നച്ചെവി വലുപ്പമുള്ള താമരയിലകള്‍ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുകയായിരുന്നു. തീപ്പന്തംപോലെയുള്ള താമരപ്പൂവുകള്‍ക്കുചുറ്റും വലിയ വണ്ടുകളും പൂമ്പാറ്റകളും പാറി നടക്കുന്നുണ്ടായിരുന്നു. കാവോതി ഒരു താമരയിലയിലേക്ക് പറന്നിറങ്ങി. താമരയെ ഒരു താമരയിലയിലേക്ക് ഒതുക്കി നിര്‍ത്തി. ഒരു ചങ്ങാടത്തിലെന്നപോലെ അവള്‍ ഉലഞ്ഞു.

''ഇനി നടക്കാം'', കാവോതി പറഞ്ഞു.

അവര്‍ താമരയിലകളിലൂടെ നടക്കാന്‍ തുടങ്ങി. അവരടുത്തെത്തുമ്പോള്‍ വലിയ ശബ്ദത്തോടെ വണ്ടുകള്‍ ചിറകടിച്ചു. തെളിഞ്ഞ വെള്ളത്തില്‍ പല നിറത്തിലുള്ള മീനുകള്‍ നീണ്ട വാലുകള്‍ ഇളക്കിക്കൊണ്ട് തെന്നിത്തെന്നി നീന്തി. ചിലപ്പോള്‍ അവ ഒന്നാകെ മുകളിലേക്കുയര്‍ന്ന് വായുവില്‍ മഴവില്ല് തീര്‍ത്തു. ഒരു സ്വപ്‌നത്തിലൂടെ നടക്കുകയാണെന്ന് താമരയ്ക്ക് തോന്നി.

ഓരോ താമരയിലയിലേക്ക് കാലെടുത്ത് വെക്കുമ്പോഴും അവള്‍ വേച്ചുവേച്ച് പോകുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ വീഴാതിരിക്കാനായി അവള്‍ താമരത്തണ്ടില്‍ പിടിച്ചു. താമരപ്പൂക്കള്‍ ഉലയുമ്പോള്‍ അതില്‍നിന്ന് പുകപോലെ കരിവണ്ടുകള്‍ ആകാശത്തേക്ക് പൊങ്ങി.

കുറേ നടന്നപ്പോള്‍ അവള്‍ക്ക് ഇത്തിരി പരിചയം വന്നതുപോലെ തോന്നി. വേച്ച് വീഴാതെ എങ്ങനെ നടക്കാമെന്ന് അവള്‍ പെട്ടെന്നുതന്നെ പഠിച്ചു. ഒരു തവള ഇലകളില്‍നിന്ന് ഇലകളിലേക്ക് ചാടിപ്പോകുന്നത് അവള്‍ കണ്ടു. അപ്പോള്‍ അവള്‍ക്കും ഒരു മോഹം. തവളച്ചാട്ടം ചാടിയാലോ. അവള്‍ ഇലയില്‍ കുത്തിയിരുന്ന് ഒന്ന് ചാടിനോക്കി. അതുകണ്ടപ്പോള്‍ കാവോതി ചിരിച്ചു. അവള്‍ക്ക് നല്ല രസം തോന്നി. അവള്‍ ഇലയില്‍നിന്ന് ഇലയിലേക്കങ്ങനെ ചാടിച്ചാടി തവളയുടെ പിന്നാലെയെത്തി.

അവള്‍ അടുത്തെത്തിയപ്പോള്‍ തവള വീണ്ടും മുന്നോട്ട് ചാടി. പിന്നാലെ അവളും. അത് പിന്നെ ഒരു മത്സരംപോലെയായി. രണ്ടുപേരും ചാടിച്ചാടി കുറേ ദൂരെയെത്തി. അവസാനം തവള തോല്‍വി സമ്മതിച്ച് വെള്ളത്തിലേക്ക് ഊളിയിട്ടു.

അങ്ങനെ തവളച്ചാട്ടം ചാടിയതുകൊണ്ടാകണം അവള്‍ക്ക് വല്ലാതെ ദാഹിച്ചു. കാവോതിക്കത് മനസ്സിലായി.

''കൈയില്‍ കോരിക്കുടിച്ചോളൂ'', കാവോതി പറഞ്ഞു.

കടലിലെ വെള്ളത്തിന് ഉപ്പുരസമുണ്ടാവില്ലേ? അതെങ്ങനെ കുടിക്കാന്‍ പറ്റുമെന്ന് ആലോചിച്ചു അവള്‍.
''ഒന്ന് കുടിച്ചുനോക്ക്'', കാവോതി വീണ്ടും പറഞ്ഞു.

അവള്‍ കൈക്കുമ്പിളില്‍ ഇത്തിരി വെള്ളംകോരി സംശയത്തോടെ ഇത്തിരി രുചിച്ചുനോക്കി. അവള്‍ അദ്ഭുതപ്പെട്ടു. ഉപ്പുരസം തീരെയില്ല. അത് മാത്രമല്ല, നേരിയ മധുരവും. നെല്ലിക്ക തിന്നതിനുശേഷം വെള്ളം കുടിക്കുമ്പോഴുള്ള അതേ രുചി. അവള്‍ ഇലയില്‍ മുട്ടുകുത്തിയിരുന്ന് കുറേ വെള്ളംകോരി കുടിച്ചു. അതോടെ വയര്‍ നിറഞ്ഞു. ക്ഷീണം പമ്പ കടന്നു.

അങ്ങനെ ഇത്തിരിദൂരം അവര്‍ നടന്നു. അപ്പോള്‍ മുന്നില്‍ മൂടല്‍മഞ്ഞ് പരന്നുകിടക്കുന്നത് കണ്ടു. അവര്‍ പതിയെ അതിനടുത്തെത്തി. മുന്നിലുള്ളത് എന്താണെന്ന് മനസ്സിലാവാത്തവിധം മഞ്ഞ് നിറഞ്ഞുനില്‍ക്കുകയായിരുന്നു. ഒന്നും കാണാന്‍ വയ്യാത്തതുകൊണ്ട് താമര നടത്തം നിര്‍ത്തി. അടുത്തുനില്‍ക്കുന്ന കാവോതിയെപ്പോലും കാണാന്‍ വയ്യ.

''കണ്ണടച്ചോ. ഞാന്‍ പറയുമ്പോഴേ തുറക്കാവൂ'', മഞ്ഞില്‍നിന്ന് കാവോതിയുടെ ശബ്ദം കേട്ടു. അവള്‍ കണ്ണടച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ കാവോതി പറഞ്ഞു: ''ഇനി കണ്ണ് തുറന്നോളൂ'' അവള്‍ പതിയെ കണ്ണുതുറന്നു. 

മൂടല്‍മഞ്ഞിന്റെ അവസാനത്തെ കണവും മാഞ്ഞുപോവുകയായിരുന്നു. മുന്നില്‍ തെളിഞ്ഞുവരുന്ന ആ കാഴ്ച അവള്‍ക്ക് വിശ്വസിക്കാനായില്ല. മനോഹരമായ ഒരു ദ്വീപായിരുന്നു അത്. പല നിറത്തിലുള്ള ഇലകള്‍ നിറഞ്ഞ മരം. ആകാശത്തില്‍ നിറയെ പക്ഷികള്‍. ഏതോ പൂക്കളുടെ മണം.

''ഇതാണ് കാക്കത്തുരുത്ത്! '', കാവോതി ദ്വീപിനെ അവള്‍ക്ക് പരിചയപ്പെടുത്തി.

കടലിലെ കാവോതിയുടെ വാസസ്ഥാനമായിരുന്നു കാക്കത്തുരുത്ത്. അവര്‍ ദ്വീപിലേക്ക് കാലെടുത്തുവെച്ചു.

''കാക്കത്തുരുത്തില്‍ കാലുകുത്തുന്ന ആദ്യ മനുഷ്യജീവി നീയാണ്.'' കാവോതി പറഞ്ഞതുകേട്ടപ്പോള്‍ അവള്‍ക്ക് സന്തോഷംകൊണ്ട് കരച്ചില്‍ വന്നു. ഇതായിരുന്നു കാവോതി അവള്‍ക്കായി കാത്തുവെച്ച സമ്മാനം! ആകാശത്തില്‍നിന്ന് അമ്മ തന്നെ നോക്കി ചിരിക്കുന്നതുപോലെ തോന്നി അവള്‍ക്ക്.

ഭൂമിയിലെ എല്ലാ ജീവികളുമുണ്ടായിരുന്നു അവിടെ. അവള്‍ ചിത്രങ്ങളില്‍പോലും കാണാത്ത ജീവികളേയും കൂട്ടത്തില്‍ കണ്ടു. അവര്‍ക്കിടയിലൂടെ അവളുടെ കൈപിടിച്ച് കാവോതി നടന്നു. അവരെല്ലാം കാവോതിക്കുമുന്നില്‍ ബഹുമാനത്തോടെ നിന്നു. ഒരു കുരങ്ങന്‍ മരക്കൊമ്പില്‍നിന്ന് ചാടി താഴെയിറങ്ങി കാവോതിയോട് ചോദിച്ചു: ''നിക്ക ബാറി?'' അതേത് ഭാഷയെന്ന് താമരയ്ക്ക് മനസ്സിലായില്ല. ''മിക്ക മക'', കാവോതി മറുപടി പറഞ്ഞു.

അതുകേട്ടപ്പോള്‍ കുരങ്ങന്‍ സ്‌നേഹത്തോടെ അവളെ തലോടി. പിന്നീട് വഴിനീളെ കുറുക്കനും പുലിയും സിംഹവുമാക്കെ അതേ ചോദ്യം കാവോതിയോട് ചോദിച്ചു. കാവോതി അതേ മറുപടിയും പറഞ്ഞു.

''അവരെന്താ ചോദിക്കുന്നത്?'', അവള്‍ കാവോതിയോട് ചോദിച്ചു.

''നീയാരാണെന്നാണ് അവര്‍ ചോദിക്കുന്നത്.''

''എന്നിട്ട് കാവോതി അവരോട് എന്താ പറഞ്ഞത്?''

''നീയെന്റെ മകളാണെന്ന്!''

കാവോതിയുടെ മറുപടി കേട്ടപ്പോള്‍ അവള്‍ക്ക് വീണ്ടും കരച്ചില്‍ വന്നു.

അവളത് പുറമേ കാണിക്കാതെ, കാവോതിയുടെ കൈയില്‍ മുറുകെ പിടിച്ച് നടന്നു. ''എനിക്കും ആ ഭാഷ പഠിക്കണം'', അവള്‍ കാവോതിയോട് പറഞ്ഞു.

''പഠിപ്പിക്കാം.'' കാവോതി അവള്‍ക്ക് വാക്കുകൊടുത്തു.

അവര്‍ നടന്നുനടന്ന് ഒരു വലിയ മരത്തിനടുത്തെത്തി. ആ മരത്തില്‍ വലിയൊരു പൊത്തുണ്ടായിരുന്നു. ആ പൊത്തായിരുന്നു കാവോതിയുടെ കൂട്. കാവോതി അവളേയുംകൊണ്ട് കൂട്ടിലേക്ക് കയറി. ഒരു വീടുപോലെ അലങ്കരിച്ചിരുന്നു അതിനകം. പഞ്ഞിക്കിടക്ക, മിന്നാമിനുങ്ങുകളുടെ വെളിച്ചം. മുടി കോതിവയ്ക്കാന്‍ ശംഖുകൊണ്ടുള്ള ചീര്‍പ്പ്. അങ്ങനെ പലതും.

''ഇഷ്ടായോ എന്റെ കൂട്?'', കാവോതി അവളോട് ചോദിച്ചു.

അവള്‍ തല കുലുക്കി.

''വിശക്കുന്നുണ്ടോ?'', കാവോതി ചോദിച്ചു.

അപ്പോള്‍ മാത്രമായിരുന്നു അവള്‍ അതിനെപ്പറ്റി ആലോചിച്ചത്. ഇത്രനേരം വിശപ്പ് അനുഭവപ്പെട്ടതേ ഇല്ലായിരുന്നു. കാവോതി ചോദിച്ചതുകൊണ്ടാണെന്ന് തോന്നുന്നു അവള്‍ക്ക് നേരിയ വിശപ്പ് അനുഭവപ്പെട്ടു.

''താഴേക്ക് നോക്ക്!'', കാവോതി പറഞ്ഞു.

അവള്‍ പൊത്തില്‍നിന്ന് തല പുറത്തേക്കിട്ടു. മരച്ചുവട്ടില്‍ നിറയെ പല തരത്തിലുള്ള പഴങ്ങള്‍ കുന്നുകൂടി കിടക്കുകയായിരുന്നു. ചുറ്റിനും ജീവികളും. ഓരോ ജീവിയും ഓരോതരം പഴങ്ങളുമായി അവളെ കാണാന്‍ വന്നതായിരുന്നു. ഒരു ജാഥപോലെ അപ്പോഴും അവര്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു.

തുടരും

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights; kadappurathe kavothi, children's novel, chapter 8, written by subash ottumpuram