എം ജി യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്ന കാലം. എഴുത്തില്‍ നിന്നകന്നു പോയ , മലയാളം ലക്ചററും കൂടിയായ പണ്ടത്തെ ഒരു ചെറുകഥാകാരി എന്നെ വന്നു കാണുകയും അവര്‍ക്ക് ദത്തെടുത്ത ഒരു മകളാണുള്ളതെന്നു പറയുകയും,   ആ കുഞ്ഞുമകള്‍ക്ക് ഏറ്റവും കുറവ് മാര്‍ക്ക് കിട്ടുന്നത് 'എന്റെ സ്വന്തം വിഷയമായ മലയാളത്തിനാണ് ' എന്നു ചെറുതായി സങ്കടപ്പെടുകയും ചെയ്തു ഒരു ദിവസം. വീട്ടില്‍ ചെന്ന് ആ മണിക്കുട്ടിയ്ക്ക് മലയാളം ഇഷ്ടപ്പെടുത്തിക്കൊടുക്കാനന്താണ് വഴിയെന്നാലോചിച്ചു ഞാന്‍. അന്നു ഞാനിരുന്ന് ചിത്രശലഭങ്ങളുടെ  ഒരു കുഞ്ഞു കഥയെഴുതി. ഞാനാക്കഥ എവിടെയോ വച്ചു.പിന്നൊരിക്കല്‍ , വീടിനകത്തേക്ക് നിറയെ പൂമ്പാറ്റകള്‍ വന്നു കയറിയ ഒരു ദിവസം , എനിക്കാ കഥയെക്കുറിച്ചോര്‍മ്മ വന്നു . അതെടുത്തൊന്നു കൂടി വായിച്ചു നോക്കിയപ്പോള്‍ , ഇതൊരു കുഞ്ഞുനോവലായി കുഞ്ഞുങ്ങള്‍ക്കായി എഴുതിയാലെന്തെന്ന് ഒരാലോചനയായി. പത്തു ദിവസം കൊണ്ട് പത്ത് അദ്ധ്യായമെഴുതി. 

അത് 'ചിത്രശലഭങ്ങളുടെ വീട്' ആയി. ഒരുപാട് കുട്ടികള്‍ക്കത് വളരെവളരെ ഇഷ്ടമായി എന്നറിഞ്ഞ് ഞാന്‍ അമ്പരക്കുകയും സന്തോഷിക്കുകയും ചെയ്തു . അതിന്റെ ഏറ്റവും വലിയ ആരാധിക, കെ ആര്‍ മീരയുടെ മകള്‍ അമ്മു എന്ന ശ്രുതിയായിരുന്നു . അവളത് നിലത്തു വയ്ക്കാതെ പല തവണ വായിച്ചു കൊണ്ടു നടന്നു. അവളന്ന് ആറാം ക്ളാസില്‍ വച്ച് ആ പുസ്തകത്തെക്കുറിച്ചെഴുതിയ കുഞ്ഞിക്കുറിപ്പ് അടുത്തയിടെ അവളുടെ അച്ഛന്‍ ദിലീപ് എനിക്കയച്ചു തന്നു.ഏതോ അടുക്കിപ്പെറുക്കലിനിടയില്‍ ദിലീപിന് കിട്ടിയതാവണം അത്. പിന്നെ ആ പുസ്തകത്തിന്  കുട്ടികളുടെ ജൂറി നിശ്ചയിക്കുന്ന ഭീമാ ബാലസാഹിത്യ അവാര്‍ഡും   കേരളസാഹിത്യ അക്കാദമിയുടെ ശ്രീ പദ്മനാഭസ്വാമി എന്‍ഡോവ്മെന്റ് അവാര്‍ഡും കിട്ടി.

എവിടുന്നൊക്കെയോ കുട്ടികളും അവരുടെ അച്ഛനമ്മമാരും 'ചിത്രശലഭങ്ങളുടെ വീടി 'നെക്കുറിച്ച് നല്ലതു പറഞ്ഞുകൊണ്ട് കത്തെഴുതിയിട്ടും ഞാന്‍ രണ്ടാമതൊരു ബാലസാഹിത്യപുസ്തകത്തിന് മുതിര്‍ന്നില്ല. എന്റെ ബാലസാഹിത്യനിയോഗം ആ ഒറ്റപ്പുസ്തകം കൊണ്ടു പൂര്‍ണ്ണമായി എന്നു കരുതിയിരുന്ന ഞാന്‍ , കൊച്ചി FMലെ വി എം ഗിരിജ പറഞ്ഞിട്ട് കുട്ടികളുടെ പ്രോഗ്രാമായ 'ഒരിടത്തൊരിടത്തൊരിടത്തി'ലേക്ക് പിന്നെയും കഥ ഒരുക്കേണ്ടതായി വന്നു . എന്റെ മകന്‍ കുഞ്ഞുണ്ണിക്ക് രണ്ടു വയസ്സായിരുന്നു പ്രായം.

കുഞ്ഞിനെ വളര്‍ത്തലും ഓഫീസില്‍ പോകലും പല വക ജീവിതപ്രശ്നങ്ങളും കൊണ്ട് എഴുത്താകെ നിന്നു പോയിരുന്നു അക്കാലത്ത. കുട്ടികള്‍ക്കായെഴുതിയെങ്കിലും അക്ഷരം കൂടെയുണ്ടെന്നു സമാധാനിയ്ക്കാം എന്ന മോഹച്ചിറകിലേറി ഞാനെഴുതാനിരുന്നു. പേനത്തുമ്പത്തു വന്നത് കുഞ്ഞുണ്ണിചരിതമാണ് . കുഞ്ഞിന്റെ ചെയ്തികള്‍ ഒരു ഡയറിയിലെഴുതി അവന്റെ കുഞ്ഞുന്നാളുകള്‍ ഒപ്പിവയ്ക്കണം എന്ന മോഹത്തിനെയും കഥയെഴുത്തിനെയും കൂടി ഒരു മാന്ത്രികദണ്ഡു ചുഴറ്റി ഒന്നാക്കി ഞാന്‍  കഥ തയ്യാറാക്കി നോക്കി. അങ്ങനെ ഒരുക്കിയ' അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം' ഇന്‍സ്റ്റന്റ് ഹിറ്റായി എന്നെ അത്ഭുതപരവശയാക്കി.

മകനന്ന് എല്‍ കെ ജിയിലായിരുന്നു. അവന്റെ ക്ളാസ് റ്റീച്ചര്‍ക്ക് ഞാന്‍ പുസ്തകത്തിന്റെ കോപ്പി കൊടുത്തയച്ചു. പിന്നീട് ഞാനെന്തിനോ സ്‌ക്കൂളില്‍ ചെന്നപ്പോള്‍ ഓരോ ക്ളാസ് മുറിയില്‍ നിന്നും റ്റീച്ചേഴ്സ് എന്നെ വന്നു പൊതിഞ്ഞു .എനിക്കറിയുന്നവരും അറിയാത്തവരും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. ഞാനതുവരെ മിണ്ടിയിട്ടില്ലാത്തവര്‍ പോലും എന്റെ കൈ പിടിച്ചു പറഞ്ഞു , 'എന്തൊരു പുസ്തകം .ഞങ്ങള്‍ കഥാകൃത്തുക്കളായിരുന്നെങ്കില്‍ എഴുതുമായിരുന്ന അതേ പുസ്തകം . ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും വാക്കുകളുടെയും ചെയ്തികളുടെയും അതേ ഛായ ഇപ്പുസ്തകത്തിന്. '

വലിയവരുടെ വാക്കിനും അപ്പുറത്തായി , ഞാനറിയാത്ത കുഞ്ഞിക്കുട്ടികള്‍ കഥയിഷ്ടവുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. രണ്ടുവയസ്സുകാര്‍ മുതല്‍ പല പല കുഞ്ഞുവയസ്സുകാര്‍ വൈകുന്നേരമാകുമ്പോള്‍ , അപ്പുസ്തകം എടുത്ത് കക്ഷത്തില്‍ വച്ച് 'വാ ,നമുക്ക് കുഞ്ഞുണ്ണീടേം കുഞ്ഞുണ്ണിയമ്മയുടേയും കഥ പറയാം' എന്നു പറഞ്ഞു നടക്കുന്ന ചിത്രം പല രക്ഷിതാക്കള്‍ എനിക്ക് റിപ്പോര്‍ട്ട് ചെയ്തു  കൊണ്ടേയിരിക്കുന്നു, ഇതെഴുതാനിരിക്കുന്ന ഈ നിമിഷം വരെയും .

priya a s
പ്രിയ എ.എസ്. ചെറുപ്പകാലത്ത്‌

തൃപ്പൂണിത്തുറയില്‍ നിന്ന് എരമല്ലൂരിലെ  എന്റൈ വീട്ടില്‍ വന്ന് എന്നെ കണ്ടുപോയ കുട്ടി ,കസേരകളില്‍ നിന്ന് കസേരകളിലേക്ക് ചാടിമറിയുന്നതിന്റെ തിടുക്കത്തിലും കഥയിലെ കഥാപാത്രങ്ങളെ കുഞ്ഞുണ്ണി,കുഞ്ഞുണ്ണിയമ്മൂമ്മ ,കുഞ്ഞുണ്ണിയപ്പൂപ്പന്‍ എന്നൊക്കെ എണ്ണിപ്പെറുക്കി തിരിച്ചറിഞ്ഞുകൊണ്ടിരുന്നു . കുഞ്ഞുണ്ണിയുടെ സ്‌ക്കൂളിലെ ആനിവേഴ്സറിക്ക് നൃത്തച്ചമയങ്ങളണിഞ്ഞു നിന്നിരുന്ന ഹരികൃഷ്ണ എന്ന പെണ്‍കുട്ടി ചിരപരിചിതയെപ്പോലെ എന്റെ കൈയും പിടിച്ച് ഞാന്‍  സ്‌ക്കുളിലൂടെ പോകുന്നയിടത്തെല്ലാം  എന്റെ കൂടെ വന്നു ,കഥയിലെ പപ്പടമരത്തെക്കുറിച്ചു ചോദിച്ച്. 

എന്റെ എഴുത്തിന്റെ വഴികളില്‍ എന്നെ ആനന്ദത്തിലാറാടിച്ചിരിക്കുന്നത് ഇക്കുഞ്ഞുങ്ങളാണ് . ഇവരെന്നെ  എന്റെ പേരു കൊണ്ടോ എനിക്കു കിട്ടിയ അവാര്‍ഡു കൊണ്ടോ ഏതെങ്കിലും നിരൂപകന്റെ   നല്ലവാക്കില്‍ മയങ്ങിയോ  അറിയുന്നവരല്ലല്ലോ. അവര്‍  വായിച്ച അല്ലെങ്കില്‍ വായിച്ചു കേട്ടകഥയിലെ മധുരം കൊണ്ടും കുസൃതി കൊണ്ടും എന്നെ തൊടുന്നവരാണ് എന്റെയീ  കുഞ്ഞുങ്ങള്‍.

എന്തു മാന്ത്രികവിദ്യ പ്രയോഗിച്ചാണ് ഞാനിവരെ വശത്താക്കിയതെന്നു ചോദിച്ചാല്‍ സത്യമായും എനിക്കറിയില്ല. ഒരു പക്ഷേ  ആശുപത്രികള്‍ തട്ടിയെടുത്ത എന്റെ ബാല്യത്തിന്റെ ബാക്കിയായി എന്റെയുള്ളില്‍ എന്നുമുള്ള ഒരു കുട്ടി അവളെത്തന്നെ രസിപ്പിക്കാന്‍ വേണ്ടി കഥ പറയുന്നതാവാം. അവള്‍, അവള്‍ക്കു തോന്നുന്നതിനെക്കുറിച്ചെല്ലാം കുഞ്ഞു കുഞ്ഞുവാക്കുകളില്‍ കഥ നിറയ്ക്കുമ്പോള്‍, അവളുടെ ശരിക്കുള്ള പ്രായം ഒളിച്ചു പോവുന്നുണ്ടാവാം.

ഞാന്‍ പിന്നെ കുഞ്ഞുണ്ണിക്കഥകള്‍ക്ക് രണ്ടാം ഭാഗമെഴുതി . 'അമ്മേങ്കുഞ്ഞുണ്ണീം മൂക്കുരുമ്മീ മൂക്കുരുമ്മീ.' ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം  പൂര്‍ണ്ണ ബുക്സിലെ ഡോ കെ ശ്രീകുമാര്‍ എന്ന കുട്ടിക്കഥാവിദഗ്ധന്‍ , ശിശുദിനസംബന്ധിയായ സമ്മാനപ്പെട്ടിയില്‍ ഉള്‍ക്കൊള്ളിക്കാനായി എന്നെക്കൊണ്ട് പുസ്തകമെഴുതിക്കുന്നു.ഞാനതോരോന്നും എഴുതിത്തീര്‍ത്ത് പിന്നെയും പിന്നെയും കുട്ടിയാവുന്നു.

എത്ര വിഷമിച്ചിരിക്കുമ്പോഴും ഒരു കുട്ടിക്കഥയെഴുതുമ്പോള്‍ , എനിക്ക് മിന്നാമിന്നികളെ തൊടാനാവുന്നു . അതു കൊണ്ടാണല്ലോ ഞാന്‍ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ iemalayalam.com നു വേണ്ടി ഇരുനൂറു കുഞ്ഞിക്കഥകളെഴുതി, അത് മൂന്നുറ്ററുപത്തിയഞ്ച് എന്ന എണ്ണത്തിലേക്കു തികയ്ക്കുന്ന സ്വപ്നം കാണുന്നത്. ഞാന്‍ വിളിക്കുമ്പോഴെല്ലാം കുഞ്ഞുങ്ങള്‍ക്കായി കഥ ചമയ്ക്കാന്‍ പാകത്തില്‍ എന്റെ വിരല്‍ത്തുമ്പില്‍ വന്നു നിറയുന്ന  ഏണാങ്കാനനയായ സരസ്വതിയെ ഞാനിപ്പോള്‍ ഒരുപാടൊരുപാടിഷ്ടപ്പെടുന്നു.എനിക്കിനിയും ഒരുപാട് കുട്ടിക്കഥകളെഴുതി കുട്ടിയാവുകയും കുട്ടികളെ രസിപ്പിക്കുകയും വേണം.

Content highlights : children's writing experiences by priya a s