വീട്ടിലെ ഏറ്റവും ഇളയക്കുട്ടിയാണ് മിന്നുമോൾ. വീട്ടിലെ എല്ലാവരുടേയും കണ്ണിലുണ്ണി. വീട്ടിലുള്ള ആര്, എവിടെപ്പോയി വന്നാലും മിന്നുമോൾക്കായി എന്തെങ്കിലും കൊണ്ടുവന്നിരിക്കും. ചിലപ്പോൾ കളിക്കാനുള്ള കളിപ്പാട്ടങ്ങളാണെങ്കിൽ ചിലപ്പോഴത് കഴിക്കാനുള്ള പലഹാരങ്ങളാകും. എന്തുകിട്ടിയാലും സന്തോഷത്തോടെ വാങ്ങി ആർക്കെങ്കിലുമൊക്കെ വിതരണം ചെയ്യാൻ വലിയ ഇഷ്ടമാണ് അവൾക്ക്. അതുകൊണ്ട് തന്നെ വീട്ടിലുള്ള പൂച്ചയ്ക്കും, കോഴികൾക്കുമെല്ലാം അവളെ വലിയ കാര്യമാണ്. എന്തെങ്കിലുമൊക്കെ കിട്ടുമെന്ന പ്രതീക്ഷയിൽ അവളെച്ചുറ്റിപ്പറ്റി നടക്കുകയാണ് ഇക്കൂട്ടരുടെ പതിവ് തന്നെ.

അങ്ങനെയിരിക്കെ മിന്നുമോളുടെ അമ്മ ഒരു ആട്ടിൻകുട്ടിയെ വാങ്ങി. ദേഹത്ത് തവിട്ടു നിറത്തിലെ പുള്ളിയൊക്കെയുള്ള അതിന് പുള്ളിക്കുട്ടിയെന്ന് പേരുമിട്ടു. ഒറ്റ നോട്ടത്തിൽത്തന്നെ മിന്നുമോൾക്ക് പുള്ളിക്കുട്ടിയെ ഇഷ്ടമായി. മറ്റെല്ലാ പണിയും മാറ്റിവെച്ച് അതിന്റെ പിന്നാലെ തന്നെ നടക്കലായി മിന്നുവിന്റെ ജോലി.

'പുള്ളിക്കുട്ടി... ഇങ്ങോട്ട് വാ... ആ പൊന്തയിലോട്ട് പോകല്ലേ... സൂക്ഷിച്ച് പോ...' തുടങ്ങി ഓരോ കമെന്റുകളുമായി മിന്നു പുള്ളിക്കുട്ടിയെ മേയ്ച്ചു നടക്കും. രാവിലെ എഴുന്നേൽക്കുന്നത് മുതൽ വൈകിട്ട് പുള്ളിക്കുട്ടിയെ കൂട്ടിലാക്കുന്നത് വരെ രണ്ടാളും ഒന്നിച്ച് തന്നെ. കഴിക്കാനുള്ള പുല്ലും കാടിയുമെല്ലാം സമയാസമയം അമ്മയോട് പറഞ്ഞ് പുള്ളിക്കുട്ടിക്ക് കൊടുക്കുന്നതും മിന്നുതന്നെ.

ഒരു ദിവസം പട്ടണത്തിൽ പോയിവന്ന അച്ചമ്മ മിന്നുമോൾക്കായി പൊറോട്ടയും ചിക്കൻകറിയും വാങ്ങിവന്നു. സന്തോഷത്തോടെയത് കഴിക്കാൻ തുടങ്ങിയപ്പോഴാണ് മിന്നുമോൾക്ക് പുള്ളിക്കുട്ടിയെ ഓർമ വന്നത്. വേഗം ഒരു പൊറോട്ടയും കുറച്ച് ചിക്കൻ കറിയുമായി അവൾ പുള്ളിക്കുട്ടിയുടെ അടുത്തേക്ക് എത്തി.

''ഇന്നാ പുള്ളിക്കുട്ടി... അച്ചമ്മ കൊണ്ടുവന്നതാ... വേഗം കഴിച്ചോ...' അവൾ പറഞ്ഞു.

എന്നാൽ അതൊന്നു മണത്തുനോക്കുക മാത്രം ചെയ്തിട്ട് പുള്ളിക്കുട്ടി പുല്ലു തിന്നുന്നത് തുടർന്നു. അതുകണ്ടപ്പോൾ മിന്നുവിന് നല്ല സങ്കടമായി. താനിത്രയും സ്നേഹത്തോടെ ഒരു സാധനം കഴിക്കാൻ കൊടുത്തിട്ട് പുള്ളിക്കുട്ടി ഒന്നു രുചിച്ചുപോലും നോക്കിയില്ലല്ലോയെന്നോർത്ത് കരഞ്ഞുകൊണ്ട് അവൾ വീട്ടിലേക്കോടി.

കരഞ്ഞ് കലഞ്ഞിയ കണ്ണുമായി വരാന്തയിലേക്ക് വന്ന മിന്നുവിനേക്കണ്ട് അച്ചമ്മ ചോദിച്ചു,

'എന്റെ മിന്നുമോളെന്തിനാ കരഞ്ഞേ... ഭക്ഷണവും കൈയ്യിൽ ഉണ്ടല്ലോ... എന്താ പറ്റിയേ?'

'ഞാൻ എന്ത് സ്നേഹത്തോടെയാ ഇത് പുള്ളിക്കുട്ടിക്ക് കൊടുക്കാൻ പോയതെന്നോ... എന്നിട്ട് അവൾ ഇതൊന്ന് ശരിക്ക് മണത്തുപോലും നോക്കിയില്ല...' ഏങ്ങലടിച്ചു കൊണ്ട് മിന്നു പറഞ്ഞു.

ഇതുകേട്ട അച്ചമ്മ മിന്നുവിനോട് പറഞ്ഞു: 'പുള്ളിക്കുട്ടി ഇത് കഴിക്കാത്തത് കൊണ്ടാണോ എന്റെ കുഞ്ഞ് കരഞ്ഞത്? പുള്ളിക്കുട്ടിക്ക് ഇത്തരം ഭക്ഷണമൊന്നു കഴിക്കാൻ പറ്റില്ല...'

'അതെന്താ?'' മിന്നു ചോദിച്ചു.

'പുള്ളിക്കുട്ടി സാധാരണ കഴിക്കുന്നത് എന്തൊക്കെയാണെന്ന് മോള് കണ്ടിട്ടില്ലേ... പുള്ളിക്കുട്ടിയെപ്പോലെയുള്ള ആട്ടിൻകുട്ടികളെല്ലാം പ്ലാവിലയും പുല്ലും പോലെയുള്ള സസ്യാഹാരമാണ് കഴിക്കുന്നേ... അവർക്ക് ഇത്തരം ഭക്ഷണമൊന്നും കഴിക്കാൻ പറ്റില്ല. നമുക്ക് പുള്ളിക്കുട്ടി കഴിക്കുന്ന പോലത്തെ ഭക്ഷണം കഴിക്കാൻ പറ്റുമോ? ഇല്ലല്ലോ?' അച്ചമ്മ പറഞ്ഞു. ഇതുകേട്ടപ്പോൾ മിന്നുവിന്റെ കരച്ചിൽ നിന്നു.

അച്ചമ്മ തുടർന്നു: 'പുള്ളിക്കുട്ടിയുടേയും നമ്മുടേയും ഭക്ഷണത്തിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്... അപ്പോൾ നമ്മൾ കഴിക്കുന്നത് തന്നെ അവളും കഴിക്കണമെന്ന് നമുക്ക വാശി പിടിക്കാൻ പറ്റുമോ? ഇല്ല... അതുകൊണ്ട് എന്റെ സുന്ദരിക്കുട്ടി കണ്ണൊക്കെ തുടച്ച് പോയി ഭക്ഷണം കഴിക്ക്'.

അച്ചമ്മ പറഞ്ഞതും ശരിയാണല്ലോയെന്ന് മിന്നുമോൾക്കും തോന്നി. അവൾ കണ്ണുതുടച്ച് സന്തോഷത്തോടെ അകത്തേക്ക് പോയി.

Content Highlights: A short story on the Food habits of animal and human beings