മാളൂട്ടിയുടെ വീട്ടുമുറ്റം നിറയെ പൂച്ചെടികളാണ്. മുല്ല, റോസ, ജമന്തി അങ്ങനെയങ്ങനെ... പൂക്കളിലോ? പൂമ്പാറ്റകള്‍ പറന്നുപറന്നു വരും. കരിവണ്ടുകളും വരും. പൂന്തേന്‍ തേടി ഒത്തിരി തേനീച്ചകളും വരും.

ആ പൂന്തോട്ടത്തിന്റെ അരികില്‍ മുറ്റത്തേക്ക് ചാഞ്ഞ ഒരു കണിക്കൊന്നയുണ്ട്. വിഷു വരുമ്പോള്‍ അതില്‍ നിറയെ പൂക്കളുമുണ്ടാവും. കൊന്നമരം സ്വര്‍ണമാലയിട്ടതുപോലെ. 

ഒരുദിവസം രാവിലെ മാളൂട്ടി പൂന്തോട്ടത്തിലെത്തി. അതാ നല്ലൊരു റോസാപ്പൂ. അതങ്ങനെ വിടര്‍ന്നുനില്‍ക്കുകയാണ്. 

''ഹായ്,നല്ല മണം!'', മാളൂട്ടി സന്തോഷത്തോടെ പറഞ്ഞു. അപ്പോള്‍ അടുത്ത വീട്ടില്‍നിന്ന് മാളൂട്ടിയുടെ ചങ്ങാതി അപ്പുവും ഓടിവന്നു. 

''ഈ പൂക്കളും പൂമ്പാറ്റകളും വണ്ടുകളുമൊക്കെ എന്റെ ചങ്ങാതിമാരാ...'', മാളൂട്ടി അപ്പുവിനോട് പറഞ്ഞു. 

''എന്റെയും!'', അപ്പു ചിരിച്ചു. അപ്പോള്‍ പൂവും പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ''മാളൂട്ടീ, അപ്പൂ. നിങ്ങള്‍ സ്‌നേഹമുള്ള കുട്ടികളാണ്. അങ്ങനെയുള്ളവരെ എല്ലാവരും ഇഷ്ടപ്പെടുമല്ലോ...'' അത് കേട്ടപ്പോള്‍ മാളൂട്ടി സന്തോഷത്തോടെ ഒരു പാട്ടുപാടാന്‍ തുടങ്ങി. അപ്പു അതേറ്റുപാടി. 

''പൂവേ നല്ലോരമ്മേപ്പോലെ 
പൂച്ചെടി നിന്നെ വളര്‍ത്തുന്നു 
പലപല പാട്ടുകള്‍ പാടും കാറ്റോ 
പതിയെത്തൊട്ടിലിലാട്ടുന്നു!'' 

അവര്‍ പാടുമ്പോള്‍ കാറ്റുവീശി. പൂച്ചെടികളും പൂമ്പാറ്റകളും നൃത്തമാടി. അപ്പോള്‍ അപ്പു പറഞ്ഞു. 
''മാളൂട്ടീ നിന്റെ പാട്ട് പൂക്കള്‍ക്കും പൂമ്പാറ്റകള്‍ക്കും എന്തിഷ്ടമായി. അതല്ലേ അവര്‍ നൃത്തംചെയ്തത്.''

''നമ്മുടെ പാട്ട് എന്ന് പറയൂ അപ്പൂ...'' മാളൂട്ടി പറഞ്ഞു. 

''അതെ, നമ്മുടെ പാട്ട്.'' അവന്‍ ചിരിച്ചു. 

അപ്പോള്‍ കണിക്കൊന്നയിലെ ഇലക്കൂട്ടങ്ങളിലും കിലുകിലെ ഒരു ചിരി കേട്ടു.

''ങ്ഹേ! കൊലുസ് കിലുങ്ങുംപോലെയുള്ള ചിരി!'' മാളൂട്ടി ഇലക്കൂട്ടം നോക്കിപ്പറഞ്ഞു.

''ആ മരച്ചില്ലയില്‍ ആരോ ഉണ്ടല്ലോ.'' അപ്പു മുകളിലേക്കുതന്നെ നോക്കി നിന്നു. 

അപ്പോള്‍ ആ ഇലകള്‍ക്കിടയില്‍നിന്ന് മഴപോലെ കുറെ മിഠായികള്‍ താഴേക്ക് വീണു. ''ഹായ് മിഠായികള്‍!'' അവര്‍ ഓടിച്ചെന്ന് മിഠായികളെടുത്തു. 

മിഠായി പൊതിഞ്ഞ കടലാസിലേക്ക് നോക്കി അപ്പു പറഞ്ഞു.
''കണ്ടില്ലേ? ഇതില്‍ എഴുതിയിരിക്കുന്നത്? A, B, C, D, E, F, G എന്നൊക്കെയാണ്. ആരാണീ മിഠായികള്‍ താഴേക്കിട്ടത്?''

''ഞാന്‍ അമ്മയോട് ചോദിക്കട്ടെ... അമ്മേ... അമ്മേ...'' മാളൂട്ടി ഉറക്കെ വിളിച്ചു.

(തുടരും)

മിന്നാമിന്നിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: muttayi muttam, first pre-primary novel in malayalam, chapter 1, written by bimalkumar ramankary