പിറ്റേദിവസം നേരത്തേതന്നെ അവള്‍ കടപ്പുറത്തെത്തി. അവള്‍ക്ക് ഇത്തവണ മണലില്‍ എഴുതേണ്ടിവന്നില്ല. പാറപ്പുറത്ത് അവളെ കാത്ത് കാവോതി നില്‍പ്പുണ്ടായിരുന്നു. കറുത്ത വസ്ത്രങ്ങളായിരുന്നു കാവോതി ധരിച്ചിരുന്നത്. അത് കണ്ടപ്പോള്‍ അവള്‍ക്കെന്തോ ആശങ്കയുണ്ടായി. സാധാരണ നിറപ്പകിട്ടുള്ള വസ്ത്രമാണ് കാവോതി ധരിക്കാറ്. ആരെങ്കിലും മരിക്കുമ്പോഴാണത്രേ ആളുകള്‍ കറുത്ത വസ്ത്രം ധരിക്കാറെന്ന് അവള്‍ കേട്ടിട്ടുണ്ട്. കാവോതിയുടെ ആരെങ്കിലും മരിച്ചോ?

കാവോതി കൈപിടിച്ച് അവളെ പാറപ്പുറത്തേക്ക് കയറ്റി. പടിഞ്ഞാറോട്ട് നോക്കിയിരിക്കുമ്പോള്‍ അവള്‍ ചോദിച്ചു:''ഇന്നലെ കപ്പലപകടത്തില്‍ ആര്‍ക്കെങ്കിലും വല്ലതും പറ്റിയോ?''

''ഇല്ല'' കാവോതി പറഞ്ഞു: ''അതൊരു വിദേശ കപ്പലായിരുന്നു. കപ്പലിന്റെ മുകള്‍തട്ടിന് തീ പിടിച്ചതായിരുന്നു.''

''എന്നിട്ട്?''

''പെട്ടെന്ന് മഴ പെയ്തതുകൊണ്ട് തീ അണഞ്ഞു. ആര്‍ക്കും അപകടമൊന്നും പറ്റിയില്ല.''

''പിന്നെന്താ കാവോതിക്ക് സങ്കടം?'' അവള്‍ ചോദിച്ചു.

''ആരുപറഞ്ഞു സങ്കടമുണ്ടെന്ന്?'' കാവോതി ചിരിച്ചു.

''സങ്കടമുള്ളതുകൊണ്ടല്ലേ കാവോതി കറുപ്പുടുത്തിരിക്കുന്നത്?'' 

''ശരിയാണ്'' കാവോതി സമ്മതിച്ചു.

''ഈ ദിവസം എനിക്ക് ദുഃഖാചരണത്തിന്റേതാണ്. ഭൂമിയിലെ അവസാനത്തെ ഡോഡോ പക്ഷി മറഞ്ഞുപോയ ദിവസമാണിന്ന്.''

അങ്ങനെയൊരു പക്ഷിയെപ്പറ്റി അവള്‍ കേട്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. ''മോള്‍ ജനിക്കുന്നതിനും എത്രയോമുന്‍പ് ആ പക്ഷികള്‍ ഇല്ലാതായി.''

''അതിന്റെ രൂപം എങ്ങനെയാണ്? അവരെങ്ങനെയാണ് ഇല്ലാതായത്?'' അവള്‍ക്കാ പക്ഷികളെപ്പറ്റി കൂടുതലറിയാന്‍ താത്പര്യമായി.

''അരയന്നത്തിന്റെ രൂപമായിരുന്നു അവര്‍ക്ക്. എങ്കിലും പറക്കാന്‍ കഴിയില്ലായിരുന്നു!.''

''താറാവുകളെപ്പോലെ അല്ലേ?'', താമര ചോദിച്ചു.

''ഉം'' കാവോതി മൂളി.

''പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചിരുന്ന അവരുടെ ആവാസകേന്ദ്രം ഇന്ത്യന്‍ സമുദ്രത്തിലെ മൗറീഷ്യസ് ദ്വീപുകളായിരുന്നു.''

''അതെവിടെയാണ് ?''

''ഇവിടുന്ന് 3,943 കിലോമീറ്റര്‍ അകലെ ആഫ്രിക്കയോടടുത്ത്!''

''എന്നിട്ട് അവര്‍ക്കെന്തുപറ്റിയെന്ന് പറ!''

''1505- ല്‍ ദ്വീപില്‍ പോര്‍ച്ചുഗീസുകാര്‍ നാവികര്‍ക്കും അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഡോഡോ പക്ഷികളെ വളരെ എളുപ്പത്തില്‍ പിടിക്കാന്‍ കഴിഞ്ഞിരുന്നു. അവര്‍ക്ക് പറക്കാന്‍ കഴിയാത്തതായിരുന്നു അതിന് കാരണം. ആയിരക്കണക്കിന് ഡോഡോ പക്ഷികളെ അവര്‍ കൊന്നുതിന്നു.''

താമര സങ്കടത്തോടെ കഥ കേട്ടിരുന്നു. ''മനുഷ്യരുടെ കടന്നുകയറ്റത്തിനൊപ്പം നായകളും കുരങ്ങന്‍മാരും എലികളുമൊക്കെ ഡോഡോകളുടെ മുട്ടകളെ പൂര്‍ണമായും നശിപ്പിച്ചു. അങ്ങനെ മനുഷ്യര്‍ മൗറിഷ്യസില്‍ കാലുകുത്തി 100 വര്‍ഷത്തിനുള്ളില്‍ ഡോഡോ വംശനാശ ഭീഷണി നേരിട്ടു. 1800- ല്‍ ഇതുപോലൊരുദിവസം അവരില്‍ അവസാനത്തേതും പൂര്‍ണമായും ഇല്ലാതായി.'' ഡോഡോകളുടെ കഥ കേട്ടപ്പോള്‍ താമരയ്ക്ക് സങ്കടമടക്കാനായില്ല. അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു. കാവോതി അവളെ പുറംതലോടി ആശ്വസിപ്പിച്ചു. എന്നിട്ടും അവള്‍ കരച്ചില്‍ നിര്‍ത്തിയില്ല.

''ശരി. എന്നാല്‍ ഇന്നലെ പറഞ്ഞുനിര്‍ത്തിയതിന്റെ ബാക്കി കഥ പറയാം. കണ്ണ് തുടയ്ക്ക്!''

താമര കണ്ണ് തുടച്ചു. അപ്പോള്‍ അവളുടെ കരിമഷി ഇളകി കവിളില്‍ പടര്‍ന്നു. അത് തുടച്ചുകൊടുത്തുകൊണ്ട് കാവോതി ചോദിച്ചു: ''ഇന്നലെ എവിടെയാ പറഞ്ഞുനിര്‍ത്തിയത്?''

''കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പൊക്കുടനച്ഛന്‍ ഒരു വഴി കണ്ടെത്തീട്ട്ണ്ടെന്ന്.''

''എന്തായിരുന്നു ആ വഴീന്നറിയോ?''

''എന്തായിരുന്നു?''

''വരമ്പ് ഒലിച്ചുപോകാതിരിക്കാന്‍ പൊക്കുടനച്ഛച്ഛന്‍ കണ്ടല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചു.''

''കണ്ടല്‍മരങ്ങളോ ?''

''കണ്ടല്‍മരങ്ങള്‍ കണ്ടിട്ടില്ലേ മോള്?'' അവള്‍ ഇല്ല എന്ന് തലയാട്ടി. ''പുഴയോരത്ത് കുറ്റിക്കാടുകള്‍പോലെ വളരുന്ന കണ്ടലുകളെ കണ്ടിട്ടേയില്ല?''

 ''ഓ'' അവള്‍ക്കോര്‍മവന്നു. സ്‌കൂളില്‍ പോകുന്ന പുഴയോരത്തെ വഴിക്കിരുവശവും വളര്‍ന്നുനില്‍ക്കുന്ന ചെറുകാടുകള്‍ കണ്ടല്‍ക്കാടാണെന്ന് അവള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.

''കണ്ടല്‍മരങ്ങള്‍ മണ്ണ് പിടിച്ചുനിര്‍ത്തും. ഒത്തിരി ജീവജാലങ്ങള്‍ക്ക് അഭയമേകും.'' കാവോതി പറഞ്ഞു.

''അങ്ങനെ അദ്ദേഹം കണ്ടല്‍ നടാന്‍ തുടങ്ങി. വിത്തുകളും തൈകളുമൊക്കെ ശേഖരിച്ച് വരമ്പിലും പുഴയോരത്തുമൊക്കെ കൊണ്ടുപോയി നട്ടു. ഒരു ലക്ഷത്തിലധികം കണ്ടല്‍ മരങ്ങള്‍ അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്.''

''എന്നിട്ട് പൊക്കുടനച്ഛച്ഛന്‍ നട്ടതെല്ലാം കാടായോ?''

''പെരുങ്കാട്!'' കാവോതി പറഞ്ഞു.

തുടരും

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: kadappurathe kavothi, children's novel, chapter 3, written by subash ottumpuram