ലോകത്തിലെ ഏറ്റവും പ്രായം കൂടിയതും കടൽപ്പക്ഷികളിൽ ഏറ്റവും വലുതുമാണ് ലെയ്സൻ അൽബട്രോസ്. ഏകദേശം 70 വയസ് പ്രായം വരുന്ന വിസ്ഡം എന്ന പക്ഷിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വിസ്ഡം ഇട്ട മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവന്നിരിക്കുന്നു. വിസ്ഡത്തിന്റെ നാല്പതാമത്തെ കുട്ടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹവായിക്കു സമീപമുള്ള മിഡ്​വെ അറ്റോൾ എന്ന ദ്വീപിലെ സംരക്ഷണകേന്ദ്രത്തിലാണ് വിസ്ഡം കഴിയുന്നത്. 1956-ൽ ആണ് അമേരിക്കയിലെ ശാസ്ത്രജ്ഞർ വിസ്ഡത്തെ കണ്ടെത്തുന്നത്. അപ്പോൾ അവളുടെ പ്രായം വെറും അഞ്ച് വയസ്സ്.

2010 മുതൽ വിസ്ഡത്തിന് കൂട്ടായി അകികാമെയ് എന്ന ആൺ ആൽബട്രോസ് പക്ഷിയുണ്ട്. ഈ പക്ഷികൾക്ക് ജീവിതകാലം മുഴുവൻ ഒരേയൊരു പങ്കാളിയെ ഉണ്ടാകൂ. എന്നാൽ വിസ്ഡത്തിന്റെ കൂടിയ ആയുർദൈർഘ്യം അതിനെയെല്ലാം തിരുത്തകയാണുണ്ടായത്. ലെയസൻ ആൽബട്രോസുകളുടെ പ്രായം പരമാവധി 40 വയസ് വരെയാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ വിസ്ഡം അതും തിരുത്തിക്കുറിക്കുകയാണുണ്ടായത്.

2002-ൽ യു.എസ്. ഫിഷ് ആൻഡ് വൈൽഡ്ലൈഫ് സർവീസിലെ ബയോളജിസ്റ്റായിരുന്ന ചാൻഡലർ റോബിൻസ് മിഡ്​വെ അറ്റോളിൽ പ്രവർത്തിക്കുമ്പോഴാണ് വിസ്ഡത്തെ ശ്രദ്ധിക്കുന്നത്. പരിശോധിച്ചപ്പോൾ പക്ഷിക്ക് 51 വയസുണ്ടെന്ന് കണ്ടെത്തി. രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും പ്രായം ചെന്ന പക്ഷിയായി വസ്ഡത്തെ അംഗീകരിച്ചു. 2017-ൽ 98 വയസ്സുള്ള അദ്ദേഹം മരണമടഞ്ഞു. വിസ്ഡത്തിന്റെ അസാധാരണമായ ആയുർദൈർഘ്യവും കുഞ്ഞുങ്ങൾ ഉണ്ടാകലുമൊക്കെ അപ്പോൾ പ്രശസ്തമായിത്തീർന്നു.

Content highlights :world's oldest seabird laysan albatross named wisdom hatched a baby at the age of 70