നീലനിറത്തിലുള്ള ഉടുപ്പാണ് അവള്‍ ധരിച്ചത്. കുട എടുക്കണോ വേണ്ടയോ എന്നവള്‍ ആലോചിച്ചു. പിന്നെ എടുക്കേണ്ടെന്ന് തീരുമാനിച്ചു. കാവോതി കൊടുത്ത കണവയുടെ മഷികൊണ്ട് അവള്‍ കണ്ണെഴുതി. ഒരു പൊട്ടും തൊട്ടു. പിന്നെ വേഗം കടപ്പുറത്തേക്ക് നടന്നു.

നീലനിറത്തിലുള്ള വസ്ത്രം തന്നെയായിരുന്നു കാവോതിയും ധരിച്ചിരുന്നത്. അതവളെ അദ്ഭുതപ്പെടുത്തി. നീലനിറത്തില്‍ രണ്ടുപേരും കടല്‍പോലെ തിളങ്ങി. കാവോതി അവളെ പൊക്കിയെടുത്ത് ചുമലില്‍ കിടത്തി. അവള്‍ കൈകള്‍കൊണ്ട് കാവോതിയുടെ കഴുത്തില്‍ ചുറ്റി. അമ്മ അവളെ അങ്ങനെ ചുമലിലിരുത്തി 'തട്ടാറക്കുട്ടീനെ വിക്കാനുണ്ടോ' എന്ന് കളിക്കാറുള്ളത് അവള്‍ക്ക് ഓര്‍മ വന്നു.

''പോകാം'' , കാവോതി പറഞ്ഞു.

''ഉം'', അവള്‍ മൂളി.

കാവോതി പതുക്കെ ചിറകുകള്‍ വീശി. അവര്‍ മുകളിലേക്കുയര്‍ന്നു. താമരയുടെ ഏറ്റവും വലിയ മോഹമായിരുന്നു പറക്കുക എന്നത്. അവര്‍ പറക്കാന്‍ തുടങ്ങി. കടലിന് മീതേക്ക്.

മുകളില്‍നിന്ന് നോക്കുമ്പോള്‍ മനോഹരമായിരുന്നു കടല്‍. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ കുറേ വള്ളങ്ങള്‍ കണ്ടു. അവരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ വേണ്ടി കാവോതി കുറച്ചൂടെ ഉയരത്തിലേക്ക് ചിറകടിച്ചു.

മീന്‍പിടിത്തക്കാര്‍ വല വളയ്ക്കുന്നതും വലയില്‍നിന്ന് മീനുകള്‍ തെന്നിപ്പായുന്നതും അവള്‍ ആദ്യമായിട്ട് കാണുകയായിരുന്നു. ഒത്തിരി വള്ളങ്ങളുണ്ടായിരുന്നു. കടല്‍ ഒരു ഉത്സവപ്പറമ്പ് പോലെയാണ് അവള്‍ക്ക് തോന്നിയത്.

വലിയൊരു മേഘത്തുണ്ടിനുള്ളിലേക്ക് അവര്‍ പ്രവേശിച്ചു. താമരയ്ക്ക് വല്ലാതെ തണുത്തു. മേഘപടലത്തിനുള്ളിലൂടെ അവര്‍ കുറേ ദൂരം സഞ്ചരിച്ചു. അതിനുള്ളില്‍നിന്ന് പുറത്തെത്തിയപ്പോള്‍ അവരാകെ നനഞ്ഞ് കുളിച്ചിരുന്നു. താഴേക്ക് നോക്കിയപ്പോള്‍ മീന്‍പിടിത്തക്കാരൊന്നും ഇല്ലായിരുന്നു. ഒത്തിരി ദൂരം പിന്നിട്ടിരുന്നു അവര്‍. കരയിലേക്ക് നോക്കിയപ്പോള്‍ പച്ചപ്പിന്റെ മലകളായിരുന്നു കണ്ണില്‍പ്പെട്ടത്.

പെട്ടെന്ന് ആരോ വെള്ളം ചീറ്റിച്ച് ഓടുന്ന പോലെയുള്ള ഒരനക്കം കടലില്‍ കണ്ടു. ''കടല്‍പ്പന്നിയാണ്'', കാവോതി പറഞ്ഞു.

കടല്‍പ്പന്നിയെ നന്നായി കാണാന്‍ വേണ്ടി കാവോതി താഴ്ന്ന് പറന്നു. മുങ്ങാങ്കുഴിയിട്ടും ഇടയ്ക്ക് വെള്ളത്തിന് മീതേക്കൂടി കുതിച്ചും പായുന്ന കടല്‍പ്പന്നിയെ അവര്‍ കുറച്ച് ദൂരം പിന്തുടര്‍ന്നു. ഓരോ തവണയും അത് വെള്ളത്തിന് മുകളിലേക്ക് കുതിക്കുമ്പോള്‍ താമര കൂകി വിളിച്ചു. അപ്പോളൊക്കെ അത് വായുവില്‍ മലക്കം മറിഞ്ഞ് അവരെ നോക്കി. പിന്നെ ചക്ക വീഴുമ്പോലെ വെള്ളത്തിലേക്ക് കൂപ്പുകുത്തി.

കുറേദൂരം പിന്നിട്ടപ്പോള്‍ നാലുഭാഗവും ആകാശം കടലില്‍ മുട്ടിയ പോലെ തോന്നി. പിന്നില്‍ കര കാണാനേയില്ലായിരുന്നു. വലിയൊരു വട്ടപ്പാത്രത്തിലെന്നപോലെ കടല്‍ ഇളകി മറിഞ്ഞു. ആകാശം ഒരു പിഞ്ഞാണമെന്നപോലെ കടലിനെ മൂടി.

ദൂരെ കറുത്ത പുക ഉയരുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് ആകാംക്ഷയായി. വലിയൊരു അടുപ്പില്‍നിന്നെന്ന പോലെ പുക ഉയരുകയായിരുന്നു. അടുത്തെത്തുംതോറും അവള്‍ അത് വ്യക്തമായി കണ്ടു. വലിയൊരു കപ്പലായിരുന്നു അത്. ആദ്യമായിട്ടായിരുന്നു അവള്‍ കപ്പലിനെ അടുത്ത് കാണുന്നത്.

അവള്‍ക്ക് നന്നായി കാണാന്‍വേണ്ടി കാവോതി കപ്പലിനെ മൂന്ന് വട്ടം വലംവെച്ചു. ഫിഷര്‍മാന്‍ എന്നായിരുന്നു ആ കപ്പലിന്റെ പേര്. ഒരു അമേരിക്കന്‍ കപ്പലായിരുന്നു അത്. അങ്ങനെ കപ്പല്‍ച്ചാലില്‍വെച്ച് അനേകം കപ്പലുകളെ അവര്‍ കണ്ടു. പല രാജ്യങ്ങളുടെ കൊടികള്‍ നാട്ടിയ കപ്പലുകള്‍. പിന്നേയും മുന്നോട്ട് പോകുംതോറും കപ്പലുകളൊഴിഞ്ഞ് കടല്‍ പതിയെ ശൂന്യമാകാന്‍ തുടങ്ങി. താഴെ കടല്‍ മാത്രമായി. വിശാലമായ കടല്‍.

അനങ്ങാതെ കിടന്ന കടലില്‍നിന്ന് പെട്ടെന്ന് വലിയൊരു ജലധാരപോലെ വെള്ളം മുകളിലേക്ക് ചീറ്റി. താമര ഞെട്ടി. കുറച്ച് കഴിഞ്ഞപ്പോള്‍ മറ്റൊരു ജലധാര. ''നീലത്തിമിംഗിലമാണ്'', കാവോതി പറഞ്ഞു.

''എവിടെ?'', അവള്‍ ചോദിച്ചു.

കാവോതി കുറച്ചൂടെ താഴ്ന്ന് പറന്നു. ഇത്തവണ ജലധാര അവരെ നന്നായി നനച്ചു. അതിന് തൊട്ടുമുകളിലായിരുന്നു അവര്‍. ആഴങ്ങളില്‍ നിന്നൊരു അനക്കം അവള്‍ കണ്ടു. അതിന്റെ വലുപ്പത്തില്‍ അവള്‍ അതിനേക്കാളധികം അദ്ഭുതപ്പെട്ടു. നീലത്തിമിംഗിലം മുകളിലേക്ക് വരികയായിരുന്നു. ഭൂമിയിലെ ഏറ്റവും വലിയ ജീവി. കരയിലെ ഏറ്റവും വലിയ ജീവി ആനയാണ്. 30 ആനകള്‍ ചേര്‍ന്ന് നിന്നാലേ ഒരു തിമിംഗലത്തോളം വരികയുള്ളൂ എന്നവള്‍ പഠിച്ചിട്ടുണ്ട്. ഇപ്പോളവള്‍ നേരിട്ട് കണ്ടു.

''അതിനെ തൊടണോ?'', കാവോതി ചോദിച്ചു. അവള്‍ക്ക് പേടിയുണ്ടായിരുന്നു. പക്ഷേ, കാവോതി കൂടെയുള്ളപ്പോള്‍ എന്തിന് പേടിക്കണം?

''ഉം'', അവള്‍ മൂളി.

കാവോതി പതിയെ തിമിംഗിലത്തിന്റെ പുറത്ത് വന്നിറങ്ങി. അവള്‍ തിമിംഗിലത്തിനെ തൊട്ടു. അതേ നിമിഷം തിമിംഗിലം പതിയെ നീങ്ങാന്‍ തുടങ്ങി. അവള്‍ വീഴാതിരിക്കാന്‍ കാവോതിയെ മുറുകെ പിടിച്ചു. തിമിംഗിലം ഒരു കപ്പല്‍പോലെ അവരെയും വഹിച്ച് കുതിക്കാന്‍ തുടങ്ങി. പതിയെ പതിയെ അതിന്റെ വേഗം കൂടി. ജലകണങ്ങളുയര്‍ത്തി അതവരെ ഒത്തിരി ദൂരം കൊണ്ടുപോയി.

കുറേ കഴിഞ്ഞപ്പോള്‍ തിമിംഗിലത്തിന്റെ വേഗം കുറഞ്ഞുവന്നു. കാവോതി അവളെയെടുത്ത് തോളിലിരുത്തി.

''ഇനിയങ്ങോട്ട് കടലിന്റെ ആഴം കുറഞ്ഞ് വരികയാണ്. ആഴമില്ലാത്ത കടലില്‍ തിമിംഗിലങ്ങള്‍ക്ക് കഴിയാനാവില്ല.'' കാവോതി പറഞ്ഞു. തിമിംഗിലം തിരിച്ച് നീന്താന്‍ തുടങ്ങിയപ്പോള്‍ കാവോതി ചിറകടിച്ചു.

കാവോതി പറഞ്ഞത് ശരിയായിരുന്നു. മുന്നോട്ട് പോകുംതോറും കടല്‍ജലം തെളിഞ്ഞ് അടിത്തട്ട് കാണാവുന്ന വിധത്തിലായിരുന്നു. തെളിവെള്ളത്തില്‍ പല നിറത്തിലുള്ള മീനുകളെ അവള്‍ കണ്ടു. ഇഴഞ്ഞുനീങ്ങുന്ന പച്ചനിറത്തിലുള്ള കടലാമയുടെ വലുപ്പം അവളെ അദ്ഭുതപ്പെടുത്തി.

''ഇതാണ് ഒലിവ് റിഡ്‌ലി. പാല പൂക്കുന്ന കാലത്താണ് ഇവര്‍ മുട്ടയിടാന്‍ കരയിലെത്തുക.''കാവോതി അവള്‍ക്ക് കടലാമയെ പറ്റി വിശദീകരിച്ചുകൊടുത്തു. ''ഒറ്റത്തവണ നൂറോ നൂറ്റിയിരുപത്തിയഞ്ചോ മുട്ടകളിടും. മുട്ടയിട്ട് കഴിഞ്ഞാല്‍ കുഴിമൂടി അവര്‍ തിരിച്ച് കടലിലേക്ക് പോവും.''

''അപ്പോ കോഴിയെപ്പോലെ അടയിരിക്കില്ലേ?''

''ഇല്ല. 50 ദിവസം കഴിഞ്ഞാല്‍ മുട്ട താനേ വിരിയും. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ കൃത്യമായി കടലിലേക്ക് തന്നെ ഇഴയും. എങ്ങോട്ട് തിരിച്ച് നിര്‍ത്തിയാലും അവര്‍ കടലിന് നേര്‍ക്ക് തന്നെ ഇഴയും.''

''വടക്കുനോക്കിയന്ത്രത്തിന്റെ സൂചി പോലെയോ?''

താമരയുടെ ചോദ്യം കേട്ട് കാവോതി പൊട്ടിച്ചിരിച്ചു. ''അതവരുടെ ജന്മവാസനകൊണ്ടാണ്. എവിടുന്നാണോ വിരിഞ്ഞിറങ്ങുന്നത് അതേ തീരത്തേ വലുതായാല്‍ അവര്‍ മുട്ടയിടാനെത്തൂ.'' 

അതവള്‍ക്ക് വിശ്വസിക്കാനായില്ല. കാവോതിക്ക് ഈ അറിവുകള്‍ ഒക്കെ എങ്ങനെ കിട്ടിയെന്ന് അവള്‍ അദ്ഭുതപ്പെട്ടു. ''പഠിക്കാനുള്ള ജന്മവാസന കൊണ്ട്'', കാവോതി പറഞ്ഞു.

അകലേക്ക് നോക്കിയപ്പോള്‍ കടലിന്റെ നിറം മാറി വരുന്നത് പോലെ തോന്നി. നീലനിറത്തിന് പകരം പച്ചനിറം മുന്നില്‍ തെളിയുന്ന പോലെ. അടുത്തെത്തുംതോറും പച്ച, കടുംപച്ചയായി.

''അതാണ് താമരക്കടല്‍'' , കാവോതി പറഞ്ഞു.

പച്ചനിറമുള്ള താമരയിലകള്‍ക്കിടയില്‍ തീ കത്തുംപോലെ താമരകള്‍ വിരിഞ്ഞ് നില്‍ക്കുന്നത് അവള്‍ കണ്ടു. തന്റെ പേരിലുള്ള കടലിലേക്കവള്‍ പ്രവേശിക്കുകയായിരുന്നു. 

തുടരും

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: kadappurathe kavothi, children's novel, chapter 7, written by subash ottumpuram