രെക്കണ്ടാലും അവരെക്കുറിച്ച് കുറ്റം പറയുന്ന സ്വഭാവക്കാരനാണ് ചിപ്പുകുരങ്ങൻ. വർഷങ്ങളോളം പരിചയമുള്ളവരെയാണെങ്കിലും ആദ്യമായിട്ട് കണ്ടവരാണെങ്കിലും ചിപ്പുവിന്റെ കണ്ണിൽ എല്ലാവർക്കും ഓരോ കുഴപ്പങ്ങളുണ്ട്. അത് മറ്റുള്ളവരോട് പറഞ്ഞു നടക്കുകയാണ് അവന്റെ പ്രധാന പരിപാടി. ഈ സ്വഭാവം കൊണ്ടുതന്നെ അവന് അധികം കൂട്ടുകാരൊന്നുമില്ല. അടുത്തുകൂടുന്നവരാകട്ടെ മറ്റുള്ളവരുടെ കുറ്റം കേട്ട് ആസ്വദിച്ച് പൊടിയും തട്ടിപ്പോകും.

കാര്യമിതൊക്കെയാണെങ്കിലും ചിപ്പുവിനൊരു ആത്മാർഥ സുഹൃത്തുണ്ട്. അതാരണെന്നോ? ചങ്കുക്കുറുക്കൻ. സാധാരണ കുറുക്കന്മാരെപ്പോലെ സൂത്രം പ്രയോഗിച്ച് മറ്റുള്ളവരെ ദ്രോഹിക്കുന്നതൊന്നും ചങ്കുവിന് ഇഷ്ടമല്ല. അവൻ എല്ലാരോടും സ്നേഹത്തോടെയാണ് പെരുമാറുന്നത്. കൂട്ടുകാരന്റെ ഈ സ്വഭാവമൊക്കെ മാറ്റണമെന്ന് കൂടെ നടന്ന് ചങ്കു ഉപദേശിക്കാറുണ്ടെങ്കിലും അവനതൊന്നും കേൾക്കാൻ നിന്നുകൊടുക്കാറില്ല. എങ്കിലും 'ചങ്ക് കൂട്ടുകാരനല്ലേ... വിട്ടുകളാൻ പറ്റുമോ?'' എന്നാണ് ചങ്കുവിന്റെ നിലപാട്.

അങ്ങനെയിരിക്കെ ഒരുദിവസം കാട്ടിലെ രാജാവായ ശിങ്കൻ സിംഹം പ്രജകളെയൊക്കെ കാണാനിറങ്ങി. സിംഹമാണെങ്കിലും കാട്ടിലെ എല്ലാ ജീവികളോടും സ്നേഹത്തോടെ പെരുമാറുന്ന ആളാണ് ശിങ്കൻ സിംഹം. അതുകൊണ്ട് തന്നെ എല്ലാവർക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. സിംഹരാജാവ് വരുന്നത് കണ്ടതും മരത്തിലേക്ക് ചാടിക്കയറിയ ചിപ്പു മരക്കൊമ്പിലിരുന്ന മിന്നുതത്തയോട് രാജാവിന്റെ കുറ്റങ്ങൾ പറയാൻ തുടങ്ങി. ' അയ്യേ ഇതെന്തൊരു രാജാവാ? ഓരോ രാജാക്കന്മാര് വരുന്നത് കാണാൻ തന്നെ എന്ത് രസമാ? ഇയാളെ ഇവിടെ ആർക്കാ പേടി? വയസ്സൻ.'

ഇത് കേട്ട് മിന്നുതത്ത പറഞ്ഞു; ''രാജാവിനെ പേടിക്കണമെന്ന് ചിപ്പുനോട് ആരാ പറഞ്ഞേ? എല്ലാരേയും പേടിപ്പിക്കുന്നതിലല്ല, ഇഷ്ടം പിടിച്ച് പറ്റുന്നതിലാണ് കാര്യം. ശിങ്കൻ സിംഹത്തെ എന്തായാലും നമ്മുടെ കാട്ടിലെ എല്ലാവർക്കും ഇഷ്ടമാ. പിന്നെ പ്രായത്തിലൊന്നും വലിയ കാര്യമില്ല. ഇപ്പോ വേണമെങ്കിലും ചിപ്പൂനിട്ട് രണ്ട് ഇടി തരാനുള്ള ആരോഗ്യമൊക്കെ നമ്മുടെ രാജാവിനുണ്ട്.'

ഇതുകേട്ട് ചിപ്പുന് നല്ല ദേഷ്യം വന്നു. അവൻ മിന്നൂന് നേരെ ചീറിക്കൊണ്ട് ഒറ്റച്ചാട്ടം വെച്ചുകൊടുത്തു. പക്ഷേ അപ്പോഴേക്കും മിന്നു പറന്നുപോയി. ചിപ്പു പിടിവിട്ട്, തറയിലേക്ക് വീണു. 'പഠോ!'

രാജാവ് ഓരോരുത്തരുടേയും അടുത്തെത്തി സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനിടയിലാണ് ചിപ്പുവിന്റെ വീഴ്ച. താഴെ വീണ ചിപ്പുവിനെ എല്ലാരും കൂടി താങ്ങിയെടുത്ത് വൈദ്യരുടെ അടുത്തേക്ക് കൊണ്ടുപോയി. ഈ സമയം ചിലർ ചിപ്പുവിന്റെ സ്വഭാവത്തെക്കുറിച്ച് രാജാവിനെ ധരിപ്പിച്ചു. അവന്റെ സ്വഭാവം ഒന്നു നേരെയാക്കണമല്ലോ എന്ന് ചിന്തിച്ച രാജാവ്, ചങ്കുക്കുറക്കനെ വിളിച്ച് ചില പദ്ധതികൾ തയ്യാറാക്കി.

രണ്ട് ദിവസത്തിന് ശേഷം വൈദ്യരുടെ ചികിൽസയൊക്കെക്കഴിഞ്ഞ് ചിപ്പു കാട്ടിലേക്കെത്തി. അപ്പോഴതാ മരക്കൊമ്പിലിരിക്കുന്നു മിന്നുതത്ത.

'ഇവളു കാരണമാ ഇതൊക്കെ ഉണ്ടായെ... എന്നിട്ട് നോക്ക് ഒന്നും അറിയാത്തപോലെ ഇരിക്കുന്നേ...'' ചിപ്പു ചിന്തിച്ചു. 'എന്നെ തറയിൽ തള്ളിയിട്ടിട്ട് നീ സുഖിച്ചിരിക്കുവാ അല്ലേ...' ചിപ്പു മിന്നുനോട് ചോദിച്ചു.

'എന്താ ചിപ്പു ഈ പറയുന്നേ? ഞാൻ തള്ളിയിട്ടെന്നോ? എപ്പോ? നീ ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ടോ?'' ഇത്രയും പറഞ്ഞ് മിന്നു പറന്നുപോയി.

''ഇവളെന്താ ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ പെരുമാറുന്നേ?'' ചിപ്പു ആലോചിച്ചു. അവൻ വേഗം ചങ്കുനടുത്തേക്ക് നടന്നു. 'ചങ്കു, അന്ന് ശിങ്കൻ രാജാവ് കാട്ടിൽ വന്ന ദിവസം ഞാൻ താഴെ വീണില്ലേ... ആ കാര്യം മിന്നു തത്തയോട് പറഞ്ഞിട്ട് അവൾ അങ്ങനെയൊന്നും നടക്കാത്ത പോലെ എന്നോട് സംസാരിച്ചു. അവൾക്ക് വല്ല മറവി രോഗവുമാണോ? '

ഇതുകേട്ട് ചങ്കു പറഞ്ഞു: 'നീ എന്താ പറയുന്നേ? രാജാവ് വന്നെന്നോ? നീ വീണന്നോ? ഇന്നലെയും കൂടി എന്റെ കൂടെ ഉണ്ടായിരുന്നതല്ലേ നീ? അപ്പോ വീണിട്ടൊന്നും ഇല്ലാരുന്നല്ലോ?' ഇത്രയും കേട്ടതോടെ ചിപ്പുവിന് പേടിയായിത്തുടങ്ങി.

''നിങ്ങൾക്ക് ആർക്കും ഞാൻ പറയുന്നത് എന്താ മനസ്സിലാകാത്തെ? ഞാൻ പറഞ്ഞതൊക്കെ സത്യമാ. വാ നമുക്ക് രാജാവിനോട് ചോദിക്കാം.' അങ്ങനെയവർ രാജാവിന്റെയടുത്തെത്തി. ഇക്കാര്യമെല്ലാം വിശദീകരിച്ച ശേഷം ചിപ്പു ചോദിച്ചു. 'ശരിക്കും രാജാവ് അന്ന് കാട്ടിൽ വന്നില്ലേ?'

'ഇല്ലല്ലോ' ശിങ്കൻ രാജാവ് മറുപടി പറഞ്ഞു. അത്രയുമായപ്പോഴേക്കും ചിപ്പു ഉറക്കെകരയാൻ തുടങ്ങി.

'ആരും കാണത്തതൊക്കെ ഞാൻ കാണുന്നുണ്ടേ... എനിക്കെന്തോ അസുഖമാണേ....' ഇതുകേട്ട് അലിവ് തോന്നിയ രാജാവ് ചിപ്പുവിനോട് പറഞ്ഞു: 'ചിപ്പു, നടന്ന കാര്യം നടന്നിട്ടേയില്ലെന്നു പറഞ്ഞപ്പോൾ നിനക്ക് എത്രത്തോളം സങ്കടമാണുണ്ടായത്. അപ്പോൾ മറ്റുള്ളവരെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ നീ പറഞ്ഞു നടക്കുമ്പോൾ അവർക്കുണ്ടാകുന്ന സങ്കടം നീ ഒന്നാലോചിച്ചു നോക്കൂ...'

അതോടെ ചിപ്പുവിന് തന്റെ തെറ്റ് മനസ്സിലായി. അവൻ എല്ലാവരോടും മാപ്പുചോദിച്ചു.

Content Highlights: story of a monkey, short story for kids