പൂഡിക് എന്ന കുഞ്ഞിക്കുരുവി മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടേ ഉള്ളൂ . അവന്റെ കുഞ്ഞിച്ചിറകുകൾക്ക് തീരെ ബലം വച്ചിട്ടില്ല. അതുകൊണ്ട് തന്നെ അമ്മ എപ്പോഴും അവനെ ഉപദേശിക്കും:
'മോനെ പൂഡിക്,ശ്രദ്ധിക്കണേ,കൂട്ടിനു വക്കിൽ ചെന്ന് നിൽക്കല്ലേ,കാലു തെറ്റി താഴെ വീഴും.'

പൂഡിക്കിന് ഇത് കേട്ട് കേട്ട് മടുത്തിരുന്നു. ഒരു കെട്ടിടത്തിലെ ജനാലപ്പുറത്തായിരുന്നു അവന്റെ കൂട്. തരം കിട്ടുമ്പോഴൊക്കെ അവൻ അതിൽ നിന്നും എത്തിവലിഞ്ഞ് പുറത്തേക്ക് നോക്കും-
'പുറം ലോകത്ത് എന്താണ് സംഭവിക്കുന്നത് ?അവിടെ ആരൊക്കെ ഉണ്ട്?' അവന്റെ സംശയങ്ങൾ തീരില്ല.

ഇടയ്ക്കിടെ അച്ഛൻ കുരുവി പൂഡിക്കിനും അമ്മയ്ക്കുമുള്ള പുഴുക്കളെ നൽകാൻ പറന്നെത്തും. അച്ഛൻ വലിയ പൊങ്ങച്ചക്കാരനാണ്.സംശയമില്ല. ദൂരെ നിന്ന് തന്നെ അച്ഛന്റെ പാട്ടു കേൾക്കാം.

'ഞാനാണ് ബോസ്
ഞാനാണ് ബോസ്
ഞാൻ നോക്കും കാര്യങ്ങൾ!'

അമ്മക്കുരുവി അത് ശരിവച്ച് ഒപ്പം പാടും :

'അതെ ബോസ്
അതെ ബോസ്
അങ്ങാണ് ഇവിടുത്തെ ബോസ്!'

പൂഡിക്കിനാവട്ടെ ഇതിലൊന്നും ഒരു താല്പര്യവും ഇല്ല. അച്ഛൻ കൊണ്ടുവന്ന പുഴുവിനെ കൊത്തിവിഴുങ്ങുമ്പോൾ അവൻ മനസ്സിൽ കരുതും- 'അല്പം കൂടി രുചിയുള്ള ഭക്ഷണം തന്നിട്ട് പോരെ ഈ വീമ്പുപറച്ചിലൊക്കെ?'

ബോറടി മാറാനായി അവൻ കൂട്ടിനു പുറത്തേക്ക് ഒരിക്കൽ ഒന്നു തഞ്ചത്തിൽ എത്തിനോക്കി.
'അയ്യോ മോനെ പൂഡിക് , ശ്രദ്ധിക്ക്. താഴെ വീഴും ...' അമ്മ ഉച്ചത്തിൽ ചിലച്ചു.
'ഞാൻ അത്ര മണ്ടനല്ല. എനിക്കറിയാം അതൊക്കെ' പൂഡിക് മുഖം വീർപ്പിച്ചു.
'താഴെ വീഴും വരെ ആരും മണ്ടനല്ല. താഴെ കണ്ടൻപൂച്ച ചുറ്റിനടപ്പുണ്ട്. അവന് ഒന്ന് നുണയാനെ നീ ഉള്ളൂ.ഓർത്തോ..', അതും പറഞ്ഞ് അച്ഛൻ അടുത്ത ഇരയെ തേടി ദൂരേക്ക് പറന്നു.

അങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞു.പൂഡിക്കിന്റെ ചിറകുകൾ വലിയ മടിയന്മാരാണ് എന്ന് തോന്നുന്നു. അവ ഒട്ടും വളരാൻ കൂട്ടാക്കാത്ത പോലെയുണ്ട്. പൂഡിക്കിന് മടുത്തു.
അങ്ങനെയിരിക്കെ ഒരു വലിയ കാറ്റടിച്ചു. പൂഡിക് ആ കാഴ്ച ആദ്യമായി കാണുകയാണ്. വലിയ ശബ്ദം! മരങ്ങളും ചെടികളും ഒക്കെ കുനിഞ്ഞു നിൽക്കുന്നു. എന്താണിതൊക്കെ?
'മോനെ ശ്രദ്ധിക്കണേ... കാറ്റടിക്കുകയാണ്.അത് നിന്നെ കൂട്ടിനു പുറത്തേക്ക് വലിച്ചിടും. കണ്ടൻ പൂച്ച ഉടനെ നിന്റെ കഥ കഴിക്കും. നന്നായി പിടിച്ചിരിക്കണേ...''അമ്മ ഉപദേശിച്ചു.
പൂഡിക്കിന് കാറ്റിനെ ഒട്ടും ഇഷ്ടമായില്ല.

'ഈ മരങ്ങൾ എന്തിനാണിങ്ങനെ വളഞ്ഞു നിന്നത് ? അതുകൊണ്ടാണ് കാറ്റുവന്നത് .അവരോട് നേരെ നിൽക്കാൻ പറ. എങ്കിൽ കാറ്റ് തിരികെ പൊയ്ക്കൊള്ളും. '
'അങ്ങനെയല്ല മോനെ,' 'അമ്മ കാറ്റിനെ പറ്റിയും കാലാവസ്ഥയെ പറ്റിയുമൊക്കെ വിശദീകരിക്കാൻ തുടങ്ങി. പക്ഷെ അതത്ര എളുപ്പമായിരുന്നില്ല . പോരാത്തതിന് പൂഡിക് അമ്മ പറയുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിക്കുന്ന കൂട്ടത്തിലുമല്ല. അവന് അവന്റേതായ ചിന്തകളുണ്ട്!

അപ്പോഴാണ് ഒരു മനുഷ്യൻ അതിലെ കയ്യും വീശി നടന്നു പോകുന്നത് പൂഡിക് കണ്ടത്. മനുഷ്യനെ അവൻ ആദ്യമായി കാണുകയാണ്.

'പാവം ,അയാളുടെ ചിറകുകൾ പൂച്ച കടിച്ചെടുത്തു. എല്ലുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ.' പൂഡിക് ദുഃഖത്തോടെ പറഞ്ഞു.

അയാളുടെ കൈകളെ അവൻ തൂവൽ പോയി എല്ലുകൾ മാത്രം ബാക്കിയായ ചിറകുകൾ ആണെന്നാണ് കരുതിയത്.

'മോനെ അതൊരു മനുഷ്യനാണ്. മനുഷ്യർക്ക് ചിറകുകൾ ഇല്ല . നീ കാണുന്നത് അയാളുടെ കൈകളാണ്. ' 'അമ്മ വിശദീകരിച്ചു.

'എന്ത്?'പൂഡിക്കിനു താൻ കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ചിറകില്ലാതെ അയാൾ എങ്ങനെ പറക്കും?

'മനുഷ്യർ പറക്കില്ല. ആ നീളൻ കാലുകൾ കൊണ്ട് തത്തിച്ചാടാൻ മാത്രമേ അവറ്റകൾക്ക് പറ്റൂ.' അമ്മ പറഞ്ഞു കൊടുത്തു .

'പക്ഷെ...അതെന്താ അവർക്ക് ചിറകില്ലാത്ത പോയത്?' പൂഡിക് ചിന്താകുലനാണ്.
'കാരണം,അവർക്ക് ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ മനുഷ്യർ നമ്മളെ പിടിച്ചുകൊണ്ടുപോയേനെ... നിന്റെ അച്ഛൻ ഇര പിടിക്കും പോലെ !'

''അമ്മ പറയുന്നതൊക്കെ നുണയാണ്. നുണയും വിഡ്ഢിത്തവുമാണ് . ലോകത്ത് എല്ലാവര്ക്കും ചിറകുകൾ ഉണ്ട്. പറക്കാതെ നിലത്തു മാത്രം കഴിയാൻ ഒരു രസവും കാണില്ല. അതുകൊണ്ടു തന്നെ എല്ലാവരും പറക്കും. ഞാൻ വലുതായി കൂടിനു പുറത്തെത്തട്ടെ ,എല്ലാവരും പറക്കുന്നത് ഞാൻ നേരിട്ട് കാണും.' പൂഡിക് പറഞ്ഞു.

അമ്മയെ ഇനി മേലിൽ വിശ്വസിക്കാനേ പാടില്ല എന്ന് അവൻ ഉറപ്പിച്ചു. പക്ഷെ അമ്മമാർ പറയുന്നത് കേൾക്കാത്ത കുഞ്ഞുങ്ങൾ എല്ലാം അപകടത്തിൽ ചെന്ന് ചാടുമെന്ന് പാവം പൂഡിക്കിന് അറിയില്ലായിരുന്നു. ഒരു കൊച്ചു കുഞ്ഞല്ലേ അവൻ?
അവൻ കൂടിനു വക്കിലേക്ക് എത്തിവലിഞ്ഞ് നിന്ന് കുഞ്ഞിച്ചിറകുകൾ വീശി ഇങ്ങനെ പാടി:

'ചിറകില്ലാത്ത മനുഷ്യാ
കാലുണ്ടായിട്ടെന്ത്?
വലിയവനായിട്ടെന്ത്?
നിന്നെ ഉറുമ്പു കടിക്കും
പ്രാണികൾ നിന്നെ കുത്തും...'

പാട്ടിൽ ലയിച്ചു പോയ പൂഡിക് കാലുതെറ്റി താഴേക്ക് വീണു. ഉടനെ അമ്മക്കുരുവി അവനെ രക്ഷിക്കാനായി താഴേക്ക് പറന്നു. പക്ഷെ പച്ചക്കണ്ണുകൾ ഉള്ള കണ്ടൻ പൂച്ച പൂഡിക്കിനെ കണ്ടുകഴിഞ്ഞിരുന്നു.

പൂച്ചയെ കണ്ട പൂഡിക് കിടുകിടാ വിറച്ചു. എങ്കിലും ചിറകുകൾ പരത്തി വച്ച് ഉപചാരപൂർവം അവൻ പറഞ്ഞു: 'സർ, അങ്ങയെ കണ്ടതിൽ വളരെ സന്തോഷം.'

അമ്മ അപ്പോഴേക്കും പൂഡിക്കിനെ ഒരു വശത്തേക്ക് തള്ളിമാറ്റിക്കൊണ്ട് അലറി.
'പൂഡിക്ക് ,പറക്ക് , എങ്ങനെയെങ്കിലും ജനലരികിലേക്ക് പറക്ക്. വേഗം.'

അമ്മക്കുരുവിയുടെ തൂവലുകൾ കുത്തനെ എഴുന്നു നിന്നു. അവൾ തന്റെ കൊക്കുകൾ കൂർപ്പിച്ച് പൂച്ചയുടെ കണ്ണ് കൊത്തിപ്പൊട്ടിക്കാൻ എന്നപോലെ പറന്നു ചെന്നു.

പേടി നല്ലൊരു പരിശീലകനാണ്. പേടിച്ചരണ്ട പൂഡിക് എങ്ങനെയൊക്കെയോ പറന്നുയർന്നു. അവൻ ജനലിന്റെ താഴത്തെ പടിയിൽ എത്തി.

അപ്പോഴേക്കും അമ്മയും അങ്ങോട്ടെത്തി. അമ്മയുടെ വാൽ ഏകദേശം മുഴുവനായി നഷ്ടപ്പെട്ടിരുന്നു. പക്ഷെ അമ്മ നല്ല സന്തോഷത്തിലാണെന്ന് മുഖം കണ്ടാൽ അറിയാം.

'ഇപ്പോൾ എങ്ങനെയിരിക്കുന്നു?' അനുസരണം കേട്ട പൂഡിക്കിന്റെ തലയിൽ നല്ലൊരു കൊത്ത് കൊടുത്തുകൊണ്ട് അമ്മ ചോദിച്ചു.

'പക്ഷെ ,ഇങ്ങനെയൊക്കെയല്ലേ കാര്യങ്ങൾ പഠിക്കുക?' പൂഡിക് തിരിച്ചു ചോദിച്ചു.

രണ്ടു കുരുവികളെയും നഷ്ടപ്പെട്ട് ഇളിഭ്യനായ പൂച്ചയാവട്ടെ അവരെ തുറിച്ചു നോക്കിക്കൊണ്ട് താഴെ ഇരിപ്പുണ്ടായിരുന്നു. പൂഡിക്കിനെ നോക്കി അവൻ നെടുവീർപ്പിട്ടു.

'എന്ത് നല്ല കുഞ്ഞിക്കുരുവി! കണ്ടാൽ ഒരു ചുണ്ടെലിയെപ്പോലുണ്ട് ! മ്യാവോ ... മ്യാവോ!'

അങ്ങനെ കാര്യങ്ങളെല്ലാം സന്തോഷകരമായി അവസാനിച്ചു. അമ്മക്കുരുവിയുടെ വാൽ പോയത് തല്ക്കാലം നമുക്ക് കണക്കിൽ പെടുത്തണ്ട,അല്ലെ കൂട്ടുകാരെ?

പരിഭാഷ: പ്രിയദർശിനി

(ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്)

Content highlights :malayalam translation on russian story the little sparrow by maxim gorky