മ്പിളി അമ്മാവാ താമരക്കുമ്പിളില്‍, പഞ്ചാര പാലുമിഠായി, കിഴക്കു കിഴക്കൊരാനാ... എന്തോരം പാട്ടുകളാണ് കുട്ടികള്‍ക്കുവേണ്ടി ഉണ്ടാക്കിയിരിക്കുന്നത്. പുതിയതും പഴയതുമായ സിനിമാപാട്ടുകളിലെല്ലാം കുട്ടിയുണ്ട്. കാലം ഒരുപാട് മാറിയപ്പോള്‍ പാട്ടിലെ കുട്ടിക്കും മാറ്റങ്ങള്‍ സംഭവിച്ചു. കുറുമ്പുള്ള കുട്ടികളെ അടക്കിയിരുത്താന്‍ പാട്ടു മാത്രം പോരാ ചലിക്കുന്ന ചിത്രങ്ങളും വേണമെന്ന് മനസിലാക്കി. പാട്ടിനൊപ്പം ആനിമേഷനും എത്തി. കുട്ടികളെ രസിപ്പിക്കുന്ന ചില സിനിമാപ്പാട്ടുകളെ പരിചയപ്പെടാം :

കെഴക്കുകെഴക്കൊരാന...

1970-ല്‍ പുറത്തിറങ്ങിയ ത്രിവേണി എന്ന സിനിമയിലെ ഒരു പാട്ടാണ് കെഴക്കുകെഴക്കൊരാന, പൊന്നണിഞ്ഞുനില്‍ക്കണം. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരേയും രസിപ്പിക്കുന്ന ഈ പാട്ടിന്റെ വരികള്‍ രചിച്ചിരിക്കുന്നത് വയലാര്‍ രാമവര്‍മയാണ്. സംഗീതം നല്‍കിയിരിക്കുന്നത് ജി. ദേവരാജനും. കുട്ടിത്തം കലര്‍ന്ന ശബ്ദത്തില്‍ പാടിയിരിക്കുന്നത് പി.ബി. ശ്രീനിവാസും ലതാ രാജുവുമാണ്.

പഞ്ചാര പാലുമിഠായി

എല്ലാ തലമുറയും നെഞ്ചിലേറ്റിയ മികച്ച പാട്ടികളിലൊന്നാണ് പഞ്ചാര പാലുമിഠായി. സത്യന്‍, രാഗിണി തുടങ്ങിയവര്‍ അഭിനയിച്ച ഭാര്യ എന്ന ചിത്രത്തിലെ ഒരു ഗാനമാണിത്. 1962-ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. വയലാര്‍ രാമവര്‍മയുടെ വരികളും ജി. ദേവരാജന്റെ സംഗീതവും. യേശുദാസും പി. ലീലയും രേണുകയും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

അമ്പിളി അമ്മാവാ...

വളരെ ലളിതമായ വരികളും സംഗീതവും ചേര്‍ന്നപ്പോള്‍ പിറന്ന കുട്ടിപ്പാട്ടാണ് അമ്പിളി അമ്മാവാ താമരക്കുമ്പിളില്‍ എന്തുണ്ട്. മുടിയനായ പുത്രന്‍ എന്ന 1961ല്‍ പുറത്തിറങ്ങിയ സിനിമയിലേതാണ് ഈ പാട്ട്. ഒ.എന്‍.വി, കുറുപ്പിന്റെ ലാളിത്യമാര്‍ന്ന വരികളും ദേവരാജന്റെ സംഗീതവും ചേര്‍ന്നപ്പോള്‍ മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു പാട്ടായി അത് മാറി. കെ. സുലോചനയുടെ വ്യത്യസ്തമാര്‍ന്ന ആലാപനംകൂടി ആയപ്പോള്‍ പാട്ട് ഏറെ മികച്ചതായി. പുതിയ കാലത്തും ഈ പാട്ട് ജനപ്രിയമായി നില്‍ക്കുന്നു. നിരവധി ദൃശ്യാവിഷ്‌കാരങ്ങള്‍ പാട്ടിനുണ്ടായി.

ആലിപ്പഴം പെറുക്കാന്‍...

കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ രസിപ്പിച്ച സിനിമയായിരുന്നു 1984-ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമ കൂടിയായിരുന്നു അത്. ഒരു കൂട്ടം കുട്ടികളുടെ കഥയും അവര്‍ അപകടങ്ങളില്‍പെടുമ്പോള്‍ രക്ഷകനായി എത്തുന്ന കുട്ടിച്ചാത്തന്റെയും കഥയായിരുന്നു സിനിമ പറഞ്ഞത്. സിനിമയിലെ ഗാനങ്ങളെല്ലാം ജനപ്രിയമായിരുന്നു. അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്‍ത്തി എന്ന ഗാനം. ബിച്ചു തിരുമലയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജയായിരുന്നു. പാടിയത് എസ്. ജാനകിയും എസ്.പി. ശൈലജയും. ഇന്നും അതേ രസത്തോടെ കേള്‍ക്കാന്‍ സാധിക്കുന്ന ഒരു പാട്ടാണിത്.

പട്ടി കടിക്കല്ലേ വീട്ടുകാരേ...

2000-ല്‍ പുറത്തിറങ്ങിയ കുട്ടികളുടെ ഒരു സിനിമയാണ് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു. സിനിമയിലെ വളരെ രസകരമായ ഒരു പാട്ടാണ് പട്ടി കടിക്കല്ലേ വീട്ടുകാരേ, ഞങ്ങള് പട്ടാണി വില്‍ക്കണ പിള്ളേരാണേ... മാത്യു പോളിന്റെ വരികള്‍ക്ക് ശരത്താണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Content highlights : malayalam movie songs for kids