വര: വി. ബാലു
പാവയ്ക്കാക്കുന്നിന്റെ മുകളിലെ ഒരു കൊച്ചുവീട്ടിലാണ് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും താമസം. അഞ്ചാണും അഞ്ചു പെണ്ണും ഉള്‍പ്പെടെ പത്തുമക്കളെ പെറ്റതാണ് അമ്മൂമ്മ. പക്ഷേ, ഒറ്റ മക്കളും കൂടെയില്ല. പെണ്‍മക്കളൊക്കെ ഭര്‍ത്താക്കന്‍മാരുടെ വീട്ടിലായി താമസം. ആണ്‍മക്കളൊക്കെ പട്ടണത്തില്‍ വീടുവെച്ചു. ആരും അപ്പൂപ്പനെയും അമ്മൂമ്മയെയും കൂടെക്കൂട്ടിയില്ല.
ഒരുദിവസം അമ്മൂമ്മ തന്റെ വലിയൊരാഗ്രഹം അപ്പൂപ്പനോടു പറഞ്ഞു:
''എനിക്കൊരു സിനിമാ കാണാന്‍ പൂതി... നിറയെ ചിരിക്കാനുള്ള സിനിമയാവണം...''
അമ്മൂമ്മയുടെ ഒരാഗ്രഹമല്ലേ, പൊയ്ക്കളയാമെന്ന് അപ്പൂപ്പനും കരുതി.
പിറ്റേന്നു രാവിലെ അപ്പൂപ്പനും അമ്മൂമ്മയും കട്ടന്‍കാപ്പീം പച്ചറൊട്ടീം കഴിച്ച് പാവയ്ക്കാക്കുന്നിറങ്ങി ആശാന്‍കവലയില്‍ വന്ന് പട്ടണത്തിലേക്കുള്ള ബസ്സുപിടിച്ചു. തിയേറ്ററിലെത്തിയപ്പോള്‍ ഭയങ്കര തിരക്കായിരുന്നു. എന്നാല്‍ അമ്മൂമ്മ സ്ത്രീകളുടെ ക്യൂവില്‍ നുഴഞ്ഞുകയറി സൂത്രത്തില്‍ വേഗം ടിക്കറ്റൊപ്പിച്ചു. പ്രായമായ തള്ളയല്ലേ എന്നുകരുതി മറ്റുപെണ്ണുങ്ങളൊക്കെ അങ്ങു കണ്ണടച്ചു.
സിനിമ തുടങ്ങി അധികസമയം കഴിയുംമുന്‍പേ അമ്മൂമ്മ പൊട്ടിച്ചിരി തുടങ്ങി. അമ്മൂമ്മേടെ ചിരികേട്ട് അപ്പൂപ്പനും ചിരിതുടങ്ങി. അപ്പൂപ്പന്റേം അമ്മൂമ്മേടേം ചിരികേട്ട് തിയേറ്ററിലെ മൊത്തം ആള്‍ക്കാരും ചിരിക്കാന്‍ തുടങ്ങി! നായകന്റെ തമാശേം വീരകൃത്യങ്ങളുമൊക്കെ ഇരുവര്‍ക്കും നന്നായി ബോധിച്ചു. ചിരിച്ചുചിരിച്ചങ്ങിരിക്കെ സിനിമ പെട്ടെന്നങ്ങു തീര്‍ന്നതുപോലെ തോന്നിയ അമ്മൂമ്മയ്ക്ക് ദേഷ്യംപിടിച്ചു.
''ഇരുനൂറു രൂപയ്ക്ക് ടിക്കറ്റെടുത്തിട്ട് ഇത്രേം വേഗം ഇത് തീര്‍ന്നോ? ഇവരു നമ്മളെ പറ്റിച്ചു...''
''നീയൊന്നു വേഗം വാടീ, വയറുകുലുങ്ങിച്ചിരിച്ചിട്ട് എനിക്ക് വല്ലാതെ വിശക്കുന്നു. നമുക്കൊരു ഹോട്ടലില്‍ പോയി മട്ടന്‍ ബിരിയാണി തട്ടാം.''
''മട്ടന്‍ ബിരിയാണി നിങ്ങളങ്ങു തിന്നേച്ചാലും മതി. എനിക്ക് ചിക്കന്‍ ബിരിയാണി മതി.''
''ചിക്കനെങ്കില്‍ ചിക്കന്‍, ഒന്നുവേഗം നടക്കെടീ,'' അപ്പൂപ്പന്‍ തിരക്കുകൂട്ടി.
തിരക്കുള്ള റോഡിലൂടെ അവര്‍ ഹോട്ടലിന്റെ ബോര്‍ഡും നോക്കി നടന്നു. ഒടുവില്‍ 'രുചിറാണി' ഹോട്ടലിന്റെ ബോര്‍ഡുകണ്ടു. അവിടെക്കയറി രണ്ടുപേരും മൂക്കുമുട്ടെ തട്ടി. വയറുനിറഞ്ഞപ്പോള്‍ അപ്പൂപ്പനൊരു മൂത്രശങ്ക. വെയ്റ്ററോടു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു:
''ഹോട്ടലിനുള്ളില്‍ മൂത്രപ്പുരയില്ല. പുറത്തിറങ്ങി ഇടതുവശത്തൂടെ പിന്നോട്ടു നടന്നാല്‍ അവിടെ കാണാം.''
''നീയിവിടെയിരി, ഞാനിപ്പം വരാം!'' എന്നുപറഞ്ഞ് അപ്പൂപ്പന്‍ മൂത്രമൊഴിക്കാന്‍ പോയി. അമ്മൂമ്മ ആ സമയംകൊണ്ട് ഒരു നാരങ്ങാച്ചായേംകൂടി കുടിച്ചു.
അപ്പൂപ്പന്‍ തിരികെവന്ന് ബില്ലുകൊടുക്കാന്‍ നോക്കുമ്പഴല്ലേ രസം, അപ്പൂപ്പന്റെ മടിയിലിരുന്ന പേഴ്‌സ് കാണുന്നില്ല. അപ്പൂപ്പന്‍ നിന്ന നില്‍പ്പില്‍ വിയര്‍ത്തുകുളിച്ചു. അമ്മൂമ്മ നാണക്കേടുകൊണ്ടു വല്ലാണ്ടായി. അപ്പോഴാണ് കണ്ടാല്‍ വലിയ വൃത്തിയൊന്നുമില്ലാത്ത ഒരു ചെക്കന്‍ ഞൊണ്ടിക്കൊണ്ട് അങ്ങോട്ടുവന്നത്.

''അപ്പാപ്പാ, ഇതാണോ തിരയുന്നത്?'', അവന്‍ അപ്പൂപ്പനുനേരേ പേഴ്‌സ് നീട്ടി.
ഇരുവര്‍ക്കും ശ്വാസം നേരേവീണു. ബില്ലുതീര്‍ത്തിറങ്ങുമ്പോള്‍ അപ്പൂപ്പന്‍ ഒരു നൂറുരൂപാനോട്ടെടുത്ത് ആ ചെക്കനുനേരേ നീട്ടി.
''വേണ്ട അപ്പാപ്പാ, എനിക്കു പൈസ വേണ്ട. എനിക്കൊരു ചോറുവാങ്ങിത്തരുമോ?''
വീണ്ടും അവര്‍ ഹോട്ടലിലേക്കു കയറി. അവന്‍ ആര്‍ത്തിയോടെ തിന്നുന്നത് അവരിരുവരും അനുകമ്പയോടെ നോക്കിയിരുന്നു.
ഇടയ്ക്ക് വെള്ളം കുടിക്കാന്‍ അവന്‍ തീറ്റനിര്‍ത്തിയപ്പോള്‍ അപ്പൂപ്പന്‍ ചോദിച്ചു:
''എന്നതാടാ നിന്റെ പേര്?''
''എനിക്ക് പേരില്ലപ്പാപ്പാ...''
''എല്ലാരും നിന്നെ എന്നതാടാ വിളിക്കുന്നത്?''
'' 'എടാ...'ന്നാ എന്നെ എല്ലാവരും വിളിക്കുന്നത്.''
അമ്മൂമ്മയ്ക്ക് ദേഷ്യം വന്നു.
''ചെക്കന്‍ തിന്നുന്നേനെടേലാണോ നിങ്ങടെയൊരു ക്ഷേമാന്വേഷണം...''
ഭക്ഷണം കഴിഞ്ഞ് അപ്പൂപ്പനും അമ്മൂമ്മയും അവനോടു വിശദമായി സംസാരിച്ച് കാര്യങ്ങളൊക്കെ അറിഞ്ഞു. അവന് അച്ഛനുമില്ല, അമ്മയുമില്ല, പേരുമില്ല. അമ്മൂമ്മയുടെ മനസ്സലിഞ്ഞു. അവര്‍ അവനോടു ചോദിച്ചു:
''നീ വരുന്നോ ഞങ്ങടെകൂടെ? ഞങ്ങടെ മോനായിട്ട്? ഞങ്ങള്‍ക്ക് കൂട്ടായിട്ട്...?''
ആ ചെക്കന്റെ കണ്ണില്‍നിന്ന് രണ്ടുതുള്ളി കണ്ണുനീര്‍ അടര്‍ന്നുവീണു. അന്നു വൈകീട്ട് ആശാന്‍കവലയില്‍ ബസ്സിറങ്ങി പാവയ്ക്കാക്കുന്നു കയറാന്‍ അവരോടൊപ്പം ഞൊണ്ടി ഞൊണ്ടി അവനുമുണ്ടായിരുന്നു. പേരില്ലാത്ത ഒരു പതിനാറുകാരന്‍!
(തുടരും)
ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: bharath moosayude sahasahangal, children's novel, chapter 1, written by jose prasad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..