ന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവനും ശിശുദിനം ആഘോഷിക്കുന്നുണ്ട്. നവംബര്‍ 20-നാണ് അന്താരാഷ്ട്ര ശിശുദിനമായി ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി തീരുമാനപ്രകാരം യുനെസ്‌കൊയുടെ അംഗീകാരത്തോടെയാണ് നവംബര്‍ ഇരുപത് അന്താരാഷ്ട്ര ശിശുദിനമായി ആചരിക്കുന്നത്. എന്നാല്‍ അംഗരാഷ്ട്രങ്ങള്‍ക്ക് ഇഷ്ടമുള്ള ദിവസം ശിശുദിനമായി ആചരിക്കാന്‍ അനുമതി നല്‍കിയതിനാല്‍ പല രാജ്യങ്ങളിലും വിവിധ തീയതികളിലാണ് ശിശുദിനം ആഘോഷിക്കപ്പെടുന്നത്. അതേപോലെ യു.എന്‍.ഒ.യുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ജൂണ്‍ ഒന്ന് അക്രമങ്ങള്‍ക്കിരയാവുന്ന കുട്ടികള്‍ക്കുള്ള ദിനമായും ആചരിക്കുന്നുണ്ട്.  ഈ തീയതി അന്തര്‍ദേശീയ ശിശുദിനമായും ആചരിച്ചുവരുന്നുണ്ട്.

സാര്‍വദേശീയ ശിശുദിനം

യു.എന്‍.ഒ. പ്രഖ്യാപനമനുസരിച്ചുള്ള കുട്ടികളുടെ അവകാശങ്ങള്‍ ലോകമെങ്ങും സംരക്ഷിക്കപ്പെടണംഎന്നതാണ് ഈ ദിനാചരണംകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. യാതൊരുതരത്തിലുള്ള വിവേചനവും കൂടാതെ കുട്ടികളെ സംരക്ഷിക്കാനും അവരുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താനും കഴിവുകള്‍ വികസിപ്പിക്കാനും രക്ഷാകര്‍ത്താക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും ബാധ്യതയുണ്ട്.

1989-ല്‍ കുട്ടികളുടെ അവകാശങ്ങള്‍ എന്ന ഒരു അജന്‍ഡ മാത്രം ചര്‍ച്ച ചെയ്യാനായി യു.എന്‍. ജനറല്‍ അസംബ്ലി ചേരുകയും കുട്ടികളുടെ അവകാശപ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ പ്രഖ്യാപനത്തില്‍ 54 ആര്‍ട്ടിക്കിളുകളിലായി കുട്ടികളുടെ അവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

3 P'S അഥവാ Provision, protection, participation

അന്‍പത്തിനാല് ആര്‍ട്ടിക്കിളുകളെ Provision (കരുതല്‍ നടപടികള്‍), Protection (സംരക്ഷണം), Participation (പങ്കാളിത്തം) എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിക്കാം.

പ്രൊവിഷന്‍ എന്ന മേഖലയില്‍ കുട്ടികള്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന വ്യവസ്ഥകളാണുള്ളത്. കുട്ടികളുടെ (18 വയസ്സില്‍ താഴെ പ്രായമുള്ള എല്ലാവരും കുട്ടികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.) സംരക്ഷണം, അവര്‍ക്ക് വേണ്ട ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവയെല്ലാം ലഭ്യമാക്കേണ്ടത് ഈ മേഖലയില്‍ ഉള്‍പ്പെടുന്ന അവകാശമാണ്. പ്രൊട്ടക്ഷന്‍ എന്ന മേഖലയില്‍ ബാലവേല നിരോധനം, ശാരീരിക- മാനസിക പീഡനങ്ങളില്‍നിന്നുള്ള സംരക്ഷണം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു.

പാര്‍ട്ടിസിപ്പേഷനില്‍ അഭിപ്രായ സ്വാതന്ത്ര്യം, തീരുമാനങ്ങളില്‍ പങ്കാളിത്തം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

Content highlights : children's day celebration in world