ആഗോളതാപനം വരെ നിയന്ത്രിക്കാന്‍ ശേഷിയുണ്ട്; കൗതുകം മാത്രമല്ല കാര്യവുമുണ്ട് ഈ കുഞ്ഞന്‍ജീവികളെക്കൊണ്ട്


''കുട്ടികള്‍ ഒരുനിമിഷം ഈ കൗതുകകരമായ ജീവികളെ നോക്കാന്‍ ഉപയോഗിച്ചാല്‍ അവര്‍ ദിനോസറുകളെ മറക്കുമെന്നു കരുതുന്നു''

കോപ്പിപോഡും പ്ലങ്ക്ടണുകളും

കോപ്പിപോഡുകള്‍ എന്ന ചെറുജീവികളെക്കുരിച്ച് കൂട്ടുകാരില്‍ ചിലര്‍ കേട്ടിട്ടുണ്ടാകും. ചില ക്ലാസുകളില്‍ ഇതിനെക്കുറിച്ച് പഠിക്കാനുമുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന, ശരവേഗത്തില്‍ സഞ്ചരിക്കുന്ന, മില്ലിമീറ്ററുകള്‍ മാത്രം വലുപ്പമുള്ള ഈ ജീവികളാണ് സമുദ്ര ജൈവ ആവാസവ്യവസ്ഥയില്‍ സുപ്രധാന പങ്കുവഹിക്കുന്നത്. ഇവയെപ്പറ്റി ചില കാര്യങ്ങള്‍ അറിയാം :

കോപ്പിപോഡുകള്‍ എന്ന കുഞ്ഞന്‍ജീവികള്‍ സമുദ്രത്തിലെ ജന്തുപ്ലവകങ്ങളിലെ ഏറ്റവും പ്രധാന ഘടകമാണ്. എന്താണ് 'പ്ലവകങ്ങള്‍' എന്നല്ലേ? ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരുകൂട്ടം സൂക്ഷ്മജീവികളെയാണ് പൊതുവായി പ്ലവകങ്ങളെന്ന് വിശേഷിപ്പിക്കാറുള്ളത്. അതില്‍ സ്വയം ചലനശേഷിയില്ലാത്തവയെ പ്ലാങ്ക്ടണ്‍ (Plankton) എന്നും സ്വയം ചലിക്കാന്‍ കഴിവുള്ള ജീവികളെ നെക്ടന്‍ (Nekton) എന്നും വിശേഷിപ്പിക്കുന്നു. സമുദ്രത്തില്‍ കാണപ്പെടുന്ന സസ്യപ്ലവകങ്ങളും (Phytoplanktons) ജന്തുപ്ലവകങ്ങളുമാണ് (Zooplankton) സമുദ്ര ജൈവവ്യവസ്ഥിതിയുടെ ആധാരം. അതില്‍ സസ്യപ്ലവകങ്ങള്‍ പ്രകാശസംശ്ലേഷണംവഴി ഊര്‍ജത്തിന്റെ പ്രാഥമികനിര്‍മാതാക്കളായി വര്‍ത്തിക്കുമ്പോള്‍ ജന്തുപ്ലവകങ്ങള്‍ പലതും സസ്യപ്ലവകങ്ങളെ ആഹരിക്കുന്നതുവഴി ഊര്‍ജത്തിന്റെ പ്രാഥമിക ഉപഭോക്താക്കളാണ്. തുടര്‍ന്ന് ഈ ജന്തുപ്ലവകങ്ങളെ ആഹരിക്കുന്ന ചെറുജീവികള്‍, ലാര്‍വകള്‍ തുടര്‍ന്നങ്ങനെ ആഹാരശൃംഖലയുടെ അങ്ങേ അറ്റത്തുനില്‍ക്കുന്ന വലിയ ജീവികളുടെ നിലനില്‍പ്പുവരെ എത്തിനില്‍ക്കുന്നു. ഇതില്‍ നമ്മുടെ കഥാനായകരായ കോപ്പിപോഡുകളുടെ പങ്ക് എന്താണെന്ന് വഴിയേ പറയാം.

പേര് വന്ന വഴി

രണ്ടു ഗ്രീക്ക് പദങ്ങളില്‍നിന്നാണ് ആ പേര് വന്നിരിക്കുന്നത്. തുഴ എന്നര്‍ഥംവരുന്ന 'Kope' എന്ന പദവും പാദങ്ങള്‍ എന്നര്‍ഥംവരുന്ന 'Podos' എന്ന പദവും ചേര്‍ന്ന് 'തുഴപോലെയുള്ള കാലുകളുള്ള ജീവികള്‍' എന്നര്‍ഥംവരുന്ന 'കോപ്പിപോഡ്' എന്ന് ഈ ചെറുജീവികള്‍ക്ക് പേരുവന്നു. തുഴ പോലെയിരിക്കുന്ന അഞ്ചു ജോഡി കാലുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജലത്തിലൂടെ ചാട്ടുളിപോലെ പായുന്നത്.

ഇനി നമുക്ക് കോപ്പിപോഡുകളെ വിശദമായി പരിചയപ്പെടാം, ''കുട്ടികള്‍ ഒരുനിമിഷം ഈ കൗതുകകരമായ ജീവികളെ നോക്കാന്‍ ഉപയോഗിച്ചാല്‍ അവര്‍ ദിനോസറുകളെ മറക്കുമെന്നു കരുതുന്നു'' എന്ന് അമേരിക്കയിലെ ലോകപ്രശസ്തമായ സ്‌ക്രിപ്‌സ് സമുദ്രശാസ്ത്ര പഠനശാലയിലെ ശാസ്ത്രജ്ഞനായ ഡോ. മാര്‍ക്ക് ഓഹ്മാന്‍ പറഞ്ഞത് ഒട്ടും അതിശയോക്തിയല്ല. അത്രയ്ക്ക് കൗതുകമുളവാക്കുന്ന വ്യത്യസ്തങ്ങളായ രൂപവും നിറങ്ങളും ചേര്‍ന്ന കുഞ്ഞു അദ്ഭുത ജീവികള്‍ തന്നെയാണിവര്‍. ഞണ്ടുകളും ചെമ്മീനുകളും ഉള്‍പ്പെടുന്ന പുറംതോടുള്ള ജീവികളുടെ ഗണമായ 'ക്രസ്റ്റേസിയ' വിഭാഗത്തിലാണ് കോപ്പിപോഡുകള്‍ ഉള്‍പ്പെടുന്നത്.

ശുദ്ധജലം മുതല്‍ സമുദ്രജലത്തില്‍വരെ അധിവസിക്കുന്ന ഇക്കൂട്ടരെ പത്തുഗണങ്ങളായി വര്‍ഗീകരിച്ചിരിക്കുന്നു. അതില്‍ പ്രധാനമായും കലനോയ്ഡ്, സൈക്ലോപോയിഡ്, ഹര്‍പാക്ടികോയിഡ് എന്നീ മൂന്നുഗണങ്ങളാണ് ജന്തുപ്ലവകങ്ങളുടെ കൂട്ടത്തില്‍ കാണപ്പെടുന്നത്. ഇവര്‍ പൊതുവേ സ്വതന്ത്രമായി വിഹരിക്കുന്നവയാണ്. മറ്റു ചില കൂട്ടര്‍ മത്സ്യങ്ങളുടെയും മറ്റും ശരീരത്തില്‍ പറ്റിപ്പിടിച്ചുജീവിക്കുന്ന പരാന്ന ജീവികളാണ്. കലനോയ്ഡ് കോപ്പിപോഡുകളാണ് സമുദ്ര ഉപഉഷ്ണമേഖലാ, ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പ്രബലമായതും രൂപത്തിലും ആവാസവ്യവസ്ഥയിലും വൈവിധ്യം കാണിക്കുന്നതുമായ കോപ്പിപോഡുകള്‍. അറബിക്കടലിലും ബേ ഓഫ് ബംഗാള്‍ കടലിലും കാണപ്പെടുന്ന ജന്തുപ്ലവകങ്ങളില്‍ ഏറ്റവും പ്രബലമായി കാണപ്പെടുന്നതും ഈ കലനോയ്ഡ് കോപ്പിപോഡുകള്‍തന്നെയാണ്.

കുഞ്ഞന്‍ വേട്ടക്കാര്‍

പൊതുവേ സസ്യാഹാരികളും മിശ്രാഹാരികളുമായി കാണപ്പെടുന്ന ഈ കൂട്ടര്‍ക്കിടയില്‍ നല്ല ഒന്നാംതരം വേട്ടക്കാരുമുണ്ട് കേട്ടോ. പ്രധാനമായും സസ്യപ്ലവകങ്ങളെ ആഹരിക്കുന്ന ഇവര്‍ മത്സ്യക്കുഞ്ഞുങ്ങള്‍ക്കും അകശേരുക്കളായ (invertebrates) മറ്റുജീവികള്‍ക്കും ഭക്ഷണമായിത്തീരുന്നു. പ്രാഥമികനിര്‍മാതാക്കളും ഉപഭോക്താക്കളും തമ്മിലുള്ള ഒരു പ്രധാന കണ്ണിയായി നിലനില്‍ക്കുന്നതിനാല്‍ ഈ ജീവികളുടെ വൈവിധ്യത്തിലും നിലനില്‍പ്പിലും ഉണ്ടാകുന്ന ഒരു ചെറിയ മാറ്റംപോലും സമുദ്രത്തിന്റെ ജൈവ സന്തുലിതാവസ്ഥയെ സാരമായിത്തന്നെ ബാധിക്കും. കൂടാതെ, ആഗോളതാപനം കുറയ്ക്കുന്നതിലും ഇവര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ചില വര്‍ഗത്തില്‍പ്പെട്ട കോപ്പിപോഡുകള്‍ സമുദ്രോപരിതലത്തില്‍നിന്ന് അടിത്തട്ടിലേക്ക് ആയിരം മീറ്റര്‍വരെ കൂട്ടമായി സഞ്ചരിക്കാറുണ്ട്. അങ്ങനെ സഞ്ചരിക്കുമ്പോള്‍ അടിത്തട്ടിലെത്തി ഇവരുടെ ഊര്‍ജമുപയോഗത്തിന്റെ ഭാഗമായി പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തിരിച്ച് അന്തരീക്ഷത്തിലേക്ക് എത്താറില്ല. അങ്ങനെ ചെറിയ അളവുവരെ ആഗോളതാപനം നിയന്ത്രിക്കുന്നതില്‍വരെ ഈ കുഞ്ഞന്‍ ജീവികള്‍ അവരുടെ പങ്കുവഹിക്കുന്നു. ഇപ്പോള്‍ മനസ്സിലായില്ലേ കുഞ്ഞന്മാരാണെങ്കിലും ഈ കൂട്ടര്‍ ചില്ലറക്കാരല്ലെന്ന്?

കോപ്പിപോഡ് പഠനം ഇന്ത്യയില്‍

ലോകത്തിതുവരെ പതിമൂവായിരത്തോളം കോപ്പിപോഡ് സ്പീഷീസുകളെയാണ് കണ്ടെത്തിയിരിക്കുന്നത് അതില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് ഏകദേശം തൊള്ളായിരം സ്പീഷീസുകളെ കണ്ടെത്തിയിരിക്കുന്നു. 1959-1965 കാലഘട്ടത്തില്‍നടന്ന 'അന്തര്‍ദേശീയ ഇന്ത്യന്‍മഹാസമുദ്ര പര്യവേക്ഷണ'ത്തിലായിരുന്നു കോപ്പിപോഡുകളെക്കുറിച്ച് ഇന്ത്യയില്‍ വിപുലമായ പഠനത്തിന് തുടക്കംകുറിച്ചത്. അരനൂറ്റാണ്ടുകള്‍ക്കുമുമ്പ് നടത്തിയ ഈ പഠനത്തിനുശേഷം കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്നുതന്നെ പറയാം.

പ്രത്യേകിച്ച്, അറബിക്കടലിലെ ജൈവവൈവിധ്യങ്ങളുടെ കലവറയായ ലക്ഷദ്വീപ്, അതുപോലത്തന്നെ കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തീരങ്ങളിലെ പഠനങ്ങളെല്ലാം തീരെ അപര്യാപ്തമായിരുന്നു.

മത്സ്യസമ്പത്തിന്റെയും മറ്റുജീവികളുടെയും നിലനില്‍പ്പിനുകാരണക്കാരായ ഈ ജീവികളെക്കുറിച്ചുപഠിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ബയോടെക്‌നോളജി വകുപ്പിന്റെയും കൊച്ചിന്‍ സര്‍വകലാശാല മറൈന്‍ ബയോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ സമീപകാലത്തുനടന്ന പര്യവേക്ഷണങ്ങള്‍ ഈ കുഞ്ഞന്‍ ജീവികളുടെ കണ്ടെത്തലുകള്‍ക്കും അവയുടെ ജനിതകഘടനാപഠനത്തിലേക്കും വെളിച്ചംവീശി.

2013-2016 കാലഘട്ടത്തില്‍ ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തി, ബംഗാരം, കവരത്തി, കല്‌പേനി, മിനിക്കോയ് ദ്വീപുകളിലും തിരുവനന്തപുരം മുതല്‍ രത്‌നഗിരിവരെ നീളുന്ന തീരക്കടലിലും നടത്തിയ പര്യവേക്ഷണങ്ങളില്‍ മിനിക്കോയ് ദ്വീപില്‍നിന്ന് കണ്ടെത്തിയ പുതിയ ജീവിയായ 'ടോര്‍ടാനസ് മിനികോയെന്‍സിസ്' ഉള്‍പ്പെടെ നൂറ്റിമുപ്പതോളം കോപ്പിപോഡുകളെ കണ്ടെത്തിയിരുന്നു.

കൂടാതെ, അമ്പതോളം സ്പീഷീസുകളുടെ ജനിതക ബാര്‍കോഡുകള്‍ വികസിപ്പിച്ചതുവഴി ഇവയുടെ ജനിതക സവിശേഷത ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള ഗവേഷകര്‍ക്ക് താരതമ്യപഠനത്തിനും ഇവരുടെ സാന്നിധ്യത്തെ തിരിച്ചറിയുന്നതിനും ഉപയോഗിക്കാന്‍ സാധിക്കും.

ഇത്തരത്തിലുള്ള പഠനം ഇന്ത്യയില്‍ത്തന്നെ ആദ്യമായാണെന്നു പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. ബിജോയ് നന്ദന്‍ അഭിപ്രായപ്പെടുന്നു. ഈ പഠനത്തിന്റെ ഭാഗമായി 'ലാബിഡോസെറാ മധുരേ' എന്ന സ്പീഷീസിന്റെ ജനിതക ബാര്‍കോഡ് വികസിപ്പിച്ചതുവഴി അമേരിക്കയിലെ ഹവായ് ദ്വീപില്‍ കാണപ്പെട്ടിരുന്ന ജീവി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്നവയുടെ സഹോദരവര്‍ഗത്തില്‍പ്പെടുന്നവയാണെന്ന് കണ്ടെത്തി.

'പൊണ്‍ഡെല്ല സിനിക്ക' എന്ന സ്പീഷീസ് കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആദ്യമായി കണ്ടെത്തിയതും പര്യവേക്ഷണത്തിന്റെ പ്രധാന നേട്ടമായി.

ഇതിനുമുമ്പ് ഈ ജീവിയെ കണ്ടെത്തിയത് അരനൂറ്റാണ്ടിനുമുമ്പ് കിഴക്കന്‍ ചൈനാസമുദ്രത്തില്‍ മാത്രമായിരുന്നു.

ഒട്ടേറെ രാജ്യങ്ങളുടെ സഹകരണത്തില്‍നടന്ന അന്തര്‍ദേശീയ ഇന്ത്യന്‍മഹാസമുദ്ര പര്യവേക്ഷണത്തില്‍ ഉള്‍പ്പെടെ കൃത്യമായി തിരിച്ചറിയാന്‍ പ്രയാസം നേരിട്ടിരുന്ന പൊണ്‍ഡെല്ല സ്‌പൈനിപ്പസ്, പൊണ്‍ഡെല്ല ഡയഗോണലിസ് എന്നിവയുടെ ജനിതക ബാര്‍കോഡുകള്‍, കൃത്യമായി ഇവയെ തിരിച്ചറിയാനും നിലവിലുള്ള ഇവയുടെ വര്‍ഗീകരണപദവിയില്‍ മാറ്റംവരുത്താനും സാധിച്ചു.

അന്താരാഷ്ട്രതലത്തിലുള്ള ഗവേഷകരും 'പൊണ്‍ഡെല്ല' ജനുസ്സില്‍പെടുന്ന കോപ്പിപോഡുകളുടെ സാന്നിധ്യവും അസാന്നിധ്യവും കാലാവസ്ഥാവ്യതിയാനപഠനങ്ങളിലും സമുദ്രജല പ്രവാഹങ്ങളുടെ പഠനത്തിലും ഉപയോഗിച്ചുവരുന്നു എന്നത് ഇവയില്‍നടന്ന പഠനങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ഇത്രയേറെ ഗഹനമായ പഠനങ്ങള്‍ ലോകത്തില്‍ നടക്കുമ്പോഴും അതൊന്നും കൂസാതെ കടലിലൂടെ സ്വതന്ത്രമായി വിഹരിക്കുകയാണ് ഇത്തിരിക്കുഞ്ഞന്മാരായ ഈകൂട്ടര്‍!.

തയ്യാറാക്കിയത്: ഡോ. സാനു വി. ഫ്രാന്‍സിസ് (കുസാറ്റ് സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സില്‍ കോപ്പിപോഡ് ഗവേഷണ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആണ് ലേഖകന്‍)

Content highlights : a group of small crustaceans named copepods habits and other facts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented