പ്പോഴും ഒന്നിച്ച് കളിച്ചും ചിരിച്ചും നടക്കുന്ന കൂട്ടുകാരായിരുന്നു പിങ്കിയും ടിങ്കിയും. നഴ്സറി ക്ലാസ്സിലേക്ക് ഒന്നിച്ചുള്ള പോക്കും പഠിത്തവും ഉറക്കവുമെല്ലാമാണ് അവരെ കൂട്ടുകാരാക്കിയത്. അഞ്ചു വയസ്സ് കഴിഞ്ഞപ്പോഴേക്കും രണ്ടാളെയും സ്കൂളിൽ ചേർക്കാൻ അച്ഛനമ്മമാർ തീരുമാനിച്ചു. നാട്ടിലെ അറിയപ്പെടുന്ന പണക്കാരന്റെ മകളായിരുന്നു പിങ്കി. അതുകൊണ്ട് തന്നെ അവളെ ചേർത്തത് നഗരത്തിലെ വലിയ സ്കൂളിലായിരുന്നു. നല്ല യൂണിഫോമും ഷൂസുമെല്ലാമിട്ട് സ്കൂൾ ബസ്സിലായിരുന്നു പിങ്കിയുടെ യാത്ര. പക്ഷേ ടിങ്കിയാകട്ടെ ഒരു പാവം കർഷകന്റെ മകളായിരുന്നു. അതുകൊണ്ട് അവൾ പഠിച്ചത് നാട്ടിലെ സർക്കാർ സ്കൂളിലായിരുന്നു.

പുതിയ സ്കൂളിലേക്ക് മാറിയെങ്കിലും രണ്ടാളുടേയും സ്നേഹത്തിന് ഒരു കുറവും വന്നില്ല. എന്നും വൈകുന്നേരം സ്കൂൾ വിട്ട് വന്നാൽ രണ്ടാളും കൂടി ഒന്നിച്ച് ചേരും. അന്നത്തെ ദിവസം നടന്ന എല്ലാകാര്യങ്ങളും പരസ്പരം പങ്കുവെക്കും. സ്കൂളിലെ പുതിയ കൂട്ടുകാരുടെ വിശേഷങ്ങളും അധ്യാപകരെപ്പറ്റിയുമെല്ലാം സംസാരിക്കും. അങ്ങനെ കുറേ ദിവസങ്ങൾ കടന്നുപോയി. ടിങ്കിയെ കാണാനുള്ള പിങ്കിയുടെ വരവും കുറഞ്ഞു തുടങ്ങി.

'പിങ്കിയെന്താ ഇപ്പോൾ ഇങ്ങോട്ട് വരാത്തത്? അന്ന് വന്നിട്ട് വേഗം പോവുകയും ചെയ്തല്ലോ. ഇനി അവൾ എന്നോട് പിണക്കമാണോ? അതിന് ഞാനവളെ ഒന്നും പറഞ്ഞില്ലല്ലോ...' ടിങ്കിക്ക് ആകെ വിഷമമായി. അവൾ ഇക്കാര്യം അമ്മയോട് പറഞ്ഞു.

'അമ്മേ... ഇപ്പോ പിങ്കി എന്നെ കാണാൻ ഇങ്ങോട്ട് വരുന്നില്ല... അവളെ കാണാതെ എനിക്ക് സങ്കടമാകുന്നു...'

ഇതുകേട്ട അമ്മ പറഞ്ഞു; ' വിഷമിക്കാതെ മോളേ...പിങ്കി പഠിക്കുന്നത് നഗരത്തിലെ സ്കൂളിൽ അല്ലേ... അവൾക്ക് വീട്ടിൽ വന്നിട്ട് കുറേ പഠിക്കാൻ കാണുമായിരിക്കും. സമയം കിട്ടാത്തോണ്ടാകും വരാത്തത്. നാളെ അവധി ദിവസമല്ലേ... അമ്മ മോളെ അവിടെ കൊണ്ടുപോകാം.'

അമ്മ പറഞ്ഞത് കേട്ടപ്പോൾ ടിങ്കിക്ക് സമാധാനമായി. സ്കൂളിൽ പഠിക്കാനുള്ളതിനെപ്പറ്റി അന്നൊരിക്കൽ പിങ്കി പറഞ്ഞതും അവൾക്കോർമ വന്നു. 'ചിലപ്പോൾ അമ്മ പറഞ്ഞതാകും ശരി. നാളെ എന്തായാലും അവളെക്കാണാൻ പോകാം.' അവൾ
സന്തോഷത്തോടെ കിടന്നുറങ്ങി.

പിറ്റേന്ന് നേരം വെളുത്തപ്പോൾ അമ്മയും അവളും കൂടി പിങ്കിയുടെ വീട്ടിലെത്തി. അവിടെ പിങ്കിയുടെ അച്ഛൻ ഒരു ഊഞ്ഞാൽ കെട്ടുകയായിരുന്നു.

'ആഹാ... ടിങ്കിമോൾ വന്നല്ലോ... ഇനിപ്പോ രണ്ടാളും കൂടി ഊഞ്ഞാലൊക്കെ ആടിക്കോ...' അച്ഛൻ പറഞ്ഞു.

'അച്ഛാ പിങ്കി എവിടെ? അവളെന്താ എന്നെ കാണാൻ വരാഞ്ഞെ?' സങ്കടത്തോടെ ടിങ്കി ചോദിച്ചു.

'അയ്യോ അതൊന്നും അച്ഛനറിയില്ല മോളേ... ദാ വരുന്നു അവള്... ഇനിപ്പോ നിങ്ങൾ തമ്മിൽ ചോദിച്ചോ' ഇതും പറഞ്ഞ് രണ്ടാളേയും അച്ഛൻ ഊഞ്ഞാലിൽ കയറ്റിയിരുത്തി.

ഊഞ്ഞാലാട്ടം ആസ്വദിച്ച ടിങ്കി, പിങ്കിയെ നോക്കി ചിരിച്ചു. അപ്പോഴേക്കും അവൾ മുഖം തിരിച്ച്, വേഗം ഊഞ്ഞാലിൽ നിന്നിറങ്ങി മരച്ചുവട്ടിൽ പോയി നിന്നു. ഇത് കണ്ട ടിങ്കിക്ക് വലിയ സങ്കടമായി അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു; 'നീ എന്നോട് പിണക്കമാണോ? ഞാൻ എന്ത് പറഞ്ഞിട്ടാ നിനക്ക് പിണക്കം? എനിക്ക് സങ്കടമാകുന്നു...'

അപ്പോൾ പിങ്കി പറഞ്ഞു; 'നീ ആ അമ്മുനോട് ഞാൻ ഭയങ്കര ജാഡക്കാരിയാണെന്ന് പറഞ്ഞോ? അവൾ എന്നോട് പറയുവാ നിന്റെ കൂട്ടുകാരി ടിങ്കിക്ക് പോലും നിന്നെ ഇഷ്ടമല്ലാന്ന്... അത്കേട്ട് എനിക്ക് വിഷമമായത് കൊണ്ടാ ഞാൻ നിന്നെ കാണാൻ വരാഞ്ഞത്.'

ഇത് കേട്ട ടിങ്കി ഞെട്ടിപ്പോയി 'അയ്യോ ഞാനങ്ങനെ പറഞ്ഞിട്ടില്ല. നീ എന്റെ നല്ല കൂട്ടുകാരിയാ നിന്നെപ്പറ്റി ഞാൻ അങ്ങനെ പറയില്ല. ഇതവൾ കള്ളം പറഞ്ഞതാ. നിനക്ക് സംശയമുണ്ടാരുന്നേൽ എന്നോട് നേരിട്ട് വന്ന് ചോദിച്ചാൽ പോരായിരുന്നോ? ഇങ്ങനെ മിണ്ടാതിരിക്കേണ്ട കാര്യമുണ്ടോ?' അതും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.

അപ്പോൾ പിങ്കിക്കും സങ്കടമായി അവളും കരയാൻ തുടങ്ങി. അപ്പോഴേക്കും അവിടേക്ക് ടിങ്കിയുടെ അമ്മയെത്തി.

'അയ്യോ... നിങ്ങളെന്തിനാ കരയുന്നേ...?' അമ്മയുടെ ചോദ്യത്തിന് കരഞ്ഞുകൊണ്ട് തന്നെ രണ്ടാളും മറുപടി പറഞ്ഞു. ഇത് കേട്ട അമ്മ പറഞ്ഞു; 'മക്കളേ, നിങ്ങൾ രണ്ടാളും ഉറ്റ ചങ്ങാതിമാരല്ലേ... അപ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കുകയാണോ വേണ്ടത്? ആദ്യം പരസ്പരം സംസാരിക്കണം. എങ്കിലേ തെറ്റിധാരണകൾ മാറൂ... മനസ്സിലായോ... രണ്ടാളും കണ്ണുതുടച്ച് അകത്തേക്ക് വാ... നമുക്ക് നല്ല പായസം കുടിക്കാം...'

അങ്ങനെ രണ്ടാളും കണ്ണ് തുടച്ച് ഭക്ഷണം കഴിക്കാൻ അകത്തേക്ക് പോയി.

Content Highlights: story of two friends Kids short stories