കാവോതിയുടെ വരവ് 

കാവോതിയുടെ കഥ കേള്‍ക്കാത്ത ഒരു കുഞ്ഞും കടപ്പുറത്തില്ല. ഭൂമിദേവി, വനദേവത എന്നൊക്കെ പറയുമ്പോലെ കടലിനെ കാക്കുന്ന ദേവതയാണ് കാവോതി. കടല്‍ക്കാവോതി. കടപ്പുറത്തേക്ക് മഴ കൊണ്ടുവരുന്നതും തിരിച്ച് മലയിലേക്ക് കൊണ്ടു പോകുന്നതും കാവോതിയാണ്. ആകാശത്ത് മഴക്കാര്‍ കാണുമ്പോള്‍ നെറ്റിക്ക് മീതെ കൈപ്പടം വെച്ച് കടലിലേക്ക് നോക്കി താമരയുടെ അമ്മമ്മ പറയും:

''കാവോതീടെ വരവാണ്!''

സ്‌കൂള്‍ തുറക്കാറാകുമ്പോളാണ് കാവോതി വരാറ്. പിന്നെ ആറുമാസം കടലില്‍ തന്നെ. തിരിച്ച് പോകുമ്പോള്‍ ശക്തമായ കാറ്റും മഴയുമുണ്ടാകും. അന്നാരും പുറത്തിറങ്ങില്ല. അടുത്ത ആറുമാസം കാവോതി ഏതോ മലയിലായിരിക്കും. ആറു മാസത്തേക്ക് തിന്നാനുള്ള വലിയ മീനിനേയും കൊണ്ടാണ് കാവോതി മലയിലേക്ക് പറക്കുക.

താമര അഞ്ചാം ക്ലാസിലേക്ക് ജയിച്ചതേയുള്ളൂ. എല്ലാ ദിവസവും സ്‌കൂള്‍ വിട്ട് വന്നാല്‍ അവള്‍ കടലിലേക്ക് നോക്കി നില്‍ക്കും. കാവോതിയെ ഒന്ന് കാണാന്‍ വേണ്ടി. കാവോതിയെ ആരും കണ്ടിട്ടില്ല. അവളുടെ അമ്മമ്മ പോലും. കാണാത്ത കാവോതിക്ക് മരിച്ചു പോയ അമ്മയുടെ മുഖമായിരിക്കുമെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്. അവളെന്നും കിടക്കാന്‍ നേരം പ്രാര്‍ത്ഥിക്കും: ''എന്റെ കാവോതിയെ എനിക്കൊന്ന് കാട്ടി തരണേ''. പക്ഷേ, ഒരിക്കല്‍ പോലും കാവോതി അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല. പിണക്കമാണോ? അവള്‍ ഹോംവര്‍ക്കുകളെല്ലാം കൃത്യമായി ചെയ്യാറുള്ളതാണ്. ആരോടും കള്ളം പറയാറുമില്ല. എന്നിട്ടും കാവോതി അവള്‍ക്ക് മുന്നില്‍ വന്നില്ല. കടപ്പുറത്തെ പൂഴി മണ്ണില്‍ 'രാമന്‍' എന്നെഴുതിയാല്‍ തിരകള്‍ വന്ന് വേഗം മായ്ച്ചു കളയും. പണ്ട് ശ്രീരാമന്‍ ലങ്കയിലേക്ക് പാലം കെട്ടി കടലിനെ വേര്‍പ്പെടുത്തിയതിന്റെ ദേഷ്യമാണത്രേ. പക്ഷേ, കാവോതി എന്നെഴുതിയാല്‍ തിര വന്ന് മായ്ക്കില്ല. മഴക്കാലത്ത് കടപ്പുറം നിറയെ കാവോതി എന്നെഴുതി വെക്കാറുണ്ട് അവള്‍. ആകാശത്ത് നിന്നും കാവോതിയെങ്ങാനും കണ്ടാലോ?

ഒരു ദിവസം അങ്ങനെ എഴുതിക്കൊണ്ടിരിക്കുമ്പോളാണ് ദൂരെ കടലില്‍ നിന്നും എന്തോ ഒഴുകി വരുന്നത് അവള്‍ കണ്ടത്. വെളുത്ത നിറത്തില്‍ ഒരു പന്ത് പോലെ തിരകളില്‍ താളം തുള്ളി അതവളുടെ തൊട്ടടുത്തെത്തി. ഒരു കടല്‍ക്കാക്കയായിരുന്നു അത്. അതിന്റെ കാലിനെന്തോ പറ്റിയിട്ടുണ്ടായിരുന്നു. നടക്കാന്‍ കഴിയാതെ അത് വിഷമിക്കുന്നത് കണ്ടപ്പോള്‍ അവള്‍ അതിനെ വാരിയെടുത്തു. അതിന്റെ കാലിലൊരു മുറിവുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ അവള്‍ക്ക് കരച്ചില്‍ വന്നു.

''സാരല്യ. ഞാന്‍ മര്ന്ന് വെച്ച് തരാം.'', അവള്‍ കടല്‍ക്കാക്കയെ സമാധാനിപ്പിച്ചു.
അവളതിനെ എടുത്ത് വീട്ടിലേക്ക് കൊണ്ടു പോയി. അവളും അമ്മമ്മയും കൂടി അതിന്റെ കാലില്‍ മരുന്ന് പുരട്ടി കൊടുത്തു.

''പാവം അതിന് വിശക്കുന്നുണ്ടാവും'', അവള്‍ പറഞ്ഞു.

അവരുടെ കുടിലില്‍ അതിന് തിന്നാന്‍ പറ്റിയതൊന്നും ഇല്ലായിരുന്നു. കടലിളകിയത് കാരണം അവളുടെ അച്ഛന് പണിയൊന്നുമില്ലായിരുന്നു. അച്ഛന് പണിയുണ്ടായിരുന്നെങ്കില്‍ ധാരാളം മീനുണ്ടായേനെ.

''ഇവിടെ ഉണക്കമീനേയുള്ളൂ, കടല്‍കാക്കേ. നിനക്കിഷ്ടാവുമോ?'', താമര കടല്‍ക്കാക്കയോട് ചോദിച്ചു.
''കടല്‍ കാക്കേ എന്നോണോ വിളിക്കണത്?'', അമ്മമ്മ ചോദിച്ചു.

''പിന്നെന്താ വിളിക്ക്യാ?''

''ഒരു പേരിട്ട് വിളിക്കൂ'', അമ്മമ്മ പറഞ്ഞു.

അവള്‍ക്ക് ഒരു പേരും ഓര്‍മ്മയില്‍ വന്നില്ല.

''കാവോതീന്ന് വിളിച്ചാലോ?'' പെട്ടൊന്നാണ് അവള്‍ക്ക് തോന്നിയത്. അമ്മമ്മ ചിരിച്ചു കൊണ്ട് സമ്മതിച്ചു.

''കാവോതീ'', അവള്‍ നീട്ടി വിളിച്ചു.

കടല്‍കാക്ക തല ചെരിച്ച് അവളെ നോക്കി. വറുതി കാലത്തേക്ക് അവര്‍ സൂക്ഷിച്ചു വെച്ച ഉണക്കമീനുകളിലൊന്ന് അവള്‍ എടുത്ത് കടല്‍കാക്കയുടെ മുന്നില്‍ വെച്ചു കൊടുത്തു. ആദ്യമൊന്ന് മടിച്ച ശേഷം അത് ഒറ്റ കൊത്തിന് മീന്‍ മുഴുവനായും വിഴുങ്ങി.
അന്ന് രാത്രി അതിനെ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയിലടച്ച് അവള്‍ തൊട്ടരികില്‍ വെച്ചു. ഉറക്കത്തില്‍ പലതവണ എഴുന്നേറ്റ് അതിനെ തലോടി. പിന്നെ രാവും പകലും അതിനോടൊപ്പമായി അവളുടെ കളി. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അതിന്റെ കാലിലെ മുറിവ് ഉണങ്ങി.

''ഇനിയതിനെ വിട്ടാളാ'', അമ്മമ്മ പറഞ്ഞു.

അതിനെ വിട്ടുകളയുന്നത് അവള്‍ക്ക് സങ്കടമായിരുന്നു. പക്ഷേ, ഒന്നിനേയും കൂട്ടിലിട്ട് വളര്‍ത്തരുതെന്ന് അമ്മ അവളോട് പറഞ്ഞിട്ടുണ്ട്. ശാപം കിട്ടും. പക്ഷികള്‍ പറക്കുന്നത് കാണാനാണ് ഭംഗി.
അവള്‍ അതിനെ എടുത്ത് കടപ്പുറത്തേക്ക് നടന്നു. മഴ ചെറുതായി പൊടിയാന്‍ തുടങ്ങി. ജലകന്യകയുടെ പടമുള്ള കുട നിവര്‍ത്തി കടല്‍ക്കാക്കയെ മാറോടമര്‍ത്തി അവള്‍ കടപ്പുറത്തെത്തി. ''കാവോതി പൊയ്‌ക്കോ. നിന്റെ കുഞ്ഞുങ്ങള്‍ വിഷമിക്കുന്നുണ്ടാകും.'', അവളതിനെ ആകാശത്തേക്ക് പറത്തി വിട്ടു. അത് ചിറകടിച്ചപ്പോള്‍ പൊടുന്നനെ ശക്തമായ കാറ്റ് വീശി. താമരയ്ക്ക് വല്ലാതെ തണുത്തു. മഴ കനത്തു. ചുറ്റും മൂടല്‍മഞ്ഞ് പോലെ എന്തോ പരന്നു. പറന്നുയര്‍ന്ന കടല്‍ കാക്ക അവളുടെ ചുറ്റും മൂന്ന് വട്ടം വലം വെച്ചു. ഓരോ പ്രാവശ്യവും അത് വലുതാവുന്ന പോലെ അവള്‍ക്ക് തോന്നി. മൂന്നാമത്തെ തവണ അതവള്‍ക്ക് മുന്നില്‍ പറന്നിറങ്ങി.

novel

കടല്‍കാക്കയുടെ രൂപം മാറി വരുന്നത് അവള്‍ കണ്ടു. അത് പതിയെ ഒരു സ്ത്രീരൂപമായി മാറി. താമരയുടെ അമ്മയെ പോലെ സുന്ദരിയായ സ്ത്രീരൂപം. നിലത്തോളമെത്തുന്ന തലമുടി. തലയില്‍ തൂവല്‍ കിരീടം. കഴുത്തില്‍ ശംഖ് കോര്‍ത്ത മാല. പച്ച നിറത്തിലുള്ള വസ്ത്രം, ചിറകുകള്‍ മാത്രം കടല്‍കാക്കയുടേത് പോലെ അവശേഷിച്ചു. വലിയ ചിറകുകള്‍.

''കാവോതി'', അവളുടെ കണ്ണ് നിറഞ്ഞു.

കാവോതി ചിരിച്ചു. മൂടല്‍മഞ്ഞിലൂടെ ഒഴുകി വന്ന് കാവോതി അവളുടെ നെറ്റിയില്‍ ചുണ്ടമത്തി.
താമരയെ പോലെ തന്നെ ഇരുണ്ട നിറമായിരുന്നു കാവോതിക്ക്. അമ്മ അടുത്ത് വന്നു നില്‍ക്കുന്ന പോലെയാണ് അവള്‍ക്ക് തോന്നിയത്.

''മകളേ, നിനക്കെന്താണ് വേണ്ടത്?'' കാവോതി ചോദിച്ചു.

''എനിക്കൊന്നും വേണ്ട. കാവോതിയെ കണ്ടല്ലോ. അത് മതി.''

കാവോതി ചിരിച്ചു. മുത്തു പോലുള്ള പല്ലുകള്‍ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങി. കാവോതി അവളോട് കൈ നീട്ടാന്‍ പറഞ്ഞു. താമര കൈ നീട്ടി. ആ ഉള്ളം കൈയിലേക്കൊരു കക്കത്തോട് വെച്ചു കൊടുത്തു കാവോതി. ജീവനുള്ള പോലെ തോന്നിയ കക്കത്തോടില്‍ വിരലമര്‍ത്തിയപ്പോള്‍ അതിന്റെ വാ തുറന്നു, കണവയുടെ മഷിയായിരുന്നു അതില്‍.

''കണ്ണെഴുതാനുള്ളതാണ്.'', കാവോതി പറഞ്ഞു. അവള്‍ക്ക് ആദ്യമായി കിട്ടിയ സമ്മാനമായിരുന്നു അത്. അവളത് നെഞ്ചോട് ചേര്‍ത്തു.

'' എന്നെ കണ്ട കാര്യം ആരോടും പറയരുത്'', കാവോതി പറഞ്ഞു. അവള്‍ സമ്മതിച്ചു.

''ശരി. എന്നാല്‍ വേഗം വീട്ടിലേക്ക് പൊയ്‌ക്കോ. മഴയുടെ ശക്തി കൂടാന്‍ പോവുകയാണ്. എന്നെ കാണണമെന്ന് തോന്നുമ്പോള്‍ മണലില്‍ എഴുതിയാല്‍ മതി കേട്ടോ.'', അത് പറഞ്ഞ് കാവോതി പുറങ്കടലിലേക്ക് ചിറകടിച്ചു. മൂടല്‍മഞ്ഞ് അകന്നു പോയി.

കുടിലെത്തിയപ്പോള്‍ അമ്മമ്മ ഉണക്കമീനെടുത്ത് കൂട്ടാന്‍ വെയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. മീന്‍ കഴുകിയെടുക്കാന്‍ വേണ്ടി വെള്ളം നിറച്ച പാത്രത്തിലേക്കിട്ടതും അതെല്ലാം ജീവനുള്ള പോലെ നീന്താന്‍ തുടങ്ങി. അമ്മമ്മ അത്ഭുതപ്പെട്ടു. പച്ചമീനിന്റെ മണമറിഞ്ഞ് കുറേ പൂച്ചകള്‍ എവിടെ നിന്നോ വന്നു.

''ഇതെന്ത് മറിമായം?'', അമ്മമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. താമര ആകാശത്തേക്ക് നോക്കി. ചിറക് വിരിച്ച് നില്‍ക്കുന്ന കാവോതി അവളെ നോക്കി ചുണ്ടില്‍ ചൂണ്ടുവിരല്‍ ചേര്‍ത്തു. അവള്‍ക്ക് ചിരി വന്നു.

തുടരും

(ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചത്‌)

Content highlights : kadappurathe kavothi children's novel chapter 1 written by subash ottumpuram