പ്രിയപ്പെട്ട കൂട്ടുകാരേ,
ഞാന്‍ എന്തിനെപ്പറ്റിയാണ് നിങ്ങള്‍ക്ക് എഴുതേണ്ടത്, നിങ്ങള്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന ഉപദേശങ്ങളുടെ പട്ടിക നിരത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നോടൊപ്പം നിങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍! എന്നാല്‍ നമ്മുടെ മനോഹരമായ ലോകത്തെപ്പറ്റി ഞാന്‍ പറയുമായിരുന്നു. ഇവിടുത്തെ പൂക്കളെയും മരങ്ങളെയും പക്ഷിമൃഗാദികളെയും പറ്റി. നക്ഷത്രങ്ങളെയും പര്‍വതങ്ങളെയും പറ്റി... അങ്ങനെ നമുക്ക് ചുറ്റുമുള്ള അദ്ഭുതകരമായ ലോകത്തെപ്പറ്റി സംസാരിക്കാമായിരുന്നു. എന്നാല്‍ മുതിര്‍ന്നവരോ, അവര്‍ ഇതെല്ലാം മറന്ന് വഴക്കിലും വാഗ്വാദത്തിലും വിവാദങ്ങളിലും മുഴുകുന്നു...
നിങ്ങള്‍ക്ക് പക്ഷികളെ അവയുടെ പാട്ടുകൊണ്ടും പൂക്കളെ മണം കൊണ്ടും തേനിന്റെ മധുരംകൊണ്ടും പേരുകൊണ്ടും തിരിച്ചറിയാമോ? പ്രകൃതിയിലെ എന്തിനോടും സ്നേഹത്തോടും വിനയത്തോടും പെരുമാറിയാല്‍ അവയെല്ലാം നമ്മുടെ കൂട്ടുകാരാവും. അത് കാണാനും അറിയാനുമുള്ള കണ്ണും കാതും മനസ്സും നിങ്ങള്‍ക്ക് ഇന്നുണ്ട്. നിങ്ങള്‍ അവയൊന്നും അടച്ചുകളയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രായപൂര്‍ത്തിയായവര്‍ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും കക്ഷിരാഷ്ട്രീയത്തിന്റെയും സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും ജയിലുകളില്‍ സ്വയം തളച്ചിടപ്പെട്ടാണിരിക്കുന്നത്. ഭാഗ്യമെന്ന് പറയട്ടെ, നിങ്ങള്‍ കുട്ടികള്‍ ഇതൊന്നുമറിയാതെ ഒരുമിച്ച് കളിക്കുകയും പഠിക്കുകയും ചെയ്യുന്നു. വലുതാകുമ്പോള്‍ മാത്രമാണ് നിങ്ങള്‍ ഈ അതിര്‍വരമ്പുകളെക്കുറിച്ച് മുതിര്‍ന്നവരില്‍നിന്ന് പഠിക്കുന്നത്. പ്രായപൂര്‍ത്തിയാകാന്‍ നിങ്ങള്‍ക്ക് ഇനിയും ഏറെ കാലമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നത് അതുകൊണ്ടാണ്...
നമ്മുടെ രാജ്യം വളരെ വലുതാണ്. ഇന്ത്യക്കുവേണ്ടി നമ്മള്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. നാം ഓരോരുത്തരും നമുക്കാവുന്ന ചെറിയ പങ്കുവഹിച്ചാല്‍ മതി. അതെല്ലാം ഒത്തുചേര്‍ന്ന് നമ്മുടെ ഇന്ത്യയെ അഭിവൃദ്ധിപ്പെടുത്തും.
എന്റെ തൊട്ടടുത്തായി നിങ്ങള്‍ ഇരിപ്പുണ്ടെന്ന് എനിക്ക് തോന്നുന്നു. അതുപോലെ സംസാരിക്കാനാണ് ഞാന്‍ ഈ കത്തിലൂടെ ശ്രമിച്ചത്.
Content highlights : a letter of jawaharlal nehru for children