ണ്ടുപേര്‍ കാട്ടിലൂടെ പോകുകയായിരുന്നു. കുറച്ചു നടന്നപ്പോള്‍ വഴിയില്‍ തിളങ്ങുന്ന മഴു കിടക്കുന്നത് അവര്‍ കണ്ടു. അവിടെയെങ്ങും ആരെയും കാണാനുമില്ല. ഒന്നാമത്തെ ആള്‍ വേഗം പോയി ആ മഴു എടുത്തു.

'ഞാനെത്ര ഭാഗ്യവാനാണ് ! നല്ല ഭംഗിയുള്ള ഒരു മഴുവാണ് എനിക്ക് കിട്ടിയത് ' അയാള്‍ പറഞ്ഞു.

അതുകേട്ട് രണ്ടാമന് ദേഷ്യം വന്നു :  'നിന്റെ മഴുവോ ? ഇത് നമ്മുടെ രണ്ടാളുടേയും ആണ്. നമ്മള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴല്ലേ ഈ മഴു കണ്ടത് ?'

ഒന്നാമത്തെ ആള്‍ അത് സമ്മതിക്കാന്‍ തയ്യാറായില്ല. അത് തന്റെ മഴുവാണെന്ന് അയാള്‍ വാദിച്ച് നിന്നു.

 'ശരി, നിന്റെ മഴു തന്നെ ! ഞാന്‍ തര്‍ക്കത്തിനില്ല. നമുക്ക് യാത്ര തുടരാം.'

രണ്ടാമന്‍ തന്റെ തര്‍ക്കം അവസാനിപ്പിച്ചു. അവര്‍ ഇരുവരും യാത്ര തുടര്‍ന്നു.

നടന്ന് നടന്ന് അവര്‍ മറ്റൊരു വഴിയിലെത്തി.

 'ഒന്നു നില്‍ക്കണേ...'

പിറകില്‍ നിന്നൊരു ശബ്ദം. അവര്‍ തിരിഞ്ഞുനോക്കി. ഒരാള്‍ ഓടിവരുന്നു.

 'ഈ മഴു എന്റെയാണ്. അതിങ്ങ് തരൂ...' അയാള്‍ പറഞ്ഞു.

'ഇത് ഞങ്ങള്‍ക്ക് വഴിയില്‍ നിന്ന് കിട്ടിയതാണ്. ഈ മഴു തന്റേതാണെന്നതിന് എന്തെങ്കിലും തെളിവുണ്ടോ..?' ഒന്നാമന്‍ തര്‍ക്കത്തിനൊരുങ്ങി.

 'മര്യാദക്ക് ആ മഴു തന്നില്ലെങ്കില്‍ ഞാന്‍ പോലീസിനെ വിളിക്കും.' മഴുവിന്റെ ഉടമ പറഞ്ഞു.

അതുകേട്ട് ഒന്നാമത്തെ ആള്‍ പേടിച്ചു. അയാള്‍ പറഞ്ഞു:

'ഞങ്ങളോട് ക്ഷമിക്കണം. അറിയാതെ പറ്റിയതാണ്.'

രണ്ടാമന് അപ്പോള്‍ ദേഷ്യപ്പെട്ട് പറഞ്ഞു:  'ഞങ്ങളോടോ ? മഴു കിട്ടിയത് തനിക്കാണ്. അപ്പോള്‍ താന്‍ മാത്രമാണ് ഇതില്‍ കുറ്റക്കാരന്‍. പോലീസ് കൈകാര്യം ചെയ്യേണ്ടത് ഇയാളെയാണ്. എന്നെ ഇതില്‍ നിന്ന് ഒഴിവാക്കിയേക്കൂ...'

ഒന്നാമത്തെ ആള്‍ കുറ്റബോധത്തോടെയും വിഷമിച്ചും തലതാഴ്ത്തി നിന്നു; ഒരു കള്ളനെപ്പോലെ.

നമ്മുടെ നേട്ടങ്ങളില്‍ കൂടെയുള്ളവരെക്കൂടി പങ്കാളികളാക്കുക.ആപത്ത് വരുമ്പോള്‍ അവര്‍ നമുക്കൊപ്പം നില്‍ക്കും.

Content highlights: aespo's story for kids