വര: വി. ബാലു
പാവയ്ക്കാക്കുന്നു കയറുന്നതിനിടെ വഴിയില്‍ക്കണ്ട ഒരു മൈല്‍ക്കുറ്റിയില്‍ കുത്തിയിരുന്നിട്ട് അമ്മൂമ്മ അപ്പൂപ്പനോടു പറഞ്ഞു: ''എനിക്കിനി ഒരടി നടക്കാന്‍ വയ്യ! നടന്നു നടന്ന് എന്റെ കാലുകഴച്ചു.''
''നിനക്കായിരുന്നല്ലോ സിനിമ കാണാന്‍ വല്ല്യ പൂതി...'', അപ്പൂപ്പന് തൊള്ളതുറന്നു.
മുട്ടന്‍ വഴക്കുണ്ടാവാന്‍ പോവുകയാണെന്ന് ഞൊണ്ടിനടന്ന ചെക്കനു മനസ്സിലായി. അവന് പറഞ്ഞു: ''വിഷമിക്കേണ്ട അമ്മാമ്മേ, ഞാന്‍ നിങ്ങളെ എടുത്തോണ്ടുനടക്കാം.''
''നിനക്കുതന്നെ നേരേ നടക്കാന്‍ കഴിയുന്നില്ല. പിന്നെയെങ്ങനെയാടാ നീ എന്നെക്കൂടി ചുമക്കുന്നത്?'' അമ്മൂമ്മ അതു ചോദിച്ചുതീരുംമുന്പ് ചെക്കന് അമ്മൂമ്മയെ തോളിലേറ്റിക്കഴിഞ്ഞിരുന്നു.
ചെക്കന്റെ തോളിലിരുന്നുള്ള യാത്ര അമ്മൂമ്മയ്ക്ക് നന്നായി ബോധിച്ചു. മുന്‍പ് ഈവഴി പോയപ്പോഴൊന്നും കാണാത്ത കാഴ്ചകള്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്!
വയ്യാത്ത കാലുംവെച്ച് അമ്മൂമ്മയെയും തോളിലേറ്റി ചെക്കന് നല്ല സ്പീഡിലാണ് നടക്കുന്നത്. അപ്പൂപ്പന് ഒപ്പമെത്താന്‍ പാടുപെട്ടു!
ചെക്കന് അമ്മൂമ്മയെ വീടിന്റെ ഉമ്മറത്തു കൊണ്ടുചെന്നിറക്കിവെച്ചു. അപ്പോള്‍ അമ്മൂമ്മയോട് അപ്പൂപ്പന് ഒരു ചോദ്യം: ''നമുക്കിവന് ഒരു പേരിടണ്ടേ?''
''ഇവനുള്ള പേര് ഞാന്‍ തീരുമാനിച്ചുകഴിഞ്ഞു.''
''എന്നതാടീ നീ കണ്ടുവെച്ച പേര്?''
''മൂസ...''
''മൂസയോ? അതിച്ചിരി ഓള്ഡായിപ്പോയി. അതൊന്നും ഞാന്‍ സമ്മതിക്കത്തില്ല. ഞാനും ഒരു പേര് മനസ്സില്‍ കണ്ടിട്ടൊണ്ട്.''
''എന്നതാ നിങ്ങടെ ഒരു പരിഷ്കാരപ്പേര്? ഒന്നു പറ, കേക്കട്ടെ.''
''നമുക്കിവന് നമ്മുടെ രാജ്യത്തിന്റെ പേരിടാം, 'ഭാരതം'...''
അമ്മൂമ്മ മൂക്കത്തു വിരല്‍വെച്ചു.
''എന്നാല്‍ വേണ്ട, അല്പം പരിഷ്കരിച്ച് 'ഭരത്' എന്നിടാം എന്താ?''
''നിങ്ങളെന്തുപറഞ്ഞാലും ഞാന്‍ സമ്മതിക്കത്തില്ല. ഇവനെ ഇങ്ങോട്ടു ക്ഷണിച്ചതു ഞാനാണെങ്കില്‍ ഇവന്റെ പേരും ഞാന്‍തന്നെ ഇടും.''
ഈ വക്കാണം കേട്ട് സഹികെട്ട് ചെക്കന് പറഞ്ഞു: ''നിങ്ങള്‍ രണ്ടാളും ഇങ്ങനെ വഴക്കിടേണ്ട. എന്റെ പേര് 'ഭരത് മൂസ' എന്ന് ആയിക്കോട്ടെ.''
അങ്ങനെ അപ്പൂപ്പനും അമ്മൂമ്മയും ഒരൊത്തുതീര്പ്പിലെത്തി; ചെക്കനൊരു പേരും കിട്ടി.
Also Read
അമ്മൂമ്മ അവന് പുതിയ മുണ്ടും ഷര്‍ട്ടും തോര്‍ത്തും സോപ്പും കൊടുത്ത് ഷിറിയപ്പുഴയില്‍ കുളിക്കാനയച്ചു. കുളികഴിഞ്ഞ് 'ഭരത് മൂസ' വന്നപ്പോള്‍ അപ്പൂപ്പന് അവന്റെ മുടി മുറിച്ചുകൊടുത്തു. അത്താഴം കഴിഞ്ഞ് അമ്മൂമ്മ മൂസയ്ക്കുറങ്ങാന് ഉമ്മറത്ത് ഒരു ബെഞ്ചു കാണിച്ചുകൊടുത്തു.
അപ്പൂപ്പന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും രാത്രി ഉറക്കംവന്നില്ല. അമ്മൂമ്മയാണെങ്കില്‍ നല്ല ഉറക്കംപിടിച്ചുകഴിഞ്ഞിരുന്നു. വയസ്സുകാലത്ത് തങ്ങള്‍ക്കു തുണയാകാത്ത പത്തുമക്കളെക്കുറിച്ചും അപ്പൂപ്പന് ഓര്‍ത്തു. പിന്നെ എന്തോ തീരുമാനിച്ച് കട്ടിലില്നിന്നെണീറ്റു.
അപ്പൂപ്പന് ഉമ്മറവാതില്‍ തുറന്നു. ചെക്കന് ബെഞ്ചില്‍ ചുരുണ്ടുകൂടിക്കിടപ്പുണ്ട്.
''ഭരത് മോനേ,'' അപ്പൂപ്പന് വിളിച്ചു.
''എന്താ അപ്പാപ്പാ?'',
വിളികേട്ടുകൊണ്ട് അവന് എഴുന്നേറ്റിരുന്നു.
ചെക്കന് ഒരു പൊന്‍പണം നീട്ടിക്കൊണ്ട് അപ്പൂപ്പന് പറഞ്ഞു: ''ഇത് നിനക്കുള്ളതാ. എനിക്ക് എന്റെ അച്ഛന് തന്നതാ. ഇനി നീയാ എന്റെ മകന്...''
''എനിക്കെന്തിനാ അപ്പാപ്പാ പൊന്‍പണം? കിടക്കാന്‍ ഒരു ഇടം തന്നതുതന്നെ വലിയ കാര്യം!''
''നീ അതൊന്നും പറഞ്ഞാല്‍ പറ്റുകേല. നാളെ ഞാനെങ്ങാനും മരിച്ചുപോയാല്‍ ഇതിന് അവകാശികളില്ലാതെയാവും.''
അപ്പൂപ്പന് സ്വര്‍ണനാണയം അവന്റെ കൈയില്‍ പിടിപ്പിച്ചു. എന്നിട്ട് ഒരു കല്പനയും: ''ഇക്കാര്യം എന്റെ പെമ്പ്രന്നോരറിയരുത്. നമ്മള് രണ്ടാളും അറിഞ്ഞാല്‍മതി.''
ഭരതിന് ഉറക്കംവന്നുതുടങ്ങിയതായിരുന്നു. പൊന്‍പണം കിട്ടിയതോടെ അവന്റെ ഉറക്കവും പോയി. 'ഉറക്കം കളയുന്ന സമ്പത്ത് എന്തിനാണ്?' അവന് ആ പൊന്‍പണം നിലാവത്ത് മുറ്റത്തെ വരിക്കപ്ലാവിന്റെ ചുവട്ടില്‍ കുഴിച്ചിട്ടു.
(തുടരും)
ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..