പിറ്റേന്ന് നേരം വെളുത്തപ്പോള്‍, ഇന്നലെ നടന്നതെല്ലാം സ്വപ്‌നമാണോ എന്ന് തോന്നി താമരയ്ക്ക്. അതോര്‍ത്തപ്പോള്‍ അവള്‍ക്ക് വല്ലാതെ സങ്കടം വന്നു. നടന്നതൊന്നും സ്വപ്‌നമാകരുതേ എന്ന് പ്രാര്‍ഥിച്ച് അവള്‍ മുറ്റത്തേക്കിറങ്ങി. ആകാശം തെളിഞ്ഞുകിടക്കുകയായിരുന്നു. അവള്‍ക്ക് കടപ്പുറത്തേക്ക് പോകണമെന്ന് തോന്നി. മണലില്‍ കാവോതി എന്നെഴുതി കാവോതിയെ പ്രത്യക്ഷപ്പെടുത്തണമെന്ന് തോന്നി. പക്ഷേ, സ്‌കൂളില്‍ പോകാനുള്ളതാണ്. അവള്‍ വേഗം കുളിച്ചൊരുങ്ങി. ക്ലാസിലിരിക്കുമ്പോഴും അവളുടെ മനസ്സ് കടപ്പുറത്തായിരുന്നു. ടീച്ചര്‍ പഠിപ്പിക്കുന്നതില്‍ ശ്രദ്ധിക്കാനാവാതെ അവള്‍ കാവോതിയെക്കുറിച്ച് മാത്രമാലോചിച്ചു. കുറേ കഴിഞ്ഞപ്പോള്‍ അവളുടെ ഉള്ളില്‍ എന്തോ സങ്കടം വന്ന് നിറഞ്ഞു. നല്ലോണം പഠിക്കണമെന്നും ക്ലാസില്‍ ശ്രദ്ധിക്കണമെന്നും അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. കാവോതിയും അതുതന്നെയാണ് പറഞ്ഞത്. അവള്‍ പിന്നീട് ടീച്ചര്‍ പഠിപ്പിച്ചതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.

വൈകുന്നേരം സ്‌കൂള്‍ വിട്ടപ്പോള്‍ അവള്‍ വീട്ടിലേക്ക് ഓടുകയായിരുന്നു. മഴവെള്ളം ചവിട്ടിത്തെറിപ്പിച്ച്, വഴിയിലെവിടെയും തങ്ങാതെ അവള്‍ അതിവേഗം പാഞ്ഞു. കുടിലിലെത്തിയപ്പോള്‍ അവളുടെ അച്ഛന്‍ അങ്ങാടിയിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു.

''മോള്‍ക്ക് അച്ഛനെന്താ കൊണ്ടുവരേണ്ടത്?'' അച്ഛന്‍ അവളോട് ചോദിച്ചു.

''ഒന്നും വേണ്ടച്ഛാ'', അവള്‍ പറഞ്ഞു.

കടലിളകിയതുകാരണം അച്ഛന് പണിയില്ലെന്നും അച്ഛന്റെ കീശ കാലിയാണെന്നും അവള്‍ക്കറിയാമായിരുന്നു.

അവള്‍ വേഗം നനഞ്ഞ യൂണിഫോം മാറ്റി ഒരു ഉടുപ്പെടുത്തിട്ടു. പിന്നെ കുടയെടുത്ത് പുറത്തേക്കിറങ്ങി. കളിയാട്ടത്തിന് പോയിവരുമ്പോള്‍ വാങ്ങിയ പച്ചക്കറി വിത്തുകള്‍ നടാന്‍ തടമൊരുക്കുകയായിരുന്നു അമ്മമ്മ. പുറത്തേക്കിറങ്ങിയ അവളെ കണ്ട് അമ്മമ്മ ചോദിച്ചു: ''എങ്ങട്ടാണ് പോണത്?''

''കടപ്രത്ത്ക്കാണ് അമ്മമ്മാ''

''വേഗം വരണേ. വിത്ത് കുത്തിയിടാനുള്ളതാണ്.''

അമ്മമ്മ അവളെക്കൊണ്ടേ വിത്ത് കുത്തിയിടീപ്പിക്കാറുള്ളൂ. വിരല്‍കൊണ്ട് തടത്തില്‍ കുഴി കുത്തി അതിലേക്ക് വിത്തിട്ട് മണ്ണുകൊണ്ട് മൂടാന്‍ അവള്‍ക്ക് ഏറെയിഷ്ടമായിരുന്നു. അവള്‍ വേഗം വരാമെന്നുപറഞ്ഞ് കടപ്പുറത്തേക്ക് നടന്നു.

കടലിലേക്ക് ഒരു ചാക്കിലെന്തോ തള്ളാന്‍ വന്ന ഒരാള്‍ മാത്രമേ കടപ്പുറത്ത് അപ്പോഴുണ്ടായിരുന്നുള്ളൂ. പിന്നെ കുറേ വാള്‍കൊക്കന്‍ പക്ഷികളും. ആ പക്ഷികള്‍ എല്ലാകാലത്തും കടപ്പുറത്ത് കാണാറില്ല. പ്രത്യേകകാലത്ത് മാത്രം വരുന്ന ദേശാടനപ്പക്ഷികളാണവ. വാള്‍പോലെ നീണ്ടുവളഞ്ഞ കൊക്കുകൊണ്ട് അവ കടപ്പുറത്തെ നനഞ്ഞ മണലിലെ പൂമാലികളെയും ചെറുജീവികളെയും കൊത്തിത്തിന്നും.

അയാള്‍ പോകുന്നതുവരെ താമര കാത്തുനിന്നു. അവള്‍ വിചാരിച്ചതുപോലെ അയാള്‍ പെട്ടെന്ന് തിരിച്ചുപോയില്ല. അതിനുകാരണം, കടലിലേക്ക് അയാള്‍ തള്ളിയ മാലിന്യത്തിന്റെ ചാക്ക് കരയ്ക്കടിഞ്ഞതായിരുന്നു. അയാളത് വീണ്ടും കടലിലേക്ക് തള്ളി. തിരകള്‍ അതിനെ അതേപോലെ കരയ്ക്ക് കൊണ്ടിട്ടു. അയാള്‍ പിന്നേയും അത് കടലിലേക്കെറിഞ്ഞു. അയാളും കടലും തമ്മില്‍ വാശിയേറിയ ഒരു മത്സരത്തിലാണെന്ന് അവള്‍ക്ക് തോന്നി. അയാള്‍ ഓരോ തവണയും ചാക്ക് കടലിലേക്കിടുമ്പോള്‍ അവള്‍ ആലോചിച്ചു: ''ഇങ്ങനെ കഷ്ടപ്പെടുന്നതിനുപകരം അയാള്‍ക്കത് എവിടെയെങ്കിലും കുഴിച്ചിട്ടൂടേ?''
അയാള്‍ കരയ്ക്കടിഞ്ഞ ചാക്ക് ഒരുവട്ടംകൂടി കൈയിലെടുത്തു. പിന്നെ വീശുവലക്കാരെപ്പോലെ ഒന്ന് വട്ടം കറങ്ങി അയാളത് പറ്റാവുന്നത അകലേക്ക് വീശിയെറിഞ്ഞു. പിന്നെ തിരിഞ്ഞുനോക്കാതെ നടന്നു. കുറച്ചുകഴിഞ്ഞപ്പോള്‍തന്നെ ചാക്ക് പഴയപോലെ കരയ്ക്കടിഞ്ഞു.

അയാള്‍ പോയെന്ന് ഉറപ്പായപ്പോള്‍ അവള്‍ നിലത്ത് കാവോതി എന്നെഴുതി. എന്നിട്ട് എഴുന്നേറ്റുനിന്ന് കവോതി വരുന്നത് നോക്കി പടിഞ്ഞാട്ട് കണ്ണുകളോടിച്ചു. ഒരനക്കംപോലും കണ്ടില്ല. അവള്‍ നിലത്ത് എഴുത്തിലേക്ക് നോക്കി. വല്ല അക്ഷരത്തെറ്റുമുണ്ടോ? അവള്‍ ഓരോ അക്ഷരവും നോക്കി വായിച്ചു: ''കാ... വോ....തി''

അപ്പോള്‍ തീരത്തെ വാള്‍കൊക്കന്‍ പക്ഷികളില്‍നിന്ന് ഒരെണ്ണം പതിയെ തല ചെരിച്ച് അവളെ നോക്കി. പിന്നെ അവളുടെ നേര്‍ക്ക് നടന്നു. അപ്പോള്‍ എങ്ങുനിന്നോ മഴക്കാര്‍ ഓടിയെത്തി. അതവളുടെ തലയ്ക്കുമീതെ വന്നുനിന്ന് മഴ പെയ്യിക്കാന്‍ തുടങ്ങി. മൂടല്‍മഞ്ഞുപോലെ എന്തോ ചുറ്റിനും പരന്നു. മഞ്ഞിലൂടെ നടന്നുവരുന്ന വാള്‍കൊക്കന്‍ പക്ഷിയുടെ രൂപം മാറുന്നത് അവള്‍ കണ്ടു.

കാവോതി അടുത്തുവന്ന് അവളുടെ കൈ പിടിച്ചു. ഇളം തണുപ്പുള്ള ആ കൈള്‍ തൂവല്‍പോലെ മൃദുലമായിരുന്നു.

''കാവോതി ഒരു സ്വപ്‌നമാണെന്ന് ഞാന്‍ വിചാരിച്ചു!'' അവള്‍ പറഞ്ഞു.

അതുകേട്ടപ്പോള്‍ കാവോതി ചിരിച്ചു. ''ഇപ്പോ മനസ്സിലായില്ലേ, സ്വപ്‌നമല്ലെന്ന്'' അവള്‍ ചിരിച്ചുകൊണ്ട് തലയാട്ടി.

''വാ, നമുക്ക് നടക്കാം.'' കാവോതി അവളുടെ കൈ പിടിച്ചു.

നനഞ്ഞ മണലിലൂടെ നടക്കുമ്പോള്‍ അവള്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കി. മണലില്‍ പതിഞ്ഞ അവരുടെ കാല്പാടുകള്‍ തിരകള്‍ വന്ന് വേഗംതന്നെ മായ്ക്കുന്നുണ്ടായിരുന്നു. വിചിത്രമായിരുന്നു കാവോതിയുടെ കാല്പാടുകള്‍. പക്ഷികളുടെ കാല്പാടുകള്‍പോലെയുണ്ടായിരുന്നു അത്.

കടലിലേക്ക് ഇറങ്ങിക്കിടന്നിരുന്ന ചെങ്കല്ലിന്റെ പാറക്കൂട്ടത്തിന് നേര്‍ക്കായിരുന്നു കാവോതി അവളുടെ കൈപിടിച്ച് നടന്നിരുന്നത്. അരയ്‌ക്കൊപ്പം വെള്ളം കടന്നുവേണം പാറക്കെട്ടിന് മുകളിലേക്ക് കയറാന്‍. അവര്‍ അടുത്തെത്തിയപ്പോള്‍ കടല്‍ താനേ പിന്നിലേക്ക് വലിഞ്ഞു. മണലില്‍ പുതഞ്ഞുകിടക്കുന്ന ശംഖുകളെയും ചിപ്പികളെയും ചവിട്ടാതെ അവര്‍ പാറക്കെട്ടിന് മുകളിലേക്ക് കയറി.

novel

പാറക്കെട്ടിന്റെ പടിഞ്ഞാറേ അറ്റത്ത് കാലുകള്‍ നിലത്തേക്ക് തൂക്കിയിട്ട് അവര്‍ ഇരുന്നു. മഴ അപ്പോഴും ചെറുതായി പെയ്യുന്നുണ്ടായിരുന്നു. കാവോതി ആകാശത്തേക്ക് നോക്കി. അപ്പോള്‍ മേഘങ്ങള്‍ പതിയെ പടിഞ്ഞാറോട്ട് നീങ്ങാന്‍ തുടങ്ങി. ആകാശം തെളിഞ്ഞു.

''ഇന്നത്തെ ക്ലാസ് എങ്ങനെയുണ്ടായിരുന്നു?'' കാവോതി അവളോട് ചോദിച്ചു. ''നല്ല രസണ്ടായിരുന്നു''

''എങ്കില്‍ ഞാനൊരു ചോദ്യം ചോദിക്കട്ടെ?''

''ഉം'' അവള്‍ സമ്മതിച്ചു.

ടീച്ചര്‍ അന്നെടുത്ത പാഠത്തിലെ ഒരു ചോദ്യമായിരുന്നു കാവോതി ചോദിച്ചത്. അവള്‍ തെറ്റാതെ ഉത്തരം പറഞ്ഞു. കാവോതി അവളുടെ നെറ്റിയില്‍ ഉമ്മവെച്ചു. ക്ലാസില്‍ പഠിപ്പിച്ച കാര്യമൊക്കെ കാവോതി എങ്ങനെ അറിഞ്ഞുവെന്ന് അവള്‍ അദ്ഭുതപ്പെട്ടു.

''കാവോതിക്ക് എല്ലാം അറിയാം മകളേ. കാവോതി എല്ലാം കാണുന്നുണ്ട്.''

''എല്ലാം?'' അവള്‍ ചോദിച്ചു. കാവോതി തലയാട്ടി.

''എങ്കില്‍ എന്റെ അമ്മമ്മ ഇപ്പോ എന്താണ് ചെയ്യുന്നതെന്ന് പറയാമോ?'' അവള്‍ ചോദിച്ചു. ഒരു നിമിഷംപോലും കാത്തുനില്‍ക്കാതെ കാവോതി മറുപടി പറഞ്ഞു: ''മോള്‍ടെ അമ്മമ്മ ഇപ്പോ പച്ചക്കറി നടാന്‍ തടമെടുത്തുകൊണ്ടിരിക്കുകയാണ്.''

അദ്ഭുതംകൊണ്ട് താമരയുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളി.

ലോകത്തുള്ള എല്ലാ കാര്യത്തെപ്പറ്റിയും കാവോതിക്ക് അറിയാമെന്ന് കുറച്ച് ദിവസങ്ങള്‍ക്കകം താമരയ്ക്ക് മനസ്സിലായി. അത് അവളെ അദ്ഭുതപ്പെടുത്തി. ഇനി കാവോതിയുടെ കൈയില്‍ വല്ല മാന്ത്രികവടിയോ മാന്ത്രികമോതിരമോ ഒക്കെ ഉണ്ടോ എന്ന് അവള്‍ സംശയിച്ചു. സാധാരണ പല ദേവതകള്‍ക്കും അതുപോലെ മാന്ത്രികവടികള്‍ ഉള്ളതായി കേട്ടിട്ടുണ്ട്. പക്ഷേ, കാവോതിയുടെ കൈയില്‍ അങ്ങനെയൊന്നും കാണാനില്ലായിരുന്നു. 

വിരലിലുള്ള മോതിരങ്ങള്‍ സാധാരണ ശംഖുകള്‍കൊണ്ട് ഉണ്ടാക്കിയതായിരുന്നു. ''കാവോതിക്ക് ഇതെങ്ങനെ പറ്റുന്നു. ഇതെന്ത് മേജിക്കാണ്?'' ഒരുദിവസം അവള്‍ ചോദിച്ചു. ''ഒരു മാജിക്കുമില്ല. നന്നായി പഠിച്ചാല്‍ എല്ലാര്‍ക്കും എല്ലാത്തിനും ഉത്തരം കണ്ടെത്താന്‍ കഴിയും.'' കാവോതി പറഞ്ഞത് ശരിയാണെന്ന് അവള്‍ക്ക് തോന്നി. നന്നായി പഠിക്കാത്തതുകൊണ്ടാണ് ഇന്ദു പരീക്ഷയ്ക്ക് തോറ്റത്. ''ഇന്നൊന്നും ചോദിക്കാനില്ലേ?''അവള്‍ ഒന്നും മിണ്ടാതെ ആലോചിച്ചിരിക്കുന്നതുകണ്ട് കാവോതി ചോദിച്ചു.

(തുടരും)

ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്‌

Content highlights : kadappurathe kavothi children's novel chapter 2 written by subash ottumpuram