ത്തവണത്തെ ശിശുദിനത്തിന് പല പ്രത്യേകതകളുമുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോയി പലവിധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന ദിനമായിരുന്നു ശിശുദിനം. ഈ വര്‍ഷത്തെ ശിശുദിനം വ്യത്യസ്തവും പുതിയതുമായ ഒരു അനുഭവമാണ് കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്. വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടി ആ ദിവസത്തെ ആഘോഷമാക്കേണ്ടി വരുന്ന അവസ്ഥ. ലോകമെമ്പാടുമുള്ള സാമൂഹിക, സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍മേഖലകളിലെല്ലാം കടുത്ത പ്രഹരം സൃഷ്ടിച്ചുകൊണ്ട് കോവിഡ് വ്യാപനം തുടരുകയാണ്. അത് സ്വാഭാവികമായും കുട്ടികളെ ബാധിക്കുകയുണ്ടായി. നന്നായി പഠിക്കാന്‍ താല്പര്യമുള്ള കുട്ടികളുടെ പഠനം മുടങ്ങരുതെന്ന ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. സ്‌കൂളില്‍ പോയി പഠിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുകയും അതിന്റെ ഫലമായി കുട്ടികള്‍ക്ക് പലരീതിയിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തു. സംശയങ്ങള്‍ ചോദിക്കാന്‍ കഴിയാതിരിക്കുകയും നേരിട്ട് അധ്യാപകരെ കാണാന്‍ കഴിയാതിരിക്കുന്നു പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്, പഠിക്കാന്‍ താല്പര്യമില്ലാത്ത കുട്ടികള്‍ക്കൊക്കെ പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു.

ഓടിയും ചിരിച്ചും കളിച്ചും ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ പോകുകയും ചെയ്യേണ്ട പ്രായമാണ് കുട്ടികളുടേത്. ഇതില്‍നിന്ന് നേരെ വിപരീതമായി ലോക്ഡൗണ്‍ സംഭവിച്ചപ്പോള്‍ കുട്ടികളെല്ലാം വീടുകളിലും സ്വന്തം മുറികളിലും തളച്ചിടുന്ന അവസ്ഥയുണ്ടായി. ഇത് അവരെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കാം.കായികവിനോദങ്ങളിലും മറ്റു വ്യായാമങ്ങളിലും ഏര്‍പ്പെടാതിരിക്കുന്നതുകൊണ്ട് അവരുടെ ശാരീരികവളര്‍ച്ചയെ ബാധിക്കുന്നു. കൂട്ടുകാരുമായും മറ്റും കളിക്കാനോ നേരിട്ട് സംസാരിക്കാനോ സാധിക്കാത്തതുകൊണ്ട് മാനസികമായും തളര്‍ച്ച നേരിടുന്നു. സാമൂഹികമായ ഒരു ഒറ്റപ്പെടലിലൂടെയാണ് ഇപ്പോള്‍ കുട്ടികള്‍ പോയിക്കൊണ്ടിരിക്കുന്നത്. ഈ ഒറ്റപ്പെടലില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ സാമൂഹികമാധ്യമങ്ങള്‍ പോലുള്ള സംവിധാനങ്ങളില്‍ അമിതമായി അഭയം കണ്ടെത്തുന്നു. ഇതിന്റെ ഫലമായി പ്രായത്തില്‍ കവിഞ്ഞുള്ള അറിവുകള്‍ അവര്‍ക്ക് ലഭിക്കുകയും അവര്‍ കൂടുതല്‍ മേഖലകളിലേക്ക് ചെന്നെത്തുകയും നെഗറ്റീവായ ഫലങ്ങള്‍ ഇതേത്തുടര്‍ന്ന് ലഭിക്കുകയും ചെയ്യുന്നു. കുട്ടികള്‍ ആത്മഹത്യയിലേക്ക് എത്തുന്നതായ ചില സാഹചര്യങ്ങളിലേക്ക് ഇത് ചെന്നെത്തുന്നു.

ഇനി കുറച്ചു മാസങ്ങള്‍ കൂടി കൊറോണയും ജാഗ്രതയുമെല്ലാം തുടരാനാണ് സാധ്യത. കുട്ടികളെ ബാധിക്കാത്ത രീതിയില്‍ അവരെ ഈ സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോകാന്‍ പ്രാപ്തമാക്കുകയാണ് വേണ്ടത്. അവരുടെ ഭാഗത്തുനിന്നുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിന് പരിഹാരം കാണുകയാണ് ഇപ്പോള്‍ വേണ്ടത്. പഠനവുമായി ബന്ധപ്പെട്ടുള്ള സഹായങ്ങള്‍ രക്ഷിതാക്കള്‍ ചെയ്തുകൊടുക്കണം. ഒപ്പം അവരുടെ കൂടെ സമയം ചെലവഴിച്ച് കായികവും മാനസികവുമായ പിന്തുണയും നല്‍കണം. കുട്ടികളില്‍ വായനാശീലം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാം. കുട്ടികള്‍ക്ക് താല്പര്യമുള്ള, കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പറ്റുന്ന മേഖലകളിലേക്ക് അവരെ കൂടുതലായി കൊണ്ടുപോകാന്‍ ശ്രമിക്കാം. ഇപ്പോഴത്തെ ഈ അവസ്ഥയില്‍ തളരാതെ വരാന്‍ പോകുന്ന കാര്യങ്ങളെ നേരിടാനുള്ള ഒരു ചവിട്ടുകല്ലായി കാണുകയാണ് വേണ്ടത്. 

Content highlights : children's mental and physical health during covid 19 pandemic