സ്‌കൂള്‍ തുറക്കാന്‍ രണ്ടുദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. കാവോതി തിരക്കിലായതുകാരണം താമര കടപ്പുറത്തേക്ക് പോയതേയില്ല. അവള്‍ കുടിലില്‍നിന്നിറങ്ങാതെ ആ പുസ്തകത്തിലേക്ക് ഒതുങ്ങിക്കൂടി. കണ്ടല്‍വനങ്ങളുടെ സമൃദ്ധിയെയും അവയുടെ ആഴത്തിലുള്ള വേരോട്ടത്തെയുംപറ്റി അവള്‍ അദ്ഭുതത്തോടെ വായിച്ചറിഞ്ഞു. സ്‌കൂളില്‍ പോയിട്ടില്ലാത്ത ഒരു മനുഷ്യന്‍ കണ്ടെത്തിയ അറിവുകള്‍ അവളെ വല്ലാതെ വിസ്മയിപ്പിച്ചു. അവളാ പുസ്തകം പലവട്ടം വായിച്ചുതീര്‍ത്തു. സ്‌കൂള്‍ തുറന്ന ദിവസം കുളിച്ചൊരുങ്ങി പോകാന്‍നേരത്ത് അവള്‍ കടലിലേക്ക് നോക്കി വെറുതേ കൈവീശി. അകലെ എവിടെയോ ഇരുന്ന് കാവോതി തന്നെ കാണുന്നുണ്ടെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.

ഉത്തരപേപ്പര്‍ കിട്ടിയപ്പോള്‍ അവള്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. അവള്‍ എല്ലാ വിഷയത്തിലും ജയിച്ചിരുന്നു. അമ്മമ്മയ്ക്കും അച്ഛനും കാവോതിക്കുമൊക്കെ ഇതറിയുമ്പോള്‍ ഒത്തിരി സന്തോഷമാകും.

വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ അവളെ വാരിയെടുത്ത് വട്ടം കറക്കി. ''മോള്‍ക്കെന്താ വേണ്ടത്?'', അച്ഛന്‍ അവളോട് ചോദിച്ചു. ''ഒന്നും വേണ്ടച്ഛാ!'', അവള്‍ പറഞ്ഞു. അച്ഛന് വീണ്ടും പണിയില്ലാതായിരിക്കുന്നു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതുകാരണം ആരോടും കടലില്‍ പോകരുതെന്ന് പറഞ്ഞിട്ടുണ്ട്. വിലക്ക് കാര്യമാക്കാതെ പോയവരൊക്കെ അപകടത്തില്‍പെട്ടിട്ടുമുണ്ട്. മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ അവള്‍ അച്ഛനെ പോകാന്‍ സമ്മതിക്കാറില്ല. അവള്‍ ഉത്തരക്കടലാസുകള്‍ എടുത്ത് നേരെ കടപ്പുറത്തേക്ക് നടന്നു.

പാറക്കെട്ടിനുമുകളില്‍ പച്ചപ്പായലിന്റെ നിറമുള്ള വസ്ത്രം ധരിച്ച് കാവോതി നില്‍ക്കുന്നത് അവള്‍ ദൂരെനിന്നേ കണ്ടു. സന്തോഷമടക്കാനാവാതെ അവള്‍ പാറക്കെട്ടിനുനേര്‍ക്ക് പാഞ്ഞു. കടല്‍ അവള്‍ക്ക് മാറിക്കൊടുത്തു. അച്ഛനെപ്പോലെത്തന്നെ കാവോതിയും അവളെ വാരിയെടുത്തു. കവിളില്‍ ധാരാളം ഉമ്മ കൊടുത്തു.

അവള്‍ ഉത്തരക്കടലാസുകള്‍ കാവോതിക്ക് നീട്ടി. കാവോതി ടീച്ചറെപ്പോലെ അതെല്ലാം സൂക്ഷ്മമായി പരിശോധിച്ചു. എല്ലാത്തിന്റേയും താഴെ തൂവല്‍പേനകൊണ്ട് good എന്നെഴുതി. ആ എഴുത്ത് അവള്‍ക്ക് മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ. കണവയുടെ മഷികൊണ്ടായിരുന്നു കാവോതി എഴുതിയിരുന്നത്.

ഉത്തരക്കടലാസുകള്‍ അവള്‍ക്ക് തിരിച്ചുകൊടുത്തുകൊണ്ട് കാവോതി ചോദിച്ചു: ''ഇനി സമ്മാനം വേണ്ടേ?''

അവള്‍ വേണോ വേണ്ടയോ എന്ന് പറയാനാവാതെ നിന്നു. കാവോതിക്ക് വറുതിക്കാലമാണോ അല്ലയോ എന്നറിയില്ലായിരുന്നു.

അവള്‍ മിണ്ടാതെ നില്‍ക്കുന്നതുകണ്ട് കാവോതി ചോദിച്ചു: ''എന്താ വേണ്ടത്?''അവള്‍ വെറുതേ ചിരിച്ചു.

'ശരി.'' കാവോതി പറഞ്ഞു: ''നമ്മള്‍ ഒരു സ്ഥലംവരെ പോകുന്നു. അതാണെന്റെ സമ്മാനം.'' താമരയുടെ കണ്ണുകള്‍ വിടര്‍ന്നു. ''എങ്ങോട്ടാ?'', അവള്‍ ചോദിച്ചു. ''അത് പറയില്ല. അവിടെ എത്തുമ്പോള്‍ കണ്ടാല്‍ മതി.''

''സര്‍പ്രൈസാണോ?''

''അത്ക്കും മേലെ!'' കാവോതിയുടെ മറുപടി കേട്ട് താമര പൊട്ടിപ്പൊട്ടി ചിരിച്ചു. 

''എന്നാണ് നമ്മള്‍ പോവുന്നത്?'' അവള്‍ ചോദിച്ചു. 

''അടുത്ത ഞായറാഴ്ച!''

ഞായറാഴ്ചയാവാന്‍വേണ്ടി അവള്‍ കാത്തിരുന്നു. അവള്‍ക്ക് ആകാംക്ഷ അടക്കാനായില്ല. എവിടേക്കായിരിക്കും കാവോതി തന്നെ കൊണ്ടുപോവുക? അവള്‍ക്കൊരു പിടിയും കിട്ടിയില്ല. എല്ലാ വര്‍ഷവും സ്‌കൂളില്‍നിന്ന് വിനോദയാത്ര പോവാറുണ്ട്. അച്ഛന്റെ കൈയില്‍ കാശില്ലാത്തകാരണം അവള്‍ക്കുമാത്രം പോകാന്‍ കഴിയാറില്ല.

ഒരിക്കല്‍ എങ്ങനെയൊക്കെയോ അച്ഛന്‍ കാശ് സംഘടിപ്പിച്ചു. പോവുന്നതിന്റെ തലേന്നായിരുന്നു അമ്മയ്ക്ക് സുഖമില്ലാതായത്. അതോടെ പോക്ക് മുടങ്ങി. ആ കാശുകൊണ്ടായിരുന്നു അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയത്. ആശുപത്രിയിലേക്ക് പോകുമ്പോള്‍ അമ്മ അവളെ കെട്ടിപ്പിടിച്ച് ഒത്തിരി കരഞ്ഞു. ''ന്റെ കുട്ടി ഒത്തിരി മോഹിച്ചതാണല്ലോ. ഞാന്‍ കാരണം...''

''സാരല്യ അമ്മാ. വേഗം ആശുപത്രീ പോയി വാ.'', അവള്‍ പറഞ്ഞു.

അവള്‍ക്ക് വലുത് അമ്മയായിരുന്നു. അമ്മയെ അച്ഛന്‍ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മ തിരിച്ചുവന്നത് ആംബുലന്‍സിലായിരുന്നു. അവള്‍ എത്ര വിളിച്ചിട്ടും അമ്മ ഉണര്‍ന്നില്ല. 

'ന്റെ അമ്മ മരിച്ചു!', അവള്‍ സങ്കടത്തോടെ മനസ്സിലാക്കി. 

അതിനുശേഷം അമ്മമ്മ 'കഥ പറഞ്ഞുതരട്ടെ?' എന്ന് ചോദിക്കുമ്പോളൊക്കെ അവള്‍ പറയും: ''ആരും മരിക്കാത്ത കഥ പറഞ്ഞു താ...''

കഥയിലാണെങ്കില്‍പോലും ആരും മരിക്കുന്നത് അവള്‍ക്ക് സഹിക്കാനേ കഴിയില്ലായിരുന്നു. അതുകൊണ്ടായിരുന്നു കാവോതി ഡോഡോ പക്ഷികളുടെ കഥ പറഞ്ഞപ്പോള്‍ അവള്‍ കണ്ണീരൊലിപ്പിച്ചത്.

ശനിയാഴ്ച രാത്രി അവള്‍ക്ക് ഉറക്കം വന്നതേയില്ല. ഞായറാഴ്ചയിലെ പോക്കിനെപ്പറ്റിത്തന്നെ അവള്‍ ആലോചിച്ചുകൊണ്ടിരുന്നു. എപ്പഴോ ഉറങ്ങിയപ്പോഴാകട്ടെ അപരിചിതമായ ഏതൊക്കെയോ സ്ഥലങ്ങള്‍ സ്വപ്‌നം കാണുകയും ചെയ്തു. എങ്ങനെയൊക്കെയോ അവള്‍ നേരം വെളുപ്പിച്ചു.

വെളിച്ചം വന്നുവീഴുന്നതിനുമുന്‍പേ അവള്‍ മുറ്റത്തേക്കിറങ്ങി. നേരത്തേ ഉണര്‍ന്നതിന് അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അവള്‍ അച്ഛന്റെ മടിയില്‍ നേരംവെളുക്കുന്നതും നോക്കിയിരുന്നു. 

തുടരും

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: kadappurathe kavothi, children's novel, chapter 6, written by subash ottumpuram