''കാവോതി ഏത് മലയിലാണ് താമസം?'' ഏറെ നാളായുള്ള അവളുടെ സംശയമായിരുന്നു അത്.

അമ്മമ്മയോടും അച്ഛനോടും ചോദിക്കുമ്പോഴൊക്കെ അവര്‍ കിഴക്കോട്ട് വിരല്‍ ചൂണ്ടുക മാത്രമാണ് ചെയ്യാറ്. കിഴക്കെവിടെയോ ഒരു മലയുണ്ട്. അത്രമാത്രമേ അവര്‍ക്കറിയൂ. മലയുടെ പേരൊന്നും അവര്‍ക്കറിയില്ല. പേരില്ലാത്ത മലയുണ്ടാകുമോ?

''ചെറുകോമ്പന്‍ മല'', കാവോതി പറഞ്ഞു.

രസമുള്ള പേര്. അവള്‍ക്ക് ആ പേര് ഏറെ ഇഷ്ടമായി. അവള്‍ മനസ്സില്‍ ഒരു മല സങ്കല്പിച്ചു. നിറയെ മരങ്ങളുള്ള ഒരു മല. പൂമ്പാറ്റകളും പക്ഷികളും നിറഞ്ഞ അടിവാരം.

''ആ മല കാണാനെങ്ങനെയാ?'' അവളുടെ ചോദ്യം കേട്ടപ്പോള്‍ പെട്ടെന്ന് കാവോതിയുടെ മുഖത്ത് എന്തോ സങ്കടം വന്ന് നിറഞ്ഞു. ഒച്ച താഴ്ത്തി കാവോതി പറഞ്ഞു: ''അവിടെയിപ്പോള്‍ മലയെന്ന് പറയാനൊന്നുമില്ല. ഒരു ചെറിയ കുന്ന് മാത്രമേ ബാക്കിയുള്ളൂ.''

''അപ്പോള്‍ മലയെവിടെപ്പോയ്?'', അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു.

കാവോതി കരയിലേക്ക് വിരല്‍ ചൂണ്ടി. താമര അങ്ങോട്ട് നോക്കി.

തീരത്തെ കടല്‍ഭിത്തി നോക്കി കാവോതി പറഞ്ഞു: ''എന്റെ മലയാണ് അട്ടിവെച്ചിരിക്കുന്നതെല്ലാം. തീരത്തേക്ക് കടല്‍ കയറാതിരിക്കാന്‍ അടുത്തകാലത്താണ് ആ കടല്‍ഭിത്തി കെട്ടിയത്. ചതുരാകൃതിയിലുള്ള വലിയ കരിങ്കല്ലുകള്‍കൊണ്ടുള്ള ഭിത്തിക്ക് പാതാറെന്നാണ് പേര്. കടല് കേറാണ്ടിരിക്കാനാണത്രേ അങ്ങനെ കല്ലിട്ടിരിക്കുന്നത്. കല്ലിട്ടാലൊന്നും കടല് കേറാണ്ടിരിക്കൂല. മറിച്ച് കൂടുതല്‍ കേറുകയേയുള്ളൂ. പിന്നെ മലകള്‍ തകര്‍ത്ത് ഇങ്ങനെ കടല്‍ഭിത്തി കെട്ടുന്നത് ശരിയാണോ?''

കാവോതി പറഞ്ഞപ്പോള്‍ മാത്രമാണ് അവള്‍ അങ്ങനെയൊരു കാര്യത്തെപ്പറ്റി ആലോചിച്ചത്. ഒരു നാട് നശിപ്പിച്ച് മറ്റൊരു നാട് രക്ഷിക്കുന്നത് എങ്ങനെ ആലോചിച്ചിട്ടും ശരിയാണെന്ന് അവള്‍ക്ക് തോന്നിയില്ല.

''ഇനിയെന്ത് ചെയ്യും?'', അവള്‍ ആലോചിച്ചു.

''പഠിക്കണം!'', കാവോതി പറഞ്ഞു. അവള്‍ കാവോതിയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

''നമ്മള്‍ ജീവിക്കുന്ന ഭൂമിയെപ്പറ്റി പഠിക്കണം. മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല ഭൂമി എന്ന് തിരിച്ചറിയണം.'', കാവോതി പറഞ്ഞുവരുന്നതെന്താണെന്ന് അവള്‍ക്ക് മനസ്സിലായില്ല.

kavothi three 2
വര: ജോയ്​ തോമസ്

''ഞാന്‍ മോള്‍ക്കൊരു കഥ പറഞ്ഞുതരട്ടെ?'', കാവോതി ചോദിച്ചു.

അവള്‍ക്ക് സന്തോഷമായി. കഥകള്‍ കേള്‍ക്കാന്‍ അവള്‍ക്കെന്നും ഇഷ്ടമായിരുന്നല്ലോ. അവള്‍ക്കേറ്റവും ഇഷ്ടം കാവോതിയുടെ കഥയായിരുന്നു. ഇപ്പോള്‍ അതേ കാവോതി അവളോട് ഒരു കഥ പറഞ്ഞുതരട്ടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ സന്തോഷംകൊണ്ട് മതിമറന്നു.

കാവോതി കഥ പറഞ്ഞുതുടങ്ങി: ''പണ്ട് പണ്ട് പൊക്കുടന്‍ എന്നൊരു മനുഷ്യനുണ്ടായിരുന്നു. സ്‌കൂളില്‍ പോകാനൊന്നും ഭാഗ്യം കിട്ടാത്ത, എഴുത്തും വായനയും അറിയാത്ത ഒരു പാവം അച്ഛച്ഛന്‍.''

താമര പൊക്കുടനച്ഛച്ഛന്റെ കഥയ്ക്ക് കാതോര്‍ത്തു. ''സ്‌കൂളില്‍ പോകാന്‍ കഴിയാത്തതുകൊണ്ട് പഠിക്കുന്ന കുട്ടികളെ വലിയ കാര്യമായിരുന്നു അച്ഛച്ഛന്. ആ നാട്ടില്‍ മഴക്കാലമായാല്‍ കുട്ടികളാരും സ്‌കൂളില്‍ പോകില്ല.''

''അതെന്താ?'', താമരയ്ക്ക് അദ്ഭുതമായി.

''മഴക്കാലമായാല്‍, പുഴയില്‍നിന്ന് വെള്ളം കയറി കുട്ടികള്‍ നടന്നിരുന്ന വരമ്പുകളൊക്കെ ഒലിച്ചുപോകും. ഇത് പൊക്കുടനച്ഛച്ഛനെ വലിയ സങ്കടത്തിലാഴ്ത്തി. കുറേ ആലോചിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു വഴിതെളിഞ്ഞു.''

''എന്തായിരുന്നു ആ വഴി?'', താമരയ്ക്ക് ആകാംക്ഷ അടക്കാനായില്ല.

കാവോതി മറുപടി പറഞ്ഞില്ല. പകരം കൈപ്പടം ചെവിയോട് ചേര്‍ത്തുപിടിച്ച് കടലിലേക്ക് നോക്കി. അവളും അതുപോലെ കൈപ്പടം ചെവിയോട് ചേര്‍ത്ത് കടലിലേക്ക് നോക്കി. അവള്‍ക്കൊന്നും കാണാനോ കേള്‍ക്കാനോ കഴിഞ്ഞില്ല.

''കഥയുടെ ബാക്കി പറ കാവോതി.'', അവള്‍ കാവോതിയെ നോക്കി ചിണുങ്ങി. ''ബാക്കി നാളെ പറയാം.'', കാവോതി എഴുന്നേറ്റു.

അവള്‍ക്ക് സങ്കടമായി. കാവോതി അവളെ ആശ്വസിപ്പിച്ചു.

''പുറങ്കടലില്‍ ഒരു കപ്പല്‍ അപകടത്തില്‍ പെട്ടിരിക്കുന്നു. എനിക്ക് ഉടനെ അങ്ങോട്ട് പോകണം. മോള്‍ടെ അമ്മമ്മ ഇപ്പോ വിളിക്കും. വേഗം ചെന്ന് വിത്ത് കുത്തിയിടൂ. നാളെ ഇതേ നേരത്ത് കാവോതി വരാട്ടോ.''
അവള്‍ തലയാട്ടി.

അപ്പോള്‍ കുടിലില്‍നിന്ന് അമ്മമ്മ അവളെ നീട്ടിവിളിച്ചു: ''താമരേ.......''

കാവോതി അവളെ പാറക്കെട്ടില്‍നിന്ന് കരയ്‌ക്കെത്തിച്ചു. പിന്നെ നെറ്റിയിലൊരു ഉമ്മകൊടുത്ത് വാള്‍കൊക്കന്‍പക്ഷിയായി കടലിലേക്ക് ചിറകടിച്ചു. കാവോതി ദൂരെ മറയുവോളം അവള്‍ നോക്കിനിന്നു. അമ്മമ്മയുടെ വിളി രണ്ടാമതും കേട്ടപ്പോള്‍ അവള്‍ വേഗം കുടിലിലേക്ക് നടന്നു.

നടക്കുമ്പോള്‍ അവള്‍ പ്രാര്‍ഥിച്ചു: ''ആ കപ്പലിലുള്ളവര്‍ക്ക് അപകടമൊന്നും പറ്റരുതേ...''

(തുടരും)

ബാലഭൂമിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: kadappurathe kavothi, children's novel, chapter 3, written by subash ottumpuram