ങ്ങകലെ അംബിയമ്മയുടെ വീട്ടിലെ കോഴിക്കൂട്ടിലെ താമസക്കാരായിരുന്നു കുക്കു കോഴിയും ചിന്നൻ കോഴിയും. ആ കൂട്ടിൽ നിറയെ കോഴികളുണ്ടായിരുന്നെങ്കിലും ഇവർ രണ്ടാളുമായിരുന്നു ഉറ്റ ചങ്ങാതിമാർ. അംബിയമ്മ തരുന്ന അരിമണികൾ കൊത്തിപ്പെറുക്കാനും അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കാനുമെല്ലാം രണ്ടാളും ഒന്നിച്ചുണ്ടാകും. ഒരാൾ പിടക്കോഴിയും മറ്റൊരാൾ പൂവൻ കോഴിയുമായിരുന്നെങ്കിലും പരസ്പരം വഴക്കുകൂടാതെയായിരുന്നു രണ്ടാളുടേയും താമസം. കുറേക്കാലം കഴിഞ്ഞ് മറ്റ് കോഴികളിൽ ചിലതെല്ലാം ചത്തുപോവുകയും ചിലരെ വിൽക്കുകയും ചെയ്തതോടെ കുക്കുവും ചിന്നനും ഒറ്റയ്ക്കായി.

പ്രായമായതോടെ ഇവരുടെ കാര്യങ്ങൾ ശരിക്ക് ശ്രദ്ധിക്കാൻ അംബിയമ്മയ്ക്കും സമയമില്ലാതെയായി. വല്ലപ്പോഴും കുറച്ച് അരിമണികൾ കിട്ടിയാലായെന്ന അവസ്ഥ. സ്ഥിരമായി കിട്ടിയിരുന്ന ഭക്ഷണം നിലച്ചതോടെ ചിന്നൻ കോഴിക്ക് ആകെ ദേഷ്യമായി. രാവിലെ മുതൽ വൈകിട്ട് വരെ കിടന്ന് അലഞ്ഞ് ഭക്ഷണം കണ്ടുപിടിക്കാനൊന്നും വയ്യെന്നു പറഞ്ഞ് അവൻ കൂട്ടിൽത്തന്നെ ചടഞ്ഞ് കിടപ്പായി. കുക്കു ആവുന്നത്ര വിളിച്ചിട്ടും ചിന്നൻ ഭക്ഷണം തേടിയിറങ്ങാൻ തയ്യാറായില്ല.

അങ്ങനെ നാടായ നാടെല്ലാം നടന്ന് കുക്കു ഭക്ഷണം കണ്ടെത്താൻ തുടങ്ങി. എല്ലാംകഴിഞ്ഞ് വൈകുന്നേരമെത്തുമ്പോൾ തന്റെ കൂട്ടുകാരനായും അവൾ ഭക്ഷണം കരുതിവെച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ചിന്നന് സങ്കടമായി.

'ശ്ശോ, എനിക്ക് വേണ്ടിയും അവൾ ഭക്ഷണം കൊണ്ടുവരുന്നുണ്ടല്ലോ. പാവം, എത്ര കഷ്ടപ്പെടുന്നുണ്ടാവും. ഇനിയും ഇങ്ങനെ വെറുതെയിരിക്കുന്നത് ശരിയല്ല, നാളെ മുതൽ അവൾക്കൊപ്പം ഞാനും പോകും' ചിന്നൻ മനസ്സിലോർത്തു. അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ തീറ്റതേടി പോകാൻ ചിന്നൻ റെഡിയായി നിന്നു.

പതിവില്ലാതെ കൂട്ടിൽ നിന്നിറങ്ങിയ ചിന്നനെക്കണ്ട് കുക്കു ചോദിച്ചു' എന്താ ചിന്നാ, രാവിലെ തന്നെ കൂട്ടിന് പുറത്തിറങ്ങിയല്ലോ? എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ?'

' ഇന്നുമുതൽ നിന്റെ കൂടെ തീറ്റ തേടാൻ ഞാനും വരുന്നുണ്ട്.'

ഇതുകേട്ട് അൽഭുതപ്പെട്ട കുക്കു സന്തോഷത്തോടെ പറഞ്ഞു: 'നല്ല കാര്യം. നമ്മൾ രണ്ടാളും ഒന്നിച്ചാണെങ്കിൽ വേഗത്തിൽ തീറ്റതേടി തിരിച്ചുവരാം. പിന്നെ കുറേ ഭക്ഷണവും കിട്ടുമല്ലോ... നാളെ മുതൽ നമുക്ക് കുറച്ചുകൂടി നേരത്തെ പോകാം. കുട്ടൻ ചേട്ടന്റെ റേഷൻ കടയുടെ മുന്നിൽ ആളുകൂടും മുൻപ് പോയാൽ വയറു നിറയെ അരിയും ഗോതമ്പും കഴിക്കാം.' ഇതുകേട്ട് ചിന്നനും തലയാട്ടി. അന്നുമുതൽ രണ്ടാളും ഒന്നിച്ച് തീറ്റതേടി പോയിത്തുടങ്ങി.

Content Highlights: Two hens stories, kids short stories