുപോവുന്നു. വിദൂരഗ്രാമത്തില്‍ കഴിയുന്ന സ്‌നേഹക്കൂടായ മുത്തച്ഛനടുത്തേക്കാണവന്റെ യാത്ര. നിരവധി പ്രതിബന്ധങ്ങള്‍ക്കും വിചിത്രാനുഭവങ്ങള്‍ക്കുമൊടുവില്‍ ഒരു കെട്ടുവള്ളത്തില്‍ കയറിപ്പറ്റി അവന്‍ തന്റെ മുത്തച്ഛനടുത്തെത്തിച്ചേരുകയാണ്. അവിടെയവന്‍ യഥാര്‍ഥ സ്‌നേഹവാത്സല്യങ്ങളും കിനാവുകളും കണ്ടെത്തുന്നു. വിവരമറിഞ്ഞെത്തുന്ന അച്ഛനുമമ്മയും ഒടുവില്‍ അവന്റെ കൊച്ചുസ്വപ്‌നങ്ങളും ലോലമായ മനസ്സിന്റെ വിഹ്വലതകളും കണ്ടറിയുന്നിടത്ത് സിനിമ തീരുന്നു.
മേം ഫിര്‍ ആവൂംഗാ എന്ന പേരില്‍ ഹിന്ദിയിലും അവതരിപ്പിക്കപ്പെട്ട ഈ ചിത്രത്തിന്റെ തിരക്കഥ ഷിബു ചക്രവര്‍ത്തിയും ഛായാഗ്രഹണം സന്തോഷ് ശിവനുമാണ് നിര്‍വഹിച്ചത്. നിര്‍മാണം ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ. മധുവും മാസ്റ്റര്‍ തരുണ്‍കുമാറുമാണ് പ്രധാന വേഷങ്ങളില്‍. കേരളത്തിലെ ഏഴാമത് അന്തര്‍ദേശീയ ബാലചലച്ചിത്രമേളയില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം (സില്‍വര്‍ എലിഫന്റ്) കരസ്ഥമാക്കിയ അഭയത്തിന് മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള 39-ാമത് ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും സ്വിറ്റ്‌സര്‍ലാന്റിലെ റഗ്ഗാസി ചലച്ചിത്രമേളയില്‍ ഇക്കോളജി ജൂറി അവാര്‍ഡും ലഭിച്ചു. ആദ്യ ഉറേഗ്വന്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിവലിലെ പ്രത്യേക പരാമര്‍ശവും.

ബൈസിക്കിള്‍ തീവ്‌സ് (1948)

നിയോ റിയലിസ്റ്റ് സിനിമയുടെ മുഖമുദ്രയായി മാറിയ ചലച്ചിത്ര ക്ലാസിക്. ല്യൂഗി ബര്‍തൊലിനിയുടെ നോവലിനെ ആധാരമാക്കി സിസാറെ സവാട്ടിനി രചിച്ചതാണ് ലോകസിനിമയിലെ എക്കാലത്തെയും ശക്തിദുര്‍ഗവും സൗന്ദര്യാനുഭവവുമായ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ. ലോകത്തിലെ പല ചലച്ചിത്രകാരന്‍മാര്‍ക്കും ഈ സിനിമ ഒരു പാഠപുസ്തകമായി മാറി; സത്യജിത്‌റേയ്ക്കടക്കം. 
യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ഒരു തെരുവ്. അന്റോണിയോ റിക്കി സാധാരണക്കാരനായ ഒരു തൊഴില്‍രഹിതനാണ്.
അയാള്‍ക്ക് ഭാര്യയും ചെറിയൊരു മകനുമുണ്ട്. ജീവിതം യാതനകള്‍ നിറഞ്ഞതാണവര്‍ക്ക്. 
അങ്ങനെയിരിക്കേ അയാള്‍ക്ക് പോസ്റ്ററുകള്‍ പതിക്കുന്നതിനുള്ള ഒരു ജോലി തരപ്പെടുന്നു. അതിനയാള്‍ക്കു വേണ്ടത് സ്വന്തമായൊരു സൈക്കിളാണ്. ഭാര്യ കിടക്കവിരി വിറ്റ് അതിനുള്ള പണം സംഘടിപ്പിച്ചുകൊടുക്കുന്നു. പക്ഷേ, ജോലിയുടെ ആദ്യദിനത്തില്‍ത്തന്നെ തെരുവില്‍വെച്ച് അയാളുടെ സൈക്കിള്‍ മോഷ്ടിക്കപ്പെടുന്നു. ഹൃദയം തകര്‍ന്ന റിക്കി, എട്ടുവയസ്സുകാരന്‍ മകന്‍ ബ്രൂണോയുമൊത്ത് തന്റെ സൈക്കിള്‍ അന്വേഷിച്ചിറങ്ങുകയാണ്. നഗരത്തെരുവുകളിലൂടെയുള്ള ഈ യാത്ര അവര്‍ക്കു മുന്‍പില്‍ ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങളെ തുറന്നുകാണിക്കുന്നതായിരുന്നു. യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യവും ജീവിക്കാനുള്ള തത്രപ്പാടുകളും മനുഷ്യരുടെ വിഭിന്ന മുഖങ്ങളും വെളിവാക്കപ്പെടുന്നു. ഭക്ഷണത്തിനായി വീട്ടുസാധനങ്ങള്‍ പണയപ്പെടുത്താന്‍ നില്ക്കുന്നവരുടെ നീണ്ട ക്യൂകള്‍, തൊഴിലാളി യൂണിയനുകളുടെ കപട
വാഗ്‌ധോരണി, അപ്രസക്തമാകുന്ന നിയമസംവിധാനങ്ങള്‍, ശൂന്യമായ പള്ളിയങ്കണങ്ങള്‍, വേശ്യാലയങ്ങള്‍ ഒക്കെ ആ അച്ഛനും മകനും മുന്‍പില്‍ ചൂഷണത്തിന്റെയും ആത്മാര്‍ഥതയില്ലായ്മയുടെയും പ്രതീകങ്ങളായി മാറുന്നു. പിന്നീട് തങ്ങളുടെ സൈക്കിള്‍ മോഷ്ടിച്ചയാളെ അവര്‍ കണ്ടുപിടിക്കുന്നുവെങ്കിലും അവര്‍ക്കതു തെളിയിക്കാനാവുന്നില്ല. മറ്റു വഴികളൊന്നുമില്ലാതെ ഒടുവില്‍ ഒരു ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു പുറത്തുനിന്ന് അവരൊരു സൈക്കിള്‍ മോഷ്ടിക്കുകയാണ്. ആ ശ്രമത്തില്‍ അയാള്‍ പിടിക്കപ്പെടുന്നുവെങ്കിലും കഷ്ടിച്ചു രക്ഷപ്പെടുന്നു. അപമാനഭാരത്താല്‍ തകര്‍ന്നുപോകുന്ന നീതിമാനായ പിതാവിനെ മകന്‍ ആശ്വസിപ്പിക്കുന്നു. അവന്‍ ജീവിതത്തിന്റെ പുതിയൊരു പാഠഭാഗം പഠിച്ചെടുക്കുകയാണ്. ഒടുവില്‍ പരസ്പരമൂന്നുവടികള്‍പോലെ അവര്‍ രണ്ടുപേരും ആള്‍ക്കൂട്ടത്തിനിടയില്‍ അലിഞ്ഞുചേരുന്നിടത്ത് മഹത്തായ ഈ സിനിമ തീരുന്നു.
ഇറ്റലിയിലെ സാധാരണക്കാരായ മനുഷ്യരുടെ വേദനകളും സ്വപ്‌നങ്ങളും പങ്കുവെക്കുന്ന ഈ സിനിമ അക്കാലത്തെ സാമൂഹികവ്യവസ്ഥിതിയുടെ രൂക്ഷമായ വിമര്‍ശനഗാഥയാണ്. ഏറ്റവും മികച്ച വിദേശസിനിമയ്ക്കുള്ള പ്രത്യേക ഓസ്‌കാര്‍ അവാര്‍ഡ് അടക്കം അനേകം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തെ തേടിയെത്തി. സിസാറെ സവാട്ടിനിക്ക് തിരക്കഥയ്ക്കും ഓസ്‌കാര്‍ ലഭിച്ചു.

കിഡ് (1921)

കുട്ടികളുടെ സിനിമ, മുതിര്‍ന്നവരുടെ സിനിമ എന്ന വേര്‍തിരിവ് പ്രകടമാക്കാതെ ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സൃഷ്ടികള്‍ സമ്മാനിച്ച ചലച്ചിത്രകാരനാണ് ചാര്‍ലി ചാപ്‌ളിന്‍. അദ്ദേഹത്തിന്റെ മികച്ച സിനിമകളിലൊന്നാണ് ദി കിഡ്. അപ്പനും അമ്മയും പരസ്പരം വേര്‍പിരിഞ്ഞ് ദുരിതബാല്യത്തില്‍ ജീവിതം ഉരുകിത്തീര്‍ന്ന ചാപ്ലിന്റെ ആത്മാംശം ഏറ്റവും കൂടുതലുള്ള സിനിമയാണ് ഇത്. 1921-ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്.

എഡ്ഡിന എന്ന നര്‍ത്തകിക്ക് അവിഹിതഗര്‍ഭത്തില്‍ ഉണ്ടാകുന്ന കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിക്കുകയും ചാപ്ലിന്റെ തെരുവുതെണ്ടിയായ കഥാപാത്രം അതിന്റെ രക്ഷകനായിത്തീരുകയും ചെയ്യുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പലവട്ടം അയാള്‍ ആ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവിടെയൊക്കെ അയാള്‍ പരാജയപ്പെടുകയാണ്. കുഞ്ഞിന് അഞ്ച് വയസാകുമ്പോഴേക്കും ഇരുവര്‍ക്കും ഇടയില്‍ വേര്‍പിരിയാനാകാത്ത ബന്ധം ഉടലെടുക്കുന്നു. ഒടിവില്‍ രോഗബാധിതനായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നതോടെ അത് ഒരു അനാഥക്കുഞ്ഞാണെന്ന് തിരിച്ചറിയുന്ന അധികാരികള്‍ കുഞ്ഞിനെ അനാഥാലയത്തിലാക്കുന്നു. അവനെ അവിടെനിന്ന് രക്ഷപ്പെടുത്താനുള്ള തെരുവുതെണ്ടിയുടെ ശ്രമങ്ങള്‍ വിഫലമാകുന്നിടത്ത് കുഞ്ഞ് തന്റെതാണെന്ന് യാഥൃശ്ചികമായി തിരിച്ചറിയുന്ന എഡ്ഡിന കുറ്റബോധത്തോടെ കുഞ്ഞിനെ സ്വന്തമാക്കുന്നു. അപ്പോഴേക്കും പ്രശസ്തയായിത്തീര്‍ന്നിരുന്ന അവള്‍ തെരുവുതെണ്ടിയുടെ സ്‌നേഹം തിരിച്ചറിഞ്ഞ് അവനെയും വീട്ടിലേക്ക് ക്ഷണിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.

വേര്‍ ഈസ് മൈ ഫ്രന്‍ഡ്‌സ് ഹോം (1987)

അബ്ബാസ് കിയറൊസ്താമിയുടെ വിഖ്യാതമായ ഗീസലൃ ഠൃശഹീഴ്യ (കോക്കേഴ്‌സ് പ്രദേശത്തെ ആധാരമാക്കിയുള്ള മൂന്നു സിനിമകള്‍- വെയര്‍ ഈസ് മൈ ഫ്രെന്‍ഡ്‌സ് ഹോം?, ലൈഫ് ആന്‍ഡ് നത്തിങ് മോര്‍, ത്രൂ ദ ഒലീവ് ട്രീസ് എന്നിവ)യിലെ ആദ്യചിത്രം (ഗവമില്യല റീൗേെ ഗീറഷമേെ?) കുട്ടികള്‍ക്കുള്ള മികച്ച ചിത്രമെന്ന് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് സാക്ഷ്യപ്പെടുത്തിയ സിനിമ.

എട്ടുവയസ്സുകാരന്‍ അഹമ്മദ് എന്ന ബാലനാണ് കഥയിലെ നായകന്‍. സ്‌കൂളിലെ കര്‍ശനനിയമങ്ങളും വീട്ടിലെ മുതിര്‍ന്നവരുടെ കടുംപിടിത്തങ്ങളും അസ്വസ്ഥമാക്കുന്ന ഒരു ലോകത്താണവന്‍. സഹപാഠിയായ മുഹമ്മദിന്റെ പുസ്തകം അവന്‍ അബദ്ധത്തില്‍ മാറിയെടുക്കുന്നിടത്തുനിന്നാണ് കഥ തുടങ്ങുന്നത്. വീട്ടിലെത്തുമ്പോള്‍ അവനതു മനസ്സിലാക്കുന്നുണ്ട്. പിറ്റേന്ന് ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസിലെത്തിയാല്‍ അധ്യാപകന്‍ കൂട്ടുകാരനെ ശിക്ഷിക്കുമെന്ന് ഭയപ്പെടുന്ന അഹമ്മദ് പുസ്തകം തിരിച്ചുകൊടുക്കുന്നതിനായി പോകാനൊരുങ്ങുന്നു. ഹോംവര്‍ക്ക് ചെയ്യാന്‍ പറഞ്ഞ് ഉമ്മ അവനെ തടയുകയാണ്. എങ്കിലും ഉമ്മയുടെ കണ്ണുവെട്ടിച്ചവന്‍ മുഹമ്മദിന്റെ വീട് തിരഞ്ഞു പോകുന്നു. പക്ഷേ, കൃത്യമായ വഴി നിശ്ചയമില്ലാതെ അവന്‍ അനിശ്ചിതത്വത്തിലുഴലുന്നു. പലരോടും വഴി തിരക്കി അവന്‍ യാത്ര തുടരുന്നുവെങ്കിലും അവനു ലക്ഷ്യത്തിലെത്താനാവുന്നില്ല. യാത്രയ്ക്കിടയില്‍ അവന്‍ കണ്ടുമുട്ടുന്ന മുതിര്‍ന്നവരൊക്കെത്തന്നെ അവരുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായി അവനെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ അവനോടു കാരുണ്യം കാണിക്കുന്ന ഒരു വൃദ്ധനായ കൊല്ലപ്പണിക്കാരന്റെ (മുഹമ്മദിന്റെ ഉപ്പുപ്പയാണയാള്‍) സഹായത്തോടെ സുഹൃത്തിന്റെ വീട് കണ്ടുപിടിക്കാന്‍ ശ്രമിച്ച് ഏതാണ്ട് വിജയിക്കുന്നുണ്ടെങ്കിലും മുഹമ്മദിനെ കണ്ടുമുട്ടാനാവുന്നില്ല. രാത്രിയില്‍ വൈകി വീട്ടിലെത്തുന്ന അഹമ്മദ് അത്താഴംപോലുമുപേക്ഷിച്ച് ഉറക്കമൊഴിച്ച് ഹോംവര്‍ക്ക് മുഴുവനാക്കുന്നു. പിറ്റേന്ന് കര്‍ക്കശക്കാരനായ ക്ലാസ്ടീച്ചര്‍ ഹോംവര്‍ക്ക് പരിശോധിച്ചുകൊണ്ടിരിക്കവേ പേടിച്ചരണ്ടിരിക്കുന്ന മുഹമ്മദിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പൂര്‍ത്തീകരിച്ച അവന്റെ ഹോംവര്‍ക്കുമായി ക്ലാസിലെത്തി തക്കസമയത്ത് അവനു കൈമാറുകയാണ് അഹമ്മദ്.

കേന്ദ്രകഥാപാത്രമായ കുട്ടിയുടെ വീക്ഷണകോണിലൂടെയാണ് മുഴുവന്‍ സിനിമയും അവതരിപ്പിക്കപ്പെടുന്നത്. വലിയവരുടെ വിശ്വാസങ്ങളും പിടിവാശികളും ആശയസംഹിതകളും അധീശത്വം പുലര്‍ത്തുന്ന ഒരു വലിയ ലോകത്ത് സ്വന്തം സത്യസന്ധതയും നിഷ്‌കളങ്കതയും തെളിയിക്കാന്‍ പാടുപെടുന്ന കുട്ടികളുടെ ആദര്‍ശധീരതയാണ് കിയറൊസ്താമിതന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ഈ റിയലിസ്റ്റിക് സിനിമയുടെ പ്രമേയം. ഇറാനിലെ ഗ്രാമീണവിശ്വാസങ്ങളുടെയും പ്രകൃതിദൃശ്യങ്ങളുടെയും സര്‍ഗാത്മകമായ ഉപയോഗം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ ബ്രോണ്‍സ് ലെപ്പേര്‍ഡ്, ഫജര്‍ ഫെസ്റ്റിവലില്‍ ഗോള്‍ഡണ്‍ പ്ലേറ്റ് എന്നീ പുരസ്‌കാരങ്ങള്‍ നേടി.

ദി കളര്‍ ഓഫ് പാരഡൈസ് (1999)

ജന്മനാ അന്ധനായ മുഹമ്മദ് എന്ന ബാലന്റെ അസാധാരണമായ കഥയാണ് കളര്‍ ഓഫ് പാരഡൈസ്. ലോകത്തിന്റെ നിറങ്ങളെ കാണാനുള്ള കഴിവില്ലെങ്കിലും അതിന്റെ അതീന്ദ്രിയശക്തികളെ അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരു എട്ടുവയസ്സുകാരന്റെ കഥ; ജീവിതത്തിന്റെ ആസക്തികളിലും കാലുഷ്യങ്ങളിലും പെട്ടുപോവുകയും പിന്നീട് മാനസാന്തരപ്പെടുകയും ചെയ്യുന്ന ഖനിത്തൊഴിലാളിയായ അവന്റെ പിതാവ് ഹാഷേമിന്റെയും. 
ടെഹ്‌റാനിലെ ഒരു അന്ധവിദ്യാലയത്തില്‍ വേനലവധിയില്‍ കൂട്ടിക്കൊണ്ടുപോകാന്‍ വൈകിയെത്തുന്ന തന്റെ പിതാവിനെയും കാത്ത് അക്ഷമനായിരിക്കുന്ന മുഹമ്മദില്‍നിന്നാണ് കഥയാരംഭിക്കുന്നത്. കാത്തിരിപ്പിന്റെ മടുപ്പിനും അസ്വസ്ഥതയ്ക്കുമിടയിലും കാട്ടില്‍ ഒറ്റപ്പെട്ടുപോയ ഒരു പക്ഷിക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്നുണ്ടവന്‍. അവനെ തിരക്കിയെത്തുന്ന പിതാവ് മകനെ എന്നന്നേക്കുമായി സ്‌കൂളില്‍ത്തന്നെ നിര്‍ത്താനാവുമോയെന്നാണ് അധികൃതരോട് അപേക്ഷിക്കുന്നത്. മടുപ്പോടെ മകനെയും കൂട്ടി ഉത്തര ഇറാനിലെ സ്വഭവനത്തിലേക്കു തിരിക്കുന്ന ഹാഷേമിന്റെ മനസ്സില്‍ മുഴുവന്‍ മകനോടുള്ള അവജ്ഞയും വെറുപ്പുമാണ.് ഭാര്യ മരിച്ച അയാള്‍ക്ക് സുന്ദരിയായ മറ്റൊരു യുവതിയെ വിവാഹം കഴിക്കണം. അന്ധനായ മകന്‍ അതിനു തടസ്സമാണെന്ന് അയാള്‍ക്കു തോന്നി. അയാള്‍ അവനെ തന്റെ കുഞ്ഞനുജത്തിമാരില്‍നിന്നും സ്‌നേഹനിധിയായ അമ്മൂമ്മയില്‍നിന്നും അടര്‍ത്തിമാറ്റി വിദൂരമായ ഒരിടത്തെ അന്ധനായ ഒരു മരപ്പണിക്കാരന്റെ സഹായിയായി അയയ്ക്കുന്നു.
കുടുംബാംഗങ്ങളെ പിരിഞ്ഞതില്‍ കഠിനമായി വേദനിക്കുകയും ഒറ്റപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും, പിന്നീടവന്‍ തന്റെ പുതിയ ഗുരുവില്‍നിന്നും അതുല്യമായ ജീവിതപാഠങ്ങളും തിരിച്ചറിവും നേടുകയാണ്. അതിനിടയില്‍ അവനെ പിരിഞ്ഞ ദുഃഖത്തില്‍ അമ്മൂമ്മ മരിക്കുന്നു. ആ മരണവും പുനര്‍വിവാഹത്തിനുള്ള ആസക്തിയും ഹാഷേമിനെ തകര്‍ക്കുന്നു. ഇഷ്ടക്കേടോടെയാണെങ്കിലും മുഹമ്മദിനെ അയാള്‍ തിരികെ വീട്ടിലേക്കു കൊണ്ടുവരാന്‍ നിര്‍ബന്ധിതനാക്കപ്പെടുന്നു. ആ യാത്രയില്‍ വിധി കനിഞ്ഞതുപോലെ, പുഴയ്ക്കുമീതേയുള്ള ദുര്‍ബലമായ മരപ്പാലം തകര്‍ന്ന് കുതിരപ്പുറത്തുനിന്ന് മുഹമ്മദ് പുഴയുടെ ഒഴുക്കിലേക്ക് പതിക്കുന്നു. മകന്റെ മരണം ആഗ്രഹിച്ച് മാറിനില്ക്കുന്ന ഹാഷേമിന് ഒടുവില്‍ മാനസാന്തരം സംഭവിക്കുന്നു. നദിയുടെ കുത്തൊഴുക്കിലൂടെ അയാള്‍ മകന്റെ ജീവനുവേണ്ടി പായുന്നു. ഒടുവില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ അയാള്‍ അവനെ കണ്ടെത്തുന്നിടത്ത് കഥ തീരുന്നു. 
മൊഹ്‌സിന്‍ റെമേസാനി എന്ന ബാലന്റെയും ഹൊസൈന്‍ മെഹ്ജബ് എന്ന നടന്റെയും മികച്ച അഭിനയം ഈ ചലച്ചിത്രത്തിന്റെ വിജയമാണ്. പ്രകൃതിയുടെയും ജീവിതത്തിന്റെയും ആഴങ്ങളിലേക്കുള്ള മഹത്തായ ദര്‍ശനങ്ങള്‍ ഒരുപാട് വെളിപ്പെടുത്തിത്തരുന്നുണ്ട് മജീദ് മജീദിയുടെ പറുദീസാ വര്‍ണങ്ങള്‍ എന്ന മഹത്തായ ഈ ചലച്ചിത്രം.

ഐവാന്‍സ് ചൈല്‍ഡ്ഹുഡ് (1962)

യുദ്ധത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖങ്ങളെ തുറന്നുകാണിക്കുന്ന മഹത്തായ ഒരു റഷ്യന്‍ സിനിമയാണ് ഇവാന്‍സ് ചൈല്‍ഡ്ഹുഡ് . രണ്ടാം ലോകമഹായുദ്ധത്തിന്റെ നെരിപ്പോടിലമര്‍ന്നുപോയ ഇവാന്‍ എന്ന ബാലന്റെ കഥയാണീ ബ്ലാക്ക് & വൈറ്റ് ചിത്രം. വെനീസ് ഫെസ്റ്റിവലില്‍ ഗോള്‍ഡണ്‍ ലയണ്‍, സാന്‍ഫ്രാന്‍സിസ്‌കോ ഫെസ്റ്റിവലില്‍ ഗോള്‍ഡണ്‍ ഗെയ്റ്റ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ക്ലാസിക് ചലച്ചിത്രം.

ജര്‍മന്‍ അധിനിവേശപ്പടയ്‌ക്കെതിരേ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ് റഷ്യന്‍ ചെമ്പട. 12 വയസ്സുകാരനായ ഇവാന്‍ എന്ന റഷ്യന്‍ ബാലന്‍ യുദ്ധമേഖലയില്‍വെച്ച് റഷ്യന്‍ പടയാളികളാല്‍ പിടികൂടപ്പെടുന്നു. ലെഫ്റ്റനന്റ് ഗാള്‍ത്‌സേവിന്റെ ചോദ്യംചെയ്യലില്‍ അവന്റെ പൂര്‍വകാലം ഇതള്‍ വിരിയുന്നു. (സ്വപ്‌ന സീക്വന്‍സുകളിലെ ഫ്‌ളാഷ്ബാക്കുകളിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത് സിനിമയില്‍.) ഇവാന്റെ കുടുംബാംഗങ്ങളെ ജര്‍മന്‍ പട്ടാളക്കാര്‍ കൊല്ലുകയും, രക്ഷപ്പെട്ട അവന്‍ പ്രതികാരത്തിനായി റഷ്യന്‍ പട്ടാളക്കാരോടൊപ്പം ചേരുകയുമായിരുന്നു. അവിടെയവന് നിരീക്ഷണജോലികളാണുള്ളത്. ഇവാന്റെ സഹപട്ടാളക്കാരുടെ ജീവിതകഥനങ്ങളിലൂടെയും യുദ്ധത്തിന്റെ വിവിധ മുഖങ്ങളിലൂടെയും കഥ വികസിക്കുന്നു. ഒടുവില്‍ ഒരു നിരീക്ഷണദൗത്യവുമായി ചതുപ്പുപ്രദേശം മുറിച്ചുകടക്കുന്നതിനിടെ ഇവാന്‍ അപ്രത്യക്ഷനാകുന്നു. പിന്നീട് നാളുകള്‍ക്കുശേഷം ചെമ്പട, ഇവാന്‍ ജര്‍മന്‍ പട്ടാളക്കാരാല്‍ വധിക്കപ്പെട്ടതായറിയുകയാണ്. 
വ്‌ളാഡ്മിര്‍ ബോഗോമൊലോവിന്റെ 'ഇവാന്‍' എന്ന ചെറുകഥയെ ആസ്പദമാക്കി മിഖായില്‍ പപ്പാവയും താര്‍കോവ്‌സ്‌കിയും ചേര്‍ന്ന് രചിച്ചതാണ് തിരക്കഥ. സംവിധായകന്റെ ഭാര്യയായ ഇര്‍മാ റൗഷും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. താര്‍കോവ്‌സ്‌കിയുടെതന്നെ ജീവിതാനുഭവങ്ങളുടെ ആത്മാംശങ്ങള്‍ ഏറെയുണ്ട് ഈ ചിത്രത്തില്‍. 

ചില്‍ഡ്രന്‍ ഓഫ് ഹിരോഷിമ (1952)

കനേറ്റൊ ഷിന്‍ഡോ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മികച്ച യുദ്ധവിരുദ്ധസിനിമയാണ് ബ്‌ളാക്ക് ആന്‍ഡ് വൈറ്റിലുള്ള ഹിരോഷിമയിലെ കുട്ടികള്‍ (Gambaku no ko).
ദ്വീപിലെ സ്‌കൂള്‍ ടീച്ചറായ തക്കാക്കോയെന്ന യുവതി 1945 ആഗസ്ത് 6-ലെ ഹിരോഷിമാ ആണവദുരന്തത്തെ അതിജീവിച്ചവളാണ്. കുടുംബാംഗങ്ങളെയെല്ലാം നഷ്ടപ്പെട്ട അവള്‍ ദ്വീപിലുള്ള അമ്മാവനും അമ്മായിക്കുമൊപ്പമാണ് കഴിയുന്നത്. ആറു വര്‍ഷങ്ങള്‍ക്കുശേഷം തക്കാക്കോ തന്റെ നാട്ടിലേക്ക് ഒരു സന്ദര്‍ശനത്തിനു പോവുകയാണ്. യുദ്ധം തകര്‍ത്തെറിഞ്ഞ ഹിരോഷിമയുടെ ഓര്‍മകളിലൂടെയാണവളുടെ സഞ്ചാരം. അതിനിടയില്‍ പണ്ട് തന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ഐവാ സാനിനെ അവള്‍ വഴിയരികില്‍ യാചകനായി കണ്ടുമുട്ടുന്നു. അയാളുടെ മക്കളെയും യുദ്ധം നഷ്ടപ്പെടുത്തി. പേരക്കുട്ടി ഏഴു വയസ്സുകാരന്‍ താരോ ഒരു അനാഥാലയത്തിലാണ്. അവനെ ദത്തെടുക്കാന്‍ തക്കാക്കോ ആഗ്രഹിക്കുന്നുവെങ്കിലും വൃദ്ധന്‍ സമ്മതിക്കുന്നില്ല. കുട്ടിയാണയാളുടെ ജീവിതത്തിന്റെ പ്രതീക്ഷ. ഹിരോഷിമയില്‍ തന്റെ കൂട്ടുകാരിക്കൊപ്പം (യുദ്ധം വന്ധ്യയാക്കിയവളാണവള്‍) തങ്ങുന്ന തക്കാക്കോ, തങ്ങള്‍ ജോലി ചെയ്തിരുന്ന പഴയ കിന്റര്‍ഗാര്‍ട്ടനെക്കുറിച്ച് അനുസ്മരിക്കുന്നു. ബോംബിങ്ങില്‍ ജീവനോടെയവശേഷിച്ചത് മൂന്നു കുട്ടികള്‍ മാത്രമാണെന്ന് കൂട്ടുകാരി പറയുമ്പോള്‍, അവരെ തിരഞ്ഞുപോവുകയാണ് തക്കാക്കോ. സാന്‍പിയെന്ന കുട്ടിയുടെ പിതാവ് റേഡിയേഷനില്‍ മരിക്കുന്നതിനും, ഒരു കന്യാസ്ത്രീമഠത്തില്‍ സംരക്ഷിക്കപ്പെടുന്ന തോഷിക്കോയുടെ ആസന്നമരണത്തിനും സാക്ഷിയാകേണ്ടിവരുന്ന സ്‌കൂള്‍ടീച്ചര്‍, മൂന്നാമത്തെ കുട്ടി ഹീതായുടെ താരതമ്യേന സന്തുഷ്ടമായ ജീവിതത്തില്‍ ആശ്വാസംകൊള്ളുന്നു. ദ്വീപിലേക്ക് തിരികെപ്പോകുമ്പോള്‍ താരോയെക്കൂടി കൂടെ കൊണ്ടുപോകാന്‍ അവളാഗ്രഹിക്കുന്നുവെങ്കിലും വൃദ്ധനതംഗീകരിക്കാനാവുന്നില്ല. ഒടുവില്‍ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാളതിനു സമ്മതിക്കുന്നുവെങ്കിലും സങ്കടം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്നു. കഥാന്ത്യത്തില്‍ താരോയേയുംകൊണ്ട് ദ്വീപിലേക്കു തിരികെപ്പോവുകയാണ് തക്കാക്കോ.
ഒരു സ്‌കൂള്‍ടീച്ചറും തന്റെ കുട്ടികളുമായുള്ള ബന്ധത്തിലൂടെ കഥ പറയുന്ന ചിത്രം, യുദ്ധം നഷ്ടമാക്കുന്ന ജീവിതങ്ങളുടെ ആഴം സങ്കടക്കടല്‍പോലെ മനസ്സില്‍ നിറയ്ക്കുന്നു. കൃത്യമായി എഡിറ്റുചെയ്തു ചേര്‍ത്തിട്ടുള്ള ആണവദുരന്തത്തിന്റെ ഒറിജിനല്‍ ഫുട്ടേജുകള്‍ സിനിമയുടെ സത്യസന്ധതയെ സര്‍ഗാത്മകമാക്കിയിരിക്കുന്നു.

ന്യൂസ്‌പേപ്പര്‍ ബോയ് (1955)

നിയോ റിയലിസ്റ്റിക് ചലച്ചിത്രശൈലിക്ക് ഇന്ത്യന്‍ സിനിമയില്‍ ഇടം നല്കിയ പ്രശസ്ത ചിത്രം.
നിര്‍ധനമായ ഒരു തൊഴിലാളികുടുംബത്തിലെ മൂത്ത കുട്ടിയാണ് 12 വയസ്സുകാരനായ അപ്പു. ഒരു ഇടത്തട്ടുകാരന്‍കുടുംബത്തിന്റെ സര്‍വവിധ പ്രാരബ്ധങ്ങളുമുണ്ടവിടെ. പ്രസ് തൊഴിലാളിയായ പിതാവ് ഒരു അപകടത്തെത്തുടര്‍ന്ന് രോഗബാധിതനായി മരണപ്പെടുന്നതോടെ ആ കുടുംബം അനാഥമാകുന്നു. പഠനമുപേക്ഷിക്കുന്ന അപ്പു ഉപജീവനത്തിനായി തന്റെ അയല്‍വാസിക്കൊപ്പം മദ്രാസിലേക്കു പോകുന്നു. അവിടെയും കയ്പു നിറഞ്ഞ അനുഭവങ്ങളാണ് വിധി ആ ബാലനു സമ്മാനിക്കുന്നത്. ഒരു ധനാഢ്യന്റെ വീട്ടിലെ ജോലിക്കാരനാകുന്ന അവനെ ഒരു പേന മോഷ്ടിച്ചെന്ന വ്യാജാരോപണം ചാര്‍ത്തി വീട്ടുകാരിതന്നെ പുറത്താക്കുന്നു. തെരുവുതെണ്ടികള്‍ക്കൊപ്പം അരക്ഷിതാവസ്ഥയില്‍ കഴിയേണ്ടിവരുന്ന ജീവിതാവസ്ഥയില്‍ നിരാശനായി അവന്‍ തിരികെ നാട്ടിലെത്തുമ്പോഴേക്കും, കുടുംബം പുലര്‍ത്താന്‍ കൂലിവേല ചെയ്തു തളര്‍ന്ന അവന്റെ അമ്മ കല്യാണിയും ക്ഷയരോഗത്തിനു കീഴ്‌പ്പെട്ട്, കുടിയിറക്കപ്പെട്ട വീട്ടുമുറ്റത്തുതന്നെ കിടന്ന് മരണപ്പെട്ടുകഴിഞ്ഞിരുന്നു. സ്വന്തം കൂടപ്പിറപ്പുകളെ സംരക്ഷിക്കുന്നതിനായി ആ ബാലന്‍ സ്വയം ഒരു ന്യൂസ്‌പേപ്പര്‍ ബോയിയുടെ തൊഴില്‍ ചെയ്യുകയാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ നാം കാണുന്ന ഈ ദൃശ്യത്തില്‍നിന്ന് പുറകോട്ടുള്ള കാഴ്ചയിലാണ് കഴിഞ്ഞ കഥകളത്രയും കാണിച്ചിരിക്കുന്നത്. 
റിലീസിങ്ങില്‍ തീരെ ശ്രദ്ധിക്കപ്പെടാതിരുന്ന ഈ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സിനിമ പിന്നീട് മലയാളസിനിമയുടെ പുതുഭാവുകത്വങ്ങള്‍ പങ്കുവെക്കുന്ന ഒരുത്തമമാതൃകയായി മാറുകയുണ്ടായി. സിനിമയുമായി ബന്ധമില്ലാതിരുന്ന ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നിര്‍മിച്ച സിനിമാസംരംഭമെന്ന പ്രത്യേകത ഇതിനുണ്ടായിരുന്നു. സംവിധായകന്റെതന്നെ 'കമ്പോസിറ്റര്‍' എന്ന ചെറുകഥയെ അധികരിച്ചായിരുന്നു രചന. പരമ്പരാഗതമായ ഒരു ചലച്ചിത്രശൈലിയെ പല ഘടകങ്ങളിലും ഈ ചിത്രം നിരാകരിച്ചു. ഉപരിഘടനയില്‍ പഥേര്‍ പാഞ്ജലിയുമായി പല രിതിയിലും സാമ്യങ്ങള്‍ പുലര്‍ത്തിയിരുന്ന ഈ സിനിമകള്‍ രണ്ടും ഒരേ കാലഘട്ടത്തിലാണ് പ്രദര്‍ശിപ്പിക്കപ്പട്ടത്. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും 1962-ലെ സംഗീത നാടക അക്കാദമിയുടെ മികച്ച തിരക്കഥയ്ക്കുള്ള (പ്രഥമ കേരള സ്റ്റേറ്റ്) അവാര്‍ഡും ലഭിച്ചു.

കുമ്മാട്ടി (1979)

കേരളീയതയുടെ നാടോടിക്കഥകളിലും മിത്തുകളിലും മറഞ്ഞുകിടക്കുന്ന 'കുമ്മാട്ടി' എന്ന സങ്കല്പത്തെ ഫാന്റസിയും യാഥാര്‍ഥ്യവും കൂടി ഒരുമിച്ചുചേര്‍ത്തവതരിപ്പിച്ചിരിക്കുകയാണ് അരവിന്ദന്‍ തന്റെ സിനിമയില്‍.
 
നിഷ്‌കളങ്കത നിറഞ്ഞുനില്ക്കുന്ന ഒരു കേരളീയഗ്രാമത്തിന്റെ വിശുദ്ധിയിലേക്കും കൊച്ചുകൊച്ചു കലഹങ്ങളിലേക്കും ഒരുനാള്‍ എങ്ങുനിന്നോ എത്തിപ്പെടുകയാണ് കുമ്മാട്ടി. മുഖംമൂടികള്‍ വെച്ചുകെട്ടി കൊച്ചുകുട്ടികളെ രസിപ്പിക്കുകയാണ് കുമ്മാട്ടിയെന്ന വൃദ്ധന്‍. ചിണ്ടനെന്ന ബാലന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘമാണ് കഥയിലെ പ്രധാന കഥാപാത്രങ്ങള്‍. കുട്ടികള്‍ക്കൊപ്പമാണ് കുമ്മാട്ടിയുടെ സഹവാസം. വലിയവരുടെ പ്രശ്‌നങ്ങളില്‍ നിസ്സംഗനായ കാഴ്ചക്കാരനാകുന്നുമുണ്ടയാള്‍. ആദ്യമാദ്യം കുട്ടികള്‍ക്കയാളെ ഭയമായിരുന്നു. പിന്നീട് അയാളവരുടെ പ്രിയതോഴനായി. അവരെ രസിപ്പിക്കാനായി അയാള്‍ പാട്ടും നൃത്തവും പല ലൊട്ടുലൊടുക്കു ജാലവിദ്യകളുമൊക്കെ കാണിക്കുന്നുണ്ട്. പല കുട്ടികളേയും പക്ഷിമൃഗാദികളാക്കി മാറ്റി കണ്‍കെട്ടു കാണിക്കുന്ന കുമ്മാട്ടി ഒരിക്കല്‍ ചിണ്ടനേയും ഒരു നായയാക്കി മാറ്റിയിട്ട് എങ്ങോട്ടോ സ്ഥലംവിടുകയാണ്. നായയായി മാറിയ ചിണ്ടന്റെ ദുഃഖവും വീട്ടുകാരുടെ ബുദ്ധിമുട്ടുകളുമാണ് പിന്നീടുള്ള കഥാമുഹൂര്‍ത്തങ്ങള്‍. ഒടുവില്‍ അപ്രതീക്ഷിതമായി ചിണ്ടന് സ്വരൂപം വീണ്ടുകിട്ടുന്നതോടെ ഗ്രാമവാസികള്‍ മുഴുവന്‍ സന്തോഷിക്കുന്നിടത്ത് കഥയവസാനിക്കുന്നു. 
സ്വാതന്ത്ര്യമെന്ന സമസ്യയുടെ അവസ്ഥാന്തരങ്ങള്‍ ഈ ചിത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. സ്വന്തം രൂപം തിരികെക്കിട്ടുന്ന വേളയില്‍ ചിണ്ടന്‍ താന്‍ കൂട്ടിലടച്ചുവെച്ചിരുന്നു പക്ഷിക്ക് സ്വാതന്ത്ര്യം കൊടുക്കുന്നത് ഒരു പ്രതീകമാണ്.

ഫോക്‌ലോറിന്റെയും തനതു നാടകരൂപങ്ങളുടെയും നാട്ടുവായ്‌മൊഴികളുടെയും അവതാരകനായിരുന്ന കാവാലം നാരായണപ്പണിക്കരുടെ മികവുറ്റ രചനയാണ് ഈ സിനിമയുടെ ദൃശ്യചിത്രീകരണത്തിനടിസ്ഥാനം. ഫാന്റസിയുടെയും റിയലിസത്തിന്റെയും അതിര്‍ത്തികള്‍ മായ്ച്ചുകളയുന്ന, സിനിമയുടെ നിയതമായ സ്ഥലകാല(Time & Space) സങ്കല്പത്തെ ഒരു മിത്തിന്റെ പുനഃസൃഷ്ടിക്ക് അനുയോജ്യമാംവിധം പരാവര്‍ത്തനം ചെയ്ത ഷാജി എന്‍. കരുണിന്റെ ഛായാഗ്രഹണമികവ് ഈ സിനിമയുടെ പ്രത്യേക ചാരുതയാണ്. ആത്മാവിനെയും പുനര്‍ജന്മങ്ങളെയും കുറിച്ചുമൊക്കെ ദാര്‍ശനികമായി പറഞ്ഞുവെക്കുന്ന സൂക്ഷ്മമായ ഒരു ആന്തരികതലംകൂടിയുണ്ട് ഈ സിനിമയ്ക്ക്. 1980-ലെ മാന്‍ഹീ ഫെസ്റ്റിവലില്‍ മികച്ച ബാലചലച്ചിത്രമായി കുമ്മാട്ടി തിരഞ്ഞെടുക്കപ്പെട്ടു.

Content highlights : some children's movies in india and world