രു കാട്ടില്‍ ജംബോ എന്നൊരു ആനക്കുട്ടനുണ്ടായിരുന്നു. ഒരുനാള്‍ അമ്മ അവനെ മാന്‍കൂട്ടത്തിനരികില്‍ വിട്ടിട്ട് തീറ്റതേടാന്‍ പോയി. പോകും മുമ്പ് അമ്മ പറഞ്ഞു:

''കുട്ടിക്കുറുമ്പാ കുഞ്ഞുമോനേ
വികൃതികളൊന്നും കാട്ടല്ലേ
കാട്ടില്‍ക്കറങ്ങി നടക്കല്ലേ
കൂട്ടരുമൊത്തു കളിച്ചാലും!''

ജംബോയ്ക്കത് തീരെ ഇഷ്ടമായില്ല. 'കാട്ടിലെ ഏറ്റവും വലിയ മൃഗമായ ഞാന്‍ ഇവിടെയുള്ള മാനിന്റെയും മുയലിന്റെയും കൂടെ കളിക്കുകയോ? ഹൊ! ചിന്തിക്കാന്‍ തന്നെ വയ്യ...' ജംബോ ആരോടും മിണ്ടാതെ അവിടെ നിന്ന് പോയി.

അപ്പോള്‍ ഒരു മരത്തില്‍ കുറച്ച് കുരങ്ങന്മാര്‍ ചാടിക്കളിക്കുന്നുണ്ടായിരുന്നു. അവര്‍ ജംബോയോട് ചോദിച്ചു:
''ജംബോക്കുട്ടാ കുഞ്ഞുണ്ണി
ചാമ്പക്കവേണോ മാങ്ങവേണോ,
മൂത്തുവിളഞ്ഞ പഴങ്ങള്‍ വേണോ
കൂടെ വരികെന്റെ കൂട്ടുകാരാ!''

''ഏയ് ഞാനില്ല. ഞാന്‍ ഇത്ര നിസ്സാരന്‍മാരുടെകൂടെ കൂട്ടുകൂടാറില്ല.'' എന്നു പറഞ്ഞ് അവന്‍ നടന്നുനീങ്ങി. അങ്ങനെ പലവഴി നടന്ന് ഒടുവില്‍ അവനു വഴിതെറ്റി. തിരിച്ച് അമ്മയുടെ അടുത്തു പോകാന്‍ എങ്ങനെ വഴി ചോദിക്കും? കൊച്ചു മൃഗങ്ങളോട് വഴിയറിയില്ല എന്ന് പറഞ്ഞാല്‍ നാണക്കേടല്ലേ! അവന്‍ ഏകദേശം ഒരു വഴി സങ്കല്‍പിച്ച് മുന്നോട്ടു നടന്നു.

പക്ഷേ, അതൊന്നും ശരിയായ വഴിയായിരുന്നില്ല. ഒടുവില്‍ പലവഴിക്കു നടന്ന് ജംബോ അവശനായി. അവന് പേടി തോന്നിത്തുടങ്ങി.

അപ്പോഴതാ, പുറകില്‍ നിന്ന് ഒരു ശബ്ദം. അത് ഡിങ്കുമാന്‍ ആയിരുന്നു. ''ആനക്കുട്ടിക്ക് വഴി തെറ്റിയോ? ഞാന്‍ വഴി കാണിച്ചു തരട്ടെ?'', ജംബോ വേഗം സമ്മതിച്ചു. അങ്ങനെ ഡിങ്കു മുന്നില്‍ നടന്നു. ജംബോ പുറകെയും. 

നടന്നു നടന്ന് അവര്‍ ആനക്കൂട്ടത്തിന് അരികിലെത്തി. അവരെക്കണ്ട് അമ്മയാനയ്ക്ക് സന്തോഷമായി. തെറ്റുമനസ്സിലായ ജംബോ പിന്നീട് മറ്റു മൃഗങ്ങളോട്  കൂട്ടുകൂടി സന്തോഷത്തോടെ കഴിഞ്ഞു.

(മിന്നാമിന്നിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Minnaminni, Bedtime stories, Bedtime stories for kids, Malayalam bedtime story