കാക്കൊല്ലപ്പരീക്ഷ കഴിഞ്ഞുള്ള പത്തുദിവസത്തെ അവധി താമര മുന്‍പില്ലാത്തവിധം ആഘോഷിച്ചു.

കടല്‍ കുറച്ചുനാള്‍ അടങ്ങിയതുകാരണം അവളുടെ അച്ഛന് അത്യാവശ്യം മീനും കിട്ടി. ചെമ്മീന്‍ ചാകരയായിരുന്നെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അവള്‍ തിരുത്തി: ''അച്ഛാ മീനിനെയല്ല ചാകരയെന്നു പറയുന്നത്.''

''പിന്നെന്താണ്? അരയത്തിപ്പെണ്ണ് പറ!'', അച്ഛനവളെ കളിയാക്കി.

അവള്‍ വിശദീകരിച്ചു: ''കാലവര്‍ഷക്കാലത്ത് പുഴകളിലൂടെയും കായലുകളിലൂടെയും കടലിലെത്തുന്ന കലങ്ങിയ വെള്ളത്തില്‍ പ്ലവകങ്ങളെന്നു വിളിക്കുന്ന സൂക്ഷ്മജീവികള്‍ ധാരാളമുണ്ടാകും. മീനുകളുടെ ഭക്ഷണമാണ് ആ ജീവികള്‍. കടലിലെത്തുന്ന ചെളിവെള്ളം അപ്വെല്ലിങ് എന്ന പ്രതിഭാസത്തിന്റെ ഫലമായി കടലിലെ ശാന്തമായ ഒരിടത്ത് അടിഞ്ഞുകൂടുന്നു. ഇതിനെയാണ് ചാകരയെന്നു പറയുന്നത്. ഈ ചാകരയിലേക്കാണ് തീറ്റതേടി മീനുകള്‍ വരുന്നത്.''

അവളുടെ അറിവില്‍ അച്ഛന് അദ്ഭുതവും അഭിമാനവും തോന്നി. ''മോള്‍ക്കിത് ആരാ പറഞ്ഞുതന്നത്?'', അച്ഛന്‍ ചോദിച്ചു.

''പുസ്തകത്തില്‍ വായിച്ചതാ,'' അവള്‍ പറഞ്ഞു.

അച്ഛന് സന്തോഷമായി. ''മോള്‍ക്ക് അച്ഛനെന്താ കൊണ്ടുവരേണ്ടത്?'', അച്ഛന്‍ ചോദിച്ചു.

ഇത്തവണ പറയാന്‍ അവള്‍ക്കൊരു മടിയും തോന്നിയില്ല. അച്ഛന്റെ കൈയില്‍ കാശുണ്ട്.

''പുസ്തകങ്ങള്‍!'', അവള്‍ പറഞ്ഞു.

''ഏതു പുസ്തകമാണ്?''

അവള്‍ ആലോചിച്ചു. ഏതു പുസ്തകമാണ് വാങ്ങേണ്ടത്? വായിക്കാനാഗ്രഹമുള്ള ഒത്തിരി പുസ്തകങ്ങളുണ്ട്. തത്കാലം അതൊന്നും വേണ്ട. അവള്‍ ഒരു കടലാസില്‍ പുസ്തകത്തിന്റെ പേരെഴുതിക്കൊടുത്തു. ഇല്ലെങ്കില്‍ ചിലപ്പോള്‍ അച്ഛന്‍ മറന്നുപോകും.

അച്ഛന്‍ അങ്ങാടിയിലേക്കു പോയപ്പോള്‍ അവള്‍ നേരേ കടപ്പുറത്തേക്കു നടന്നു. പതിവുപോലെ മണലില്‍ കാവോതി എന്നെഴുതിയിട്ടും കാവോതി വന്നില്ല. 

അവള്‍ തീരത്തെ കടല്‍പ്പക്ഷികളെ നോക്കി. അവര്‍ തീറ്റയില്‍ മുഴുകിയിരിക്കുകയായിരുന്നു. അവള്‍ വീണ്ടും മണലിലെഴുതി. കാവോതി വന്നില്ല.

അവള്‍ വീണ്ടും വീണ്ടും എഴുതിക്കൊണ്ടേയിരുന്നു. അവള്‍ക്ക് സങ്കടം വരാന്‍ തുടങ്ങി. കാവോതി മിണ്ടാതെ മലയിലേക്കു പോയോ? അവളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. പടിഞ്ഞാറേ ചക്രവാളത്തിലേക്കു നോക്കി അവള്‍ ഒച്ചയില്ലാതെ കരഞ്ഞു.

കുറച്ചുകഴിഞ്ഞപ്പോള്‍ കടലിനുമീതെ ഒരു പക്ഷിയുടെ ചിറകടികള്‍ അവള്‍ കണ്ടു. കണ്ണുതുടച്ചുകൊണ്ട് അവള്‍ അതിനെത്തന്നെ ഉറ്റുനോക്കി. ഒരു പരുന്തായിരുന്നു അത്. പരുന്ത് അവളുടെ തൊട്ടടുത്തുവന്നിരുന്നു.

kavothi part 5n
വര: ജോയ് തോമസ്‌

പരുന്തിനൊപ്പം മഴക്കാര്‍ വന്നില്ല. മൂടല്‍മഞ്ഞുണ്ടായില്ല. അവള്‍ക്കെന്തോ പന്തികേടുതോന്നി. അവള്‍ പരുന്തിന്റെ രൂപം മാറുന്നതും കാത്തിരുന്നു. അതുപക്ഷേ, വന്നപോലെതന്നെ ഇരിക്കുകയായിരുന്നു. അതിന്റെ കാലിലെന്തോ ഇറുക്കിപ്പിടിച്ചിരിക്കുന്നത് കുറേ കഴിഞ്ഞപ്പോളാണ് അവളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു കടല്‍നാക്കായിരുന്നു അത്. കണവയുടെ നട്ടെല്ലിനെയാണ് കടല്‍നാക്കെന്നു പറയുക. ചില പ്രത്യേക കാലത്ത് കടപ്പുറം മുഴുവന്‍ കടല്‍നാക്കുകള്‍ വന്നടിയാറുണ്ട്. കടല്‍നാക്ക് അവള്‍ക്കെടുക്കാന്‍ പാകത്തില്‍ മണലിലിട്ട് പരുന്ത് രണ്ടുചുവട് പിന്നോട്ടുമാറി. അവളതെടുത്തു. അതില്‍ കണവയുടെ മഷികൊണ്ട് എന്തോ എഴുതിയത് അവള്‍ കണ്ടു. അവളത് വായിച്ചു.

'പ്രിയപ്പെട്ട താമരമോളേ, കാവോതി ഒരല്പം തിരക്കിലാണ്. കാറ്റടിക്കുമെന്നറിഞ്ഞിട്ടും കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന ഒത്തിരിപ്പേര്‍ അപകടത്തില്‍പ്പെടുന്നുണ്ട്. അവരെ സഹായിക്കുന്ന തിരക്കിലാണ് ഞാന്‍. എന്റെ കൂട്ടുകാരായ പക്ഷികള്‍ വിശ്രമമില്ലാതെ, അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തുകയാണ്. അതുകൊണ്ട്, നന്നായി പഠിക്കുക. ഈ ആപത്തുകാലം കഴിഞ്ഞാല്‍ നമ്മള്‍ ഉടനെ കാണും. പരീക്ഷയിലെല്ലാം ജയിക്കട്ടെ എന്നാശംസിക്കുന്നു. കാവോതി.'

അത് വായിച്ചുകഴിഞ്ഞപ്പോള്‍ അവളുടെ സങ്കടമെല്ലാം മാറി. പാവം കാവോതി. ഒത്തിരി കഷ്ടപ്പെടുന്നുണ്ടാവണം... അവള്‍ ആലോചിച്ചു.

അവള്‍ കുടിലിലേക്കു നടന്നു. കടല്‍നാക്ക് ഭദ്രമായി അവളുടെ പുസ്തകങ്ങള്‍ക്കൊപ്പം മേശയില്‍വെച്ചു പൂട്ടി.

രാത്രി അച്ഛന്‍ വന്നപ്പോള്‍ അവള്‍ സന്തോഷത്തോടെ ഉമ്മറത്തേക്കു പാഞ്ഞു.

കൈയിലിരുന്ന പൊതി അച്ഛന്‍ അവള്‍ക്കു നീട്ടി. അവളതു വാങ്ങി തുറന്നുനോക്കി. അവള്‍ എഴുതിക്കൊടുത്ത അതേ പുസ്തകം. പുസ്തകത്തിന്റെ പുറംചട്ടയിലെ മനുഷ്യനെ അവള്‍ വിസ്മയത്തോടെ നോക്കി. ആ മനുഷ്യന്റെ പേര് അവള്‍ വായിച്ചു:''കല്ലേന്‍ പൊക്കുടന്‍.''

'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്.

തുടരും

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: kadappurathe kavothi, children's novel, chapter 3, written by subash ottumpuram