രെക്കണ്ടാലും കഥ പറയുന്നതാണ് തവളക്കുട്ടന്റെ ശീലം. ഇത്ര ചെറിയ പ്രായത്തിലേ വലിയ മുത്തശ്ശിമാരേക്കാൾ നല്ല കഥ പറയുന്ന തവളക്കുട്ടനെ കാട്ടിലെല്ലാവർക്കും വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ നേരമിരുട്ടിക്കഴിഞ്ഞാൽ കുട്ടികളുമായി മുയലമ്മയും കുറുക്കച്ചനും തുടങ്ങി കാട്ടിലെ എല്ലാ മൃഗങ്ങളും കഥകേൾക്കാനായി തവളക്കുട്ടന്റെ കുളത്തിന് മുന്നിൽ വന്നിരിക്കും. എല്ലാവരും എത്തിക്കഴിഞ്ഞാൽപ്പിന്നെ നല്ല രസകരമായ കഥകൾ പറഞ്ഞു തുടങ്ങും നമ്മുടെ തവളക്കുട്ടൻ. ഒന്നിനു പുറകെ ഒന്നായുള്ള തവളക്കുട്ടന്റെ കഥകൾ കേട്ട് തങ്ങളുടെ മക്കൾ ഉറങ്ങുമ്പോഴേക്കും എല്ലാവരും തവളക്കുട്ടന് നന്ദി പറഞ്ഞ് അവിടെ നിന്ന് പിരിഞ്ഞ് പോകും.

അങ്ങനെ തവളക്കുട്ടന്റെ പ്രശസ്തി മറ്റു കാടുകളിലേക്കുമെത്തി. എന്നാൽപ്പിന്നെ അവന്റെ കഥയൊന്നു കേട്ടാലോയെന്നുറപ്പിച്ച് ഓരോ കാട്ടിൽ നിന്നും ജീവികൾ കുളത്തിനടുത്തേക്ക് എത്താൻ തുടങ്ങി. ഒരു ദിവസം കഥകേൾക്കാനെത്തിയവരുടെ കൂട്ടത്തിൽ മയിൽ മുത്തശ്ശിയുമുണ്ടായിരുന്നു. എട്ടുകാടുകളിലും കീർത്തികേട്ട കഥ പറച്ചിലുകാരിയായിരുന്നു മുത്തശ്ശി. രാത്രി വെളുക്കുവോളം തവളക്കുട്ടന്റെ കഥ കേട്ട മുത്തശ്ശിക്ക് വല്ലാതെ സന്തോഷമായി. എല്ലാവരും പിരിഞ്ഞ് പോയതിന് പിന്നാലെ മുത്തശ്ശി തവളക്കുട്ടന്റെ അടുത്തെത്തി പറഞ്ഞു:

''തവളക്കുട്ടാ, ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കഥപറച്ചിലുകാരനാണ് നീ. കാട്ടിലിരുന്ന് ഇങ്ങനെ മറ്റുള്ളവർക്ക് കഥ പറഞ്ഞ് കൊടുക്കാതെ നിന്റെ കഴിവ് ലോകത്തെ മൊത്തം അറിയിക്കൂ... നിനക്ക് നല്ല ഭാവിയുണ്ട്.''

ഇതുകേട്ട് തവളക്കുട്ടന് സന്തോഷമായി. പക്ഷേ ഈ കാട് വിട്ട് മറ്റൊരിടത്തേക്ക് പോകാൻ അവന് മനസ്സുണ്ടായിരുന്നില്ല. അവൻ മുത്തശ്ശിയോട് പറഞ്ഞു:

'' മുത്തശ്ശി പറയുന്നത്ര കഴിവ് എനിക്കുണ്ടോയെന്ന് അറിയില്ല. എങ്കിലും മുത്തശ്ശിയുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ഈ കാട് വിട്ട് എങ്ങനെയാണ് എന്റെ കഴിവ് ഞാൻ ലോകത്തെ അറിയിക്കുക? ഇവിടെ എനിക്ക് നല്ല സന്തോഷമുണ്ട്. അതിൽ കൂടുതൽ എന്താണ് വേണ്ടത്?''

അപ്പോൾ മുത്തശ്ശി പറഞ്ഞു:

' തവളക്കുട്ടാ, നിന്റെ കഴിവ് ശരിക്കും മറ്റുള്ളവരെ അൽഭുതപ്പെടുത്തുന്നതാണ്. അത് ഈ ലോകത്തെ മുഴുവൻ അറിയിക്കേണ്ടത് നിന്റെ കർത്തവ്യമാണ്. അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കൂ.''

ഇത്രയും പറഞ്ഞശേഷം തവളക്കുട്ടന് പങ്കെടുക്കാൻ പറ്റിയ മൽസരങ്ങളുടെ വിവരങ്ങൾ മുത്തശ്ശി പറഞ്ഞു കൊടുത്തു. അങ്ങനെ മുത്തശ്ശി പറഞ്ഞ മൽസരങ്ങളിലെല്ലാം തവളക്കുട്ടൻ വിജയിച്ചു. പ്രശസ്തനായി കാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ എല്ലാവരും ചേർന്ന് തവളക്കുട്ടന് നല്ലൊരു സ്വീകരണം കൊടുത്തു. സ്വീകരണത്തിൽ തനിക്ക് പ്രസംഗിക്കാൻ അവസരം കിട്ടിയപ്പോൾ തവളക്കുട്ടൻ പറഞ്ഞു:

'കൂട്ടുകാരെ നമ്മുടെ എല്ലാവരുടേയും ഉള്ളിൽ എന്തെങ്കിലുമൊക്കെ കഴിവുകളുണ്ടാകും. ആ കഴിവുകൾ വളർത്തി അതിനെ പരിപോഷിപ്പിക്കാൻ നമ്മൾ നിരന്തരം പ്രയത്നിക്കണം. നമ്മളെക്കൊണ്ട് ഒന്നും സാധിക്കില്ലെന്ന് പറഞ്ഞ് പൊട്ടക്കിണറ്റിലെ തവളയാകാൻ ശ്രമിക്കരുത്.'' തവളക്കുട്ടന്റെ വാക്കുകൾ നിറഞ്ഞ കൈയ്യടിയോടെ കാട്ടിലെ ജീവികൾ സ്വീകരിച്ചു.

Content Highlights: Short story about frog