ങ്ങകലെയൊരു കാട്ടിൽ ഒരു പടുകൂറ്റൻ മരമുണ്ടായിരുന്നു. അതിന്റെ ചില്ലകളിലാണ് കാക്കരാജാവും അനുചരന്മാരും താമസിച്ചിരുന്നത്. അല്പം അകലെയുള്ള ഗുഹയിലാണ് മൂങ്ങരാജാവിന്റെയും അനുയായികളുടെയും വാസം. കാക്കകൾക്ക് രാത്രിയും മൂങ്ങകൾക്ക് പകലും കണ്ണുകാണില്ലല്ലോ. ഇക്കാര്യം മുതലെടുത്ത മൂങ്ങകൾ, രാത്രിയായാലുടൻ മരത്തിന് ചുറ്റും പതുങ്ങിപ്പറന്ന് കാക്കകളെ ഓരോന്നായി കൊല്ലുക പതിവായി. ഇങ്ങനെ നാൾക്കുനാൾ കാക്കകളുടെ എണ്ണം കുറഞ്ഞുവന്നു.

സംഗതിയുടെ ഗൗരവം മനസ്സിലാക്കിയ കാക്കരാജാവ് തന്റെ അഞ്ച് മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുചേർത്തു. ''ശത്രുക്കളായ മൂങ്ങകളോട് പകരംവീട്ടുന്നതെങ്ങനെ?'' രാജാവ് ഓരോരുത്തരോടും അഭിപ്രായമാരാഞ്ഞു. അഞ്ച് മന്ത്രിമാരും വ്യത്യസ്ത നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. എന്നാൽ അതൊന്നും രാജാവിന് സ്വീകാര്യമായി തോന്നിയില്ല.

ഒടുക്കം കാക്കരാജാവ് തന്റെ പിതാവിന്റെ പ്രധാനമന്ത്രിയായിരുന്ന വൃദ്ധകാകന്റെ അടുത്ത് സഹായം തേടിയെത്തി. കാക്കകൾക്കുനേരെയുള്ള മൂങ്ങകളുടെ അതിക്രമത്തിന്റെ കഥ കേട്ട വൃദ്ധകാകൻ രാജാവിനെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. ''പ്രഭോ, നാമിപ്പോൾ തന്ത്രപൂർവം ചില കാര്യങ്ങൾ ചെയ്യണം. ശത്രുക്കൾ ബലവാന്മാരാണ്. അതിനാല് നേരിട്ട് ചെന്ന് ഏറ്റുമുട്ടുന്നത് ബുദ്ധിയല്ല. ആദ്യം ശത്രുവിനോട് സ്നേഹം ഭാവിച്ച് അടുത്തുകൂടണം. പിന്നീട് തക്കതായ അവസരം വരുമ്പോൾ ആഞ്ഞടിക്കുകയാണ് പകവീട്ടാനുള്ള ഉചിത മാർഗം. കാക്കകളുടെ വംശത്തെ രക്ഷിക്കുകയെന്ന ഭാരിച്ച ഈ ഉത്തരവാദിത്വം ഞാനേറ്റെടുക്കാം.'' വൃദ്ധകാകന്റെ വാക്കുകൾ കാക്കരാജാവിനും പ്രജകൾക്കും സന്തോഷം പകർന്നു. അവർ രഹസ്യമായി ചില പദ്ധതികൾക്ക് രൂപംനല്കി.

പിറ്റേന്ന് വൃദ്ധകാകൻ കാക്കക്കൂട്ടത്തിന്റെ ഇടയിലേക്ക് കയറിച്ചെന്നു. എന്നിട്ടവരോട് അകാരണമായി കലഹിക്കാന്തുടങ്ങി. അപ്പോഴേക്കും കാക്കരാജാവ് രംഗത്തെത്തി. രാജാവിന്റെ കല്പനപ്രകാരം മറ്റ് കാക്കകൾ വൃദ്ധകാകനെ തലങ്ങും വിലങ്ങും കൊത്തി മുറിവേല്പിച്ചു. വൃദ്ധകാകൻ അവശനായി എന്നുറപ്പായതോടെ കാക്കകളെല്ലാം ആ വലിയ മരം വിട്ട് അടുത്തുള്ള പർവതത്തിലേക്ക് പറന്നുപോയി.

അധികം വൈകാതെ, മൂങ്ങരാജാവിന്റെ കാതുകളിൽ ആ വാർത്തയെത്തി. ''നമ്മളെ ഭയന്ന് കാക്കരാജാവ് നാടുവിട്ടുപോയിരിക്കുന്നു!'' ചാരന്മാർ മൂങ്ങരാജാവിനെ അറിയിച്ചു. ''രാജാവ് നാടുവിട്ടെങ്കിൽ ബാക്കി കാക്കകളെ കൊല്ലുക എളുപ്പമാണ്. ഒരുത്തനെയും വെറുതേ വിടരുത്.'' മൂങ്ങരാജാവ് തന്റെ കൂട്ടാളികളെയും കൂട്ടി ബാക്കിയുള്ള കാക്കളെക്കൂടി വകവരുത്താനായി മരത്തിനടുത്തെത്തി. പക്ഷേ, അവിടെയെങ്ങും ഒറ്റ കാക്കയെയും അവർക്ക് കാണാനായില്ല. ''ശ്ശെ, എല്ലാവരും രക്ഷപ്പെട്ടിരിക്കുന്നു!'' മൂങ്ങകൾ നിരാശയോടെ മടങ്ങാൻ ഭാവിക്കുമ്പോഴാണ് ദേഹമാസകലം മുറിവേറ്റ് ഞരങ്ങുന്ന വൃദ്ധകാകനെ കാണുന്നത്.

''എന്നെ ഈ നിലയിലാക്കിയത് കാക്കരാജാവാണ്. എനിക്ക് നിങ്ങൾ അഭയം നല്കണം.'' വൃദ്ധകാകൻ മൂങ്ങകളോട് യാചിച്ചു. ഇത് കേട്ട മൂങ്ങരാജാവ് വൃദ്ധകാകന്റെ അരികില് പറന്നെത്തി കാര്യം തിരക്കി. വൃദ്ധകാകൻ പറഞ്ഞു: ''മഹാരാജാവേ, നല്ലകാര്യം ഉപദേശിച്ചതിന് കിട്ടിയ പ്രതിഫലമാണ് എന്റെ ശരീരത്തിൽ ഈ കാണുന്ന മുറിവുകൾ! കാക്കരാജാവും കൂട്ടരും അങ്ങയോട് യുദ്ധംചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു. അത് ബുദ്ധിയല്ലെന്ന് ഞാനവരെ ഉപദേശിച്ചു. അത് കേട്ട് ദേഷ്യംവന്ന കാക്കകൾ, ഞാൻ മൂങ്ങകളുടെ ചാരനാണെന്ന് പറഞ്ഞ് എന്നെ കൊത്തി മുറിവേല്പിച്ചു. ഇപ്പോൾ നിരാശ്രയനായിത്തീർന്ന ഞാൻ അങ്ങയെ അഭയംപ്രാപിച്ചിരിക്കുകയാണ്. എന്നെ സ്വീകരിച്ചാൽ കാക്കകളെ ഒന്നടങ്കം നശിപ്പിക്കാനുള്ള മാർഗം ഞാൻ പറഞ്ഞുതരാം.''

അഭയം തേടിയെത്തിയ ശത്രുവിനെ സ്വീകരിക്കുന്ന കാര്യത്തിൽ തനിച്ചൊരു തീരുമാനമെടുക്കാൻ മൂങ്ങരാജാവിനായില്ല. മൂങ്ങരാജാവ് തന്റെ അഞ്ച് മന്ത്രിമാരെ വിളിച്ച് ഇക്കാര്യത്തിൽ അഭിപ്രായമാരാഞ്ഞു. അവരില് ഒരാളൊഴികെ മറ്റെല്ലാവരും വൃദ്ധകാകൻ അഭയം നൽകണമെന്ന് വാദിച്ചു. ''ശത്രുവിനെ നിർദാക്ഷിണ്യം കൊലപ്പെടുത്തണ'മെന്നാണ് അഞ്ചാമത്തെ മന്ത്രി പറഞ്ഞത്. പക്ഷേ, അതാരും ചെവിക്കൊണ്ടില്ല. ഇതിൽ പ്രതിഷേധിച്ച് ആ മന്ത്രിയും അനുയായികളും മൂങ്ങക്കൂട്ടം വിട്ട് മറ്റൊരിടത്തേക്ക് പറന്നുപോയി.

അതിനുശേഷം മറ്റ് മൂങ്ങകൾ വൃദ്ധകാകനെ ആഘോഷപൂർവം ഗുഹയിലേക്ക് ആനയിച്ചു. വൃദ്ധകാകൻ ഗുഹയുടെ നടുവിൽ താമസിക്കാനിടം കിട്ടി. പക്ഷേ, തന്റെ ചാരപ്പണിക്ക് അത് തടസ്സമാകുമെന്ന് വൃദ്ധകാകന് അറിയാമായിരുന്നു. ''മൂങ്ങരാജാവിന്റെ പാദാരവിന്ദങ്ങൾ ധ്യാനിച്ച് കഴിയാനിഷ്ടപ്പെടുന്ന എന്നെ ഗുഹാകവാടത്തിൽ താമസിക്കാൻ അനുവദിക്കണം.'' വൃദ്ധകാകൻ അപേക്ഷിച്ചു. ഇതിന് പിന്നിലെ അപകടം മനസ്സിലാക്കാതെ മൂങ്ങരാജാവ് അതനുവദിച്ചു.

panchatantra story

ദിവസേന മൂങ്ങകൾ വിശിഷ്ട ഭക്ഷണങ്ങൾ കൊണ്ടുവന്ന് കാക്കയ്ക്ക് കൊടുത്തു. അവ വയറുനിറയെ കഴിച്ച് അവൻ തടിച്ചുകൊഴുത്തു. ദേഹത്തെ മുറിവുകളും ക്രമേണ ഉണങ്ങി. ഇതിനിടെ വൃദ്ധകാകൻ തന്റെ പദ്ധതികൾ ഓരോന്നായി നടപ്പിൽ വരുത്തിക്കൊണ്ടിരുന്നു. നേരം വെളുത്താൽ മൂങ്ങകൾക്ക് കാഴ്ച നഷ്ടപ്പെടും. ഈ തക്കത്തിന് കാക്ക പുറത്തുപോയി ഉണക്കവിറകുകളും ചുള്ളിക്കമ്പുകളും കൊണ്ടുവന്ന് ഒരോ മൂലകളിൽ കൂട്ടിവെച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മൂങ്ങകളുടെ ഗുഹയിൽ ഉണക്കവിറകുകൾ നിറഞ്ഞു.

എല്ലാം തയ്യാറായശേഷം വൃദ്ധകാകൻ പറന്ന് കാക്കരാജാവിന്റെ അടുത്തെത്തി. വളരെക്കാലത്തിനുശേഷം വൃദ്ധകാകനെ കണ്ടതില് കാക്കരാജാവ് സന്തോഷിച്ചു. ''മഹാരാജാവേ, നമുക്ക് പ്രതികാരംചെയ്യാനുള്ള സമയമായി. മൂങ്ങകളുടെ വിശ്വസ്തനായിമാറിയ ഞാന് അവരുടെ കണ്ണുവെട്ടിച്ച് ഗുഹകളിൽ നിറയെ ഉണക്കവിറകുകൾ കുത്തിനിറച്ചുകഴിഞ്ഞു. ഇനിയൊട്ടും വൈകരുത്. ഇപ്പേൾ പകൽസമയമായതിനാൽ അവറ്റകൾക്ക് കണ്ണുകാണില്ല. നാമോരോരുത്തരും ഓരോ തീക്കനലുമായി പറന്ന് അവിടെയെത്തി ഗുഹയ്ക്ക് തീ കൊടുക്കണം.'' ഇത്രയും പറഞ്ഞ് വൃദ്ധകാകൻ ഗുഹയിലേക്ക് തിരിച്ചുപറന്നു.

അല്പം കഴിഞ്ഞതും കാക്കകൾ തീക്കനലുകളുമായി കൂട്ടത്തോടെ പറന്നെത്തി. സംഭവിക്കുന്നതെന്തെന്ന് മൂങ്ങകൾക്ക് മനസ്സിലാകുംമുൻപേ ഗുഹയിൽ തീയാളിപ്പടർന്നു. അതിൽ പെട്ട് മൂങ്ങകൾ ഒന്നടങ്കം വെന്തുമരിച്ചു. ശത്രുക്കളെ തന്ത്രത്തിലൂടെ നശിപ്പിച്ച വൃദ്ധകാകനെ മറ്റ് കാക്കകൾ അഭിനന്ദിച്ചു. തുടർന്ന് ശത്രുസംഹാരവും രാജ്യതന്ത്രവും സംബന്ധിച്ച കാര്യങ്ങൾ പഠിപ്പിച്ച് വൃദ്ധകാകൻ കാക്കരാജാവിനെ പണ്ഡിതനാക്കിത്തീർത്തു. പിന്നീടുള്ള കാലം കാക്കകൾ ശത്രുഭയമില്ലാതെ ജീവിച്ചു.

'ബലവാന്മാരെയും തന്ത്രംകൊണ്ട് തോല്പിക്കാം'.

(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :panchatantra story of a crow revenge malayalam