ഇട്ടൂസനെ അമ്മ എപ്പോഴും ചീത്തപറയും. ഒരുമിനിറ്റ് പോലും അടങ്ങിയൊതുങ്ങിയിരിക്കാത്ത ചെക്കനാണ് അവന്‍. മുറ്റത്തേക്കിറങ്ങി കൈകൊണ്ട് മണ്ണുമാന്തലാണ് അവന്റെ പ്രധാന വിനോദം. ഇടയ്ക്ക് അവന്‍ മണ്ണു പുരണ്ട വിരല്‍ വായിലേക്കിടും. അതുകണ്ടാലുടനെ അമ്മ പുളിവാറുമായി 'ടപ്പെ'ന്ന് ഓടിവരും. പിന്നെ കുറേനേരത്തേക്ക് കരച്ചിലും പിഴിച്ചിലും ചീത്തപറച്ചിലുമാകും. എല്ലാം കഴിയുമ്പോഴായിരിക്കും അവന്റെയടുത്തേക്ക് അമ്മൂമ്മ വരുന്നത്. അടിയേറ്റ് വീര്‍ത്ത ഭാഗങ്ങളിലൊക്കെ തലോടി അമ്മൂമ്മ പറയും : 'ഭൂം ഭൂം ഭൂം... കുട്ടീടെ വേദന പോട്ടെ...പോട്ടെ...' അപ്പോള്‍ ഇട്ടൂസന്‍ അമ്മൂമ്മയെ നോക്കി ചിരിക്കും. അതുകണ്ട് അമ്മൂമ്മയും ചിരി തുടങ്ങും. അവനെ മടിയിലിരുത്തിക്കൊണ്ട് അമ്മൂമ്മ ഒരു കാര്യംകൂടി പറയും :
'മോന്‍ ഇനീം മണ്ണിലൊക്കെ കളിച്ചോട്ടാ... പക്ഷേ മണ്ണുള്ള വിരല് വായിലിടരുത്ട്ടോ... സൂക്കേട് വരില്ലേ... അതോണ്ടല്ലേ മോനെ അമ്മ അടിക്കാന്‍ വരുന്നേ...'
അവന്‍ കണ്ണൊക്കെ തുടച്ച് തെറ്റ് സമ്മതിക്കുകയും കുറച്ചുനേരത്തേക്ക് നല്ലകുട്ടിയായി മാറുകയും ചെയ്യും. ഒന്ന് ഉറങ്ങിയെഴുന്നേല്‍ക്കുമ്പേഴേക്കും ഇട്ടൂസന്‍ നല്ലകുട്ടിയെ മറക്കും. അമ്മ കാണാത്ത സ്ഥലത്തേക്ക് ചെന്ന് വീണ്ടും മണ്ണുമാന്താന്‍ തുടങ്ങും. ബോറടിക്കുംവരെ മണ്ണുവാരിയിട്ടും അമ്മ തന്നെ തല്ലാന്‍ വന്നില്ലല്ലോ എന്നോര്‍ത്ത് അവന്‍ സന്തോഷിക്കും.
ഇനി ഇട്ടൂസനുള്ള മറ്റൊരു ക്രൂരവിനോദമാണ് ചെറുപ്രാണികളെ പിടിച്ച് കൊല്ലല്‍. ചെടികളിലും മരങ്ങളിലും മണ്ണിലുമുള്ള തുമ്പിയേയും പൂമ്പാറ്റയേയും പല്ലിയേയും കുഴിയാനയേയുമൊക്കെ പിടികൂടി കൈ കൊണ്ടും കല്ലുകൊണ്ടും കൊന്ന് രസിക്കും. പലപ്പോഴും ഇത് കാണുക അമ്മൂമ്മയാണ്. വടിയെടുക്കാതെ അമ്മൂമ്മ അവന്റെ അടുത്തേക്ക് ചെന്ന് പറയും :
'എന്തിനാ കുട്ടി അവറ്റകളെയൊക്കെ കൊല്ലണേ..? മോനെ അവറ്റ ഒന്നും ചെയ്തില്ലാലോ... മിണ്ടാപ്രാണികളെ കൊന്നാ ദൈവം ശിക്ഷിക്കുട്ടോ..!'
അവന്‍ അതൊന്നും കേള്‍ക്കാതെ കുടുകുടാ നിന്ന് ചിരിക്കും. 'ഞാനൊന്നും പറയാനില്ല...നിന്റെ ഇഷ്ടം പോലായിക്കോ...അമ്മേടേന്ന് തല്ല് കൊള്ളുമ്പോ പഠിച്ചോളും' എന്നുപറഞ്ഞ് അമ്മൂമ്മ സ്ഥലംവിടും. അവന്‍ വീണ്ടും പ്രാണിപിടുത്തം തുടരും. ഒരിക്കല്‍ ഇട്ടൂസന്‍ ഒരു പഴുതാരയെ കണ്ടു. അതിനുമുമ്പ് അങ്ങനെയൊന്നിനെ അവന്‍ കണ്ടിട്ടേയില്ലായിരുന്നു. മണ്ണിലൂടെ ഇഴഞ്ഞുപോകുന്ന അതിനുപിന്നാലെ അവന്‍ ചെന്നു. പിടിക്കാന്‍ നോക്കിയതും അത് ഇട്ടൂസന്റെ കൈത്തണ്ടയില്‍ ഒറ്റ കുത്തുകുത്തി. വേദന സഹിക്കാനാവാതെ അവന്‍ കിടന്നു കരഞ്ഞു. ഇതുകണ്ട് അമ്മയും അമ്മൂമ്മയും ഓടി അവന്റെയടുത്തെത്തി. മഞ്ഞളും തുളസിയും വേറെ എന്തൊക്കെയോ ഇലകളും ചേര്‍ത്ത് മരുന്നുണ്ടാക്കി അമ്മൂമ്മ പഴുതാരക്കുത്തേറ്റ ഭാഗത്ത് പുരട്ടിക്കൊടുത്തു. ഭാഗ്യത്തിന് അടി കിട്ടിയില്ലെങ്കിലും അമ്മയുടെ വായില്‍നിന്ന് വയറുനിറച്ച് ചീത്തകേട്ടു. അതോടെ ഇട്ടൂസന്റെ പ്രാണിപിടുത്തം അവസാനിച്ചു. പക്ഷേ മണ്ണുമാന്തി ക്കളിക്കും അമ്മയുടെ കൈയീന്നുള്ള തല്ലിനും മാത്രം അവസാനമുണ്ടായില്ല!
അങ്ങനെയിരിക്കുമ്പോഴാണ് ഇട്ടൂസന്റെ അമ്മയുടെ സ്വര്‍ണക്കമ്മല്‍ കാണാണ്ടാകുന്നത്. തുണി അലക്കിക്കഴിഞ്ഞപ്പോഴാണ് കമ്മല്‍ കാണാനില്ലെന്ന കാര്യം അറിയുന്നത്. എല്ലായിടത്തും തിരഞ്ഞു. കിട്ടിയില്ല. രണ്ടുമൂന്ന് ദിവസം അമ്മയും അച്ഛനും അമ്മൂമ്മയും നോക്കിയിട്ടും കണ്ടുപിടിക്കാനായില്ല. അതേപ്പറ്റി എല്ലാവരും മറന്നു. ദിവസങ്ങള്‍ കുറേ കഴിഞ്ഞു. ഒരു ദിവസം ഇട്ടൂസന്‍ തന്റെ പതിവ് മണ്ണുമാന്തല്‍ വിനോദത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. കുറേ മാന്തിയപ്പോഴുണ്ട് അതാ കിടക്കുന്നു അമ്മയുടെ കാണാതായ സ്വര്‍ണക്കമ്മല്‍! 'അമ്മേ... കമ്മല് കിട്ടി' എന്നുംപറഞ്ഞ് അവന്‍ മണ്ണുപറ്റിയ കമ്മലുമായി അമ്മയുടെ അടുത്തേക്കോടി. ഇട്ടൂസന്റെ കൈയിലെ കമ്മല്‍ കണ്ട് അമ്മ അന്തംവിട്ട് നിന്നു. പതിവില്ലാതെ അവനെ കെട്ടിപ്പിടിച്ച് കുറെ ഉമ്മയും കൊടുത്തു. ഇട്ടൂസന്‍ സന്തോഷംകൊണ്ട് ചാടിത്തുള്ളി. അങ്ങനെ അവന്റെ നല്ലപ്രവൃത്തി നാട്ടുകാരെല്ലാം അറിയുകയും അവര്‍ ഇട്ടൂസന് ഒത്തിരി സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്തു.
Content highlights : short story for kids