കള്‍ക്കുവേണ്ടിയാണ് ഞാന്‍ ആദ്യത്തെ കഥ എഴുതുന്നത്.വീട്ടില്‍ ഒരു പൂച്ചയുണ്ടായിരുന്നു. എന്റെ മകള്‍ക്ക് ആ പൂച്ചയെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ അതിനെ കുറിഞ്ഞി എന്നാണ് വിളിച്ചിരുന്നത്. ആ പൂച്ചയെപ്പറ്റി ഒരു കഥയെഴുതി. എനിക്ക് അന്ന് ഇരുപത്തഞ്ച് വയസുണ്ട്. മകള്‍ക്ക് എട്ടും. വളരെ ലളിതമായ ഭാഷയും വാക്കുകളുമാണ് ആ കഥയില്‍ ഉപയോഗിച്ചത്. ലളിതമായ ഭാഷയേ എനിക്ക് എപ്പോഴും വഴങ്ങൂ. കുട്ടികള്‍ക്കുവേണ്ടി എഴുതുമ്പോള്‍ മാത്രമല്ല എന്ത് എഴുതുമ്പോഴും വളരെ സിംപിള്‍ ആയിട്ടേ എനിക്ക് എഴുതാനാവൂ. മകള്‍ക്കുവേണ്ടി പിന്നെയും ധാരാളം കഥകള്‍ എഴുതി. വീട്ടിലെ പട്ടിയെപ്പറ്റിയും അണ്ണാന്‍, പശു, കാക്ക എന്നിവയെപ്പറ്റിയൊക്കെ കഥകള്‍ എഴുതി. എഴുതിയതിനേക്കാള്‍ കൂടുതല്‍ വായിക്കാറാണ് പതിവ്. എഴുതാന്‍ അരമണിക്കൂറോ മുക്കാല്‍ മണിക്കൂറോ മാത്രമേ വേണ്ടിവരാറുള്ളൂ. വീട്ടുപണികളൊക്കെ കഴിഞ്ഞാല്‍ പിന്നെ വായിക്കാനാണ് സമയം കണ്ടെത്തിയിരുന്നത്. അതുകൊണ്ട് വാക്കുകള്‍ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടില്ല.

കലാമണ്ഡലത്തിന്റെ ചരിത്രം എഴുതിയപ്പോള്‍ അതിലെ ഭാഷ വളരെ ലളിതമായി എന്ന് കവി ഒളപ്പമണ്ണ പറഞ്ഞു. ഇത്രയ്ക്ക് ലളിതമാക്കേണ്ടെന്നും കുട്ടികള്‍ക്കല്ല എഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ലളിതമായിട്ടേ എഴുതാന്‍ കഴിയൂ എന്നും വലിയ വലിയ വാക്കുകള്‍ ഉപയോഗിക്കാന്‍ തോന്നിയില്ലെന്നും പറഞ്ഞു. മാറ്റിയെഴുതുകയൊന്നും ഉണ്ടായില്ല. കേട്ടുകേള്‍വി ഇല്ലാത്ത വാക്കുകളൊന്നും ഞാന്‍ എവിടെയും ഉപയോഗിച്ചിട്ടില്ല. എന്റെ ചെറുപ്പത്തിലൊന്നും ബാലസാഹിത്യകൃതികളൊന്നും ഉണ്ടായിരുന്നില്ല. അച്ഛന്‍ വാങ്ങിത്തന്ന 'കുട്ടികളുടെ മഹാഭാരതം' എന്ന പുസ്തകമാണ് ചെറുപ്പത്തില്‍ വായിച്ച പുസ്തകങ്ങളില്‍ ഏറെ ഇഷ്ടപ്പെട്ടത്. അന്ന് പുസ്തകങ്ങള്‍ കിട്ടാനൊക്കെ വലിയ പ്രയാസമാണ്. കുറേ കഴിഞ്ഞാണ് മാലിയൊക്കെ എഴുതാന്‍ തുടങ്ങുന്നത്. പിന്നെ നരേന്ദ്രന്‍ എഴുതാന്‍ തുടങ്ങി. വായിക്കാതിരിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ മുതിര്‍ന്നവരുടെ പുസ്തകങ്ങളൊക്കെ വായിക്കാന്‍ തുടങ്ങി. കവിതകളാണ് കൂടുതലും വായിച്ചത്. കുട്ടികളുടെ വിവര്‍ത്തനകൃതികളും അന്നുണ്ടായിരുന്നില്ല.

മാലിയുടേയും നരേന്ദ്രനാഥിന്റെയും മരണത്തിനുശേഷമാണ് ഞാന്‍ ബാലസാഹിത്യകൃതികള്‍ കൂടുതലായി എഴുതാന്‍ തുടങ്ങിയത്. പി.എ. വാരിയര്‍ പത്രാധിപരായിരുന്ന 'പൂമ്പാറ്റ' എന്ന മാസികയില്‍ ചെറിയ നോവലുകളൊക്കെ അയച്ചു. പുസ്തകമാക്കണമെന്ന വിചാരമൊന്നും അന്നുണ്ടായില്ല. പിന്നീടാണ് പുസ്തകങ്ങളൊക്കെ പ്രസിദ്ധീകരിക്കുന്നത്. എന്റെ കുട്ടികള്‍ വലുതായിട്ടും ഞാന്‍ എഴുത്ത് നിര്‍ത്തിയില്ല. കുട്ടികള്‍ വായിക്കുന്നില്ല എന്നൊക്കെ എല്ലാവരും പറഞ്ഞു. പക്ഷേ കുട്ടികള്‍ വായിക്കുന്നുണ്ട്. കുട്ടികള്‍ എഴുതി അയക്കാറുണ്ടായിരുന്ന കത്തുകള്‍ വലിയ സന്തോഷം നല്‍കുന്നവയായിരുന്നു. എഴുതാന്‍ കഴിയുന്നില്ലെങ്കിലും വായന ഇപ്പോഴും തുടരുന്നു.

Content Highlights : children's writing experiences by sumangala teacher