കൗമാരത്തെ വിക്ഷോഭങ്ങളുടെ കാലമെന്ന് വിശേഷിപ്പിച്ചത് പ്രമുഖ അമേരിക്കന്‍ മനശാസ്ത്രജ്ഞന്‍ സ്റ്റാന്‍ലി ഹള്‍ ആണ്. ഉത്തരവാദിത്തരഹിതമായ ബാല്യത്തില്‍ നിന്ന് വ്യക്തി എന്ന നിലയിലേക്കുള്ള പരിണാമ കാലത്ത് കൊച്ചുമനസ്സുകളില്‍ കൊടുങ്കാറ്റ് തീര്‍ക്കുന്നത് കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ്. എന്നാല്‍ കുഞ്ഞു ചിന്തകളില്‍ നിന്നുടലെടുത്ത വലിയ കാര്യങ്ങള്‍ക്കുടമകളായ നിരവധി പേരുണ്ട് നമുക്ക് ചുറ്റും. സ്വന്തം ജീവിതം കൊണ്ട് മാതൃക തീര്‍ത്തവര്‍. ലോകക്രമത്തെ, നടപ്പു ശീലങ്ങളെ ഈ കുട്ടികള്‍ ചോദ്യം ചെയ്യുന്നതും മാറ്റാന്‍ ശ്രമിക്കുന്നതും കണ്ട് അമ്പരന്നവരില്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരുമുണ്ട്. അങ്ങനെ ലോകത്തെ അമ്പരപ്പിച്ച ചില കുട്ടികളെ കുറിച്ചാണ് ഈ കുറിപ്പ്. 
പരിചയപ്പെടുത്തലേ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് മലാല  യൂസഫ്‌സായ്. ലോകത്തെ സ്വാധീനിച്ച കൗമാരക്കാരിയായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത പെണ്‍പോരാളി.  കൗമാരം പിന്നിട്ട് ഇരുപതുകളില്‍ എത്തി നില്‍ക്കുമ്പോള്‍ മലാല ഫണ്ട് എന്ന സംഘടനയിലൂടെ ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന കൂടുതല്‍ പാകത കൈവന്ന നേതാവിന്റെ ഭാഷ്യമാണ് മലാലയ്ക്ക്. നേടുവാനുള്ള ലക്ഷ്യങ്ങളെ കുറിച്ച് ബോധ്യമുള്ള , ആ നേട്ടം കൊണ്ട് ജീവിതം മാറിമറിയാനിടയുള്ള പെണ്‍കുട്ടികളെ കുറിച്ച് ധാരണയുള്ള മലാലയാണ് പില്‍ക്കാല കൗമാരത്തിലെ മലാല. പ്രായം കുറഞ്ഞ നൊബേല്‍ ജേതാവ്, നിരവധി പുസ്തകങ്ങളുടെ രചയിതാവ്, അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. പാരിസ്ഥിതിക പോരാട്ടങ്ങളുടെ പര്യായമെന്ന നിലയില്‍ വായിക്കാവുന്ന പേരാണ് സ്വീഡിഷ് പെണ്‍കുട്ടി ഗ്രേറ്റ ത്യുന്‍ബര്‍ഗിന്റേത്.
 
ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം എന്ന ഓട്ടിസ വകഭേദത്തെ മറികടന്നാണ് ഗ്രേറ്റ ട്യുന്‍ബര്‍ഗ് ചിന്തകള്‍ക്ക് ഓട്ടിസം ബാധിച്ച ലോകത്തെ തിരുത്താന്‍ ശ്രമിക്കുന്നത്.  രോഗാവസ്ഥയുടെ ഭാഗമായ വിഷാദവും അമിത ഉത്കണ്ഠയും മൂലം ആളുകളെ അഭിമുഖീകരിക്കാന്‍ മടിച്ചിരുന്ന പെണ്‍കുട്ടിയാണ് പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ലോക വേദികളില്‍ സംസാരിക്കുന്നത്. നിങ്ങള്‍ക്ക് ഇനിയുമേറെ ചെയ്യാനുണ്ടെന്ന് ലോക നേതാക്കളോട് തുറന്നടിക്കുന്നത്. അനേകം രാജ്യങ്ങളിലെ വിമാന യാത്രക്കാരുടെ എണ്ണം കുറയുന്ന തരത്തിലെ പാരിസ്ഥിതിക അനുകൂല ചിന്തകള്‍ക്ക് തിരിയിടുന്നത്.  ഗ്രേറ്റയുടെ ത്യാഗത്തിനും സമര്‍പ്പണത്തിനും സമാന്തര നോബല്‍ എന്നു വിളിക്കുന്ന ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമാണ്  സമൂഹം തിരികെ നല്‍കിയത് .അതിനേക്കാള്‍ , ആഗോളതലത്തില്‍ കൈവന്ന പാരിസ്ഥിതിക അവബോധവും, ഈ വിഷയത്തിലെ ചര്‍ച്ചകളും ഇടപെടലുമാണ് ഗ്രേറ്റ യുടെ യഥാര്‍ത്ഥ നേട്ടം.

greta book
പുസ്തകം വാങ്ങാം

ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ എന്ന സംഘടനയിലൂടെ ഒറ്റക്കൊരു പ്ലക്കാര്‍ഡുമേന്തി നടത്തിയ സമരമാണ് ഗ്രേറ്റയെ പാരിസ്ഥിതിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ചത് . ആ ചലനങ്ങള്‍ക്ക് ലോകമെമ്പാടും അലയൊലികള്‍ ഉണ്ടാവുകയും പലയിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചറിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിഖൂടെയാണ് റിദിമ പാണ്ഡെ എന്ന പെണ്‍കുട്ടി ലോക ശ്രദ്ധയിലേക്കെത്തുന്നത്. പാരിസ്ഥിതിക തീവ്രവാദത്തിന്റെ ഇരകളാക്കപ്പെട്ട ഉത്തരാഖണ്ഡിന്റെ പ്രതിനിധി. പരിസ്ഥിതി പ്രവര്‍ത്തകനായ അച്ഛനാണ് റിദിമക്ക് പോരാട്ട വഴി തുറന്ന് നല്‍കിയത്.

വിവരണാതീതമായ അനുഭവങ്ങളാണ് നാദിയാ മുറാദെന്ന പെണ്‍കുട്ടിയെ മനുഷ്യാവകാശ പോരാളിയാക്കിയത്. ഐസിസെന്ന തീവ്രവാദ സംഘടനയുടെ ലൈംഗിക അടിമയാക്കപ്പെട്ട കുട്ടിക്കാലം നദിയക്ക് നല്‍കിയത് നമുക്കൊന്നും ചിന്തിക്കാന്‍ പോലുമാകാത്താത്ത ക്രൂരമായ അനുഭവങ്ങളാണ്. രക്ഷപെട്ട് എത്തിയ കാലം മുതല്‍ അവകാശങ്ങളില്ലാതാകുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി രംഗത്തുണ്ട് നാദിയ. ഇറാഖിലെ കോച്ചോയിലെ ഒരു യദീസി കര്‍ഷക കുടുംബത്തില്‍ പിറന്ന നാദിയ തീച്ചൂളയിലൂടെ നടന്നാണ് മനുഷ്യകടത്തിനെതിരായ ഐക്യരാഷ്ട്ര സഭ ഗുഡ് വില്‍ അംബാസിഡര്‍  എന്ന പദവിയില്‍ എത്തി നില്‍ക്കുന്നത് . നോബേല്‍ സമ്മാനമടക്കം നിരവധി അംഗീകാരങ്ങളും ഈ 27 കാരിയെ തേടിയെത്തി.

മറ്റുള്ളവരെക്കുറിച്ച് കൂടി ഓര്‍ക്കുക തലമുറകള്‍ക്കപ്പുറത്തേക്ക് കൂടി ചിന്തിക്കുക... ഈ പെണ്‍കുട്ടികള്‍ വേറിട്ട് നില്‍ക്കുന്നത് അവിടെയാണ്. സ്വാതന്ത്ര്യം അവകാശമാണെന്ന ബോധ്യമുള്ളവര്‍. ശുദ്ധവായുവിന്, തുല്യാവകാശങ്ങള്‍ക്ക്, കാലാവസ്ഥക്ക് ഒക്കെ ഇപ്പോഴുള്ളവര്‍ക്കും ഇനി വരുന്ന തലമുറക്കും അവകാശമുണ്ടെന്നും അതിനായി പ്രവര്‍ത്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചെന്നുമാണ് ഈ കൂട്ടുകാര്‍ നമ്മോട് പറയുന്നത്. പോരാട്ട വഴികളിലെ കനല്‍ അനുഭവങ്ങളൊന്നും ഇവരെ തളര്‍ത്തുന്നേയില്ല. മൂര്‍ച്ചയേറിയ ചിന്തകളെ പ്രായക്കുറവ് ബാധിക്കില്ലെന്നും, ആ ചിന്തകളെ പ്രവര്‍ത്തികളാക്കാന്‍ പ്രതിബന്ധങ്ങളില്ലെന്നുമാണ് ഈ കുട്ടികള്‍ പഠിപ്പിക്കുന്നത് . ഓരോ ചെറിയ ചിന്തക്കും തെളിച്ചമാകാന്‍, മുന്നിലെ ഇരുട്ടിനെ തുരത്താന്‍ ഈ പെണ്‍കുട്ടികള്‍ പ്രചോദനമാകട്ടെ !

Content highlights : know some child activist's for nature and rights